Ssk17:Homepage/മലയാളം ഉപന്യാസം (എച്ച്.എസ്)/രണ്ടാം സ്ഥാനം
വിഷയം:മാധ്യമങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും.
മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യം....,നല്ല ഭാവിയിലേക്ക് റേഡിയോയിൽ തുടങ്ങി ഇപ്പോൾ ഫേസ്ബുക്കിലും ട്വിറ്ററിലും എത്തിനിൽക്കുകയാണ് മാധ്യമശൃംഖല. ശാസ്ത്രത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും അത്ഭുതകരമായ വികാസത്തിന്റെ ഭാഗമായി മാധ്യമങ്ങളും മാറിയിരിക്കുന്നു എന്നത് ആശയവിനിമയത്തിന്റെ പുതിയ തലങ്ങളുടെ മേഖലകളിലേക്കാണ് വിരൽചൂണ്ടുന്നത്. ആദിമകാലത്ത് പ്രാവിനെയും ഹംസത്തെയും ദൂത് വിട്ടിരുന്ന ചരിത്രം ഇന്ന് വളരെയധികം മാറ്റത്തിനു സംഭവ്യമായിരിക്കുന്നു. അലക്സാണ്ടർ ഗ്രഹാംബെൽ എന്ന മഹാന്റെ,മഹത്തായ കണ്ടുപിടിത്തമായിരുന്ന ടെലിഫോൺ മാധ്യമവികാസത്തിന്റെ ചുവടുവയ്പുകളിലെ നാഴികക്കല്ലായിരുന്നു. മാർക്കോണിയും ജോൺ ബേർഡും തുടങ്ങിയവരിൽ നിന്ന് മാർക്ക് സുക്കർബർഗിലും ബ്രയാൻ ആക്ടണിലും ജാൻകൂമിലും വരെയുള്ളവർ മാധ്യമവളർച്ചയിൽ വഹിച്ച പങ്ക് അഭിനന്ദനാർഹമാണ്. ആശയവിനിമയത്തിന് പുതിയ മാനങ്ങളുണ്ടായിരിക്കുകയാണ്,മാധ്യമങ്ങളുടെ വളർച്ചയിലൂടെ. അമേരിക്കൻ പാർലമെന്റിലെ തന്റെ ഇരിപ്പിടത്തിൽ നിന്ന് ഉയർന്ന് തന്റെ ചൂണ്ടുവിരലുകൾ മാധ്യമങ്ങൾക്കു നേരെ പായിച്ച്'നിങ്ങളാണ് നാലാമത്തെ തൂണ്'[you are the fourthestate]എന്ന് പ്രഖ്യാപിച്ചതിലൂടെ ആ മഹാൻ മാധ്യമങ്ങൾക്കു പുതിയൊരു വിശേഷണം നൽകുകയായിരുന്നു. നിയമനിർമ്മാണം[legislature],നിയമനിർവ്വണം[executive],നീതിന്യായം [judiciary] എന്ന ജനാധിപത്യത്തിന്റെ മൂന്ന് തൂണുകൾക്കുപരിയായി നാലാമത്തൊരു തൂണുകൂടിയുണ്ട്. അതാണ് മാധ്യമങ്ങൾ അഥവാ മീഡിയാസ്. ജനാധിപത്യത്തിന്റെ വിശദീകരണം മഹത്തായ തന്റെ ഗെറ്റിസ്ബർഗ് പ്രസംഗത്തിലൂടെ പകർന്ന എബ്രഹാം ലിങ്കന്റെ വാക്കുകളോളം പ്രശസ്തമാണ് ഇവയും. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകൾ മാത്രം ഉണ്ടായിരുന്നെങ്കിൽ ജനാധിപത്യത്തിന്റെ അടിത്തറ;ജനങ്ങൾ അടിത്തറയായിട്ടുള്ള ആഭർണസംവിധാനം;അതിന്റെ നിലനിൽപ്പിൽ തന്നെ ഭീഷണിനേരിട്ടേനേ. അവയിൽ നിന്നുള്ള വിവരങ്ങൾ പൊതുജന സമക്ഷത്തിലേക്ക് എത്തിക്കുക എന്നതാണ് നാലാമത്തെ തൂണായ മാധ്യമങ്ങളുടെ കർത്തവ്യം. ഇന്ന് ലോകത്തെ വിരൽതുമ്പിൽ നിർത്താൻ കഴിയുന്നതും മാധ്യമങ്ങളുടെ സാന്നിധ്യത്താലാണ്. ഈ ലോകത്ത് നടക്കുന്ന ഏത് കാര്യവും എവിടെ നിന്നുകൊണ്ടും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എവിടെയുള്ള ആളുകളുമായി ദൃശ്യസംഭാഷണത്തിൽ പോലും ഏർപ്പെടാൻ സാധിക്കുന്നുണ്ട് എങ്കിൽ ഇതിലൊക്കെ അനിവാര്യമായ ഘടകം മാധ്യമങ്ങളാണ്.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മാധ്യമങ്ങൾക്കുള്ള പങ്ക് നിസ്തുലമാണ്.2016നവംബർ എട്ടിന് പ്രധാനമന്ത്രി നോട്ട് അസാധുവാക്കി എന്ന പ്രഖ്യാപനം സാധാരണക്കാരന്റെ കണ്ണുകളിലേക്കും കൈകളിലേക്കും കാതുകളിലേക്കും എത്തിച്ചത് മാധ്യമങ്ങൾ തന്നെയായിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കലാമേളയായ കലോത്സവത്തെ തത്സമയം സംപ്രേഷണം ചെയ്യാൻ സാധിക്കുന്നതും മാധ്യമങ്ങളുടെ പ്രവർത്തനത്തിലൂടെയാണ്. മാധ്യമപ്രവർത്തകരാവട്ടെ സമൂഹസേവനമാണ് ആന്തരികാർത്ഥത്തിൽ സാധ്യമാക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഒരു രാഷ്ട്രത്തിലെന്ന പോല; ഒരു ജനതയിലെന്നപോലെ;സംസ്കാരങ്ങളിലെന്ന പോലെ മാധ്യമങ്ങളുടെ കാര്യത്തിലും വൈവിധ്യം നിലനിൽക്കുന്നുണ്ട്. റേഡിയോ,പത്രം,ടെലിവിഷൻ തുടങ്ങിയവയും ഫേസ്ബുക്ക്,വാട്സ് ആപ്പ് ട്വിറ്റർ ഉൾപ്പെടുന്ന സാമൂഹ്യമാധ്യമങ്ങളുടെ വൈവിധ്യം ജനങ്ങളെ വ്യത്യസ്ത വിഭാഗങ്ങളെ സ്വാധീനിക്കുന്നത് വ്യത്യസ്തരീതിയിലാണ്. വളരെയധികം പ്രാധാന്യമുള്ളതിനാൽ തന്നെ കാലികപ്രസക്തി നേടുന്ന ഒരു വിഷയമാണ് മാധ്യമങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും. ടെലിവിഷനിൽ തന്നെ വാർത്താമാധ്യമങ്ങൾ തമ്മിൽ വമ്പൻ മത്സരം നടക്കുന്ന ഈ സാമൂഹ്യാന്തരീക്ഷത്തിൽ ഈ വിഷയത്തിന് പ്രസക്തിയേറുകയാണ്. പത്രങ്ങളുടെ കാര്യവുമിതുതന്നെയാണ്. മാതൃഭൂമി,മലയാള മനോരമ,ദീപിക,ദേശാഭിമാനി,ജന്മഭൂമി,തേജസ് എന്നിങ്ങനെ നീളുകയാണ് കേരളത്തിലെ പത്രങ്ങളുടെ പേരുകൾ. അവയിൽ വരുന്ന വാർത്തകളുടെ സാരം ഒന്നു തന്നെയാണെങ്കിലും അവയോടുള്ള പത്രങ്ങളുടെ മനോഭാവം മറ്റൊന്നായിരിക്കും. അവ ഓരോന്നിനോടും ബന്ധപ്പെട്ട് വ്യതിയാനം സംഭവിച്ചുകൊണ്ടുമിരിക്കുന്നു. എന്നാൽ ഇതിലൊക്കെ ഉപരിയായി പ്രാധാന്യമർഹിക്കുന്നത് ജനങ്ങളുടെ ഇതിനോടുള്ള ഭാവമാണ്. ഓരോ പത്രമാധ്യമങ്ങൾക്ക് ചില വിഭാഗങ്ങളുമായി പ്രത്യേക ചായ്മുണ്ടായിരിക്കും. അത് രാഷ്ട്രീയത്തിലായിരിക്കും,ജാതി-മതവേർതിരിവുകൾക്കധിഷ്ഠിതമായിരിക്കും ,സമകാലികപ്രസക്തി നേടുന്ന വിഷയങ്ങൾ അധികരിച്ച് ഓരോരോ പത്രങ്ങളും മുഖപ്രസംഗം ദിനംതോറും എഴുതാറുണ്ട്. അവയിൽ നിന്ന് അവയുടെ ഓരോന്നിനോടുമുള്ള നിലപാടുകൾ മനസ്സിലാക്കാൻ സാധിക്കും. എന്നാൽ എല്ലാത്തിനെയും ഇത്തരത്തിൽ പെടുത്താൻ സാധിക്കുകയില്ല. ചിലവ നിഷ്പക്ഷമായവയാണ്. എന്നിരുന്നാലും രാഷ്ട്രീയ മനോഭാവത്തിലധിഷ്ഠിതമായിരിക്കുന്ന ഒരു സമൂഹത്തിൽ ഈ വസ്തുത നിഷ്ഫലമാവുകയാണ് പതിവ്. ടെലിവിഷനിലെ വാർത്താമാധ്യമങ്ങൾക്ക് ഇന്ന് ആസ്വാദകർ ഏറെയാണ്. ദിനംതോറുമുള്ള അല്ലെങ്കിൽ ഏറ്റവും പ്രസക്തി ആർജ്ജിച്ച വിഷയത്തെ സംബന്ധിച്ച് ലളിതഗഹനമായി ചർച്ചകൾ നടത്തുന്ന വ്യത്യസ്ത രാഷ്ട്രീയ വിഭാഗത്തിലോ,അല്ലെങ്കിൽ മതവിഭാഗത്തിലോ പെടുന്നവരെ ഇന്ന് ചർച്ചതൊഴിലാളികൾ എന്ന് വിളിക്കേണ്ടി വരുന്നുണ്ട്. ഏത് മേഖലയിലും പ്രവേശനമുള്ളവരാണ് മാധ്യമങ്ങൾ.കുടിൽ മുതൽ കൊട്ടാരം വരെയുള്ള എവിടെയും അവർക്ക് പ്രവേശനസ്വാതന്ത്ര്യമുണ്ട്. ഓരോ പ്രശ്നത്തിനോടും നീതിയുക്തമായ രീതിയിൽ മനോഭാവം പുലർത്താനും യാഥാർത്ഥ്യത്തെ അയഥാർത്ഥമാക്കാൻ ശ്രമിക്കാത്തവരുമാകണം മാധ്യമങ്ങൾ. ഇയടുത്തിടയ്ക്ക് കോടതിയിൽ വക്കീലന്മാർ മാധ്യമർത്തകരെ വളയുകയും പ്രവേശിപ്പിക്കുന്നതിൽ എതിർപ്പുനിൽക്കുകയും ചെയ്തത് നാം കണ്ടതാണ്. മാധ്യമങ്ങൾക്ക് ആവിഷ്കാര സ്വാതന്ത്ര്യം വേണം. പരിമിതമായ രീതിയിലാകണം എന്നു മാത്രം. യാഥാർത്ഥ്യത്തെ മിഥ്യാബോധത്തിലധിഷ്ഠിതമാക്കാതെ പൊതുജനത്തിലേക്കെത്തിക്കാൻ അവർക്ക് സാധിക്കണം. മാധ്യമങ്ങളെ വിശ്വസിക്കുന്ന ഒരു രീതി സമൂഹത്തിലുണ്ട്. എന്നാൽ യാഥാർത്ഥ്യത്തെ അതിശയോക്തി കലർത്തി 'ന്യൂജെൻ'വിഭാഗം ഉപയോഗിക്കുന്ന നവമാധ്യമങ്ങളിലേക്ക് നിറയ്ക്കുന്ന പ്രവണതകൾക്കതിരുണ്ടാകണം. രാഷ്ട്രീയത്തിൽ തന്നെ വേർതിരിവുകൾ സാധാരണമാണ്. ആ വേർതിരിവുകൾ മാധ്യമങ്ങൾക്കിടയിൽ കടന്നുകൂടിയാൽ ദുസ്സഹമാകും ജനങ്ങളുടെ ജീവിതം. രാഷ്ട്രീയക്കാരുടെ അഴിമതിയാരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിര് ലംഘിച്ച അവരുടെ സ്വകാര്യതയിലേക്ക് കടക്കുന്ന രീതിക്ക് അന്ത്യം കുറിയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമാ-സീരിയൽ ,രാഷ്ട്രീയ -സാംസ്ക്കാരിക, സാഹിത്യ രംഗങ്ങളിലെ പ്രാധാന്യമർഹിക്കുന്ന എല്ലാ വിഷയങ്ങളും മത്സരിച്ച് തങ്ങളുടെ 'റേറ്റിംഗ്'കൂട്ടാൻ നടക്കുന്ന മാധ്യമപ്രവർത്തകർ ദൈനംദിന കാഴ്ചയാണ്. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഒരു ജനാധിപത്യരാജ്യത്തിൽ അത്യന്താപേക്ഷിതമാണ്. അതിനെ ധ്വംസിക്കുന്നവരെ ഫാസിസ്റ്റുകളെന്ന് മുദ്രകുത്തപ്പെടുന്ന ഒരു ഫാസിസം സംജാതമായി കൊണ്ടിരിക്കുന്ന കാലത്തല്ല നമുക്ക് ജീവിക്കേണ്ടത്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങൾക്ക്, സത്യത്തെ മിഥ്യകളിൽ നിന്ന് വേർതിരിച്ച്,മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടക്കാനായി തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം; ആവിഷ്കാരസ്വാതന്ത്ര്യത്തെ ഉപയോഗിക്കാൻ കഴിയുന്ന ഒരു നല്ല നാളെ സംജാതമാകണം. നവമാധ്യമങ്ങളുടെ ചതിക്കുഴികളിൽ പെടാതിരിക്കാൻ നമുക്കും സാധിക്കണം. പൊതുജനത്തിന് പുതിയ ബോധതലത്തിലേക്കുയരാൻ സാധിക്കണം. ഇന്നിന്റെ നിനവുകളോട് നീതിപുലർത്താനും ഇന്നിനേക്കാൾ സമത്വ സുന്ദരമായ നന്മ നിറഞ്ഞ നാളയെ സംജാതമാക്കാനും മാധ്യമങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
|
വർഗ്ഗങ്ങൾ:
- 2017ലെ സൃഷ്ടികൾ
- 40001 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
- HS വിഭാഗം സൃഷികൾ
- സംസ്ഥാന സ്കൂൾ കലോത്സവം 2017
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HS വിഭാഗം മലയാളം ഉപന്യാസം എച്ച്.എസ് ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HS വിഭാഗം തയ്യാറാക്കിയ രചനകൾ
- HS വിഭാഗം മലയാളം ഉപന്യാസം എച്ച്.എസ് ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- മലയാളം ഉപന്യാസം എച്ച്.എസ്
- 40001