ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/വനയാത്ര
വനയാത്ര
- വനയാത്ര -
മണി നീട്ടി അടിച്ചിട്ടും ശബ്ദത്തിന് യാതൊരു ശമനവും ഉണ്ടായിട്ടില്ല. വരാന്തയിലും ക്ലാസിലും കുട്ടികളുടെ കലപില ശബ്ദമാണ്."ഠേ.."എന്ന ശബ്ദം മറ്റു ശബ്ദങ്ങളെല്ലാം ഇല്ലാതാക്കി. അത് അദ്വേദിന്റെ തുടയിൽ ചൂരൽ വന്ന് പതിച്ചതിന്റെ ശബ്ദമായിരുന്നു. നിശബ്ദമായ ക്ലാസ് മുറി. കുട്ടികളെല്ലാം കണ്ണും മിഴിച്ച് നോക്കി ഇരിക്കുകയാണ്. ശരത് സാറിന്റെ ശബ്ദം മാത്രം ഉയർന്നു."നമ്മൾ എല്ലാവരും നാളെ മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് പോകുകയാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടാണ് നമ്മൾ പോകുന്നത്. കാട്ടിനുള്ളിൽ പോകേണ്ടതാണ് എല്ലാവരും വെള്ളം കരുതണം."പതിയെ കുട്ടികളുടെ മുഖത്തെല്ലാം ചെറിയ പുഞ്ചിരി വിടർന്നു. ഇന്റർവെല്ലിന്റെ സമയം മുഴുവൻ നാളത്തെ യാത്രയായിരുന്നു സംസാരവിഷയം."നാളത്തെ ക്ലാസ് പോയി കിട്ടി","കാടിനുള്ളിൽ പുലി ഉണ്ടാകും അതിനെ കാണാം","കുറെ മരങ്ങൾ ഉണ്ടാവും അതിനെക്കുറിച്ചൊക്കെ പഠിക്കാം", എന്നിങ്ങനെ പല ചിന്തകളും അവരുടെ ഉള്ളിൽ ഉദിച്ചു പൊങ്ങി. പിറ്റേന്ന് രാവിലെ തന്നെ മുത്തങ്ങയിലേക്ക് പോകാൻ എല്ലാവരും ഒരുങ്ങി വന്നു. രണ്ടുമൂന്നു ജീപ്പുകളിലായി അവർ അവിടേയ്ക്ക് തിരിച്ചു. ഒരു ചെറിയ ക്ലാസോടെ അവർ കാടിനുള്ളിലേക്ക് പ്രവേശിച്ചു.വളരെ നിശബ്ദമായി കാടിന്റെ ഓരോ ചലനങ്ങളും ശ്രദ്ധിച്ച് അവർ നടന്നു. അവിടെയുള്ള മരങ്ങളെക്കുറിച്ചും ജീവജാലങ്ങളെ കുറിച്ചും ഫോറസ്റ്റ് ഓഫീസർ പറഞ്ഞു കൊടുത്തു. അവർ ഇതുവരെ കാണാത്ത വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, എല്ലാത്തിനെയും വളരെ കൗതുകത്തോടെ അവർ വീക്ഷിച്ചു.ഓരോന്നിനെയും നോക്കി "ഇതെന്താ" എന്ന് അവർ ഫോറസ്റ്റ് ഓഫീസറോട് ചോദിച്ചു. എല്ലാത്തിനും അദ്ദേഹം ഉത്തരവും നൽകി. യാത്രയുടെ അവസാനം വനത്തിനുള്ളിൽ കണ്ട കാഴ്ചകളും അനുഭവങ്ങളും പങ്കുവെക്കുകയായിരുന്നു ഓരോരുത്തരും. ആ സമയം ഫോറസ്റ്റ് ഓഫീസർ എല്ലാവരോടുമായി പറഞ്ഞു."ഇന്ന് നിങ്ങൾ ഇതുവരെ കാണാത്ത ധാരാളം മരങ്ങളെയും ജീവജാലങ്ങളെയും ഒക്കെ കണ്ടു.പക്ഷേ ഞാനും നിങ്ങളും ഒക്കെ കാണാത്ത എത്രയോ മരങ്ങളും ജീവജാലങ്ങളും ഈ ഭൂമിയിൽ ഉണ്ടായിരുന്നിരിക്കണം. പക്ഷേ ഇപ്പോൾ അവയൊന്നുമില്ല.പ്രകൃതി ഇല്ലാതായികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള വനങ്ങൾ എങ്കിലും സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.വരും തലമുറയ്ക്ക് ഇവയെല്ലാം ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഇക്കാണുന്ന വനങ്ങൾ. അവ നമ്മൾ സംരക്ഷിക്കണം."ഓഫീസർ തന്റെ വാക്കുകൾ നിർത്തി- യപ്പോഴേക്കും വലിയൊരു കൈയ്യടി അവിടെ ഉയർന്നു. ആ വനയാത്ര ഓരോ കുട്ടികൾക്കും ഒരു പുതിയ കടമയായിരുന്നു നൽകിയത്. അത് ആ കുട്ടികൾ എല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. അന്ന് അവിടെ നിന്ന് മടങ്ങുമ്പോൾ ആ കുട്ടികൾ ഒരിക്കലും മറക്കാത്ത ഒരു യാത്രയായി മാറിയിരുന്നു ആ വനയാത്ര. അവരുടെ ജീവിതത്തിൽ ഒരു പുത്തൻ പ്രകാശമായി..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ