ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയും മനുഷ്യനും
നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടാത്ത അപൂർവ സമ്പത്തിന്റെ കലവറയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതി ഒരു നഴ്സറി ആണ്. അവിടെ മനുഷ്യർ മാത്രമല്ല, സസ്യങ്ങളും മൃഗങ്ങളും പക്ഷികളുമടക്കം ഭൂമിയിലെ എല്ലാത്തരം ജീവജാലങ്ങളുമുണ്ട്. ഒന്നിച്ച് കളിച്ചും കഴിച്ചും വഴക്കിട്ടും അവ കഴിഞ്ഞു പോരുന്നു. ഈ നഴ്സറിയിൽ പെട്ടെന്നൊരു ദിവസം ഒരു പകർച്ചവ്യാധി പടർന്നുപിടിച്ചു എന്നു കരുതുക. അല്ലെങ്കിൽ ഏതെങ്കിലും 'കുട്ടി' മറ്റുള്ളവരെ കണക്കില്ലാതെ ഉപദ്രവിച്ചു എന്നു കരുതുക. അതോടെ ആ നഴ്സറിയുടെ താളം തെറ്റും; കളിയും ചിരിയും തീരും. ചുറ്റുപാടിന്റെ 'ആരോഗ്യം' നോക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ആ 'കുട്ടി'യാണ് മനുഷ്യൻ! നമ്മുടെ പരിസ്ഥിതി നേരിടുന്ന ഒട്ടുമിക്ക ഭീഷണികൾക്കും പിന്നിൽ മനുഷ്യനാണ്. പരിസ്ഥിതിയെ നമുക്ക് രണ്ടായി തിരിക്കാം. എല്ലാ സസ്യ-ജന്തുജാലങ്ങളും അടങ്ങിയ ജൈവ പരിസ്ഥിതിയാണ് ആദ്യത്തെ വിഭാഗം. ഭൂമിയുടെ പൊക്കം, ചരിവ്, പ്രകാശം, സമ്മർദ്ദം, കാലാവസ്ഥ തുടങ്ങിയ അജൈവ പരിസ്ഥിതിയാണ് രണ്ടാമത്. ഈ രണ്ടു വിഭാഗങ്ങളും ഒരു മാലയിലെ മുത്തുകൾ പോലെ ചേർന്നു നിന്നാൽ മാത്രമേ പരിസ്ഥിതി സുഖകരമാവുകയുള്ളൂ. നമ്മുടെ നാടിന്റെ പ്രത്യേകതയാണല്ലോ നാനാത്വത്തിൽ ഏകത്വം. അങ്ങനെ നോക്കിയാൽ, ഭാരതത്തിന്റെ വലിയൊരു പതിപ്പാണ് നമ്മുടെ പ്രകൃതി. വ്യത്യസ്തതകളോടുകൂടിയ അനേകലക്ഷം ജീവജാലങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനെയാണ് 'ജൈവവൈവിധ്യം' എന്ന് പറയുന്നത്. വിവിധങ്ങളായ സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മജീവികളുമൊക്കെ ചേർന്ന ജൈവസമ്പന്നതയ്ക്ക് പറയുന്ന പേരാണ് ജൈവവൈവിധ്യം. ജൈവവൈവിധ്യത്തിന്റെ കലവറയാണ് ഭാരതം. ലോകത്തിലെ ആകെ ജൈവവൈവിധ്യത്തിൽ എട്ട് ശതമാനവും ഭാരതത്തിലാണ്. ഹിമാലയം മുതൽ പശ്ചിമഘട്ടം വരെയുള്ള ആവാസവ്യവസ്ഥകളും കാലാവസ്ഥയും ഭാരതത്തിലെ ജൈവവൈവിധ്യം സമ്പന്നമാക്കുന്നു. മനുഷ്യപുരോഗതിയുടെ എല്ലാ ഘട്ടങ്ങളിലും നമുക്ക് തണലായി നിന്നത് വനങ്ങളാണ്. കാലമേറെ ചെന്നപ്പോൾ കാട് കട്ടുമുടിക്കുന്നതായി പുരോഗതിയുടെ ലക്ഷണം. ആഗോളതാപനത്തിലൂടെയും താളം തെറ്റുന്ന കാലാവസ്ഥയിലൂടേയും വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങൾ നാം അനുഭവിക്കുന്നു. വനനശീകരണം മൂലം മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകുന്നു. ആറ്റംബോംബിനേക്കാൾ അപകടകരമാംവിധം മണ്ണൊലിപ്പ് ഉണ്ടാകുന്നു. ശുദ്ധജലവും മഴയും കുറയുന്നതും, ചൂട് കൂടുന്നതും, വനവിഭവങ്ങൾ നഷ്ടപ്പെടുന്നതുമെല്ലാം വനനശീകരണം മൂലമാണ്. ഭൂമിയെ ഒരു പുതപ്പ് പോലെ പൊതിഞ്ഞ് സംരക്ഷിക്കുന്ന വാതകങ്ങളുടെ ഒരു ആവരണമാണ് അന്തരീക്ഷം. മാലിന്യങ്ങൾ, വിഷവാതകങ്ങൾ, വ്യവസായശാലകൾ പുറന്തള്ളുന്ന പുക, രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവ അന്തരീക്ഷത്തേയും മറ്റു ജലസ്രോതസ്സുകളേയും ഒരുപോലെ മലിനമാക്കുന്നു. മൂന്നിൽ രണ്ടുഭാഗം ജലമുള്ള ഗ്രഹമാണ് ഭൂമി. എന്നാൽ, അതിൽ ലഭ്യമായ ശുദ്ധജലത്തിന്റെ അളവ് വെറും രണ്ട് ശതമാനം മാത്രമാണ്. ശുദ്ധജലം തടസ്സപ്പെടുന്നതിന്റെ പ്രധാന കാരണം ജലമലിനീകരണമാണ്. ഒട്ടുമിക്ക ജലസ്രോതസ്സുകളും ഇന്നു മനുഷ്യനാൽ മലിനമാക്കപ്പെട്ടു കഴിഞ്ഞു. മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ പ്ലാസ്റ്റിക് ഇന്ന് മണ്ണിനേയും ഇല്ലാതാക്കുന്നു. ഭൂമിയിൽ ലയിച്ചു ചേരാത്ത പ്ലാസ്റ്റിക്കുകൾ മേൽമണ്ണിനെ മൂടി മഴവെള്ളം ആഗിരണം ചെയ്യുന്ന മണ്ണിലെ സുഷിരങ്ങൾ അടയ്ക്കുന്നു. ഇതുമൂലം ഭൂഗർഭജലത്തിന്റെ തോത് കുറയുന്നു. പ്ലാസ്റ്റിക് മണ്ണിലെ സൂക്ഷ്മജീവികളെ നശിപ്പിച്ച് മണ്ണിനെ വിഷമയമാക്കുന്നു. മണ്ണ് മലിനീകരണം ജല-വായുമലിനീകരണത്തിനും കാരണമാകുന്നു. തിരക്കിട്ട ജീവിതങ്ങളുടെ പ്രതീകങ്ങളായ വാഹനങ്ങളും വ്യവസായങ്ങളും മൂലമുണ്ടാകുന്ന ശബ്ദമലിനീകരണവും കുറവല്ല. സൂര്യനിൽ നിന്നും വരുന്ന ചൂട് പിടിച്ചു നിർത്തുന്ന വാതകങ്ങളായ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ വർധിക്കുന്നതാണ് ഭൂമി ചൂടുപിടിക്കാൻ കാരണം. ഇവയിൽ ഏറ്റവും പ്രധാനിയാണ് കാർബൺ ഡൈ ഓക്സൈഡ്. വനങ്ങൾ വെട്ടിനശിപ്പിച്ചതും, കൽക്കരി, ഫോസിൽ ഇന്ധനങ്ങൾ എന്നിവയുടെ അമിതോപയോഗവുമാണ് ഈ അവസ്ഥയിലേക്ക് ഭൂമിയെ എത്തിച്ചത്. അന്തരീക്ഷം മലിനമായതോടെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചു. ഇതിന്റെ ഫലമായി അവ വലിച്ചെടുക്കുന്ന ചൂട് കൂടുന്നു. ഇത് അന്തരീക്ഷത്തിലെ താപനില ഉയരാൻ കാരണമാകുന്നു. ആഗോളതാപനത്തിന് പിന്നിലെ ഈ പ്രതിഭാസമാണ് 'ഗ്രീൻ ഹൗസ് ഇഫക്ട്'. സൂര്യനിൽ നിന്നുള്ള മാരകമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ഭൂമിയിലെ ജീവജാലങ്ങളെ കുട പോലെ സംരക്ഷിക്കുന്നത് ഓസോൺ വാതകത്തിന്റെ ഒരു പാളിയാണ്. ഭൗമാന്തരീക്ഷത്തിൽ 20 മുതൽ 25 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന ഈ പാളി, റഫ്രിജറേറ്റർ, എയർ കണ്ടീഷണർ തുടങ്ങിയ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബൺ(CFC) മൂലം നശിച്ചു കൊണ്ടിരിക്കുന്നു. ഇത് ഭൂമിയിലെ ചൂട് കൂടാൻ ഇടയാക്കുന്നു. ധ്രുവപ്രദേശങ്ങളിലേയും, ഹിമാലയത്തിലേയും മഞ്ഞ്, ആഗോളതാപനം മൂലം ഉരുകുകയാണ്. ഉരുകുന്ന മഞ്ഞുമലകൾ സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുന്നു. ഉയരുന്ന സമുദ്രനിരപ്പ് പല തീരപ്രദേശങ്ങളേയും, ദ്വീപുകളേയും വെള്ളത്തിനടിയിലാക്കും. തെക്കൻ പസഫിക് സമുദ്രത്തിലെ കൊച്ചു ദ്വീപായ നൗറു ഇതിനൊരു ഉദാഹരണമാണ്. കാലം തെറ്റി പെയ്യുന്ന ശക്തമായ മഴയും, കാലം തെറ്റി പൂക്കുന്ന കണിക്കൊന്നയും, കൂടിയ ചൂടും കാലാവസ്ഥാ മാറ്റത്തിന് ഉദാഹരണങ്ങളാണ്. പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് ഒന്നൊന്നായി പ്രകൃതി പകരം ചോദിച്ചു കൊണ്ടേയിരിക്കുന്നു. മേഘവിസ്ഫോടനങ്ങളും, വരൾച്ചയും, പ്രളയവും, ഉരുൾപൊട്ടലുമെല്ലാം ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ ചെറുതല്ല. മനുഷ്യരാശിയെ ഒന്നടങ്കം വിറപ്പിച്ച പരിസ്ഥിതി ദുരന്തങ്ങളായ ഭോപ്പാൽ, മിനമാതാ, ചെർണോബിൽ, എൻഡോസൾഫാൻ ദുരന്തങ്ങൾ നാം ഒരിക്കലും മറക്കില്ല. ജൈവവൈവിധ്യത്തിന്റെ കലവറയായ ഗ്രേറ്റ് ബാരിയർ റീഫിന്റെ നാശം മനുഷ്യകുലത്തിന്റെ കൂടി നാശം വരുത്തുമെന്ന് ഓർക്കണം. ഇങ്ങനെ തുടരുകയാണെങ്കിൽ ഭാവിയിൽ ഭൂമിയിലെ മനുഷ്യജീവിതം ഏറെ ദുസ്സഹമാകും. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്നു പറയുന്നതു പോലെ നാശം മനുഷ്യനേയും തേടി വരും. ഇനി ചിന്തിച്ചു നിൽക്കാൻ സമയമില്ല. ദ്രുതഗതിയിൽ നടപടി എടുത്തില്ല എങ്കിൽ ഭൂമിയിൽ ജീവന്റെ അംശം പോലും അവശേഷിക്കില്ല.
ധാരാളം പരിസ്ഥിതി സംഘടനകൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി നിലവിലുണ്ട്. യുണൈറ്റഡ്നേഷൻസ് എൺവയോണ്മെന്റ് പ്രോഗ്രാം (UNEP), ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN), വേൾഡ് വൈൽഡ് ഫണ്ട് ഫോർ നേച്ചർ (WWF), ഗ്രീൻപീസ് എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി ആഗോള കാലാവസ്ഥാ ഉച്ചകോടികളും, ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നു വരുന്നു. ഏറ്റവും കൂടുതൽ സുരക്ഷിതത്വം നൽകേണ്ട വൈവിധ്യമേഖലകളെ 'ജൈവവൈവിധ്യ ഹോട്ട്സ്പോട്ടു'കളായി സംരക്ഷിക്കുന്നു. നമ്മുടെ ഭാരതത്തിലും ധാരാളം മാതൃകാപരമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. ചിപ്കോ പ്രസ്ഥാനം, വനമഹോത്സവങ്ങൾ എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്. സുഗതകുമാരി, കല്ലേൽ പൊക്കുടൻ, മേധാ പട്കർ, സുന്ദർലാൽ ബഹുഗുണ, മയിലമ്മ എന്നിവരെല്ലാം പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പോരാടിയവരാണ്. ഗ്രേറ്റ ത്യുൻബെർഗ്, റേച്ചൽ കാഴ്സൺ, വാൻഗാരി മാതായി എന്നിവരും ഉജ്ജ്വല പോരാട്ടങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ചെറിയ തോതിലെങ്കിലും പ്രവർത്തിക്കാൻ കഴിയുക എന്നത് വലിയ കാര്യമാണ്. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. മഷിപ്പേന,തുണിസഞ്ചി, മൺപാത്രങ്ങൾ എന്നിവ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദലായി ഉപയോഗിക്കാം. ആഘോഷവേളകളിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കാം. യാത്രകൾ ചെയ്യാൻ പൊതുഗതാഗത സംവിധാനങ്ങളേയോ സൈക്കിളിനേയോ ആശ്രയിക്കാം. മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരണശാലകളിലേക്ക് അയയ്ക്കാം. പുനരുപയോഗിക്കാവുന്നവ വീണ്ടും ഉപയോഗിക്കുക. ചൂട് കുറയ്ക്കാൻ വീടിന് ചുറ്റും തണൽ മരങ്ങൾ നടാം. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനായി പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കാം. ഇതിലൂടെ ഒരു പരിധി വരെ റഫ്രിജറേറ്ററുകളുടേയും എയർ കണ്ടീഷണറുകളുടേയും ഉപയോഗം നിയന്ത്രിക്കാം. പരിസ്ഥിതി സംരക്ഷണത്തിനായി ഒറ്റക്കെട്ടായി നിൽക്കാം. പ്രകൃതിവിഭവങ്ങൾക്ക് കാവലാളാകാം. നാളേയ്ക്കായി ഓരോ തുള്ളി വെള്ളവും ഇന്നു മുതൽ സംഭരിച്ചു വെയ്ക്കാം. പത്ത് കിണറിന് തുല്യം ഒരു കുളം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം