ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/കോറോണയും ചില കഥകളും

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയും ചില കഥകളും


രണ്ടു മൂന്ന് മാസങ്ങളായി രാവിലെ മുതൽ രാത്രി വരെ കുറഞ്ഞതൊരു പത്തു തവണയെങ്കിലും നമ്മൾ കൊറോണ എന്ന് കേൾക്കാറുണ്ട്. ഇത് തടയാനുള്ള പ്രവർത്തനങ്ങൾക്കും പ്രചാരണങ്ങൾക്കുമൊപ്പം നിരവധി കെട്ടുകഥകളും കോറോണയെ ചുറ്റിപറ്റി കേൾക്കാം .

സാധാരണയായി വൈറസിന്റെ പേരും അത് പരത്തുന്ന അസുഖത്തിന്റെ പേരും എങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കുന്നത് സ്വാഭാവികം. SARS, MERS, COVID-19 തുടങ്ങിയ രോഗങ്ങൾക്കു കാരണമാകുന്ന ഒരു കൂട്ടം വൈറസുകളെ സൂചിപ്പിക്കുന്ന പദമാണ് കൊറോണ വൈറസ് .

ശാസ്ത്രനാമങ്ങൾ പൊതുവെ ലാറ്റിൻ ഭാഷയിൽ നിന്നാണ് എടുക്കുന്നത് . കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർഥം കിരീടം എന്നാണ് . ആദ്യം കൊറോണ 'നോവൽ കൊറോണ' എന്നാണ് അറിയപ്പെട്ടിരുന്നത് . ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന COVID 19 എന്ന പുതിയ പേര് നൽകി. 'CO' എന്നത് കോറോണയെ സൂചിപ്പിക്കുന്നു. 'VI' എന്നത് വൈറസിനെയും ' D' എന്നത് രോഗം(DISEASE) എന്നതിനെയും അര്ഥമാക്കുന്നു. 19 എന്നത് ഈ രോഗമുണ്ടായ വർഷമായ 2019 നെ സൂചിപ്പിക്കുന്നു.

കൊറോണ എന്ന വൈറസിനെ പറ്റി സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായ ഒരു സിദ്ധാന്തം ഉണ്ട്. അമേരിക്കൻ എഴുത്തുകാരി ആയ സിൽവിയ ബ്രൗൺ കൊറോണ എന്ന അസുഖത്തിന്റെ വരവ് നേരത്തെ പ്രവചിച്ചിരുന്നു എന്നാണ് വാദം. 'സൈക്കിക്ക് സിൽവിയ ' എന്നാണ് വിദേശ മാധ്യമങ്ങൾ സിൽവിയ യെ വിശേഷിപ്പിക്കുന്നത് . സിൽവിയ എഴുതിയ 'എൻഡ് ഓഫ് ദി ഡേയ്സ് ' എന്ന പുസ്‌തകത്തിൽ ആണ് കോറോണയെ സൂചിപ്പിക്കുന്ന വാക്കുകൾ ഉള്ളത്.

2020 ഓടെ ന്യൂമോണിയ പോലുള്ള അസുഖം ലോകമെമ്പാടും വ്യാപിക്കും . അത് ശ്വാസകോശത്തെയും ബ്രോങ്കൈൽ ട്യൂബുകളെയും ബാധിക്കും. അത് വരെയുള്ള എല്ലാ ചികിത്സാ രീതികളെയും അത് ചെറുക്കുമെന്നും സിൽവിയയുടെ ഭാവനാ ലോകം വിവരിക്കുന്നു . വന്നതുപോലെതന്നെ രോഗം അവസാനിക്കും . എന്നാൽ പത്തു വർഷങ്ങൾക്കു ശേഷം രോഗം വീണ്ടും വരും . അത് കഴിഞ്ഞാൽ പിന്നെ ഒരിക്കലും വരില്ലെന്നും സിൽവിയയുടെ ഭാവന ലോകം പ്രവചിക്കുന്നു . സിൽവിയയുടെ പുസ്തകത്തിലെ വരികൾ വ്യാപകമായി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുന്നു . അതിനെ കുറിച്ച് വാദങ്ങളും വിവാദങ്ങളും അരങ്ങേറുകയും ചെയ്തു .

എന്നാൽ വൈറസിനും ഈ കഥക്കും ഭാവനാലോകത്തെ ഈ പ്രവചനങ്ങൾക്കും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നു വേണം കരുതാൻ . ഈ വൈറസ് അന്വേഷിക്കുന്നത് പടർന്നു പിടിക്കാനുള്ള സാഹചര്യങ്ങൾ മാത്രമാണ് . രോഗിയുമായി അകലം പാലിക്കുന്നതും കയ്യും മുഖവും നന്നായി കഴുകുന്നതും രോഗത്തെ അകറ്റി നിർത്തും എന്ന് നമുക്ക് പ്രവചിക്കാം . അതിനപ്പുറമുള്ള ഭാവനകൾ രസകരമായ കഥകൾ മാത്രമാണ് .

അസ്മബീവി
9 A ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം

-