ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്


Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


📅 7 April 2026

ലിറ്റിൽ കൈറ്റ്സ് ജില്ലാ റോബോട്ടിക് മേളയിൽ ഉദുമ ജി.എച്ച്.എസ്.എസ്. ജേതാക്കൾ

പരിപാടിയുടെ പോസ്റ്റർ
പരിപാടി കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു
വിദ്യാനഗർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കൈറ്റ്, എൽ.ബി.എസ്. എൻജിനീയറിങ് കോളേജ്, ഓപ്പൺ മൈൻഡ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ജില്ലാതല ലിറ്റിൽ കൈറ്റ്സ് റോബോട്ടിക് മേളയിൽ ഉദുമ ജി.എച്ച്.എസ്.എസ്. ജേതാക്കളായി. കക്കാട്ട് ജി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും കൊളത്തൂർ ജി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർഥികളിൽ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുന്നതിനും അവരുടെ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച മേളയിൽ സ്കൂൾ തല മികവുത്സവങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിപ്പത്തോളം കുട്ടികൾ മാറ്റുരച്ചു. കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് മേള ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കാസർഗോഡ് DC സംസാരിക്കുന്നു
ആശയത്തിന്റെ പ്രസക്തി, പ്രൊഡക്ടിന്റെ പ്രവർത്തനക്ഷമത, കോഡിങ്ങിലുള്ള അറിവ് എന്നിവ വിലയിരുത്തിയാണ് എൽ.ബി.എസ്. ടീം വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. വിവിധ കാറ്റഗറികളിൽ മികവ് തെളിയിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റും മെമന്റോയും നൽകി. എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് റിസർച്ച് ഡീൻ ഡോ. പി. പ്രമോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിതീഷ് നായക്, മുഹമ്മദ് സൈൻ, അബൂബക്കർ അഫ്നാൻ എന്നിവരടങ്ങിയ സംഘമാണ് മൂല്യനിർണ്ണയം നടത്തിയത്.
പരിപാടി എ ഇ ഒ സന്ദർശിച്ചപ്പോൾ
പരിപാടി മുൻ ഡി ഡി സന്ദർശിച്ചപ്പോൾ
ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുറാംഭട്ട് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പി. സവിത, ടി.വി. മധുസൂദനൻ, എൻ. നന്ദികേശൻ, കെ. ശങ്കരൻ, ജംഷീദ് എന്നിവർ മത്സരാർഥികളുമായി സംവദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വി. ഫാത്തിമത്ത് റിദ, കെ.പി. സഞ്ജയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇത്തരം നൂതനമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ വ്യാപിപ്പിക്കുമെന്ന് ഉറപ്പു നൽകിയാണ് വിദ്യാർത്ഥികൾ മേളയിൽ നിന്നും മടങ്ങിയത്.




📅 9 March 2026

'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ: ജില്ലയ്ക്ക് മികച്ച നേട്ടം

പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്നതിനായി കൈറ്റ് സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ കൈറ്റ് ഹരിതവിദ്യാലയം 4.0 ഗ്രാൻഡ് ഫിനാലെയിൽ ജില്ലയ്ക്ക് മികച്ച നേട്ടം. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു.

പ്രൈമറി വിഭാഗത്തിൽ നീലേശ്വരം ജി.എൽ.പി.എസ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി ജില്ലയുടെ അഭിമാനമായി. ജില്ലയിലെ 'സന്തോഷ് വിദ്യാലയം' എന്നറിയപ്പെടുന്ന ഈ സ്കൂൾ അക്കാദമിക മികവിനൊപ്പം കലാ-സാഹിത്യ പരിപാടികൾക്കും വലിയ ഊന്നൽ നൽകുന്നു. സർഗ്ഗതാരം, കിളിക്കൊമ്പൽ, അക്ഷരക്കൂട്ട്, കണ്ടൽ കാട് സംരക്ഷണം, സ്വാശ്രയത്വ സംരംഭങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്കൂളിനെ സംസ്ഥാനത്തിന് തന്നെ മാതൃകയാക്കുന്നത്. മികച്ച ഈ നേട്ടത്തിന് ശില്പവും 4.20 ലക്ഷം രൂപയുടെ ഐസിടി ഉപകരണങ്ങളുമാണ് വിദ്യാലയത്തിന് സമ്മാനമായി ലഭിച്ചത്.

ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചായോത്ത് ജൂറിയുടെ സ്പെഷ്യൽ പരാമർശത്തിന് അർഹമായി. 'കായിക മികവിലൂടെ അക്കാദമിക മികവിലേക്ക്' എന്ന ആശയത്തെ മുൻനിർത്തി 25 ഓളം കായിക ഇനങ്ങളിലൂടെ വ്യത്യസ്തമായ രീതിയിൽ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിനാണ് ഈ അംഗീകാരം. ശില്പവും 2.10 ലക്ഷം രൂപയുടെ ഐസിടി ഉപകരണങ്ങളുമാണ് സ്കൂളിന് ലഭിച്ചത്.

കൂടാതെ ജിയുപിഎസ് പുല്ലൂരിലെ ദേവന കൃഷ്ണൻ, പിടിഎംഎയുപി സ്കൂൾ ബദിയടുക്കയിലെ മുഹമ്മദ് സഫ്‌വാൻ എന്നിവർ ഷോയിലെ മികച്ച പ്രകടനത്തിനുള്ള ബെസ്റ്റ് പെർഫോർമർ അവാർഡിനും അർഹരായി. അവാർഡിനർഹരായവരെ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അഭിനന്ദിച്ചു.




.


📅 27 February 2026

സാങ്കേതിക വിസ്മയമൊരുക്കി സ്കൂൾതല 'ലിറ്റിൽ കൈറ്റ്സ്' മികവുത്സവം

കുട്ടികളിലെ സർഗ്ഗാത്മകതയും സാങ്കേതിക നൈപുണ്യവും വിളിച്ചോതുന്ന സ്കൂൾതല 'ലിറ്റിൽ കൈറ്റ്സ്' മികവുത്സവം ജില്ലയിൽ ആവേശകരമായി. 'മികവിന്റെ നേർക്കാഴ്ചകളുമായി ലിറ്റിൽ കൈറ്റ്സ്' എന്ന പ്രമേയത്തിൽ ഫെബ്രുവരി 26-ന് നടന്ന മേളയിൽ ജില്ലയിലെ 125 സെന്ററുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ആധുനിക സാങ്കേതികവിദ്യകളുടെ വലിയൊരു ലോകമാണ് വിദ്യാർത്ഥികൾ സ്കൂളുകളിൽ ഒരുക്കിയത്. വിവിധങ്ങളായ എട്ട് മേഖലകൾക്കായി വ്യത്യസ്ത സ്റ്റാളുകളിലായാണ് പ്രദർശനങ്ങൾ ക്രമീകരിച്ചിരുന്നത്. കുട്ടികൾ സ്വയം നിർമ്മിച്ച ആനിമേഷൻ വീഡിയോകൾ പ്രദർശിപ്പിച്ച 'ആനിമേഷൻ സോൺ', റോബോട്ടിക്സിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തിയ 'റോബോട്ടിക് എക്സ്പെരിമെന്റ്', വിദ്യാർത്ഥികൾ തനിയെ വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കാൻ ഒരുക്കിയ 'ഗെയിം കോർണർ' എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ.
ഇതിനുപുറമെ, നിത്യജീവിതത്തിൽ ഉപകാരപ്രദമായ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനം കുട്ടികൾ വിശദീകരിച്ചു നൽകി. പഴയകാല കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്കുകൾ, മറ്റ് സ്റ്റോറേജ് ഡിവൈസുകൾ തുടങ്ങിയ ഐ.ടി ഉപകരണങ്ങളുടെ പ്രദർശനം പുതിയ തലമുറയ്ക്ക് വിജ്ഞാനപ്രദമായി. ആധുനിക കാലത്തെ അനിവാര്യതയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് (AI) പ്രത്യേക പരിശീലന ക്ലാസുകളും പ്രദർശനത്തോടൊപ്പം നടന്നു.

ജി.എച്ച്.എസ്.എസ് കാസർകോട്, ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് ഉൾപ്പെടെയുള്ള സ്കൂളുകളിൽ നടന്ന മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, അധ്യാപകർ, മറ്റ് വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

സ്കൂൾ തലത്തിലുള്ള ഈ മികവുത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രദ്ധേയമായ ടീമുകൾക്ക് അസാപ്പ് (ASAP) കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ജില്ലാ റോബോട്ടിക് ഫെസ്റ്റിൽ മത്സരിക്കാൻ അവസരം ലഭിക്കും.





📅 22 February 2026

ലോക സ്വതന്ത്ര സോഫ്റ്റ്‌വെയർ ഭൂപടത്തിൽ കേരളം; ജികോംപ്രിസിന്റെ തമിഴ് - കന്നട ഇന്റർഫേസുകൾ തയ്യാറാക്കി കൈറ്റ്

ദേശാഭിമാനി വാർത്താ പോസ്റ്റർ

ലോക സ്വതന്ത്ര സോഫ്റ്റ്‌വെയർ ഭൂപടത്തിൽ കേരളത്തിന് അഭിമാന നേട്ടം. പ്രമുഖ സ്വതന്ത്ര വിദ്യാഭ്യാസ സോഫ്റ്റ്‌വെയറായ 'ജികോംപ്രിസിന്റെ' തമിഴ്, കന്നട ഭാഷാ ഇന്റർഫേസുകൾ കൈറ്റ് തയ്യാറാക്കി. കുട്ടികൾക്കായുള്ള നിരവധി പഠന പ്രവർത്തനങ്ങൾ അടങ്ങിയ ഈ സോഫ്റ്റ്‌വെയർ ഇനിമുതൽ ഈ പ്രാദേശിക ഭാഷകളിലും ലഭ്യമാകും.

പുതിയ ഭാഷാ അപ്ഡേറ്റിലൂടെ തമിഴ്, കന്നട മീഡിയം വിദ്യാർത്ഥികൾക്ക് ജികോംപ്രിസ് സോഫ്റ്റ്‌വെയർ അവരുടെ മാതൃഭാഷയിൽ തന്നെ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. ഇതിൽ കന്നഡ ഭാഷയിലേക്കുള്ള സംഭാവനകൾ നൽകിയത് കൈറ്റ് കസർഗോഡ് ആണ്. വിദ്യാഭ്യാസ രംഗത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗത്തിലും വികസനത്തിലും കേരളം നടത്തുന്ന മുന്നേറ്റങ്ങളെ അടിവരയിടുന്നതാണ് കൈറ്റിന്റെ ഈ പുതിയ ഇടപെടൽ.



📅 22 February 2026

കൈറ്റിന്റെ 'കീ ടു എൻട്രൻസ്' പരിശീലനത്തിന് ജില്ലയിൽ തുടക്കമായി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കൈറ്റ് ഒരുക്കുന്ന 'കീ ടു എൻട്രൻസ്'സംയോജിത പ്രത്യേക പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു. കരിയർ ഗൈഡൻസ് സെൽ ജില്ലാ കോ-ഓർഡിനേറ്റർ കെ. മൈസൻ അധ്യക്ഷത വഹിച്ചു.

കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർമാരായ സി. പ്രവീൺകുമാർ, സി. മനോജ് കുമാർ, വി.എച്ച്.എസ്.ഇ കരിയർ മാസ്റ്റർ സമീർ പി. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ എ.എൻ.കെ. ബാബു, പ്രവീൺ കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

കീം, നീറ്റ്, സിയുഇടി, സിഎ ഫൗണ്ടേഷൻ, പിഎസ്‍സി തുടങ്ങിയ വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം ഉറപ്പാക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് 'കീ ടു എൻട്രൻസ്' പോർട്ടൽ രൂപകല്പന ചെയ്തിരിക്കുന്നത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾക്ക് ഇതിൽ പ്രത്യേക പഠനപദ്ധതികളുണ്ട്. www.entrance.kite.kerala.gov.in എന്ന പോർട്ടലിലൂടെ സ്കൂളിൽ നിന്ന് ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് പ്രവേശിക്കാം. ഇതിനുപുറമെ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും യൂട്യൂബ് ചാനലിലൂടെയും ക്ലാസുകൾ ലഭ്യമാകും.



📅 17 January 2026

സിയ ഫാത്തിമയുടെ ചരിത്രപരമായ ഓൺലൈൻ പങ്കാളിത്തം

സിയ സംസ്ഥാനതല കലോത്സവത്തിൽ പങ്കെടുക്കുന്നു
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരധ്യായം എഴുതിച്ചേർത്തുകൊണ്ട്, കാസർഗോഡ് പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്കൂളിലെ സിയ ഫാത്തിമ വീട്ടിലിരുന്ന് ഓൺലൈനായി അറബിക് പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുത്തു. വാസ്കുലൈറ്റിസ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന സിയയ്ക്ക്, ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് മത്സരിക്കാൻ അവസരമൊരുങ്ങിയത്. കൈറ്റ് സി.ഇ.ഒ ശ്രീ. കെ. അൻവർ സാദത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ ചരിത്രദൗത്യത്തിനാവശ്യമായ സാങ്കേതിക പ്രവർത്തനങ്ങൾ ജില്ലാ ഘടകം ആരംഭിച്ചത്.

ഔദ്യോഗിക മേൽനോട്ടം

സിയയുടെ വസതിയിൽ സജ്ജീകരിച്ച പ്രത്യേക മത്സരവേദിയുടെ ഔദ്യോഗിക നിയന്ത്രണം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ഡി.ഇ.ഒ ശ്രീ. രോഹിത് ആണ് ഇവിടെ സ്റ്റേജ് മാനേജരായി പ്രവർത്തിച്ചത്. ചെറുവത്തൂർ എ.ഇ.ഒ ശ്രീ. രമേശൻ മത്സരവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി.

സാങ്കേതിക സജ്ജീകരണങ്ങൾ

മത്സരത്തിന്റെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. തൃശ്ശൂരിലെ കലോത്സവ വേദിയിലുള്ള വിധികർത്താക്കൾക്ക് തത്സമയം മത്സരം വീക്ഷിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു:

  • വീഡിയോ കോൺഫറൻസിങ്: കൈറ്റിന്റെ പ്രത്യേക വീഡിയോ കോൺഫറൻസിങ് ക്യാമറയും സൗണ്ട് സിസ്റ്റവും ഉപയോഗിച്ചാണ് ലൈവ് സ്ട്രീമിംഗ് നടത്തിയത്.
  • ഡോക്യുമെന്റേഷൻ: കൈറ്റ് പദ്ധതിയുടെ ഭാഗമായി സ്കൂളിന് അനുവദിച്ചിട്ടുള്ള ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് മത്സരത്തിന്റെ മുഴുവൻ ദൃശ്യങ്ങളും റെക്കോർഡ് ചെയ്തു.

ഏകോപനം

സിയാദ് തയ്യാറാക്കിയ പോസ്റ്ററിനൊപ്പം
കൈറ്റ് കാസർഗോഡ് ജില്ലാ കോർഡിനേറ്റർ ശ്രീ. റോജി മാസ്റ്റർ ഓൺലൈനായി പങ്കുചേരുകയും മുഴുവൻ സമയവും സാങ്കേതിക ടീമിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.സിയയുടെ വസതിയിലെ സാങ്കേതിക ക്രമീകരണങ്ങൾ നിയന്ത്രിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. കെ. മിഥുൻ ആണ്. പ്രൈമറി ക്യാമറയുടെ നിയന്ത്രണം, ആവശ്യാനുസരണം ദൃശ്യങ്ങൾ ക്രമീകരിച്ച് വിധികർത്താക്കൾക്ക് ലഭ്യമാക്കൽ എന്നിവ ഇദ്ദേഹം നിർവ്വഹിച്ചു. ഇന്റർനെറ്റ് ക്രമീകരണങ്ങൾ, കണക്ഷനുകൾ, മറ്റ് അനുബന്ധ സജ്ജീകരണങ്ങൾ എന്നിവ ഒരുക്കുന്നതിന് കൈറ്റ് ടെക്നീഷ്യൻമാരായ ശ്രീ. ഷിധിൻ, ശ്രീ. വരുൺ എന്നിവർ നേതൃത്വം നൽകി.


ഫലം

സിയ തയ്യാറാക്കിയ പോസ്റ്ററിനൊപ്പം
സിയ ഫാത്തിമയുടെ സംസ്ഥാനതല കലോത്സവവുമായി ബന്ധപ്പെട്ട് പത്രത്തിൽ വന്ന വാർത്ത
വിദ്യാഭ്യാസ വകുപ്പിന്റെ കരുതലും കൈറ്റിന്റെ സാങ്കേതിക മികവും ഒത്തുചേർന്നപ്പോൾ, ആരോഗ്യപരമായ വെല്ലുവിളികൾക്കിടയിലും സിയ ഫാത്തിമ നിശ്ചിത സമയത്തിനുള്ളിൽ മത്സരം വിജയകരമായി പൂർത്തിയാക്കി, മത്സരഫലം വന്നപ്പോൾ എ ഗ്രേഡ് നേടുകയും ചെയ്തു . കലോത്സവ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരാർത്ഥിക്ക് വേണ്ടി മാത്രമായി ഇത്തരമൊരു ഓൺലൈൻ സംവിധാനം ഒരുക്കുന്നത്.


വാർത്തകളിലൂടെ

  1. യുവജനോത്സവം ഗൃഹാതുരത്വം ഉണർത്തുന്ന സ്മരണകളാണ്; നാടിനെ മുന്നോട്ട് നയിക്കേണ്ടവരാണ് ഈ കുട്ടികൾ
  2. അവളുടെ വലിയ ആഗ്രഹമായിരുന്നു...; സ്‌കൂൾ കലോത്സവത്തിൽ പുതുചരിത്രം കുറിച്ച് സിയ ഫാത്തിമ
  3. കലോത്സവത്തിൽ പുതു ചരിത്രം രചിച്ച് സിയ ഫാത്തിമ


📅 31 December 2025

കലോത്സവ കാഴ്ചകൾക്ക് ഡിജിറ്റൽ കയ്യൊപ്പ്: ചരിത്രമെഴുതി മൊഗ്രാൽ ലിറ്റിൽ കൈറ്റ്സ്

പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ അരങ്ങേറിയ കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കലയുടെ കേളികൊട്ട് മാത്രമല്ല, സാങ്കേതികവിദ്യയുടെ മികച്ച ഏകോപനത്തിന് കൂടി സാക്ഷ്യം വഹിച്ചു. കലോത്സവ ചരിത്രത്തിൽ തന്നെ വേറിട്ട മാതൃകയായി, 13 വേദികളിലായി നടന്ന ആയിരക്കണക്കിന് പ്രതിഭകളുടെ പ്രകടനങ്ങൾ ഒട്ടും ചോർന്നുപോകാതെ ഡിജിറ്റൽ കണ്ണുകളിലൂടെ പകർത്തിയത് മൊഗ്രാൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളാണ്. കലയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ അത് സംഘാടന മികവിന്റെ പുതിയൊരു അധ്യായമായി മാറി.


ഒരുക്കം: കൃത്യത, വ്യക്തത

പരിശീലത്തിനിൽ സംസാരിക്കുന്ന റോജി മാസ്റ്റർ (KITE കാസർഗോഡ്, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ)
കലോത്സവത്തിന് ദിവസങ്ങൾക്ക് മുൻപേ തന്നെ കുട്ടികൾ ഈ വലിയ ദൗത്യത്തിനായി തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. വീഡിയോ റെക്കോർഡിംഗിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാൻ പ്രത്യേക ട്യൂട്ടോറിയലുകളും പരിശീലനങ്ങളും അവർക്ക് ലഭിച്ചു. ഓരോ ദിവസവും ആരംഭിച്ചത് 'മോണിംഗ് ബ്രീഫിംഗി'ലൂടെയായിരുന്നു അന്നത്തെ ദിവസത്തെ വെല്ലുവിളികൾ എന്തൊക്കെയാകാം, എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് കൈറ്റ് മാസ്റ്റർ ട്രെയിനർമാരും ജില്ലാ കോർഡിനേറ്ററും കുട്ടികൾക്ക് വ്യക്തമായ ദിശാബോധം നൽകി.

ട്യൂട്ടോറിയൽ കാണാൻ ക്ലിക്ക് ചെയ്യൂ

മൂന്ന് നാളുകൾ, പതിമൂന്ന് വേദികൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
മാസ്റ്റർ ട്രെയിനർ ഖാദർ മാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു
സ്റ്റേജുകളിൽ വെളിച്ചം വീണപ്പോൾ, അതിന് സമാന്തരമായി ലാപ്ടോപ്പുകളും വെബ് ക്യാമറകളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജ്ജരായിരുന്നു. കേവലം വീഡിയോ എടുക്കുക എന്നതിലുപരി, ഓരോ മത്സരാർത്ഥിയുടെയും ചെസ്റ്റ് നമ്പർ അടിസ്ഥാനമാക്കി, ശാസ്ത്രീയമായി ഫയലുകൾ നാമകരണം ചെയ്ത് ആർക്കൈവ് ചെയ്യുന്ന 'സിസ്റ്റമാറ്റിക് ഡോക്യുമെന്റേഷൻ' ആണ് അവർ നടപ്പിലാക്കിയത്.


പ്രവർത്തനങ്ങളിൽ സജീവമായി

കരുത്തായി പൂർവ്വവിദ്യാർത്ഥികളും

പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് പൂർവ്വവിദ്യാർത്ഥികൾ
ഈ യജ്ഞത്തിൽ നിലവിലെ വിദ്യാർത്ഥികൾക്കൊപ്പം തോളോട് തോൾ ചേർന്ന് ലിറ്റിൽ കൈറ്റ്സ് പൂർവ്വവിദ്യാർത്ഥികളും എത്തിയത് കലോത്സവത്തിന് നവ്യാനുഭവമായി. അവരുടെ അനുഭവസമ്പത്ത് കുട്ടികൾക്ക് വലിയൊരു പിന്തുണയായിരുന്നു. സാങ്കേതിക തകരാറുകൾ ഒരു നിമിഷം പോലും റെക്കോർഡിംഗിനെ ബാധിക്കാതിരിക്കാൻ കൈറ്റ് ടെക്നീഷ്യന്മാരായ ഷിതിൻ, വരുൺ എന്നിവർ മൂന്ന് ദിവസവും മുഴുവൻ സമയവും പ്രവർത്തകരായി വേദികളിലുണ്ടായിരുന്നു.

ക്രൈസിസ് മാനേജ്മെന്റ്: വിരൽത്തുമ്പിലെ പരിഹാരങ്ങൾ : ഏതൊരു സാങ്കേതിക പ്രവർത്തനത്തിലും തടസ്സങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇവിടെ പ്രശ്നങ്ങളെക്കാൾ വേഗത്തിലായിരുന്നു പരിഹാരങ്ങൾ. പൂർവ്വവിദ്യാർത്ഥികളുംടെക്നിക്കൽ ടീമും അടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മ വഴി ഓരോ നിമിഷവും ആശയവിനിമയം നടന്നു. ഓഡിയോ തകരാറുകളോ, ഹാർഡ്‌വെയർ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ നിമിഷങ്ങൾക്കകം അത് പരിഹരിക്കാൻ ഈ 'ക്രൈസിസ് മാനേജ്മെന്റ്' സംവിധാനത്തിന് സാധിച്ചു.

റെക്കോർഡിങ്  പ്രവർത്തനത്തിൽ പങ്കെടുത്തവർ
No. Student Name Class
1 Abdulla Ashab A 10 E
2 Abdulla Lazim 9
3 Abdulla Nihal 9
4 Abdulla Shazan 11 C
5 Abdulla Sizan 9 C
6 Abdul Hadil 9 J
7 Aboobacker Shaman A 9 G
8 Afrooz Mohammed 10
9 Ahammed Rifshath 8 F
10 Ahmad Sinan 8 G
11 Ahyan Ahmed 8 F / 10 C
12 Amna Fathima 9
13 Arush K 9 H
14 Ayshath Ansheeda K.P 8 D
15 Ayshath Shayna 10
16 Aysha Muhaza 10 E
17 Azmina Nazrin 10 F
18 Muhammed Bilal MP 8 B
19 Fadllullah N.K 9
20 Fathima A 10 E
21 Fathima Neha Nourin 9 E
22 Fathimath Hiba 10 E
23 Fathimath Shazin 9 G
24 Fathimath Zulfa 9 C
25 Fazal C.H 8 D
26 Fazal Muhaz 8 D
27 Fidha Amina 10 C
28 Fidha Fathima H.A 10 E
29 Hadhi Hameed U 8 C
30 Hana Amina N 8 C
31 Hasan Azmal 9
32 Hazza Fathima 8
33 Ihan Ahammed Siddique 8 C
34 Jusaiba 10
35 Karthika 8 C
36 Khadeejath Mahfooza M.K 10 B
37 Maryam Azra A 9
38 Mishana Fathima 10 B
39 Mohammed Ajmal Sinan K 8
40 Mohammed Afrooz 9 D
41 Mohammed Ramil 12
42 Mohammed Rihan 9 D
43 Mohammed Safwan 8 E
44 Mohammed Sahal 8
45 Moideen Shamnad 9 D
46 Muhaza Sherine 10
47 Muhammed Ziya Kota 9 E
48 Nadha Fathima 10 E
49 Nafeesa Shazmin 8 C
50 Nafeesath Musheera 10 E
51 Nafeesath Nuha 10 F
52 Najah Nazneen S 9 E
53 Nireeksha 10 A
54 Sadia Nourin N.A 10 F
55 Safiyath Mansoora 9 F
56 Saif Abdulla C.S 8 D
57 Saqib Riyas 8 F
58 Shaik Abdulla Farood 9
59 Shamma Binth Shihab 10
60 Zaeem Iyaz 9
61 Zayan 9 D

ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച ഈ ദൗത്യം കേവലമൊരു ഡോക്യുമെന്റേഷൻ മാത്രമല്ല, മറിച്ച് വരുംകാല കലോത്സവങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു പാഠപുസ്തകം കൂടിയാണ്. കലയെ സ്നേഹിക്കുന്ന മനസ്സും, സാങ്കേതികവിദ്യയെ മെരുക്കിയെടുക്കാനുള്ള കഴിവും ഒന്നിച്ചപ്പോൾ മൊഗ്രാൽ സ്കൂൾ മുറ്റത്ത് പിറന്നത് ചരിത്രമാണ്.



📅 22 December 2025

ലിറ്റിൽ കൈറ്റ്‌സ് മെന്റർമാർക്കായി അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനം സംഘടിപ്പിച്ചു

ഏകദിന അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനത്തിൽ നിന്നും

ലിറ്റിൽ കൈറ്റ്‌സ് മെന്റർമാരായ അധ്യാപകർക്കായി ജി.എച്ച്.എസ്.എസ് ഹൊസ്ദുർഗിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. അക്കൗണ്ടിംഗ്, സ്കൂൾ വിക്കി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ നേതൃത്വം നൽകുകയും ആമുഖ ഭാഷണം നടത്തുകയും ചെയ്തു.

പരിശീലനത്തിന്റെ ആദ്യ സെഷനിൽ ലിറ്റിൽ കൈറ്റ്‌സ് എൽ.കെ.എം.എസ് (LKMS) വെബ് പോർട്ടലിലെ അക്കൗണ്ടിംഗ് വിഭാഗത്തെക്കുറിച്ച് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്ലാസുകൾ നയിച്ചു. അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും, പുതുതായി ചുമതലയേറ്റ മെന്റർമാർക്ക് പോർട്ടൽ പരിചയപ്പെടുത്തുന്നതിനും ഈ സെഷൻ സഹായകമായി.

ഏകദിന ഏകദിന അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനത്തിൽ നിന്നും പരിശീലനത്തിൽ നിന്നും

തുടർന്ന് നടന്ന സ്കൂൾ വിക്കി പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ മിഥുൻ മാസ്റ്റർ നേതൃത്വം നൽകി. സ്കൂൾ വിക്കിയുടെ ആമുഖം, പൊതുവായ ലേഔട്ട് ക്രമീകരണം, ഫോട്ടോ അപ്‌ലോഡിങ്ങ്, ലിറ്റിൽ കൈറ്റ്‌സ് പേജിന്റെയും മെയിൻ പേജിന്റെയും ക്രമീകരണം, ബാച്ച് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ, ഇൻഫോബോക്സ് നിർമ്മാണം എന്നിവ വിശദമായി ക്ലാസ്സിൽ പ്രതിപാദിച്ചു.

തുടർന്ന് അധ്യാപകർ തങ്ങളുടെ സ്കൂൾ പേജുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങളും (Practical Session) നടന്നു. വളരെ ഫലപ്രദവും പ്രയോജനകരവുമായ പരിശീലനമാണ് ലഭിച്ചതെന്ന് പങ്കെടുത്ത അധ്യാപകർ വിലയിരുത്തി.

(പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു)

Sl. no Name PEN No. School
1 Amitha D 984985 GHSS Patla
2 Farhana Muhammadali 972592 VPKHHM MRVHSS Padne
3 Soumya.C 913029 CHMKSHSS Perumbatta
4 Reshma Kayyprath Veeti 878976 CHMKS GHSS Perumbatta
5 Rajani.P 698625 GHSS Chayoth
6 Simna.K 986952 GVHSS Kanhangad
7 Soumya.k 970014 GHSS Parappa
8 Aswathi K.V 987172 SRMGHSS Ramnagery
9 Vineetha.E 510073 GFHS Marakkappu Kodappuram
10 SARITHA.M 548972 VPPMKPS GVHSS TRIKARPUR
11 Sreepriya.C.K 692101 GHSS Kundamkuzhy
12 Ramya.P.P. 992140 G.V.H.S.S. Mogral
13 Princy K 818691 Durga HSS Kanhangad
14 Smitha.P. 610412 G.H.S. Kanhirapoil
15 Sreekumar.P.V 970160 CHSS Chattanchal
16 Abdul Ishak.T 297576 PMSAPTSVHSS. Kaikottukadav
17 Sabin Jose 1010208 St. Jude's H.SS Vellarikundu
18 Shalini.V.K 50022 Mar Thoma HS for Deaf, Cherkala
19 Bindu MK 785201 GHSS Kakkat

'എന്റെ സ്കൂൾ എന്റെ അഭിമാനം' - റീൽസ് മത്സരത്തിൽ ജില്ലയ്ക്ക് മികച്ച വിജയം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ.കെ. അൻവർ സാദത്തും ചേർന്ന്  സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്,  രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ, ജി. എച്ച്. എസ്. എസ്. കുട്ടമത്ത്, ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി , പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്,  ജി.വി.എച്ച്. എസ്.എസ്.കയ്യൂർ, ഗവ. എച്ച്. എസ്. തച്ച‌ങ്ങാട് , ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ,  മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള സ്കൂളുകളാണ്   കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി.   ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് ചടങ്ങിൽ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിനെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബർ അവസാനം മുതൽ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.  ഇതിലേയ്ക്ക്  അപേക്ഷ നൽകേണ്ട തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.  സ്കൂൾ മികവുകൾ സമൂഹ മധ്യത്തിൽ  എത്തിക്കുന്നതിനുള്ള ഒരു അവസരമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രയോജനപ്പെടുത്തണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.