ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ
പ്രതിരോധിക്കാം രോഗങ്ങളെ
പ്രപഞ്ചത്തിലെ ഓരോ കണികയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നിനെ ആശ്രയിക്കാതെ മറ്റൊന്നിന് നിലനില്പ് സാധ്യമാവുകയില്ല. പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം എന്നിവയും ഇതേ കണ്ണിയിൽ പെടുന്നു. ഇതിൽ ഏതെങ്കിലുമൊന്നിന് കോട്ടം സംഭവിച്ചാൽ അത് വ്യക്തിയുടെ നിലനില്പിനെത്തന്നെയെന്നല്ല പ്രപഞ്ചത്തെത്തന്നെ പ്രതികൂലമായി ബാധിക്കും. അതിനാൽ കരുതൽ അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു കരുതലില്ലായ്മയുടെ ഫലമാണ് നാം ഇന്ന് ഭീതിയോടെ നോക്കിക്കാണുന്ന കോവിഡ് - 19 എന്ന മഹാമാരി. ഇതു കൂടാതെ ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ പിടിപെട്ട് എത്ര ജീവനുകളാണ് പൊലിഞ്ഞു പോയത്? വ്യക്തി - പരിസര ശുചിത്വമില്ലായ്മയും മനുഷ്യന്റെ സ്വാർഥതയുമെല്ലാം ഈ ദുരനുഭവങ്ങൾക്ക് പിന്നിലുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടതില്ലല്ലോ. ശുചിത്വം, വ്യക്തിശുചിത്വത്തിൽ നിന്നാരംഭിക്കണം. തുടർന്ന് അത് നമ്മുടെ വീടും പരിസരവും എന്നതിലൂടെ വളർന്ന് സമൂഹത്തിൽ എത്തിച്ചേരണം. എങ്കിൽതീർച്ചയായും നമ്മുടെയും സമൂഹത്തിന്റെയും ലോകത്തിന്റെയും ജീവിതത്തെ സുരക്ഷിതമാക്കിത്തീർക്കുവാൻ സാധിക്കും. രോഗപ്രതിരോധത്തിന് ശുചിത്വം മാത്രം പോരാ, ആരോഗ്യമുള്ള ശരീരം കൂടിയുണ്ടാവണം. അതിന് പോഷക ഗുണമുള്ള ഭക്ഷണം നാം ശീലമാക്കണം. കൂട്ടത്തിൽ ഒന്നുകൂടി പറയട്ടെ, വിഷരഹിതമായ ഭക്ഷണം ആയിരിക്കണം. ആരോഗ്യത്തിന്അനിവാര്യമായ മറ്റൊരു ഘടകം വ്യായാമമാണ്. വ്യായാമത്തിന്റെ അഭാവവും ഇന്നത്തെ ഭക്ഷണശീലവും എല്ലാവരിലും ജീവിത ശൈലീ രോഗങ്ങൾക്ക് കാരണമായിത്തീർന്നിട്ടുണ്ടെന്ന കാര്യവും ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്. സ്വന്തം കൃഷിയിടങ്ങളൊരുക്കി നല്ല ഭക്ഷണം നമുക്ക് ശീലമാക്കാം , അധ്വാനവും വ്യായാമവും ഉറപ്പാക്കാം. വായു, ജലം, മണ്ണ് എന്നിവ മലിനമാകാതെ സംരക്ഷിക്കാം. വൃക്ഷങ്ങൾ സംരക്ഷിച്ച് ശുദ്ധവായു ഉറപ്പാക്കാം. പ്രകൃതിവിഭവങ്ങളെ കരുതലോടെ ഉപയോഗിക്കാം. നമുക്കൊന്നായ് പ്രതിരോധിക്കാം , രോഗങ്ങളെ .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം