തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അദ്ധ്യാപകദിനാഘോഷം 2018

1978 - SSLC ബാച്ചിലെ അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് 5000 രൂപയുടെ പുസ്തകം നൽകുന്ന ചടങ്ങ്

ഈ വർഷത്തെ അദ്ധ്യാപകദിനാഘോഷം വ്യത്യസ്ത രീതിയിലാണ് ആചരിക്കപ്പെട്ടത്. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ 1978- SSLC ബാച്ചിലെ അംഗങ്ങളായ സ്കൂൾ എച്ച്.​എം. മോഹനാംബിക ടീച്ചർ, കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിലെ എച്ച്.​എം. മൂസ്സ മാസ്റ്റർ, സുജാത ടീച്ചർ, രതിദേവി തുടങ്ങിയവർ സ്കൂൾ ലൈബ്രറിയിലേക്ക് 5000 രൂപയുടെ പുസ്തകം ഈ അധ്യാപക ദിനത്തിൽ സമ്മാനിച്ചു.


കൂടപ്പിറപ്പുകൾക്കൊപ്പം

കേരളം നേരിട്ട പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കൂടപ്പിറപ്പുകൾക്ക് വേണ്ടി തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ഞങ്ങൾ തയ്യാറാണ് എന്ന് സ്കൂൾ അസംബ്ലിയിൽ എല്ലാ കുട്ടികളും ഒരുമിച്ച് പ്രതിജ്ഞ ചെയ്തു. വലിയ രീതിയിലുള്ള പ്രതികരണമാണ് കുട്ടികളുടേയും രക്ഷിതാക്കളുടേയൂം ഭാഗത്ത്നിന്ന് ഉണ്ടാകുന്നത്. തനിക്ക് ലഭിച്ച ലംപ്സം ഗ്രാന്റ് തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ഋഷികേശ് റാം, സഞ്ചയികയിലെ മുഴുവൻ സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ നമിതയും, കമ്മൽ വാങ്ങാൻ കരുതി വെച്ച തുക പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നിറഞ്ഞ മനസ്സോടെ നൽകിയ ആയിഷ ഫർഹാന യും മറ്റ് കുട്ടികൾക്ക് ആവേശം പകർന്നു. പല ക്ലാസുകളിൽ നിന്നായി സമാഹരിച്ച ദുരിതാശ്വാസ നിധി ഇപ്പോൾ നാല് ലക്ഷം കവിഞ്ഞിരിക്കുകയാണ്. എൻ.സി.സി , ജെ.ആർ.സി തുടങ്ങിയ സംഘങ്ങളും പ്രത്യേക ധനസമാഹരണം നടത്തി. കുട്ടികളുടെ സഹജീവി സ്നേഹത്തെ എല്ലാവരും പുകഴ്‌ത്തുകയുണ്ടായി.


ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ തല ക്യാമ്പ് സെപ്റ്റബർ ഒന്നാം തിയ്യതി ഐ.ടി ലാബിൽ നടന്നു. കോഴിക്കോട് കൈറ്റിന്റെ മാസ്റ്റർ ട്രെയിനർ ശ്രീ.നാരായണൻ സാർ ക്ലാസ് കൈകാര്യം ചെയ്തു, വീഡിയോ, ഓഡിയോ എഡിറ്റിങ്ങിന്റെ സങ്കേതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ക്യാമ്പ് ഹൃദ്യമായ അനുഭവമായിരുന്നു എന്ന് യുണിറ്റ് അംഗങ്ങൾ വിലയിരുത്തി.


ദുരിതാശ്വാസ കേമ്പുകളിൽ തിരുവങ്ങൂർ HSS ന്റെ കൈത്താങ്ങ്....

കനത്ത മഴയെത്തുടർന്ന് ദുരിതാശ്വാസ കേമ്പുകളിൽ കഴിയുന്നവരെ സ്കൂൾ ഹെഡ്‌മിസ്ട്രസും അധ്യാപകരും സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തു. തിരുവങ്ങൂരിന്റെ സമീപപ്രദേശങ്ങളിൽ ദുരിതാശ്വാസ കേമ്പുകളായി പ്രവർത്തിക്കുന്ന ഇലാഹിയ ഹയർ സെക്കണ്ടറിസ്കൂൾ, പൊയിൽക്കാവ് സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. കേമ്പ് അംഗങ്ങൾക്ക് പുതപ്പ്, പാത്രങ്ങൾ തുടങ്ങിയവ ഹെഡ്‌മിസ്ട്രസിന്റെ നേതൃത്വത്തിൽ വിതരണം നടത്തി.


സ്വാതന്ത്ര്യദിനാഘോഷം 2018
കനത്ത മഴയെ അവഗണിച്ച് സ്കൂളിലെ സ്വതന്ത്ര്യദിനാഘോഷം ആഘോഷിച്ചു. രാവിലെ സ്കൂൾ പ്രിൻസിപ്പൾ പതാക ഉയർത്തി. എൻ.സി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി അംഗങ്ങളുടെ മാർച്ച്പാസ്റ്റും കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.


വിദ്യാർത്ഥിനി മാതൃകയായി

തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന സ്വാതി , കുനിയക്കടവിൽ നിന്നും കളഞ്ഞുകിട്ടിയ 3പവൻ സ്വർണാഭരണങ്ങൾ സ്കൂളിലെ അധ്യാപികയുടെ സഹായത്തോടെ അത്തോളി പോലീസ് സ്റ്റേഷനിൽ ഏല്പിച്ച് ഉത്തമ മാതൃകയായി. സ്കൂൾ അസംബ്ലിയിൽ സ്വാതിയെ പ്രത്യേകം അഭിനന്ദിക്കുകയും സ്വാർണ്ണാഭരണത്തിന്റെ ഉടമസ്ഥൻ ഏൽപ്പിച്ച പാരിതോഷികം നൽകുകയും ചെയ്തു, സ്വാതിയ്ക്ക് അഭിനന്ദനങ്ങൾ......


ഓണത്തിന് തുടക്കം കുറിച്ച് തിരുവങ്ങൂർ സ്‌ക്കൂൾ

തിരുവങ്ങൂർ: തിരുവങ്ങൂർ സ്കൂ്ളിലെ ഓണപരിപാടി 31.08.2017-ൽ ഗംഭീരമായി നടന്നു. ‌‌ഓണാഘോഷപ്പരിപാടി ഓരോ ക്ലാസിലായിട്ടാണ് നടന്നത്.അധ്യാപകർ ചേർന്ന് വായനശാലയിൽ മനോഹരമായിഓണപ്പൂൂക്കളമിട്ടു. ഓരോ ക്ലാസിലെ വിദ്യാർഥികൾ ഒരുമയോടെ ‌പൂക്കളമിട്ടു. സ്കൂൾതലത്തിൽ മൈലാ‍ഞ്ചി മത്സരംഗംഭീരമായിനടന്നു. ഓണത്തോടനുബന്ധിച്ച മത്സരം അരങ്ങേറി. വിദ്യാർഥികൾ എല്ലാവരും ചേർന്ന് ഓണപ്പൊട്ടനെസ്വാഗതം ചെയ്തുു. ക്ലാസ് തലത്തിൽ വിദ്യാർഥികൾ ഒരുമിച്ച് ഓണസദ്യ ഒരുക്കി. സ്‌കൂളിനിന്ന് എല്ലാവർക്കും പായസം വിതരണം ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഓണസദ്യ കഴിച്ചു. ഉച്ചയോടുകൂടി ഓണപരിപാടികളെല്ലാം അവസാനിച്ചു. വിദ്യാർഥികളും അധ്യാപകരും സന്തോഷത്തോടെ പിരി‍ഞ്ഞു.



ശാസ്ത്രമേള 2017-18

ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളകളിൽ എടുത്തുപറയാവുന്ന നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യയന വർഷമാണ് 2017-18. സബ്ബ്ജില്ലാതലം മുതൽ സംസ്ഥാനതലം വരെ മികച്ച പ്രകടനമാണ് നമ്മുടെ വിദ്യാർത്ഥികൾ നടത്തിയത്. ഇന്ത്യയിലെ മികച്ച പ്രതിഭകൾക്ക് മാത്രം പങ്കെടുക്കുവാൻ അവസരം ലഭിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഗണിത പ്രൊജക്ട് വിഭാഗത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്തത് നമ്മുടെ വിദ്യാലത്തിലെ ഭഗീരഥ് സ്വരാജ് എന്ന മിടുക്കനാണ്.

ശാസ്ത്രമേള വിജയികൾ

സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ പച്ചക്കറി പഴവർഗ്ഗ സംസ്കരണ വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യർത്ഥിനിയായ കൃഷ്ണപ്രിയ. കെ, എ ഗ്രേഡും, വർണ്ണക്കടലാസ് പൂക്കൾ നിർമ്മാണ വിഭാഗത്തിൽ ഏഴാം ക്ലാസിലെ കൃഷ്ണപ്രിയ പി കെ രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡും നേടുകയുണ്ടായി. സംസ്ഥാന ഐ.ടി മേളയിൽ വെബ്ബ് പേജ് നിർമ്മാണത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവസൂര്യ രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡും, മൾട്ടിമീഡിയ പ്രസന്റേഷനിൽ ദേവകിരൺ എ ഗ്രേഡും നേടുകയുണ്ടായി.



സ്കൂൾ തല ശാസ്ത്രമേളയുടെ ചിത്രങ്ങൾ


ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി

സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ സ്കൂളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി. ഒരു പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ആദ്യമായാണ് ഈ വിദ്യാലയം വേദിയായത്. ശ്രീ. ഋഷിരാജ് സിംഗ് IPS ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.


എസ്.എസ്.എൽ.സി പരീക്ഷ 2018

പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തുവാൻ ഈ വിദ്യാലയം പരിശ്രമിക്കുന്നുണ്ട്. എസ്.എസ്.എൽ.സി പഠന നിലവാരം ഉയർത്തുന്നതിനായി മോണിംഗ്-ഈവനിംഗ് ക്ലാസുകൾ, പിയർഗ്രൂപ്പ് ,മിഡ്ടേം പരീക്ഷകൾ, എ പ്ലസ് പ്രൈം ക്ലബ്, ഡി പ്ലസ് എൻലൈറ്റ് ക്ലബ്, പ്രത്യേകപരിശീലനങ്ങൾ, രാത്രികാല പഠനം, പഠന കേമ്പുകൾ എന്നിവ സംഘടിപ്പിച്ചുവരുന്നു.
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 732 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 100% ആയിരുന്നു വിജയശതമാനം. ഇതിൽ 76 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സും 40 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ്സും കരസ്ഥമാക്കാൻ കഴിഞ്ഞു. കൊയിലാണ്ടി ഉപജില്ലയിൽ ഏറ്റവും അധികം എ പ്ലസ്സ് നേടിയ വിദ്യാലയമായി മാറുവാൻ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.


നൂറ് മേനിയുടെ തിളക്കത്തിൽ...

SSLC വിജയാഹ്ലാദം

ഈ വർഷത്തെ SSLC റിസൾട്ട് പ്രഖ്യാപനത്തോടെ അതിരില്ലാത്ത സന്തോഷത്തിലാണ് തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും. ഈ വർഷം പരീക്ഷയെഴുതിയ 732 വിദ്യാർത്ഥികളും വിജയിച്ചെന്നു മാത്രമല്ല കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി സംസ്ഥാനത്തെ ആറാമത്തെയും, ജില്ലയിലെ രണ്ടാമത്തെയും ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയവുമായി മാറാൻ തിരുവങ്ങൂരിന് സാധിച്ചു.

കടലോര മേഖലയായ ചേമഞ്ചേരി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും തികച്ചും സാധാരണക്കാരായ വിദ്യാർത്ഥികളാണ് ഭൂരിപക്ഷവും ഇവിടെ പഠിക്കുന്നത് എന്നത് ഈ വിജയത്തിന് ഒത്തിരി മാറ്റ് കൂട്ടുന്നു.

ജൂൺ മാസത്തിൽ ആരംഭിക്കുന്ന പഠന പ്രവർത്തനങ്ങൾ - മോണിംങ് ഈ വിനിംങ് ക്ലാസുകൾ, പിയർ ഗ്രൂപ്പ് സ്റ്റഡി, സൺഡേ ക്ലാസുകൾ, വ്യത്യസ്ത പഠന ക്യാമ്പുകൾ, നൈറ്റ് ക്ലാസുകൾ... അങ്ങിനെ നീണ്ടു പോവുന്നു... ഒടുവിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി വാർഷിക പരീക്ഷയോടടുത്ത ദിവസങ്ങളിൽ നടത്തുന്ന ദശദിന ക്യാമ്പോടു കൂടിയാണ് സ്കൂളിലെ പഠന പ്രവർത്തനങ്ങൾ അവസാനിക്കുന്നത്...

അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, പിടിഎ അംഗങ്ങളുടെയും പ്രാധിനിത്യത്തോടെയും അകമഴിഞ്ഞ സഹായത്തോടെയും കൂടിയാണ് ഇത്തരം പ്രവർത്തനങ്ങളൊക്കെയും സംഘടിപ്പിക്കുന്നത്.

ചരിത്ര നിയോഗം പോലെ വന്നെത്തിയ നൂറ് മേനി വിജയത്തിലേക്ക് ചേർന്നു നിന്ന എല്ലാ നന്മ നിറഞ്ഞ മനസ്സുകൾക്കും ,മികച്ച വിജയം കൈവരിച്ച പ്രിയ വിദ്യാർത്ഥികൾക്കും ഊഷ്മളമായ അഭിനന്ദനങ്ങൾ....



അനുമോദനയോഗം

നിപ രോഗത്തെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് നാടിനെ പ്രതിരോധത്തിന്റെ വഴികളിലേക്ക് നടത്തിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.അനൂപ് കുമാറിന് മാതൃവിദ്യാലയത്തിന്റെ സ്നേഹാദരം.

പൊതുവിദ്യാലയങ്ങൾ മതേതരസമൂഹത്തിന്റെ പൊതുസമ്പത്താണെന്നും കൂടുതൽ കുട്ടികളെ SSLC പരീക്ഷയ്ക്കിരുത്തി 100 % വിജയം കൈവരിച്ച വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ ആറാം സ്ഥാനം നേടിയ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് മാതൃകയായി അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതി കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർഥി കൂടിയായ ഡോ. അനൂപ് കുമാറിനെ പരിപാടിയിൽ ആദരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.എം. വേലായുധൻ, പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി ചെയർമാൻ ഉണ്ണി തിയ്യക്കണ്ടി, വി.വി മോഹനൻ, പ്രിൻസിപ്പൽ ടി.കെ. ഷെറീന, പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക, എം.പി. മൊയ്തീൻകോയ, വി. കൃഷ്ണദാസ്, കെ.കെ. വിജിത എന്നിവർ സംസാരിച്ചു.



അധ്യാപകദിനാഘോഷ പരിപാടി

അധ്യാപകദിനാഘോഷ പരിപാടികൾ ശ്രീ. കല്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ഡോ: പി.കെ ഷാജി, സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ ശ്രീചിത്ത്, തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ മാനേജറും പൂർവധ്യാപകനുമായ ശ്രീ. ടി.കെ ജനാർദ്ദനൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വടകര ഡി.ഇ.ഒ ശ്രീ.സദാനന്ദൻ മണിയൂർ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.


ഐ.ടി മേള
ഐ.ടി മേള



ദേശീയ പുരസ്കാരം നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി

കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 8മുതൽ 10വരെ ഡൽഹിയിൽ നടന്ന 'കലാഉത്സവ് 2015'ൽ കോരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത തിരുവങ്ങൂർ എച്ച്.എസ്.എസിന് നാടൻ പാട്ട് വിഭാഗത്തിന് ദേശീയാഗീകാരം. തൃശ്ശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിൽ വിജയികളായാണ് ഡൽഹിയിൽ നടന്ന കലാഉത്സവിൽ പങ്കെടുക്കാൻ ഇവർ അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടൻ പാട്ടിൽ ഒന്നാംസ്ഥാനം നേടിയത് തിരുവങ്ങൂർ എച്ച് എസ്എസിലെ വിദ്യാർത്ഥികളായിരുന്നു. സ്‌കൂൾ മ്യൂസിക് ക്ലബിലെപത്ത് പ്രതിഭകളാണ് കേരളപ്പെരുമ രാജ്യതലസ്ഥാനത്ത് എത്തിച്ചത്. സ്‌കൂൾ സംഗീതാധ്യാപകനായ അനീശൻ, നാടൻപാട്ട് കലാകാരനായ മജീഷ് കാരയാട് എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ നാടൻ പാട്ട് അഭ്യസിച്ചത്. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടൻ പാട്ടിന്റെ ഈണം രാജ്യ തലസ്ഥാനത്ത് എത്തിച്ച കൊച്ചുകലാകാരൻ മാർക്ക് കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ തിങ്കളാഴ്ച കാലത്ത് കൊയിലാണ്ടിയിലെ പൗരാവലി ഈഷ്മളമായ വരവേൽപ്പ് നൽകി. കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.കെ അശോകൻ, പി.ടി.എ പ്രസിഡണ്ട് മാടഞ്ചേരി സത്യനാഥൻ, സ്റ്റാഫ് സെക്രട്ടറി ടി.പി അജയൻ, ജനപ്രതിനിധികൾ, അധ്യാപകർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.


കലാപ്രതിഭകൾക്ക് സ്വീകരണം