എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2015-16 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

26 ഡിവിഷനുകളായി 913 വിദ്യാർത്ഥിനികൾ സെക്കന്ററി തലത്തിലും 6 ഡിവിഷനുകളിലായി 324 വിദ്യാർത്ഥിനികൾ ഹയർസെക്കന്ററി വിഭാഗത്തിലും അധ്യയനം ചെയ്യുന്നു. അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലായി 66 ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 2014-15 അധ്യയന വർഷത്തിൽ S.S.L.C പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥിനികളും വിജയിച്ചു. വിജയശതമാനം 100. കുമാരിമാർ അതുല്യതിലകൻ,ശ്രീലക്ഷ്മി കെ ജി,ആര്യ വി കെ,ജിനു വി ആർ,വിനീത പി വി,ശ്രുതി ഇ എസ്,പ്രിയംവദ പി,ഹെൻസി ടി വി,ലക്ഷ്മി എസ് രാജ്,എന്നീ വിദ്യാർത്ഥിനികൾ എല്ലാ വിഷയത്തിലും A+ നേടി.

                        ഹയർ സെക്കന്ററി വിഭാഗത്തിൽ 163 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതുകയും 157 പേർ വിജയിക്കുകയും ചെയ്തു. വിജയശതമാനം 96.3. കുമാരിമാർ അശ്വതി എം,ട്വിൻസി സി റ്റി,സ്റ്റെഫി ഫ്രാൻസിസ്,ഐശ്വര്യ രാജൻ, മനീഷ എം,വിന്ധുഷ കെ വി, എന്നീ വിദ്യാർത്ഥിനികൾ എല്ലാ വിഷയങ്ങൾക്കും  A+ നേടി.
                                    2015 ജൂൺ 1-ാം തീയതി പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ടി ഉണ്ണികൃഷ്ണൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂജനീയ പ്രവ്രാജിക തപപ്രാണാമാതാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.റിട്ടയേർഡ് പ്രിൻസിപ്പാൾ ശ്രീമതി സതീ ദേവി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ കൃഷ്ണകുമാർ,ശ്രീ മുരളീധരൻ,എം പി ടി എ പ്രസിഡന്റ് ശ്രീമതി സുനിത ശ്രീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 5-ാം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ച നവാഗതരെ മധുരം നൽകി സ്വീകരിച്ചു.
                                     ജൂൺ 5-പരിസ്ഥിതിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. അന്നേദിവസം  സ്കൂൾ അങ്കണത്തിൽ കണിക്കൊന്ന ,ആര്യവേപ്പ് എന്നിവ പ്രാവ്രാജിക വിമലപ്രാണാമാതാജി നടുകയുണ്ടായി.പിചിഎപ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി വി എസ് കൃഷ്ണകുമാരി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്ക് ലക്ഷ്മിതരു എന്ന വൃക്ഷത്തൈ വിതരണം ചെയ്തു. വിദ്യാർത്ഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ  വിദ്യാലയം പ്രാധാന്യം നൽകുന്നു. കുട്ടികളിലെ കായികവും മാനസികവും സാഹിത്യപരവുമായ വിവിധശേഷികളെ പോഷിപ്പിക്കുന്നതിന് സഹായകമായ വിധത്തിൽ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദി,ഗാന്ധി പീസ് ഫൗണ്ടേഷൻ, സയൻസ് ആർട്സ്, പരിസ്ഥിതി, സോഷ്യൽ സയൻസ്, ഹെൽത്ത്, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, ടൂറിസം, സൗഹൃദ എന്നീ ക്ലബുകളും കരിയർ ഗൈഡൻസും ഇവിടെ പ്രവർത്തിക്കുന്നു.
            ജൂൺ 19 വായനാദിനം വിപുലമായി ആചരിച്ചു. ഗാന്ധിദർശനം ഇത്തരുണത്തിൽ സജീവമായിരുന്നു. ശ്രീ കെ. അരവിന്ദാക്ഷൻ രചിച്ച അമ്മയെ മറന്നുപോകുന്ന ഉണ്ണികൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. ശ്രീ ഷൗക്കത്ത് ഗാന്ധിദർശൻ സമിതി ജില്ലാ കൺവീനറായ ശ്രീ വി. എസ്. ഗിരീശൻമാസ്റ്റർക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. തദവസരത്തിൽ ബഹു. പി. ടി. എ പ്രസിഡണ്ട് ശ്രീ കെ. അരവിന്ദാക്ഷൻ വായനാദിന സന്ദേശം നൽകി.വിദ്യാർത്ഥികളുടെ വായന പോഷിപ്പിക്കുന്നതിനായി 10,000 ത്തോളം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാരംഗം, ശാസ്ത്രകേരളം, ജനപഥം, ഭാഷാപോഷിണി, മാതൃഭൂമി ആഴ്ചപതിപ്പ്, ഗാന്ധിദർശൻ എന്നീ ആനുകാലികങ്ങളും ഇവിടെ ലഭ്യമാണ്. ഗ്രീൻബുക്സ്, തകഴിയുടെ സമ്പൂർണ്ണ കൃതികൾ മൂന്നു വാല്യങ്ങൾ ഉൾപ്പെടെ 2300/- രൂപയുടെ പുസ്തകങ്ങൾ സൗജന്യമായി നൽകി.
            മധുരം മലയാളം മാതൃഭൂമി ദിനപ്പത്രം സൂര്യ ജ്വല്ലറി ഉടമയായ കെ. മുരളീധരൻ കുട്ടികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. രക്ഷിതാവായ ശ്രീമതി പഞ്ചമി പറപ്പൂർ, പെട്രോൾ പമ്പ് ഉടമസ്ഥനായ ശ്രീ ഡേവിസ്, അധ്യാപകർ എന്നിവർ പത്ര വിതരണത്തിന് നിർല്ലോഭമായി സഹകരിക്കുന്നു. എല്ലാ ക്ലാസ്സുകളിലേക്കുമായി 32 മാത്രഭൂമി ദിനപ്പത്രവും രക്ഷിതാവായ ശ്രീ ജോജോ സാറിൻെറ നേതൃത്വത്തിൽ 10 ദീപിക ദിനപ്പത്രവും ഈ വിദ്യാലയത്തിൽ ലഭിച്ചുവരുന്നു.പത്രവാർത്തകളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ കുമാരി അനു ജെയിംസ് ഒന്നാം സ്ഥാനവും കുമാരി അർച്ചന സി. എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
            പ്രധാന ദിനങ്ങളായ പുകയില വിരുദ്ധദിനം, ഹിരോഷിമദിനം,ഓസോൺദിനം,സംസ്കൃതദിനം, തുടങ്ങിയവ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ ആചരിച്ചു   വരുന്നു. ദേശീയ ദിനങ്ങളായ ആഗസ്റ്റ് 15,ഗാന്ധിജയന്തി,ശിശുദിനം,യുവജനദിനം എന്നിവ അധ്യാപക-വിദ്യാർത്ഥി-രക്ഷാകർത്തൃ സംഘടനയുമായി സഹകരിച്ച് സമുചിതമായി ആഘോഷിച്ചു. മാത്രമല്ല, ഈ ദിനങ്ങളുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി ഗീതങ്ങൾ,പോസ്റ്റർ നിർമാണം,മുദ്രാഗീതം,പ്രഭാഷണം,റാലി തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. 
          വിദ്യാലയത്തിന്റെ വികസന പ്രവർ‍ത്തനങ്ങൾക്ക് ഇവിടുത്തെ പിടിഎ,എംപിടിഎ അംഗങ്ങളുടെ സേവനം നിസ്തുലമാണ്. പഠനോപകരണങ്ങളും,സമർത്ഥരായ     വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും പിടിഎയുടെ നേതൃത്വത്തിൽ നൽകി വരുന്നു. നാപ്കിൻ വൈൻഡിംഗ് ആൻഡ് കളക്ടിംഗ് മെഷീൻ സ്ഥാപിച്ചു. രക്ഷിതാക്കൾ ഹയർസെക്കണ്ടറി വിഭാഗത്തിലേക്ക് വാട്ടർ പ്യൂരിഫയറും കമ്പ്യൂട്ടറും നൽകുകയുണ്ടായി. യോഗാസനങ്ങളെക്കുറിച്ച് ഫിറ്റ്നസ് സെന്ററിലെ ശ്രീമതി ലീന ക്ലാസ്സെടുത്തു. ജൂലൈ മാസത്തിൽ 10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് യൂത്ത് ക്യാമ്പ് നടത്തി. ജനുവരി 12 ദേശീയ യുവജനദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥിനികളുടെ ജന്മനാളുകളിൽ  വിദ്യാർത്ഥിനികളിൽ നിന്നും പഠനോപകരണങ്ങൾ സംഭാവനയായി നൽകുകയും അവ നിർധരരായ പ്രയോജനപ്പെടുന്ന രീതിയിൽ ഒരു "ബുക്ക് ബാങ്ക്" ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്ക് ഗവർൺമെന്റ് നിർദ്ദേശമനുസരിച്ച് ഉച്ചക്കഞ്ഞി വിതരണം ചെയ്തു വരുന്നു. കൃഷിവകുപ്പ് നൽ‍കിയ വിത്തുപയോഗിച്ച് വീട്ടിൽ കൃഷിചെയ്ത പച്ചക്കറികൾ ഉച്ചക്കഞ്ഞിയിൽ ഉൾപ്പെടുത്താൻ വിദ്യാർത്ഥിനികൾ സംഭാവന ചെയ്യാറുണ്ട്. ദേശീയാഘോഷമായ ഓണം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു.  ഇതിനോടൊപ്പം പാഠ്യവിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികളെ കണ്ടെത്തി "ഉയരങ്ങളിലേക്ക് ഒരു കൈത്താങ്ങ്" എന്ന പരിശീലന പരിപാടി നടത്തിവരുന്നു.