ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>പ്രകൃതി സംരക്ഷണം</big> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സംരക്ഷണം

പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗളം പൂർണമായി തീരുന്നത് എന്ന് ഭാരതീയ ദർശനം പഠിപ്പിക്കുന്നു. പ്രപഞ്ചവും ആയുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്. വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായികൊണ്ടിരിക്കുകയാണ്.
അന്തരീക്ഷമലിനീകരണം പരിസര മലിനീകരണത്തിന് ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കികൊണ്ടിരിക്കുന്നു. അടിസ്ഥാന രാസവസ്തുക്കൾക്ക് പുറമേ അയ്യായിരത്തോളം രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട്. ഇവയിൽ പലതും ക്യാൻസറിന്റെ വിത്തുകൾ ആയി അംഗീകരിക്കപ്പെട്ടവയാണ്. ഇവ അന്തരീക്ഷവായുവിലെ കാർബൺഡയോക്സൈഡിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുന്നു. ക്രമേണ ഇത് മഴയെ വിപരീതമായി സ്വാധീനിക്കും. അതുപോലെതന്നെ നമ്മുടെ എയർകണ്ടീഷണറുകളും റഫ്രിജറേറ്ററുകളും ഉല്പാദിപ്പിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബൺ എന്ന രാസവസ്തു ഓസോൺ പടലത്തിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അപകടകരമായ വികിരണങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്ന കവചമാണ് ഓസോൺ പടലം. അന്തരീക്ഷ മലിനീകരണം മുംബൈയിൽ വ്യാവസായിക മേഖലയിൽ കഴിയുന്നവരിൽ വൻതോതിൽ ക്ഷയരോഗം പടർത്തിയിട്ടുണ്ട്.
ജീവൻ നിലനിർത്താൻ വായു എന്നപോലെ ആവശ്യമാണ് വെള്ളവും. എന്നാൽ ശുദ്ധജലം ഇന്നൊരു സങ്കല്പം മാത്രമായി കൊണ്ടിരിക്കുകയാണ്. വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രങ്ങളെയും വിഷമയമാകുന്നു. അപകടകാരികളായ മെർക്കുറി, കാഡ്മിയം, സൈനയഡുകൾ, ആർസനിക്ക് തുടങ്ങിയവ ഇങ്ങനെ ജലത്തിൽ ലയിച്ചു ചേരുന്നുണ്ട്. ജലമലിനീകരണത്തിന് തെളിവുകളായി ഗംഗയും യമുനയും ചാലിയാറും പെരിയാറും മാറിക്കഴിഞ്ഞു. ഇതുമൂലം കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ വ്യാപകം ആയിട്ടുണ്ട്. കേരളത്തിൽ ആറ്റുകൊഞ്ച് തുടങ്ങിയ നിരവധി വിശിഷ്ടമായ മത്സ്യ സമ്പത്തുകൾ ഇല്ലാതായി തുടങ്ങി. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ നികത്തുന്നതും രാസവളങ്ങൾ പ്രയോഗിക്കുന്നതും എല്ലാം ഭൂമിയുടെ ജലസംഭരണശേഷിയെ സാരമായി നശിപ്പിച്ചിട്ടുണ്ട്.
വനനശീകരണം ആണ് പരിസ്ഥിതി നാശത്തിലേക്ക് വഴി തെളിക്കുന്ന മറ്റൊരു വിപത്ത്. വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നു. അമിതമായ വനനശീകരണം പ്രകൃതിയുടെ സന്തുലനാവസ്ഥയും തകർക്കുന്നു. ശബ്ദമലിനീകരണവും പരിസര മലിനീകരണത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ഉച്ചഭാഷിണികളും വാഹനങ്ങളും യന്ത്രങ്ങളും നമുക്കുചുറ്റും സദാ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു. അതി ശബ്ദം തലച്ചോറിന്റെ നേരായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് കേൾവി ഇല്ലാതാക്കുകയും ഗർഭസ്ഥശിശുക്കളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും.
ഇത്തരത്തിൽ ചുറ്റുപാടിനെ സർവ്വത്ര വിഷമയവും അപകടകരമാംവിധം മലിനമാക്കിയിരിക്കുകയുമാണ്. വികസനത്തിലേക്ക് ഉള്ള മനുഷ്യന്റെ കുതിപ്പിനിടയിലെ ഒരു പിഴവ് ആണിത്. പക്ഷേ ഇത് ഉയർത്തുന്ന ഭീഷണി മാരകമാണ് എന്നകാര്യം വിസ്മരിക്കാൻ പാടില്ല. നമ്മുടെ തലമുറയെ മാത്രമല്ല ഭാവിതലമുറയെയും ഇത് ബാധിക്കുമെന്നും നാം ഓർക്കണം. ഇങ്ങനെ മനുഷ്യൻ തന്നെ തന്റെ മരണത്തിന്റെ വഴി തുറക്കുന്നതാണ് പരിസരമലിനീകരണം എന്നുകാണാം. അതുകൊണ്ട് അത് ആത്മഹത്യാപരമാണെന്നതിൽ സംശയമില്ല.
മലിനീകരണം ലഘൂകരിക്കാനുള്ള നിരവധി സംവിധാനങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം പൂർണ്ണമായും ഫലപ്രദമാണ് എന്ന് കരുതുക വയ്യ. പരിസര മലിനീകരണം തടയുന്നതിന് നിരവധി നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജൂൺ 5, ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നുണ്ട്. പരിസ്ഥിതി മലിനീകരണത്തിനെതിരെ ഒട്ടേറെ സംഘടനകളും സാഹിത്യ നായകരടക്കം പല പ്രമുഖ വ്യക്തികളും നിരന്തരമായ പ്രവർത്തനത്തിലൂടെ വലിയൊരു അവബോധം സൃഷ്ടിച്ചിട്ടുണ്ട്. ഗവൺമെന്റ് ചില നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും പരിസ്ഥിതി കോടതി, പരിസ്ഥിതിസൗഹൃദ ചിഹ്നം തുടങ്ങിയ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ പ്രകൃതി സംരക്ഷണത്തിനായി ഉയർന്നുവന്നിരിക്കുന്ന പുതിയ സംരംഭങ്ങളോട് സഹകരിച്ചുകൊണ്ടു നമുക്ക് നമ്മുടെ സുസ്ഥിതിയിലേക്ക് ഉയരേണ്ടിയിരിക്കുന്നു........ അതിനായി പ്രവർത്തിക്കാം..........

Anjalikrishna . R. S
Plus one B ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം