സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രത്യാശ | color=4 }} കുറച്ചു മാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശ

കുറച്ചു മാസങ്ങൾ മുൻപാണ് ഷീജ ജോലി നഷ്ടപ്പെട്ടു വീട്ടിലെത്തിയത്. അന്നവളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മദ്യപാനിയായ ഭർത്താവ് എത്തിയിരുന്നില്ല. മക്കൾക്ക്‌ അമ്മയെ സ്വീകരിക്കാൻ ചെല്ലണമെന്നുണ്ടായിരുന്നു എങ്കിലും അപ്പൻ സമ്മതിക്കാഞ്ഞതിനാൽ പോകാനായില്ല. അവർക്കറിയില്ലല്ലോ അമ്മ ജോലി നഷ്ടപ്പെട്ടു വരികയാണെന്ന്. വരുമാനമാർഗം അടഞ്ഞതിന്റെ ആലോസരം അപ്പന്റെ മുഖത്തുണ്ട്. അതിന്ടെ അമർഷം അയാൾ ഇടയ്ക്കിടെ അവരോടു പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാലും മക്കളോടൊപ്പം ജീവിക്കാൻ പറ്റുന്നതിന്റെ ആശ്വാസം ഷീജയ്ക്കുണ്ട്.

ദിവസങ്ങൾ കഴിയുന്തോറും തന്റെ നീക്കിയിരുപ്പ് തീർന്നു വരുന്നത് അവളെ ഉള്ളാലെ ഭയപ്പെടുത്തുന്നുണ്ട്. അത് തീർന്നു കഴിഞ്ഞാൽ എന്തു ചെയ്യുമെന്ന് അവൾക്കറിയില്ല. ഒരു ജോലിക്കും പോകാത്ത ഭർത്താവിന് ഇനി ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. എന്തിനാണ് തന്റെ കൊച്ചമ്മ ജോലിയിൽ നിന്നും നിസ്സാരകാരണം പറഞ്ഞു പിരിച്ചുവിട്ടതെന്നു അവൾ ഇടയ്ക്കിടെ ആലോചിക്കാറുണ്ട്. പല സാധ്യതകൾ ഉണ്ട്. എന്തായാലും തന്നോടുണ്ടായിരുന്ന ഇഷ്ടം ഇത്ര പെട്ടെന്ന് നഷ്ടപ്പെടാൻ തക്ക തെറ്റുകൾ ഒന്നും താൻ ചെയ്തിട്ടില്ല. ചിലപ്പോൾ എന്തെങ്കിലും സാമ്പത്തിക പ്രശ്നം ആയിരിക്കാം, സാറിന്റെ ബിസിനസിലെ എന്തെങ്കിലും പാളിച്ചകൾ, അതുമല്ലെങ്കിൽ കൊച്ചുമോന്റെ എന്തെങ്കിലും വഴിവിട്ട പ്രവൃത്തികൾ പുറത്തറിയുമെന്ന ഭയം, അതോ ഈയിടെ വിവാഹിതനായ കൊച്ചുമോന്റെ വിദേശിയായ ഭാര്യയ്ക്ക് തന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാവുമോ?.. അടുക്കള ജോലിക്കിടെ ഇങ്ങനെ നിരവധി സംശയങ്ങൾ അവളുടെ തലയിൽ അടുപ്പുകൂട്ടാറുണ്ട്. ചിന്തകൾ ആളിക്കത്തുമ്പോൾ അവൾ അടുപ്പിലെ തീ വെള്ളമൊഴിച്ചു അണച്ചു കളയും. പിടിവിട്ട ഈ അവസ്ഥയിലും തന്റെ മക്കളെ ചേർത്തുപിടിച്ചു ഉറങ്ങാൻ കഴിയുന്നുണ്ടല്ലോ എന്നവൾ ആശ്വസിച്ചു.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചിന്തകൾ വീണ്ടും ചീവീടിളകിയ പോലെ തലയ്ക്കുള്ളിൽ ചിലച്ചു തുടങ്ങും. ജോലിയിൽ നിന്ന് പിരിച്ചുവിടാൻ മാത്രം താൻ ചെയ്ത കുറ്റമെന്ത് ?. ഇനിയങ്ങോട്ടുള്ള വഴിയെന്ത് ? ഈ രണ്ടു ചോദ്യങ്ങൾ അവളെ കടന്നലുപോലെ കുത്തിനോവിച്ചു കൊണ്ടിരുന്നു.

ഇപ്പോൾ എന്തായാലും ചെറിയ ഒരാശ്വാസം ഉണ്ട്. കോവിഡ് 19 പടർന്നുപിടിച്ചിരിക്കുന്നതിനാൽ സർക്കാർ സൗജന്യമായി റേഷൻ കടകളിലൂടെ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്, പുറത്തിറങ്ങേണ്ട, ആരുടേയും ചോദ്യശരങ്ങൾ നേരിടേണ്ട, ഭർത്താവിന്റെ മദ്യപാനം ഏതാണ്ട് നിന്നിട്ടുണ്ട്. നൂറുകൂട്ടം പ്രശ്നങ്ങൾക്കിടയിലെ ഷീജയുടെ ആശ്വാസം ഇതൊക്കെയാണ്. എന്തോ ഒരു ചെറിയ പ്രതീക്ഷ. ഈ മഹാമാരി അവസാനിച്ചു കഴിയുമ്പോൾ എല്ലാത്തിനും ഒരു മാറ്റമുണ്ടാകും എന്നവൾ പ്രതീക്ഷിക്കുന്നു.

ഇറ്റലിയിലെ രോഗബാധിതരുടെ മരണനിരക്ക് ഏറിവരികയാണ്. മരിക്കുന്നവരിലേറെയും പ്രായമായവർ. കൊച്ചമ്മയും കുടുംബവും അവിടെ സുരക്ഷിതരായിരിക്കുമോ ?. അവിടെ മരിക്കുന്നവരിലേറെയും വൃദ്ധജനം ആണത്രെ ! തന്നെപ്പോലുള്ള ഹോംനഴ്‌സുമാർക്കു ഇനി ജോലിസാധ്യത അവശേഷിക്കുമോ....... പത്രം വായിക്കുന്നതിനിടയിൽ അവളുടെ ചിന്തകൾ വീണ്ടും കാടുകേറി. ഇനി ജോലി തേടി താൻ വിദേശത്തേക്കില്ല. അറിയാവുന്ന തൊഴിൽ താൻ ഇനി നാട്ടിൽ ചെയ്യാൻ പോകുന്നു. ഉറച്ചതീരുമാനമെടുത്തുകൊണ്ടു അവൾ അടുക്കളയിലേക്കു നടന്നു.

അടുപ്പു കത്തിക്കുമ്പോൾ അവൾ ചിന്തിച്ചു റാന്നിയിലെ കോവിഡ് സുഖപ്പെട്ട ആ അപ്പച്ചന്റെയും അമ്മച്ചിയുടെയും ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ.....

ആംശ്രുതി
10 B സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ