ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഗണിത ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്
ലക്ഷ്യം
വിദ്യാർഥികളിൽ ഗണിതത്തിൽ താൽപര്യം ജനിപ്പിക്കുകയും ഏറ്റവും പ്രയാസമേറിയ വിഷയം എന്ന് അവർ കണക്കാക്കുന്ന വിഷയം ലളിതമായ പ്രവർത്തനങ്ങളിലൂടെ ആശയം അവരിലേക്ക് എത്തിക്കാൻ സഹായകരമായ രീതിയിൽ കൈകാര്യം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഗണിതക്ലബ് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നത്. ഗണിതത്തിൽ താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ ഗണിതമേളകളിൽ പങ്കെടുപ്പിക്കാനുള്ള ശ്രമവും ഈ ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നു
പ്രവർത്തനം
മറ്റെല്ലാ വിദ്യാലയങ്ങളിലെയും പോലെ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും സജീവമായ ഗണിത ക്ലബ് പ്രവർത്തിച്ച് വരുന്നുണ്ട്. ഹൈസ്‍കൂൾ തലത്തിൽ ലതാ കുമാരി ടീച്ചറും യു പി വിഭാഗത്തിൽ പത്‍മിനി ടീച്ചറും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ ക്ലാസിൽ നിന്നും താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കിയാണ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ ഏറ്റവും സജീവമായി പ്രവർത്തിച്ചിരുന്ന ക്ലബുകളിലൊന്നായിരുന്നു ഗണിത ക്ലബ്. വിവിധ മേഖലകളിൽ പ്രഗത്ഭരായവരെ പങ്കെടുപ്പിച്ച് നടത്തുന്ന ശിൽപ്പശാലകളും ബോധവൽക്കരണ പ്രവർത്തനങ്ങളും എൿസിബിഷനുകളും ക്വിസ് മൽസരങ്ങളും സംഘടിപ്പിച്ചിരുന്നു. കോവിഡിന്റെ കാലഘട്ടത്തിൽ ഇവക്ക് പരിമിതികളുണ്ടായിരുന്നെങ്കിലും ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചിട്ടുണ്ട്. ഗണിത ക്ലബിൽ അംഗങ്ങളായ കുട്ടികളുടെ വാട്ട്‍സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി അതിലൂടെ വ്യത്യസ്‍തങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്ന രീതിയാണ് പ്രധാനമായും നടത്തി വന്നിരുന്നത്. ഈ ഗ്രൂപ്പിലൂടെ ആഴ്‍ചയിലൊരിക്കൽ ഏതെങ്കിലുമൊരു ഗണിതാശയത്തെ അടിസ്ഥാനമാക്കി അധ്യാപകരിൽ ആരെങ്കിലും ആശയം വിശദീകരിക്കുകയും തുടർന്ന് തുടർ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകിയും വന്നിരുന്നു
ഗണിതാഭിരുചി ക്ലാസ്
പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് ഗണിതത്തിലെ പ്രയാസമേറിയ ആശയങ്ങളിൽ വ്യക്തത വരുത്തുന്നതിനും ഗണിതത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനുമായി ഡിസംബർ 7ന് വിദ്യാലയത്തിൽ മോട്ടിവേഷണൽ ക്ലാസ് ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കണ്ണാടി ഹൈസ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ ശ്രീ നന്ദകുമാർ സാർ ആണ് ക്ലാസിന് നേതൃത്വം നൽകിയത്. കുട്ടികളിൽ ഏറെ ആത്മവിശ്വാസം കൈവരിക്കാൻ സാധിച്ച ഈ ക്ലാസ് പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് ഉദ്ഘാടനം ചെയ്തു
ലോകജനസംഖ്യാദിനം- ജൂലൈ 8
ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ഗണിതക്ലബിന്റെ നേതൃത്വത്തിൽ വിവിധ മൽസരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. ജനസംഖ്യാവർധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനും ഇവയുടെ അടിസ്ഥാനത്തിൽ ഇവയെ പട്ടികപ്പെടുത്തുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ചാർട്ടുകളും ഗ്രാഫുകളും തയ്യാറാക്കുക, പോസ്റ്റർ മൽസരം ഇവയായിരുന്നു പ്രധാനമായി നടത്തി വന്നിരുന്നത്
ഗണിത ക്വിസ്
കോവിഡിന്റെ പശ്ചാത്തലത്തിൽ നേരിട്ടുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈനിലൂടെയായിരുന്നു പ്രവർത്തനങ്ങളിൽ ഭൂരിഭാഹവും സംഘടിപ്പിച്ചിരുന്നത്, ആഴ്‍ച തോറും നടത്തുന്ന ഗണിത ക്വിസ്‍ ആയിരുന്നു പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് . ഗൂഗിൾ ഫോമിലൂടെ തയ്യാറാക്കുന്ന ക്വിസ് നിശ്ചിത സമയത്ത് ആരംഭിച്ച് നിശ്ചിത സമയത്ത് അവസാനിക്കത്തക്ക വിധത്തിൽ ആയിരുന്നു സംഘടിപ്പിച്ചിരുന്നത്. നിരവധി വിദ്യാർഥികൾ ഹൈസ്കൂൾ , യു പി വിഭാഗങ്ങൾക്കായി നടത്തിയ ഈ ക്വിസിൽ പങ്കെടുക്കാറുണ്ടായിരുന്നു
IITപാലക്കാട് നടത്തിയ ശിൽപ്പശാല
വിദ്യാർഥികൾക്ക് ഗണിതത്തോടുടെ ഭയാശങ്കകൾ ദുരീകരിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ഐ ഐ ടിയിലെ ഗണിത വിഭാഗം അധ്യാപകരും വിദ്യാർഥികളും ഉൾപ്പെട്ട ടീം ഗണിതക്ലബിലെ അംഗങ്ങൾക്കായി 2020 ജനുവരി 25ന് ശിൽപ്പശാല സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ആത്മവിശ്വാസം കൈവരിക്കാൻ ഏറെ പ്രയോജനപ്രദമായിരുന്നു ഈ ശിൽപ്പശാല