എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

2023-24 അക്കാദമിക വർഷത്തിലെ വിദ്യാലയ പ്രവേശനോത്സവം വളരെ നിറപ്പകിട്ടോടെയാണ് ആഘോഷിച്ചത്. വിദ്യാലയത്തിലേക്ക് ആദ്യാക്ഷരത്തിന്റെ മധുരം നുണയാനെത്തിയ എല്ലാ കുരുന്നുകളെയും നിറപകിട്ടാർന്ന പൂന്തോട്ടത്തിലേക്ക് പറന്നെത്തുന്ന പൂമ്പാറ്റകളെപ്പോലെ മധുരപലഹാരങ്ങളും പൂക്കളും സമ്മാനങ്ങളും നൽകി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. നയനമനോഹരമായ ആഘോഷ പരിപാടികൾ തന്നെയാണ് ഇതിനായി ഈ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ ഒരുക്കിയത്.

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ എൽ പി എസ് തോക്കാംപാറയിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു. കുട്ടികൾ പച്ചക്കറി തൈകൾ വീട്ടിൽ നിന്ന് മുളപ്പിച്ച് കൊണ്ടു വരുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് അത് ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ മാഷിന് കൈമാറുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെ ഗ്രോബാഗുകളിൽ ഈ പച്ചക്കറി തൈകൾ നടുകയും ഒരു ചെറിയ പച്ചക്കറി തോട്ടം വിദ്യാലയത്തിനായി ഒരുക്കുകയും ചെയ്തു. പ്രധാനാധ്യപകനായ ജയകൃഷ്ണൻ മാസ്റ്റർ നേതൃത്വം നൽകി.

പഠനോപകരണ ശില്പശാല

ഒന്നാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി ജൂൺ 12 ന് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലെ അധ്യാപകരായ ബരീറ ടീച്ചർ, ജിത്യ ടീച്ചർ, ജ്യോത്സന ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്. രക്ഷിതാക്കൾ എല്ലാവരും വളരെ ഉത്സാഹത്തോടെയും സന്തോഷ ത്തോടെയും ഇതിൽ പങ്കെടുക്കുകയും കുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു.

വായനവാരാചാരണം

കുട്ടികളിൽ വായനയുടെ പ്രാധാന്യം എന്താണെന്ന് തിരിച്ചറിവുകൾ ഉണ്ടാവാനും വായനാശീലാ വളർത്തുന്നതിന്റെയും ഭാഗമായി ജൂൺ 19 മുതൽ ഒരാഴ്ച കാലം വിദ്യാലയത്തിൽ ധാരാളം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയിരുന്നു. ക്ലാസ് തല- സ്കൂൾ തല ലൈബ്രറി ശാക്തീകരണം, വായന മത്സരങ്ങൾ, അക്ഷരമര നിർമ്മാണം, ക്ലാസ് തല- സ്കൂൾ തല ക്വിസ് മത്സരങ്ങൾ, വായനകുറിപ്പ് തയ്യാറാക്കൽ, അമ്മമാർക്കായുള്ള വായനദിന ക്വിസ് മത്സരം തുടങ്ങി വ്യത്യസ്തത നിറഞ്ഞ ധാരാളം പ്രവർത്തനങ്ങളിലൂടെയാണ് ഈ വർഷത്തെ വായന വാരാചരണം കടന്ന് പോയത്.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ജനാധിപത്യ ഭരണരീതികൾ കുട്ടികൾക്ക് മനസ്സിലാവാനും തിരഞ്ഞെടുക്കപ്പെടുന്നതിന്റെയും തിരഞ്ഞെടുപ്പിന്റെയും ഘട്ടങ്ങൾ എന്തെല്ലാമാണെന്നും തിരിച്ചറിയാനുമായി ഈ അക്കാദമിക വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂൺ 26 ന് നടത്തി. സ്കൂളിൽ തയ്യാറാക്കിയ പ്രത്യേക ബാലറ്റ് പേപ്പറും ബാലറ്റ് ബോക്സും ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചതും കുട്ടികളായിരുന്നു.

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികക്കായി പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും പ്ലകാർഡുകളും കുട്ടികൾ നിർമ്മിച്ച് കൊണ്ടുവരികയും വിദ്യാലയത്തിന്റെ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിച്ചു.

പെരുന്നാൾ നിലാവ്

എല്ലാ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മുടെ നാടിന്റെ സംസ്കാരത്തെയും സൗഹാർദ്ദത്തെയും ഊട്ടി ഉറപ്പിക്കുന്ന മഹത്തായ പാരമ്പര്യത്തിന്റെ നെടും തൂണുകളാണെന്ന തിരിച്ചറിവുകൾ കുട്ടികളിൽ വളർത്താനായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ബലി പെരുന്നാളിനോടനുബന്ധിച്ച് 'പെരുന്നാൾ നിലാവ് ' എന്ന പേരിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി അമ്മമാർക്കുള്ള മൈലാഞ്ചി ഇടൽ മത്സരം, കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരം, വിവിധ തരം മാപ്പിള കലകളുടെ അവതരണം എന്നിവയും നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള പായസവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

ബഷീർ ദിനാചരണം

പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ജൂലൈ 5 ബഷീർ ദിനാചരണം നടത്തി. ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും പ്രദർശനവും സംഘടിപ്പിച്ചു. ബഷീറിന്റെ തൂലികയിൽ നിന്നും പിറന്ന് അവിസ്മരണീയമായി തീർന്ന പല കഥാപാത്രങ്ങളായി വേഷമണിഞ്ഞും മറ്റും കുട്ടികൾ വിവിധ പരിപാടികളിൽ പങ്കാളികളായി.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

2023-24 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 5ന് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴി നിർവ്വഹിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളോടൊപ്പം സംവദിച്ച് കൊണ്ടായിരുന്നു വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തത്.

അറബിക് ടാലന്റ് ടെസ്റ്റ്

അറബി ഭാഷ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കായി അലീഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല അറബിക് ടാലന്റ് ടെസ്റ്റ് പരീക്ഷ നടത്തി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ പരിപാടി ഉദ്ഘാടനം ചെയ്തു.

ചാന്ദ്രദിനം

ജൂലൈ 19 ചന്ദ്രദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നടത്തി. 'നമുക്ക് അമ്പിളി മാമനോട് ചോദിക്കാം' എന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം എ ശ്രീധരൻ മാഷ് നിർവ്വഹിച്ചു. നിരവധി പരീക്ഷണങ്ങളിലൂടെ അദ്ദേഹം കുട്ടികൾക്ക് മുമ്പിൽ പ്രപഞ്ചാത്ഭുതത്തിന്റെ വർണ്ണ വിസ്മയങ്ങൾ തുറന്ന് കാട്ടി. കുട്ടികൾ ധാരാളം സംശയങ്ങൾ ചോദിക്കുകയും ചെയ്തു. സൗരയുഥത്തിലെ ഗ്രഹങ്ങളായും ബഹിരാകാശ യാത്രികരായും മാറി കുട്ടികൾ പ്രകടനങ്ങൾ കാഴ്ചവെച്ചു.

സ്കൂൾ കലാമേള

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ അവതരിപ്പിക്കുന്നതിനായും മുനിസിപ്പൽ തലസബ്ജില്ല തല മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾക്കുമായി 2023-24 അധ്യയന വർഷത്തിലെ സ്കൂൾ കലാമേള ജൂലൈ 27 ബുധനാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് കെ ബിജു കലാമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജയകൃഷൻ ഇ അധ്യക്ഷത വഹിച്ചു.

എൽ.എസ്.എസ് വിജയികൾക്ക് അഭിനന്ദനം

2022-23 അക്കാദമിക വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ നിരഞ്ജൻ, ആസിഫ് അലി, കേദാർനാഥ്, ഹയ്യാൻ കെ, നഷ നർമിൻ എന്നീ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.  ജയകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു. അധ്യാപകരായ പ്രവീൺ കെ, സുധീർ കുമാർ, സജിത കുമാരി, പ്രീതി സി എന്നിവർ പങ്കെടുത്തു.

‘വിജയഭേരി-വിജയ സ്പർശം’ ഉദ്ഘാടനം

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പ്രവർത്തനമായ വിജയഭേരി-വിജയ സ്പർശത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ഓഗസ്റ്റ് 14 ന് വാർഡ് കൗൺസിലറായ ഹസീന മണ്ടായപ്പുറം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. വിജയസ്പർശത്തിന്റെ മാസ്റ്റർ പ്ലാൻ പ്രകാശനം  പി ടി എ പ്രസിഡന്റ് ബിജു കെ നടത്തി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

തോക്കാംപാറ എ എൽ പി സ്കൂളിൽ സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു. അസംബ്ലിയോടെയായിരുന്നു ആഘോഷങ്ങൾ ആരംഭിച്ചത്. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും രാജ്യത്തിന്റെ വികസനത്തിൽ വ്യക്തികൾ വഹിക്കേണ്ട പങ്കിനെ കുറിച്ചും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. രാഷ്ട്രത്തിന്റെ ഐക്യവും ദേശസ്നേഹവും വളർത്തുന്നതിനായി വിദ്യാർഥികളും അധ്യാപകരും വൈവിധ്യങ്ങളായ ദേശീയോദ്ഗ്രഥന പരിപാടികൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി ക്രിയാത്മകമായി സംഭാവന ചെയ്യാൻ കഴിയുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിൽ സ്കൂളിന്റെ അർപ്പണ ബോധത്തിന്റെ പ്രതീകമായി സ്വാതന്ത്ര്യ ദിന പരിപാടികൾ മാറി. കുട്ടികൾക്ക് മധുരവിതരണവും നടത്തി.

ഓണാഘോഷം

2023 ഓഗസ്റ്റ് 25 ന് വിദ്യാലയത്തിൽ വിപുലമായി ഓണാഘോഷം ഒരുക്കി. ഒന്നാംപാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി ഓണാവധിക്ക് സ്‌കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് നടന്ന ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഓരോ ക്ലാസുകളും മത്സരിച്ച് പൂക്കളം തീർക്കുകയും വിവിധ മത്സരങ്ങൾ നടക്കുകയും ചെയ്തു. മാവേലിയും പൂവിളികളും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.

സ്കൂൾ ശാസ്ത്രോത്സവം

2023-24 അക്കാദമിക വർഷത്തിലെ സ്കൂൾ ശാസ്ത്ര- ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ സെപ്റ്റംബർ 24 ന് നടത്തി. കഴിവുകൾ കണ്ടെത്തി സബ്ജില്ല ശാസ്ത്രമേളകളിലേക്ക് കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും കൂടുതൽ പരിശീലനം ആവശ്യമായ മേഖലകളിൽ വൈദഗ്ധ്യം ഉറപ്പുവരുത്തുന്നതിനുമായാണ് മേളകൾ സംഘടിപ്പിച്ചത്. സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ കുമാർ നിർവ്വഹിച്ചു. പ്രധാനാധ്യാപകനായ ജയ കൃഷ്ണൻ ഇ, സജിതകുമാരി, സജിമോൻ പീറ്റർ, പ്രവീൺ കെ, പ്രീതി സി, ഫസീല കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഗാന്ധിജയന്തി

ഇന്ത്യയുടെ സ്വാതന്ത്യത്തിനും അഹിംസയ്ക്കും വേണ്ടി ജീവിതം സമർപ്പിച്ച മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ഗാന്ധിയുടെ 154-ാം ജന്മവാർഷികം ആഘോഷിച്ചു. ഗാന്ധി അനുസ്മരണവും വിദ്യാലയത്തിലെ ശുചിത്വ ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും ചെയ്തു. കൺവീനറായ സജിതകുമാരിയും ശുചിത്വ ക്ലബ് അംഗങ്ങളും പങ്കെടുത്തു. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ ഉദ്ഘാടനം ചെയ്തു.

സബ്ജില്ലാ ശാസ്ത്രമേള-വിജയികൾക്ക് അഭിനന്ദനം

ഈ വർഷത്തെ മലപ്പുറം സബ്ജില്ല ശാസ്ത്രമേള ഒക്ടോബർ 30, 31 തീയതികളിലായി മലപ്പുറം ഗവൺമെന്റ് ബോയ്സ് ഗേൾസ് സ്കൂളുകളിലായി നടന്നു. മേളയിൽ ശാസ്ത്രം, ഗണിത ശാസ്ത്രം സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം തുടങ്ങിയ വിവിധ വിഷയങ്ങളിലായി തോക്കാംപാറ എ എൽ പി വിദ്യാലയത്തിൽ നിന്നും 25 ഓളം കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സബ്ജില്ല തലത്തിൽ വിദ്യാലയത്തിന് ശ്രേദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിയുകയും ചെയ്തു. മത്സരിച്ച എല്ലാ വിദ്യാർത്ഥികളും വിവിധ ഗ്രേഡുകൾ നേടി കൊണ്ട് വിദ്യയത്തിന്റെ അഭിമാന നക്ഷത്രങ്ങളായി മാറി. എല്ലാ കുട്ടികളെയും മാനേജ്മെന്റ്, PTA അംഗങ്ങൾ ചേർന്ന് അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

കേരള പിറവി

എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന  കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കുട്ടികൾക്കായി വിവിധ  ക്ലാസ്തല-സ്കൂൾ തല പ്രവർത്തനങ്ങൾ ഒരുക്കി. കേരള സംസ്ഥാനത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും സംസ്ഥാന രൂപീകരണത്തെ കുറിച് മനസ്സിലാക്കുന്നതിനുമായി കേരള പതിപ്പ് നിർമ്മാനം, ക്വിസ് മത്സരം, ചരിത്ര രചന, കളറിംഗ് മത്സരം, കേരള ഗാനാലാപനം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.