എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക് ദ ചെയിൻ

തന്റെ വീട് ഒരു കൊച്ചു സ്വർഗ്ഗമായാണ് ആ അമ്മ മാലാഖക്ക്തോന്നിയത്. തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവ്, കുട്ടിക്കുറുമ്പുകൾ കാണിക്കാനും ആ വീടിനു വെളിച്ചമേകാനും താൻ ജന്മം നൽകിയ രണ്ട് പൊന്നോമനകൾ. അഞ്ചു വയസ്സുള്ള ജോണി മോനും രണ്ടര വയസ്സുള്ള മിനിക്കുട്ടിയും. ഇതിലധികം ഒന്നും ആ നിഷ്കളങ്കയായ നേഴ്സിന് ആവശ്യമില്ലായിരുന്നു.

ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ അവർ അവളെ സ്വീകരിച്ച് സ്നേഹം കൊണ്ട് മൂടും. അവർക്ക് ആശ്വാസം ലഭിക്കാൻ ആ സുന്ദര നിമിഷങ്ങൾ മതിയായിരുന്നു.

എന്നാൽ നാട്ടിലാകെ പടർന്നുകൊണ്ടിരുന്ന കോവിഡ് -19 റീനയിലും ഭീതിയുണർത്താതിരുന്നില്ല. എങ്കിലും അതു പുറത്തു കാണിക്കാതെ തന്നെയാണ് അന്നും അവൾ ഹോസ്പിറ്റലിൽ പോയത്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആ കുഞ്ഞു പൈതൽ ചെറിയ വിഷമത്തോടെ ചോദിച്ചു "എനിക്കും അച്ഛനും എല്ലാവർക്കും ലീവാണല്ലോ, അമ്മ മാത്രം എന്തിനാ എപ്പോഴും പോകുന്നേ?"

ആ കുഞ്ഞുമോനെ സന്തോഷിപ്പിക്കാൻ വേണ്ടി അവൾ ഒരു കള്ളം പറഞ്ഞു. "കുറച്ചു ദിവസത്തേക്ക് ഹോസ്പിറ്റലിൽ വലിയ കോൺഫറൻസും സദ്യയും ഒക്കെ ഉണ്ട്. എല്ലാ വിശേഷങ്ങളും അമ്മ വന്നിട്ട് പറഞ്ഞുതരാം". അപ്പോ അമ്മ ഇന്ന് തിരിച്ചു വരില്ലേ?; എന്ന് ചോദിച്ചപ്പോൾ ആദ്യം അവളൊന്ന് പതറി.ശേഷം രണ്ട് കുഞ്ഞുങ്ങളുടെയും നെറ്റിയിൽ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു: അച്ഛൻ ഇല്ലേ മക്കളെ..... അമ്മ വേഗം വരും എല്ലാവരെയും ഒന്നു കൂടി കെട്ടിപ്പിടിച്ചു മുത്തം കൊടുത്ത് റീന വീട്ടിൽ നിന്ന് ഇറങ്ങി. തിരിഞ്ഞു നോക്കാതെ.... അഭിവാദ്യമർപ്പിക്കാനെന്നോണം വഴി നിറയെ വീണുകിടന്ന കുഞ്ഞു കൊന്നപ്പൂക്കൾ അവളുടെ കാലുകൾക്ക് മെത്ത വിരിച്ചു. അവളുടെ കാൽ ചുവട്ടിലേക്ക് കരിയിലകൾ ഓടിയെത്തി.

നടന്നു തളർന്ന് അവൾ ഹോസ്പിറ്റലിൽ എത്തി. തന്റെ ജോലിയിൽ ഒരു കുറവും വരുത്തില്ല എന്ന് ദൃഢനിശ്ചയം ചെയ്ത അവളുടെ കണ്ണുകൾ സൂര്യ പ്രകാശത്തിൽ ജ്വലിച്ചു കൊണ്ടിരുന്നു. മുഖം മറച്ച് ഓരോരുത്തരെയും ശുശ്രൂഷിക്കുമ്പോൾ അവളുടെ മനസ്സിൽ തന്റെ രണ്ട് കുഞ്ഞു പുഷ്പങ്ങളുടെ മുഖം ഓടിയെത്തി...

ദിവസങ്ങൾ ഓരോന്നായി പിന്നിട്ടു കൊണ്ടിരുന്നു. ഒടുവിൽ ആ മാലാഖയെയും കൊറോണ വൈറസ് വെറുതെവിട്ടില്ല. ആ മഹാമാരിക്ക് അവളും കീഴ്പ്പെട്ടു. ഹൃദയം വിങ്ങി പ്പൊട്ടുമ്പോഴും അവൾ പുഞ്ചിരിച്ചു കൊണ്ട് സെൽഫി എടുത്ത് അയച്ചു കൊടുത്തു. ഭർത്താവിനെയും മക്കളെയും ഒന്നുമറിയിച്ചില്ല. അവർ സുഖമായി മെത്തയിൽ ഉറങ്ങി. അമ്മയുടെ തണലില്ലാതെ.

മഹാമാരി തന്റെ ഉറ്റവർക്ക് കൊടുക്കരുതെന്ന് അവൾക്ക് നിർബന്ധമായിരുന്നു. "ഐ കാൻ ബ്രേക്ക് ദ ചെയിൻ" അവൾ മനസിൽ മന്ത്രിച്ചു. രാത്രി ഇരുണ്ടു വന്നു. എവിടെ നിന്നോ ഒരു കാലൻകോഴി കൂവുന്നത് പോലെ അവൾക്ക് തോന്നി.ശക്തമായകാറ്റിൽഹോസ്പിറ്റലിനു പുറത്തുള്ള ഒരു മരത്തിൽ നിന്നും വിടർന്നുവന്നു കൊണ്ടിരുന്ന പുഷ്പം താഴേക്ക് പതിച്ചു. ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു. ആ മാലാഖയുടെ നിഷ്കളങ്കമായ മിഴികളിൽ നിന്നും അശ്രുകണങ്ങൾ കവിളിലൂടെ ഒലിച്ചിറങ്ങി. അവൾ കഠിനമായി പരിശ്രമിച്ച് കൊണ്ട് ശ്വാസത്തിന് വേണ്ടി പിടഞ്ഞു. അപ്പോഴേക്കും ഡോക്ടർമാരും നഴ്സുമാരും ഓടിയെത്തി. പക്ഷെ, ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഹോസ്പിറ്റലിലെ ആധുനിക വെന്റിലേറ്ററിനും അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നെന്നേക്കുമായി അവളുടെ ശ്വാസം നിലച്ചു.

ദൈവം മറ്റൊരു സുന്ദരമായ ലോകത്തേക്ക് ആ മാലാഖയെ കൂട്ടികൊണ്ടുപോയി. ഹോസ്പിറ്റലിലെ മറ്റു ജീവനക്കാർ എല്ലാം കണ്ണുനീർ തുടച്ചു.

അന്ത്യചുംബനം പോലും നിഷേധിക്കപ്പെട്ട അവളുടെ ഭർത്താവും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും തേങ്ങിക്കരഞ്ഞു. അദ്ദേഹം രണ്ടു കുഞ്ഞുങ്ങളെയും മാറോടു ചേർത്ത് കെട്ടിപ്പിടിച്ചു. ഇതിനാണോ അച്ഛാ അമ്മ പോയത്? എന്ന് ചോദിക്കുമ്പോൾ ആ കുഞ്ഞിൻറെ മുഖം കരഞ്ഞു വീർത്തിരുന്നു. അമ്മ അവസാനം ഹോ സ്പിറ്റലിലേക്ക് പോകുമ്പോൾ നൽകിയ അന്ത്യ ചുംബനം ആ കുഞ്ഞുമോന് മറക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവർക്ക് വെളിച്ചമേകിയ ആ സ്നേഹ ദീപം എന്നന്നേക്കുമായി അണഞ്ഞു.........

നിദാ റമീസ്
8 പി എൻ.എ.എം എച്ച്.എസ്.എസ്, പെരിങ്ങത്തൂർ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ