ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണക്കാലമേ നന്ദി!!
കൊറോണക്കാലമേ നന്ദി!!
ഇതൊരു കുറിപ്പാണ്.കോവിഡ്കാല ഓർക്കുറിപ്പ്. കൊറോണയുടെ തേരോട്ടം തുടങ്ങിയ നാളുകളിലാണ് എന്റെ മാമന്റെ ഭാര്യക്ക് പ്രസവവേദനയും കലശലായത്. ഉമ്മയും ഉമ്മമ്മയും ഉപ്പയും അവരെയും കൂട്ടി ഹോസ്പിറ്റലിൽ പോയി.അവർ അഡ്മിറ്റുമായി. വീട്ടിൽ ഞാനൊരുത്തി മാത്രമായി.എനിക്ക് കൂട്ടായുള്ളത് ഉമ്മാന്റെ ഉപ്പയും ഉമ്മാന്റെ അനിയത്തിയും മാത്രം. ഉമ്മാന്റെ അനിയത്തി ആരാണെന്നോ?അരയ്ക്കു താഴെ ശരീരം തളർന്ന് കിടപ്പിലായ 22 കാരി! അവരെ പരിചരിക്കണം,വയസ്സായ ഉപ്പപ്പാന്റെ കാര്യം നോക്കണം. പിന്നെ വീട്ടു ജോലി, ഭക്ഷണം തയ്യാറാക്കൽ എന്നിവയും എന്റെ ചുമലിലായി. ഇതുവരെ ഭക്ഷണം കഴിച്ചു മാത്രം പരിചയമുള്ള ഞാൻ വീട്ടുകാർക്കുള്ള ഭക്ഷണം മുഴുവൻ ഒരുക്കണം! കൊറോണ പേടി കാരണം അയൽവാസിയെ പോലും സഹായത്തിന് വിളിക്കാൻ മടി.വിളിച്ചാൽ തന്നെ അവർ വരുമോ? ആശുപത്രിയിൽ പോയവർക്കാകട്ടെ, നാലുനാളെങ്കിലും കഴിയാതെ വരാനും പറ്റില്ല. ഏതായാലും രണ്ടും കല്പിച്ചു ഞാൻ വീടങ്ങ് ഏറ്റെടുത്തു.അടുക്കളയും പാത്രങ്ങളും പലവ്യഞ്ജനങ്ങളും വീടകവും ചൂലും മോപ്പും എല്ലാം ഞാനടുത്തറിഞ്ഞു.ഓടി നടന്നു,ഉപദേശങ്ങളുമായി ഉമ്മാന്റെ ഉപ്പ കൂടെ നിന്നു.കുഞ്ഞാമയും പ്രോൽസാഹനം നൽകി.ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച് അവരിരുവരും ധൈര്യം പകർന്നു.അങ്ങനെ ഞാനൊരു 'കൊച്ചു'വീട്ടമ്മയായി. കൊറോണക്കാലം ഞാൻ ഒരിക്കലും മറക്കാത്ത കാലവുമായി. ഈ പതിനാലാം വയസ്സിൽ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റിയല്ലോ എന്നതിൽ ഞാൻ അഭിമാനിക്കുന്നു.എന്നിലെ എന്നെ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഒപ്പം ഞാനൊന്നു കൂടി തിരിച്ചറിഞ്ഞു; ഇത്രയും കഷ്ടപ്പാടുള്ള ജോലിയാണല്ലോ എന്റെ ഉമ്മ ഇത്രയും കാലം തനിച്ചു ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ ഉമ്മാന്റെ വില എന്നെ പഠിപ്പിച്ച കൊറോണക്കാലമേ,നിനക്ക് നന്ദി.. എന്നു വിചാരിച്ചു നീ വീണ്ടും വരികയൊന്നും വേണ്ട. എന്റെ ചുമതല ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ