ജി.വി.എൽ.പി.എസ് ചിറ്റൂർ/തിരികെ വിദ്യാലയത്തിലേക്ക് 21
![](/images/thumb/9/94/BS21_PKD_21302_2.jpg/200px-BS21_PKD_21302_2.jpg)
തിരികെ വിദ്യാലയത്തിലേക്ക്
മഹാമാരിക്കാലം, ലോകം സ്തംഭിച്ചു നിന്ന കോവിഡ് കാലം
രാജ്യത്തെയാകമാനം മുൾമുനയിൽ നിർത്തിയ ഒരു മഹാമാരിയായിരുന്നു കോവിഡ്-19. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ രോഗം എല്ലാ മേഖലകളിലുമെന്ന പോലെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു. 2020 ഫെബ്രുവരിയിൽ കോവിഡ് മഹാമാരി രാജ്യത്താകമാനം പടർന്നു പിടിച്ചപ്പോൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി.
കോവിഡ് കാലവിദ്യാഭ്യാസം
പുതിയ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷം നമ്മുടെ കുട്ടികൾ കടന്നു പോയത്. വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും വളരെ വ്യാകുലരായിരുന്നു. സ്കൂളിൽ വന്ന് പഠിക്കേണ്ട കുട്ടിയ്ക്ക് എങ്ങനെയാണ് വീട്ടിലിരുന്നു കൊണ്ട് പഠിപ്പിക്കാൻ സാധിക്കുക? ക്ലാസിലിരുന്നു പഠിച്ചിരുന്ന കുട്ടി വീട്ടിലിരുന്ന് കൊണ്ട് ടിവി യിൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വരുന്ന ക്ലാസുകൾ കണ്ടു. ഇതിനു പുറമേ അധ്യാപകരുടെ ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകളും കുട്ടികൾക്ക് പിന്തുണയായി. പരിമിതികൾക്കിടയിലും ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോയി.
സ്കൂൾ തുറക്കുന്നു
കോവിഡ് എന്ന മഹാമാരിയ്ക്ക് കുറവ് വന്നതിനുശേഷം ഈ നവംബർ 1ന് നമ്മുടെ വിദ്യാലയങ്ങൾ തുറക്കാൻ പോവുന്നു എന്ന വാർത്ത നമ്മളിൽ ഒരോരുത്തരിലും സന്തോഷം ഉണ്ടാക്കി. കോവിഡ് കാലഘട്ടത്തിന് ശേഷം വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികളുടെ സുരക്ഷയെ മുന്നിൽ കണ്ടു കൊണ്ട് വിദ്യാലയവും പരിസരവും അണുനശീകരണം നടത്തി. വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികൾക്ക് കൈകൊള്ളേണ്ട സുരക്ഷാമുൻകരുതലുകളെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. കോവിഡ് മുൻകരുതലുകൾ എല്ലാ കുട്ടികൾക്കും മനസിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
- വീഡിയോ കണ്ടു നോക്കാം - Ready to School]
കേരളപ്പിറവിയും പ്രവേശനോത്സവവും
![](/images/thumb/2/2b/BS21_PKD_21302_4.jpg/200px-BS21_PKD_21302_4.jpg)
കോവിഡിന്റെ അടച്ചുപൂട്ടൽ നാളുകൾക്ക് ശേഷം കേരളപ്പിറവിദിനമായ നവംബർ 1 ന് സ്കൂൾ തുറന്നു. കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവേശനോത്സവം നടന്നു. കുട്ടികളെ വരവേൽക്കാൻ വർണ്ണ ബലൂണുകൾക്കൊപ്പം സാനിറ്റൈസറും തെർമോമീറ്ററും സ്ഥാനം പിടിച്ചു. ഒരു കുട്ടിക്ക് 2 ദിവസം വീതം മൂന്നു ബാച്ചുകളിലായി തിങ്കൾ മുതൽ ശനി വരെ പ്രവൃത്തി ദിവസങ്ങൾ ക്രമീകരിച്ചു. മൂന്നു ബാച്ചിനും ആദ്യദിനം പ്രവേശനോത്സവമായി ആഘോഷം നടത്തി. BRCതല പ്രവേശനോത്സവ ഉദ്ഘാടനം ഈ സ്ക്കൂളിൽ വച്ചാണ് നടന്നത്. മുനിസിപ്പിൽ വൈസ് ചെയർമാൻ ശിവകുമാർ, വാർഡ് കൗൺസിലർ ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ സുമതി, പി.ടി.എ പ്രസിഡന്റ് സ്വാമിനാഥൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്ക്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റ ജയലക്ഷ്മിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. പകുതിയിൽ താഴെ കുട്ടികൾ മാത്രമേ അന്നേ ദിവസം സ്ക്കൂളിൽ വന്നിരുന്നുള്ളൂ. സ്ക്കൂൾ മുറ്റവും ക്ലാസ്സ് മുറിയും തോരണവും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്ക്കൂളിലെ ചെടിച്ചട്ടികൾക്കെല്ലാം ചായം തേച്ച് മനോഹരമാക്കിയിരുന്നു. സ്ക്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ അക്ഷരക്കാർഡുകൾ തൂക്കിയിട്ടു. പുസ്തകവിതരണം, മധുര പലഹാര വിതരണം എന്നിവയെല്ലാം ഉണ്ടായിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് സ്ക്കൂളിലേക്ക് വന്നത്. ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളേയുമാണ് പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത്.
- വീഡിയോ കണ്ടു നോക്കാം - പ്രവേശനോത്സവം