എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2020-21-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2020-21 ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

ലോകമെങ്ങും ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന ഈ കോവിഡ് പശ്ചാത്തലത്തിൽ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് കുട്ടികളും അദ്ധ്യാപകരും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഓൺലൈൻ ആയി ചെയ്തു.

ഉബുണ്ടു ഫെസ്റ്റ്

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2020 ഒക്ടോബർ 20 രാവിലെ 10.30 മുതൽ ഉബുണ്ടു ഫെസ്റ്റ് നടത്തി. ഈ ഫെസ്റ്റിൽ ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും ഉള്ള ആളുകൾക്കും സ്കൂൾ കുട്ടികൾക്കും അദ്ധ്യാപകർക്കും ഉബുണ്ടു 18.04 അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. ലാപ്ടോപ്പിൽ കുട്ടികൾക്ക് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമായി ചെയ്യുന്നതിനും അസൈൻമെന്റ് പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും, ലോക്ക് ഡൗൺ കാലഘട്ടത്തിൽ പഠനപ്രവർത്തനങ്ങൾ എളുപ്പം ആക്കുവാനും ഇത് സഹായകരമായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. ബൈജു സർ(ആറന്മുള സബ് ഡിസ്ട്രിക്ട് ) എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകർക്കും കുട്ടികൾക്കും തങ്ങളുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിന് ഉബുണ്ടു ഫെസ്റ്റ് സഹായകരമായി.

ഡിജിറ്റൽ അത്തപ്പൂക്കളവും ഓണഘോഷവും

മലയാളികളുടെ ദേശീയോത്സവമായ ഓണം നാടെങ്ങും സജീവമായി ആഘോഷിക്കപ്പെട്ടിരുന്ന ഒരു കാലത്തുനിന്നും ലോക ഡൗണിന്റെ ബന്ധനത്തിൽ ആയിപ്പോയത് ആർക്കും ചിന്തിക്കാവുന്നതിന്റെ അപ്പുറമായിരുന്നു. വിദ്യാർഥികളും അദ്ധ്യാപകരും മാതാപിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും എല്ലാം ചേർന്ന് സമുചിതം ഓണം ആഘോഷിച്ചിരുന്ന ഇടയാറന്മുള എം എം എം ഹയർ സെക്കൻഡറി സ്കൂൾ ഓണാഘോഷവും ഡിജിറ്റൽ തലത്തിലേക്ക് മാറ്റി. വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ കുട്ടികളുടെ ഓണാഘോഷ പരിപാടികൾ വെർച്വൽ രൂപത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ അത്തപ്പൂക്കളങ്ങൾ ഉണ്ടാക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ ഡിജിറ്റൽ പൂക്കളങ്ങൾ നിർമ്മിക്കുന്നതിന് കുട്ടികൾ മാതാപിതാക്കൾക്ക് പരിശീലനം നൽകുകയും ചെയ്തു. കോവിഡ കാലഘട്ടത്തിൽ സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കുന്നതിനും ഓണാഘോഷത്തിൽ പങ്കു ചേരുന്നതിനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു.

കമ്പ്യൂട്ടർ പരിശീലനം രക്ഷകർത്താക്കളിൽ

ഈ കോവിഡ് കാലത്തിന്റെ വിരസത അകറ്റുവാൻ ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ അവരുടെ വീടുകളിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ വിജ്ഞാനം വർദ്ധിപ്പിക്കുന്ന കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സുകൾ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.ഈ പ്രവർത്തനം ഈ കോവിഡ് കാലഘട്ടത്തിന്റെ വിരസത അകറ്റുവാൻ സഹായകമായി.

ക്വിസ് പ്രോഗ്രാം

നവംബർ 14 ശിശുദിനത്തോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ക്വിസ് പ്രോഗ്രാം നടത്തി. ഷൈബിൻ സാബു തോമസ് നേതൃത്വം നൽകി.

അക്ഷരവൃക്ഷം പദ്ധതി

അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റ് വിദ്യാർത്ഥികളും ഏപ്രിൽ,മെയ് മാസത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് അക്ഷരവൃക്ഷം പദ്ധതിയിലേക്ക് ധാരാളം കൃതികൾ സംഭാവന ചെയ്തു. ഇതിൽ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.ലോകമെങ്ങും കോടിക്കണക്കിന് ജനങ്ങൾ കോവിഡിന്റെ ഭീഷണിയിൽ നിലനിൽക്കുമ്പോഴും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഹൃദയസ്പർശമായ നൊമ്പരങ്ങളും ചിന്തകളും അക്ഷരവൃക്ഷം പദ്ധതിയിലൂടെ അവർ ലോകത്തിന് കാണിച്ചു കൊടുത്തു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കഥ കവിത ലേഖനങ്ങൾ തുടങ്ങിയവ ഒരു ഡിജിറ്റൽ മാഗസിൻ രൂപത്തിൽ കുട്ടികൾ തയ്യാറാക്കി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ഡിജിറ്റൽ മാഗസിൻ കൈയ്യെഴുത്തുമാസികയായും തയ്യാറാക്കുന്നുണ്ട്.ശിശുദിനത്തോട് അനുബന്ധിച്ചും കുട്ടികൾ ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു.

ദിനാഘോഷങ്ങൾ ഡിജിറ്റൽ രൂപത്തിൽ

വിവിധ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ ചിത്രങ്ങളും, മെസ്സേജുകളും, അഭിമുഖവും, വീഡിയോകളും തയ്യാറാക്കി, വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. കൈറ്റ് വിക്ടേഴ്സ് ചാനലിലേക്കും പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുന്നുണ്ട്. തയ്യാറാക്കിയ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സമൂഹത്തിൽ ഓരോ ദിനവുമായി ബന്ധപ്പെട്ട ആശയങ്ങൾ എത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് ഫസ്റ്റ് ബെൽ ക്ലാസുകൾ(2019-2022ബാച്ച്)

എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയറന്മുള സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈറ്റ് മാസ്റ്റേഴ്സിന്റെയും മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ 16.10.2020( വെള്ളി) വൈകിട്ട് 7 PM ന് നടന്നു. മീറ്റിംഗിൽ 17/10/2020 ശനിയാഴ്ച മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തുടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകളെ പറ്റിയും അതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും ചർച്ച ചെയ്തു. തുടർന്നും ഫസ്റ്റ് ബെൽ ക്ലാസുകൾ നടന്നതിനുശേഷം ഗൂഗിൾ മീറ്റിലൂടെയും വാട്ട്സാപ്പിലൂടെയും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്(2019-2021ബാച്ച്)

എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയറന്മുള പത്താം ക്ലാസ്സിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും വേണ്ടി 17.10.2020(ശനി ) വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഒരു അടിയന്തിര യോഗം നടത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ വ്യക്തിഗത പ്രോജക്ട് നവംബർ 30നകം പൂർത്തീകരിക്കുവാൻ ഉള്ള നിർദ്ദേശം നൽകി.ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയിൽ പരിചയപ്പെട്ട സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് അസൈൻമെന്റ് പൂർത്തീകരിച്ചത്. പരിസര ശുചീകരണം., ലഹരി വസ്തുക്കളുടെ ഉപയോഗത്തെകുറിച്ചുള്ള ബോധവൽക്കരണം,പരിസ്ഥിതി സംരക്ഷണം, ട്രാഫിക് ബോധവൽക്കരണം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അനിമേഷനുകൾ, പോസ്റ്ററുകൾ, ബാനറുകൾ തുടങ്ങിയവ റ്റുപ്പിട്യൂബി, ഇങ്ക്സ്കേപ്പ്, ബ്ലണ്ടർ തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കി.