എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ക്ലാസ് പ്രവർത്തനങ്ങൾ 2024-25

2024-25 വർഷത്തെ ക്ലാസ് പ്രവർത്തനങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

എസ് ആർ ജി യോഗം

എസ് ആർ ജി യോഗത്തിൽ നിന്നും

2024-25 അക്കാദമിക് വർഷത്തിലെ ആദ്യത്തെ എസ് ആർ ജി യോഗം 29-05-2024 ബുധനാഴ്ച 11 മണിക്ക് നടന്നു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. അധ്യാപക അവധിക്കാല പരിശീലനം, പ്രവേശനോത്സവം, സ്കൂൾവിക്കി അപ്ഡേഷൻ, അക്കാദമിക് മാസ്റ്റർ പ്ലാൻ, വിദ്യാലയത്തിന്റെ പൊതു കാര്യങ്ങൾ എന്നിവയായിരുന്നു യോഗത്തിലെ അജണ്ട. അടുത്ത അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ നടപ്പിൽ വരുത്തേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. അടുത്ത വർഷത്തിലേക്കുള്ള പ്ലാനുകളും അധ്യാപകർക്കായുള്ള ചാർജുകളും യോഗത്തിൽ തീരുമാനിച്ചു.

തോക്കാംപാറ എ എൽ പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്നും.

പ്രവേശനോത്സവം

തോക്കാംപാറ എ എൽ പി സ്കൂളിൽ വർണ്ണാഭമായ അന്തരീക്ഷത്തിൽ പ്രവേശനോത്സവം നടന്നു. പി ടി എ പ്രസിഡന്റ് കെ ബിജു അധ്യക്ഷനായ പരിപാടിയിൽ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലറായ ഹസീന അഹമ്മദ് മണ്ടായപ്പുറം ഉദ്ഘാടനം ചെയ്തു. പ്രീ-പ്രൈമറി ക്ലാസുകളിലേക്കും ഒന്നാം ക്ലാസിലേക്കും പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും ഉത്സവാന്തരീക്ഷത്തിലാണ് സ്വാഗതം ചെയ്തത്. ഇതിനായി അധ്യാപകർ പലനിറത്തിലും വലിപ്പത്തിലും ഉള്ള കടലാസ് പൂക്കളും ചിത്രശലഭങ്ങളും നിർമ്മിച്ച് നൽകിയത് ആകർഷകമായിരുന്നു. വിദ്യാലയത്തിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്കായി സമ്മാനപൊതികളും വിദ്യാലയത്തിൽ എത്തിച്ചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രവേശനോത്സവത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള ബോധവത്ക്കരണ ക്ലാസിന് കെ.പ്രവീൺ മാസ്റ്റർ നേതൃത്വം നൽകി.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണ പരിപാടികൾ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തോക്കാംപാറ എ എൽ പി സ്ക്കൂളിൽ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ നടന്നു. പരിസ്ഥിതി ക്ലബ് കൺവീനറായ സുധീർ മാസ്റ്ററുടെ നേതൃത്വത്തിൽ 2024- 25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ക്ലബ് രൂപീകരിക്കുകയും ക്ലബിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിക്കുകയും ചെയ്തു. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരായ സജിമോൻ പീറ്റർ, സൈഫുദ്ദീൻ കെ, സജിതകുമാരി എം , പ്രീതി സി, ഫസീല കെ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ ഗ്രൗണ്ടിൽ വൃക്ഷ തൈകൾ നട്ടു. പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം, പതിപ്പ് നിർമ്മാണം തുടങ്ങി ധാരാളം ക്ലാസ് റൂം പ്രവർത്തനങ്ങളും കുട്ടികൾക്കായി നടത്തി.

പേ വിഷബാധ പ്രതിരോധ പ്രത്യേക അസംബ്ലി

പേവിഷബാധ പ്രതിരോധ ബോധവൽക്കരണത്തിനും കുട്ടികളിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ജൂൺ 13 ന് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.

പേവിഷബാധയെക്കുറിച്ചും, മൃഗങ്ങളിൽ നിന്നുള്ള കടിയോ മാന്തലോ ഏറ്റാൽ 15 മിനിറ്റ് സമയം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ കഴുകിയ ശേഷം ഉടനടി ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാഷ് കുട്ടികളെ ബോധവത്കരിച്ചു. പേവിഷബാധക്കെതിരെയുള്ള പ്രതിരോധ വാക്സിനുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

തുടർന്ന്, ശാസ്ത്ര ക്ലബ് കൺവീനറായ ശ്രീ. സുധീർ മാഷ് പേവിഷബാധ പ്രതിരോധത്തിനായി പ്രതിജ്ഞാ വാചകങ്ങൾ ചൊല്ലി നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഈ പ്രതിജ്ഞ ഏറ്റു ചൊല്ലി. ഈ അസംബ്ലി കുട്ടികളിൽ പേവിഷബാധയെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുകയും അവരെ ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.