സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/പ്രവർത്തനങ്ങൾ/2019-20
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം

പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിൽ 2019 20 അധ്യയന വർഷം ജൂൺ ആറാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ തോമസ് പൊരിയത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ. കുര്യാച്ചൻ തെങ്ങുംമൂട്ടിൽ വൃക്ഷത്തൈ വിതരണവും ബി ആർ സി ട്രെയിനർ ശ്രീ. സുഭാഷ് പുസ്തക വിതരണവും ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഇതിൽ സിആർസി കോഡിനേറ്റർ ശ്രി. ശശി സി കെ ,പി ടി എ പ്രസിഡണ്ട് ശ്രീ ബെന്നി തറപ്പേൽ, എം ടി എ ചെയർപേഴ്സൺ ശ്രീമതി. ജീമോൾ സ്റ്റാൻലി എന്നിവർ ആശംസകൾ നേർന്നു. പി ടി എ അംഗം ശ്രീമതി ലിനു സെബാസ്റ്റ്യൻ 30 വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ യൂണിഫോം വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.
പരിസ്ഥിതി ദിനാചരണം

നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ ആറാം തിയതി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു. വൃക്ഷത്തൈ വിതരണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ കുര്യാട്ടൻ തെങ്ങുമ്മൂട്ടിൽ നിർവഹിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. അതോടൊപ്പം സ്കൂളിൽ ഒരു ജൈവവൈവിദ്ധ്യ ഉദ്യാന നിർമാണത്തിനും തുടക്കമിട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ ഔഷധസസ്യം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
വായനാവാരാചരണം
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായനാവാരം സമുചിതമായി ആഘോഷിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ 2019 ജൂൺ 19 വായനാദിനത്തിൽ പരിപാടികൾക്ക് ആരംഭം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ ടീച്ചർ വായനാദിന സന്ദേശവും മലയാളം അധ്യാപിക ശ്രീമതി ഡോണ ട്രീസ മാത്യു പ്രഭാഷണവും നടത്തി. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾ പുസ്തകാസ്വാദനം നടത്തി. പതിപ്പു നിർമാണ മത്സരം നടത്തുകയും മികച്ച പതിപ്പുകൾ തയ്യാറാക്കിയ ക്ലാസ്സുകൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വിദ്യാർഥികൾക്ക് വായനാ സൗകര്യം ഒരുക്കി വായനക്കൂട്ടം രൂപീകരിക്കുകയും ഓരോ ക്ലാസും തയ്യാറാക്കിയ പതിപ്പ് വായനക്കൂട്ടത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സമാപന ദിവസം പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പുസ്തകപ്രദർശനവും സംഘടിപ്പിച്ചു.
ഒരു സമയം ഒരു പുസ്തകം.
വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ സഹകരണത്തോടെ 'ഒരു സമയം ഒരു പുസ്തകം' എന്ന പുസ്തക പരിചയ പരിപാടി നടത്തുകയുണ്ടായി. വിദ്യാരംഗം ക്ലാസ് തല കൺവീനർമാർ ഒരു ദിവസം ഒരാൾ എന്ന രീതിയിൽ ഓരോ പുസ്തകം പരിചയപ്പെടുത്തുന്നതിന്റെ വീഡിയോ എല്ലാ ക്ലാസ് റൂം സ്ക്രീനിലും ഒരേ സമയം പ്രദർശിപ്പിച്ചു.ആദ്യ വീഡിയോ ആരംഭിച്ചത് ഹെഡ്മിസ്ട്രസ് മേഴ്സി മൈക്കിൾ ടീച്ചറുടെ ആശംസയോടെയാണ്.വാരാചരണ സമാപനം വരെ പ്രക്ഷേപണം തുടർന്നു.
പുസ്തകപ്രദർശനവും സാഹിത്യസംവാദവും.

വായനാ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പുസ്തകപ്രദർശനവും സാഹിത്യസംവാദവും സംഘടിപ്പിച്ചു.പ്രശസ്തമായതും വിവിധ ശാഖകളിൽ പെട്ടതുമായ ഇരുന്നൂറോളം ഗ്രന്ഥങ്ങൾ പ്രദർശിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴസി മൈക്കിൾ അധ്യക്ഷയായിരുന്ന യോഗത്തിൽ ലൈബ്രറി പ്രസിഡണ്ടും മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ.സണ്ണി താന്നിപ്പാതിയിൽ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ശ്രീമതി റീജ വി ജോൺ സ്വാഗതവും ലൈബ്രറി സെക്രട്ടറിയും സ്കൂളിലെ പൂർവ്വ അധ്യാപകനുമായ ശ്രീ.ടി.ടി.തോമസ്, ബാലവേദി കോഡിനേറ്റർ ശ്രീ.ജോസ്.പുളിക്കൽ എന്നിവർ ആശംസകളും ശ്രീമതി റെജി സെബാസ്റ്റ്യൻ നന്ദിയും അർപ്പിച്ചു. വായനയുടെ വിശാല ലോകത്തെ കുറിച്ചറിയുന്നതിനും ധാരാളം പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും കുട്ടികൾക്ക് അവസരമൊരുങ്ങി.
വിദ്യാരംഗവും ഇതരക്ലബ്ബുകളും ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെയും ഇതര ക്ലബ്ബുകളുടെയും ഉദ്ഘാടനം 2019 ജൂൺ 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ ടീച്ചർ അധ്യക്ഷയായ യോഗത്തിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് ബാലുശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി സജ്ന കെ കെ ആയിരുന്നു ഭിന്നശേഷിക്കാരിയായ സംഗീത അധ്യാപിക നടത്തിയ പ്രഭാഷണവും സംഗീതവിരുന്നും കുട്ടികൾക്ക് ഏറെ പ്രചോദനകരമായി. വിദ്യാരംഗം കോർഡിനേറ്ററായ ലംസി ആൻറണിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ ഫാ ജോസഫ് ആലപ്പാട്ട് കോട്ടയിൽ മുഖ്യ പ്രഭാഷണം നടത്തുകയും പി ടി എ പ്രസിഡണ്ട് ശ്രീ ബെന്നി തറപ്പേൽ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ അജു ഇമ്മാനുവേൽ, വിദ്യാരംഗം കൺവീനർ കുമാരി ഐലിൻ മരിയ ഡെന്നി എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. മാസ്റ്റർ സാവിയോ ബിജു, കുമാരി അക്ഷ റോസ് തോമസ് എന്നിവർ സംഗീതം ആലപിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. യോഗത്തിന് നന്ദി അറിയിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീ ഷിനോജ് സി ജെ ആയിരുന്നു.
ലോക ലഹരിവിരുദ്ധ ദിനാചരണം.

പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു.ശ്രീ.T Tതോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു.ശ്രീമതി മേഴ്സി മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി റീജ.വി.ജോൺ സ്വാഗതവും ശ്രീമതി ലിസമ്മ ചെറിയാൻ, ശ്രീ.സണ്ണി താന്നിപ്പൊതിയിൽ കുമാരി ഷാന ഷിജു എന്നിവർ ആശംസകളും അർപ്പിച്ചു.റെജി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ രചന, കവിതാ രചന മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ച് ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും.
പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിലെ 2019 21 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും 27. 6 .19 വ്യാഴാഴ്ച നടത്തപ്പെട്ടു ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ അധ്യക്ഷത വഹിച്ചു. കൈറ്റ് മിസ്ട്രസ് റീജ.വി.ജോൺ സ്വാഗതമാശംസിച്ചു. ബാച്ച് ഉദ്ഘാടനം മുക്കം സബ്ജില്ല മാസ്റ്റർ ട്രെയ്നർ നൗഫൽ സാർ നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ജുബിൻ അഗസ്റ്റൻ ആശംസകളർപ്പിച്ചു. ബാച്ചിന്റെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ചേരുന്നതിനായുള്ള QR Code ന്റെ പ്രകാശനം നടത്തി. ലീഡർ ഇമ്മാനുവൽ ബൈജു നന്ദിയർപ്പിച്ചു.നൗഫൽ സാർ ക്യാമ്പിന് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് പ്രവേശനപ്പരീക്ഷ നടത്തി.
2020-22 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള പ്രവേശനപ്പരീക്ഷ നടത്തപ്പെട്ടു.എഴുപതു കുട്ടികൾ അപേക്ഷിക്കുകയുണ്ടായി. നാല്പതു കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. വിവരസാങ്കേതിക വിദ്യയുടെ നൂതന തലങ്ങളിലേക്കുള്ള വാതായനമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ഡോക്യുമെന്റ് ഫോർമാറ്റിങ്, ഇന്റർനെറ്റ്, റോബോട്ടിക്സ്, photography, video editing തുടങ്ങിയ മേഖലകളിൽ little kites അംഗങ്ങൾക്ക് പരിശീലനം നല്കി വരുന്നു. കഴിഞ്ഞ വർഷം സബ് ജില്ലാ,ജില്ലാ തല ക്യാമ്പുകളിൽ ഈ സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വച്ചത്. വാർത്താനിർമാണത്തിൽ പരിശീലനം ലഭിച്ച കുട്ടികൾ തയ്യാറാക്കിയ ഏഴോളം വാർത്തകൾ വിക്ടേഴ്സ് ചാനലിൽ അപ്ലോഡ് ചെയ്തു. അതിൽ ചിലത് വിക്ടേഴ്സിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു.