കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
'എന്റെ സ്കൂൾ എന്റെ അഭിമാനം' - റീൽസ് മത്സരത്തിൽ ജില്ലയ്ക്ക് മികച്ച വിജയം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ.കെ. അൻവർ സാദത്തും ചേർന്ന്  സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്,  രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ, ജി. എച്ച്. എസ്. എസ്. കുട്ടമത്ത്, ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി , പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്,  ജി.വി.എച്ച്. എസ്.എസ്.കയ്യൂർ, ഗവ. എച്ച്. എസ്. തച്ച‌ങ്ങാട് , ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ,  മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള സ്കൂളുകളാണ്   കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി.   ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് ചടങ്ങിൽ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിനെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബർ അവസാനം മുതൽ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.  ഇതിലേയ്ക്ക്  അപേക്ഷ നൽകേണ്ട തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.  സ്കൂൾ മികവുകൾ സമൂഹ മധ്യത്തിൽ  എത്തിക്കുന്നതിനുള്ള ഒരു അവസരമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രയോജനപ്പെടുത്തണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.