എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മഹാവീരചക്ര ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്
മഹാവീരചക്ര നേടിയ ആദ്യ മലയാളി സൈനികനായിരുന്നു ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (8 ആഗസ്റ്റ് 1940 - 7 ജൂൺ 2018)
ജീവിതരേഖ
1960 ൽ മദ്രാസ് റെജിമെന്റിലാണ് ഇദ്ദേഹം ഹവിൽദാറായി സൈനിക സേവനം ആരംഭിക്കുന്നത്. 1962-ലെ ചൈന യുദ്ധം, 1965-ലെ പാകിസ്താൻ യുദ്ധം, 1967-ലെ നാഗാ ഓപ്പറേഷൻ, 1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം, 1983-ലെ കപൂർത്തലയിലെ പാകിസ്താൻ ഭീകരരുമായുള്ള യുദ്ധം, 1983-ലെ മിസോറം ഓപ്പറേഷൻ, 1984-ലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ, 87 ലെ വാഗാ അതിർത്തിയിലെ ഭീകരരുമായുളള ഏറ്റുമുട്ടൽ എന്നിവയിൽ പങ്കെടുത്ത് 1992-ൽ സൈന്യത്തിൽനിന്ന് വിരമിച്ചു. 71-ലെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് അന്ന് രാഷ്ട്രപതിയായിരുന്ന വി.വി.ഗിരിയാണ് മഹാവീരചക്ര നൽകി ആദരിച്ചത്.
1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം
1971 ഡിസംബർ നാലിന് പഞ്ചാബിലെ മാവോയിൽനിന്ന് പാകിസ്താനിലേക്ക് നടത്തിയ നീക്കത്തിൽ ക്യാപ്റ്റൻ തോമസ് നിർണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യൻ സേനയുടെ 16ാം നമ്പർ മദ്രാസ്-തിരുവിതാംകൂർ റെജിമെന്റിലെ തോമസ് ഉൾപ്പെടുന്ന 36 അംഗ സംഘം റാവൽപിണ്ടിക്ക് 15 കി.മീ. അകലെ നിലയുറപ്പിച്ചിരുന്നു. പോരാട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ തോമസ് ഫിലിപ്പ് മരിച്ചതായി കരുതി രണ്ട് ദിവസം മൃതദേഹങ്ങൾ കൊപ്പം മോർച്ചറിയിൽ സൂക്ഷിച്ചു. പിന്നീട് ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആദരവ്
തോമസ് ഫിലിപ്പോസിനോടുള്ള ആദരവ് പ്രകടിപ്പിച്ച് നീലഗിരി വെല്ലിങ്ടൺ സെന്ററിലെ ജവാൻസ് ഫാമിലി ക്വാർട്ടേഴ്‌സ്, കായിക പരിശീലനത്തിനുള്ള ജിംനേഷ്യം എന്നിവയ്ക്ക് ഇദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. നീലഗിരിയിലെ മ്യൂസിയത്തിൽ വെങ്കലപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. തോമസ് ഫിലിപ്പോസ് എൻക്ലേവ് എന്ന മറ്റൊരു കെട്ടിടസമുച്ചയവും നിർമ്മിച്ചു. ജമ്മു കശ്മീരിൽ തോമസ് ഫിലിപ്പോസ് റോഡ്, ജമ്മുവിലെ ആർ.എസ്.പുരയിലെ ഓഡിറ്റോറിയത്തിൽ പ്രതിമ എന്നിവയും രാജ്യത്തിന്റെ ആദരമാണ്. മദ്ധ്യപ്രദേശിലെ മോവിലുള്ള ഇൻഫൻട്രി സ്‌കൂളിൽ 12 അടി ഉയരത്തിൽ ഇദ്ദേഹത്തിന്റെ പ്രതിമയുണ്ട്. കേരളത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിന് ഇദ്ദേഹത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്.
പുരസ്കാരം
മഹാവീര ചക്ര