Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കർത്തവ്യം
ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിലും പതിന്മടങ്ങു വേഗത്തിൽ മനുഷ്യന്റെയും സസ്യജാലങ്ങളുടെയും കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടി കാരണം ഇന്ന് അൽപ്പാൽപ്പമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയുടെ ഉത്തമസൃഷ്ടിയാണെന്നതിൽ തർക്കമില്ല. എന്നാൽ നിലവിലുള്ള ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു. ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേയ്ക്ക് മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും, ഭൂമിയെ കല്ലും, കരിയും, എണ്ണയും കുഴിച്ചെടുക്കുവാനുള്ള ഖനനകേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു. വിദേശരാജ്യങ്ങൾ ദിവസവും ടൺ കണക്കിന് മാലിന്യങ്ങൾ കപ്പലുകളിൽ കയറ്റി പുറം കടലുകളിൽ നിക്ഷേപിക്കുകയാണെന്ന സത്യം പത്രത്താളുകളിലൂടെ ഇന്ന് ബോധ്യമാണല്ലോ? സ്വന്തം ദേശം മാലിന്യമുക്തമാണെന്ന് ആശ്വസിക്കുന്ന ഇക്കൂട്ടർ, വലിയൊരു ദുരന്തമാണ് ക്ഷണിച്ചു വരുത്തുന്നതെന്ന വസ്തുത അറിയുന്നില്ല. ജീവിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് അനുവദിച്ചിരിക്കുന്നതുപോലെ, മറ്റെല്ലാ ജീവികൾക്കും ആ സ്വാതന്ത്ര്യം ഉണ്ടെന്ന സത്യം എന്തുകൊണ്ടാണ് മനുഷ്യൻ മറന്നുപോകുന്നത്? മനുഷ്യന് ഇന്ന് ഒഴിച്ചുകൂടാനാവാത്ത യന്ത്രമായി മാറിയിരിക്കുന്നു റഫ്രിജറേറ്റർ. ഇതിൽ ഉപയോഗിക്കപ്പെടുന്ന ക്ലോറോഫ്ലൂറോകാർബണുകൾ അന്തരീക്ഷത്തിന് ഏറ്റവും അപകടകാരിയായ വാതകമാണ്. ഭൂമിയുടെ സംരക്ഷണ കവചമായി കണക്കാക്കാവുന്ന ഓസോൺ പാളിയുടെ നാശനത്തിന് ഈ വാതകം കാരണമാവുന്നു.
സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കാൻ മനുഷ്യന് യാതൊരു മടിയുമില്ല. മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണ്. കാട് വെട്ടിത്തെളിച്ച് കോൺക്രീറ്റ് കാടുകളുണ്ടാക്കുന്നതും, മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും, വയലുകൾ നികത്തുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. ഒരു സുനാമിയോ, വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ടു കാര്യമില്ല; വേണ്ടത് സ്ഥിരമായ പാരിസ്ഥിതിക ബോധമാണ്. ഒരു മരം നശിപ്പിക്കുമ്പോൾ പകരം, പത്ത് പുതിയ തൈകൾ നടാനുള്ള ബോധം...! സ്വന്തം മാതാവിന്റെ നെഞ്ചുപിളർക്കുന്ന രക്തരക്ഷസ്സുകളാകരുത് നാം. നമ്മെ പരിപാലിക്കുന്ന പ്രകൃതിയെന്ന അത്ഭുതത്തെ കിട്ടുന്നതിനേക്കാൾ നൂറിരട്ടി സ്നേഹം തിരിച്ചുനൽകി പരിപാലിക്കേണ്ട ചുമതലയുള്ളവരാണ് നമ്മൾ. ഈ ഭൂമി സമസ്ത ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്. ഉറുമ്പിനും ആനയ്ക്കും ഇവിടെ തുല്യ അവകാശമാണുള്ളത്. മനുഷ്യരും, മൃഗങ്ങളും, സസ്യജാലങ്ങളും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിയുക എന്ന മനോഭാവമാണ് നമ്മിലുണ്ടാവേണ്ടത്. ഓരോരുത്തരും തന്റെ ജീവിത കാലയളവിൽ ഒരു വൃക്ഷമെങ്കിലും വളർത്തുമെന്ന ലക്ഷ്യം പ്രാവർത്തികതലത്തിലെത്തണം. ഇതു നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നം മാത്രമല്ല; മറിച്ച്, ഹരിത ഭൂമിയ്ക്കുവേണ്ടിയുള്ള നമ്മുടെ കർത്തവ്യവുമാണ്. ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും സൂചകമാണ് പച്ചപ്പ്. പ്രകൃതി ഹരിതവർണത്തിൽ ഒരുങ്ങി നിൽക്കുന്നതാണ് ഭംഗി. അതിനാൽ അണിചേരാം, പ്രവർത്തിക്കാം,... ഒരു പുത്തൻ ഹരിതഭൂമിയ്ക്കായി....
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|