സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം
മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ,കുന്നംകുളം ഉപജില്ല.
തുറമുഖ കേന്ദ്രീകൃത വിനിമയങ്ങളുടേയും മത-സംസ്കാര സംഗമങ്ങളുടേയും ചരിത്രമുറങ്ങുന്ന മണ്ണില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ആശ്രയമായ വിദ്യാകേന്ദ്രം.
കുന്നുകള്‍,താഴ്വരകള്‍,തടങ്ങള്‍,വയലുകള്‍. തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം ഇങ്ങനെയാണ്. കുന്നുകളില്‍ ചെങ്കല്ലും കരിങ്കല്ലും ഉണ്ട്; വയലുകളില്‍ കളിമണ്ണും. കാലങ്ങള്‍ക്ക് മുമ്പ് ഈ കുന്നുകള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ ഉയരമുണ്ടായിരുന്നു. തടങ്ങളും വയലുകളും ജലാശയങ്ങളായിരുന്നു. ജലാശയങ്ങള്‍ പരസ്പരബന്ധിതമാണ്. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി തീരദേശത്തിന്റെ സ്വഭാവം കാണിക്കുന്ന പൂഴി പ്രദേശമാണ് . കടലില്‍ നിന്ന് പത്തേമാരികളും നൗകകളും ജലാശയങ്ങളിലൂടെ കുന്നുകള്‍ ചുറ്റി ഈ ദേശങ്ങളിലെ തുറൈകളില്‍ (തുറമുഖങ്ങളില്‍) എത്തിച്ചേര്‍ന്നു. താഴ്വരകളില്‍ വിളഞ്ഞ മലഞ്ചരക്കുകളും കാതല്‍ നിറഞ്ഞ മര ഉരുപ്പിടികളും വിദേശരാജ്യങ്ങളില്‍ പ്രിയം നേടി. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ കേന്ദ്ര പ്രദേശമായ മറ്റം കാലങ്ങള്‍ക്ക് മുമ്പേ വാണിജ്യകേന്ദ്രം, സാംസ്കാരികകേന്ദ്രം എന്നീ നിലകളില്‍ പുകഴ്പ്പെറ്റ നാടായിരുന്നു. മറ്റത്തിന്റെ തെക്ക് ഭാഗത്ത് ഇന്ന് വാക എന്ന പേരില്‍ അറിയപ്പെടുന്ന കര സംഘകാല കൃതികളില്‍ പരാമര്‍ശ്ശിക്കപ്പെടുന്ന, മുസിരസിന് 300 സ്റ്റേഡിയ അകലെയുള്ള വാകൈപെരുന്തുറൈ എന്ന കേഴ്വിക്കേട്ട തുറമുഖമാണെന്ന് മധ്യകാല കേരളചരിത്രത്തില്‍ പഠനം നടത്തിയ പ്രൊഫ. പി. നാരായണമേനോന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് . കണ്ടാണശ്ശേരിയിലെ തുറങ്കരയും നമ്പഴിക്കാടും പേരില്‍തന്നെ ഒരു തുറമുഖത്തിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിയ്ക്കുന്ന സ്ഥലങ്ങളാണ്
സ്ഥലനാമങ്ങളെ അടിസ്ഥാനമാക്കിയ അന്വേഷണം
സ്ഥലനാമങ്ങളെ ഭാഷാപരമായി സമീപിച്ചാല്‍ ഈ വസ്തുതകളെ സാധൂകരിയ്ക്കാവുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാം .മറ്റത്തിന്റെ കിഴക്കാണ് ആളൂര്‍ എന്ന സ്ഥലം . ആല് എന്ന വാക്കിന് പ്രാചീന മലയാളത്തില്‍ ജലം എന്നാണര്‍ത്ഥം . ആല്+ഊര്=ആളൂര് . ജലാശയം തൂര്‍ന്നു വന്നതാകാം. ഇന്നത്തെ വയലുകളും ജനവാസകേന്ദ്രങ്ങളും രൂപം കൊണ്ടത്. കാറ്റിലൂടെയും മഴയിലൂടെയും ചുറ്റുമുള്ള കുന്നുകളിലെ മണ്ണ് ഒലിച്ചിറങ്ങി ജലാശയങ്ങള്‍ നികന്നു വന്നിട്ടുണ്ടാകം. ഇവിടെ തന്നെയുള്ള തിരുത്തി എന്ന സ്ഥലനാമം മറ്റൊരു തെളിവാണ്. തിരുത്തി എന്നാല്‍ തുരുത്ത് തന്നെ. ചുറ്റുവുള്ള ജലസാന്നിധ്യമാകാം ആ കരയ്‌ക്ക് അങ്ങെയൊരു പേരു നല്‍കിയത്. മറ്റമെന്ന വാക്കിനും മുറ്റം- താഴ്‌ന്നയിടം എന്നാണ് അ൪ത്ഥം. ചുറ്റും കുന്നുകളുള്ളതിനാല്‍ താഴ‌്ത്തുള്ള തടങ്ങള്‍ക്ക് അത്തരം പേര് സിദ്ധിക്കാം. മറ്റത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്താണ് നമ്പഴിക്കാട്. നമ്പഴിക്കാട് എന്ന പദത്തെ നൗ-അഴി-കാട് എന്നിങ്ങനെ പിരിക്കാം . കൊച്ചുനൗകകള്‍ അടുക്കാവുന്ന അഴിമുഖം. അതിനോട് ചേ൪ന്നുള്ള കരയും കാടും. കണ്ടാണശ്ശേരി എന്ന പദത്തിലുളള രുപിമങ്ങള്‍ കണ്ട-അണ-ചേരി എന്നിവായാണ്. കടല്‍ താണ്ടി കരയ്‌ക്കണയാന്‍ വെമ്പുന്ന ജലയാത്രിക൪ക്ക് ആദ്യം കാണാവുന്ന അണ(തിട്ട്) എന്ന അ൪ത്ഥത്തിലാകാം ഈ ദേശത്തിന് ആ പേര് വന്നതെന്ന് അനുമാനിക്കണം. ആ തിട്ടയിലെ ജനവാസകേന്ദ്രം ചേരി. കണ്ടാണശ്ശേരിയിലെ ഒരു മുനമ്പിനെ പഴമക്കാ൪ പറയുന്ന പേര് തുറങ്കരയെന്നാണ്. തുറ തുറമുഖം തന്നെ. വാകൈ പെരുംതുറൈയുടെ (ഇന്നത്തെ വാക) വടക്കാണ് വടുതല. എല്ലാ തുറമുഖങ്ങള്‍ക്കും വടക്കുള്ള തല വടുതല എന്ന് പേരില്‍ അറിയപെട്ടുന്നുണ്ട്. തുറമുഖങ്ങളിള്‍ അടുക്കുന്ന പത്തേമാരികളില്‍ നിറയ‌്ക്കാനുളള കയറ്റുമതി ഉല്പന്നങ്ങള്‍ വടക്കുളള ദിക്കിലെ പണ്ടകശാലകളില്‍ അട്ടിയിടുന്ന രിതിയാണ് കേരളത്തിന്റെ കാലാവസ്ഥയ്‌ക്ക് ചേ൪ന്നത്. പണ്ടകശാലയ്‌ക്ക് തീപിടിച്ചാല്‍തന്നെ അഗ്നിയെ തെക്ക൯കാറ്റ് തുറമുഖത്തെത്തിക്കില്ല. പായ്‌ക്കപ്പലുകള്‍ സുരക്ഷിതമായിരിക്കും.
ചരിത്രസ്‌മാരകങ്ങളെ അടിസ്ഥാനമാക്കിയുളള അന്വേഷണം
ചരിത്രസ്‌മാരകങ്ങളും ഈ മണ്ണിന് പുറം ലോകവുമായുണ്ടായിരുന്ന ബന്ധങ്ങളെയും നുറ്റാണ്ടകള്‍ക്കപ്പുറത്തുളള വിനിമയങ്ങളും ചുണ്ടിക്കാണിക്കുന്ന വിധത്തിലാണ്. തുറുങ്കരയ‌്‌ക്കുമുകളില്‍ കാരുളിക്കുന്നിന്റെ നെറുകയിലാണ് കുടക്കല്ലും മുനിയറയും. ജൈനസന്ന്യാസികളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന മറ്റൊരു സ്ഥലനാവുണ്ട് പഷ്ണിപ്പുര. സന്ന്യാസികള്‍ക്ക് ധ്യാനിക്കാ൯ കഴിയുന്ന വിധത്തില്‍ ഉയരമുളള കുന്നുകള്‍. നാലുപാടും കണ്ണയച്ചാല്‍ നോക്കൊത്താദുരത്തോളം ജലാശയങ്ങള്‍. കാടിന്റെ സ്വച‌്ച്ചന്ദത. ചെങ്കല്ലില്‍, കുടത്തിന്റെ അകം പോലെ തുരന്ന അറകള്‍. അറയില്‍ എത്തിച്ചേരാ൯ വശത്തിലുടെ തന്നെ പടവുകള്‍. ഇരിക്കാനും കിടക്കാനും പാകത്തില്‍ കല്ലില്‍ കൊത്തിയ കട്ടിലുകള്‍. മഴയും വെയിലും കൊളളാത്ത വിധം കല്‍മേല്‍ക്കൂര. ഇരുമ്പുകൊണ്ടുളള ആയുധങ്ങളും പ്രാകൃത എഞ്ചിനീയറിംഗും രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പേ ഇവിടെ വികാസം പ്രാപിച്ചിരുന്നതിന് മുനിയറയ്‌ക്കൊപ്പം സാക്ഷ്യം നല്‍ക്കുന്നു കുടക്കല്ലുകള്‍. കൂണിന്‍െറ ആകൃതിയില്‍ ഒറ്റക്കല്ലില്‍ വൃത്തസ്തൂപികപോലെ കൊത്തിയെടുത്ത തൊപ്പിക്കല്ല്.താഴെ മൂന്നു വലിയ കല്ലുകള്‍ ത്രികോണസ്തൂപികാകൃതിയില്‍ മണ്ണില്‍ ഉറപ്പിച്ചിരിക്കുന്നു. അതിനും താഴെ ചെങ്കല്‍ക്കുഴിയില്‍ നന്നങ്ങാടികളാണ്.വലിയ ഭരണികള്‍ .അതിനുള്ളില്‍ ചുണ്ണാമ്പുപൊടിപോലെ മനുഷ്യാസ്ഥികള്‍. മനുഷ്യനെ ഈവിധം സംസ്ക്കരിക്കണമെങ്കില്‍അതിനനുസരിച്ച ജനപഥങ്ങളും നാഗരികതയും ഇവിടെ നിലനിന്നിരിക്കണം .സ്വച്ഛന്ദമൃത്യു വരിക്കാന്‍ ജൈനസന്ന്യാസികള്‍മരണെ വരെ നിരാഹാരം അനുഷ്ഠിച്ച ഇടമായിരിക്കണം പഷ്ണിപ്പുര .ഇതെല്ലാം മഹാശിലാസംസ്ക്കാരം തൊട്ടേ മുനിമാരും ഗുരുകുലങ്ങളും ഉണ്ടായിരുന്ന അറിവിനെയും ആത്മ സംസ്ക്കാരത്തെയും ഉപാസിച്ചിരുന്ന ഭൗതികാഭിവൃദ്ധിയെ ലക്ഷ്യം വെച്ചിരുന്ന ഒരു നാഗരികതയെ കുടിയിരുത്തിയ മണ്ണാണ് ഈ ദേശമെന്ന് തെളിയിക്കുന്നു.
മറ്റം സെന്റ് തോമസിന്‍െറ നാമധേയത്തില്‍ പ്രതിഷ്ഠിതമായ ദേവാലയത്തിന്‍െറ ചരിത്രത്തിനും ക്രൈസ്തവ കൂട്ടായ്മക്കും ഏ. ഡി.140-ഓളം പഴക്കം കല്‍പ്പിക്കുന്നുണ്ട്. ദേവാലയത്തോട് ബന്ധപ്പെട്ട് പള്ളിക്കൂടത്തിന്‍െറ പ്രാഗ്രൂപങ്ങള്‍ നിലന്നിരിക്കാം . ചൊവ്വല്ലൂര്‍ ശിവക്ഷേത്രം ,അരികന്നിയൂര്‍ ഹരികന്യകാക്ഷേത്രം , മറ്റം മേതൃകോവില്‍ക്ഷേത്രം, കണ്ടിയൂര്‍ ക്ഷേത്രം, ആളൂര്‍ പൊന്മലക്ഷേത്രം എന്നീ മഹാക്ഷേത്രങ്ങള്‍ ഏ. ഡി.900-ത്തില്‍ നിര്‍മ്മിക്കപ്പെട്ട ഹൈന്ദവാരാധനാലയങ്ങളാണ്.കേരളത്തില്‍ ആര്യവത്ക്കരണം ശക്തമായ ഈ കാലങ്ങളില്‍ കണ്ടാണശ്ശേരി പഞ്ചായത്തിലും അതിന്‍െറ പ്രകടമായ സ്വാധീനം ഉണ്ടായിട്ടുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും വേദപാഠശാലകള്‍ നിലനിന്നിരിക്കാം.
സമൂഹഘടന
ഈ പഞ്ചായത്തില്‍ കേരളത്തില്‍ കാണപ്പെടുന്ന പ്രധാന മതവിഭാഗങ്ങളിലെ വിശ്വാസികളും ജാതി ഉപജാതികളും സാഹോദര്യത്തോടെ ഇടകലര്‍ന്ന് ജീവിക്കുന്നുണ്ട്.ചില ദേശങ്ങളില്‍ ചില മതവിഭാഗങ്ങളില്‍ ഉള്ളവര്‍ കൂടുതലായും കാണപ്പെടുന്നു.കണ്ടാണശ്ശേരി യില്‍ ഹിന്ദുമതത്തിലെ ഈഴവ- തിയ്യ വിഭാഗക്കാരാണ് കൂടുതല്‍.കുഴുപ്പിളളി, കൊടയ്ക്കാട്ടില്‍ എന്നീ വൈദ്യഗോത്രങ്ങളുമുണ്ട്. എല്ലാതരം തൊഴിലുകളിലും ഏര്‍പ്പെട്ടിട്ടുളളവരെ ഒരു ജാതിയില്‍ത്തന്നെ കാണപ്പെടുന്ന സവിശേഷത കണ്ടാണശ്ശേരിക്ക് സ്വന്തമാണെന്ന് മലയാള സാഹിത്യത്തറവാട്ടിലെ ഇതിഹാസകഥാകാരനും കണ്ടാണശ്ശേരിക്കാരനുമായ കോവിലന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇത് കണ്ടാണശ്ശേരി പ്രദേശത്ത് നിലനിന്നിരുന്ന ബൗദ്ധജൈനസംസ്കൃതിയുടെ സ്വഭാവവിശേഷതകളിലേക്കും അതിനോട് ഈഴവ- തിയ്യ സംസ്കൃതിക്ക് ഉള്ള ബന്ധങ്ങളിലേക്കും ചരിത്രകാരന്മാരുടെ ശ്രദ്ധയെ ആക൪ക്ഷിക്കാ൯ പോന്നതാണ്. ഏ.ഡി 14-ാം നൂറ്റാണ്ടില്‍ ചന്ദ്രോത്സവം എന്ന മണിപ്രവാള കൃതിയില്‍ പരാമൃഷ്‌ടമാണ് അരികന്നിയൂ൪ ഹരികന്യകാദേവി. അരികന്നിയൂ൪, ചൊവല്ലൂ൪ മേഖലകളില്‍ ആര്യസംസ്‌ക്കൃതിയുടെ നീക്കിയിരിപ്പുകളെ ഇന്നും തലോലിക്കുന്നുണ്ട്. കൂനംമൂച്ചി-മറ്റം-ചിറ്റാട്ടുക്കര പ്രദേശങ്ങളില്‍ ജൂതത്തെരുവുകളെ ഒാ൪മ്മിപ്പിക്കുന്ന വിധത്തിലുളള ക്രൈസ്‌തവ അങ്ങാടികളാണ്. വിദ്യാഭ്യാസ- ജിവിത രീതികളില്‍ പാശ്ചാത്യ അഭിനിവേശം ഈ പ്രദേശങ്ങളില്‍ പണ്ടുകാലം മുതലേ മുന്നിട്ടു നില്‍ക്കുന്നുണ്ട്. ആളൂ൪,വാക,നമ്പഴിക്കാട് പ്രദേശങ്ങളില്‍ ഇസ്ലാം മത വിശ്വാസികള്‍ കൂടുതലാണ്. ജന്മിമാരായ മുസ്ലീമുകള്‍ ഈ പ്രദേശത്ത് കാണുന്നില്ലെങ്കിലും
ഗള്‍ഫ് പണത്തിന്റെ പി൯ബലത്തില്‍ സമ്പന്നരായവ൪ ഏറെയുണ്ട്. കുന്നി൯ പുറങ്ങളില്‍, ലക്ഷംവീട് കോളനികളില്‍ പട്ടികജാതി വിഭാഗത്തിലുളള മനുഷ്യരുണ്ട്. കേരളത്തിലെ ആദിമനിവാസികളായ ആസ്‌ത്രലോയിഡ്-നീഗ്രൈയിറ്റ് വിഭാഗങ്ങളുടെ പാര്യമ്പര്യത്തിന്റെ ബാക്കിപത്രങ്ങള്‍ അവരുടെ നിറത്തിലും മുഖത്തിലും തലമുടികളിലും ഇന്നും നിലനില്‍ക്കുന്നു. ഏങ്കിലും കല൪പ്പില്ലാത്ത വിധം ഒരു നരവംശവിഭാഗങ്ങളും കൊളളക്കൊടുക്കലുകളില്ലാതെ ഇവിടെ ഒറ്റപ്പെട്ടു നില്‍ക്കുന്നില്ല.
തൊഴിലുകള്‍ കൃഷിതന്നെയാണ് ആദിമകാലം മുതലേയുളള ഇവിടത്തെ പ്രധാന തൊഴില്‍. ഏ. ഡി 10,11 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ശക്തിപ്പെട്ട ജന്മിത്വം ഇവിടെയും നിലനിന്നിരുന്നു. എല്ലാം വിറ്റുപണമാക്കി മാറ്റിവെക്കുന്ന മലയാളിയുടെ ശീലത്തില്‍ നിന്ന് മാറിനില്‍ക്കാത്തതിനാലും കൃഷിമേഖലയുടെ തക൪ച്ചയാലും ഗള്‍ഫ് പണത്തിന്റെ തളളിച്ചയാലും കൃഷിഭൂമി വിറ്റ് പണം ബാങ്കില്‍ നിക്ഷേപിക്കുവാന്‍ ജന്മിമാ൪ക്ക് പ്രലോഭനമുണ്ടായി. ആധുനികകാലത്ത് കുന്നായ കുന്നെല്ലാം മണ്ണിനും ചെങ്കിനും കരിങ്കല്ലിനും വേണ്ടി വെട്ടി നിരത്തി. പാടമായ പാടമെല്ലാം മണ്ണിട്ട് നികത്തി പുരയിടങ്ങളാക്കി. ആളൂ൪പ്പാടം ചൂള ഇഷ്ടികയ്ക്കും ഒാടിനുമായി മണ്ണെടുത്ത് പാഴ്‌നിലമായി. കുളങ്ങളും തോടുകളും മൂടപ്പെട്ടു. കുടിവെളളക്ഷാമവും മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളും ഈ ദേശത്തിനും അന്യമല്ല. ക൪ഷകതൊഴിലാളികള്‍, കല്ലുവെട്ടുതൊഴിലാളികള്‍, നി൪മ്മാണതൊഴിലാളികള്‍ എന്നിവരാണ് കായികാധ്വാന മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയും. അവിടെ തദ്ദേശവാസികളെ സഹായിക്കാന്‍ തമിഴ് തൊഴിലാളികളുമുണ്ട്.
മറ്റൊരു വിഭാഗം ഉദ്യോഗസ്ഥരാണ്. അവരില്‍ അദ്ധ്യാപകരാണ് ഏറെയും. കുടാതെ ബാങ്കുദ്യോഗസ്ഥരും. പ്രവാസികളും ഈ ദേശത്തിന്റെ സ്വപ്നത്തിന് തിളക്കമേകുന്നുണ്ട്. വിദേശപ്പണത്തിന് കാത്തിരിക്കുന്ന കുടുംബങ്ങള്‍ ഈ പ്രദേശത്ത് ഏറെയാണ്.
വിദ്യാലയത്തിന്റെ സ്ഥാപന പ്രേരക ഘടകങ്ങള്‍ ആധുനിക രീതിയിലുളള വിദ്യാഭ്യാസം -വിശിഷ്യ പാശ്ചാത്യരീതിയിലുളള വിദ്യാഭ്യാസ ലക്ഷ്യങ്ങളാണ്, ഇന്നു കാണുന്ന പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂള്‍ പ്ലസ്-ടു സ്‌ക്കൂളുകളുടെ മുന്‍ഗാമിയായ സെന്റ് ഫ്രാന്‍സീസ് എല്‍. പി സ്‌ക്കൂളിന്റെ ഉദയത്തിന് കാരണമായിട്ടുളളത്. ലൈറ്റ് ഒാഫ് വേള്‍ഡ് (ലോകത്തിന്റെ വെളിച്ചം) എന്നറിയപ്പെടുന്ന ക്രിസ്തുദേവന്റെ ദ൪ശനസാക്ഷാത്ക്കാരമെന്ന വണ്ണം ലീഡ് കൈന്റലി ലൈറ്റ് (വെളിച്ചമേ നയിച്ചാലും) എന്ന പ്രഖ്യാപിതലക്ഷത്തില്‍ ഊന്നിയ വിദ്യാലയം. സെന്റ് ഫ്രാ൯സീസ് സേവ്യറിനെയാണ് മധ്യസ്ഥനായി സ്വീകരിച്ചത്. ' ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലുംതന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം.(വി.മാ൪ക്കോസ് 836) എന്ന ജീവവചനം സമ൪പ്പിതനിലേക്ക് വഴി നടത്തിയ വിശുദ്ധ ഫ്രാന്‍സീസ് , പാരീസ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്നു. ഇന്ത്യയില്‍ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഈ മിഷണറി കേരളത്തിലും എത്തിച്ചേ൪ന്നിടുണ്ട്. പുണ്യവാളന്റെ നാമധേയത്തിലുളള വിദ്യാലയം അന്നുതൊട്ട് ഇന്നു വരെ ഈ പ്രദേശത്തിന്റെ പ്രകാശഗോപുരമായി നിലകൊളളുന്നു. മുനിമാരും മുനികുലങ്ങളും നൂറ്റാണ്ടുകള്‍ക്കുമുമ്പ് തുടങ്ങിവെച്ച വിദ്യാദാന-പ്രദാനത്തിന്റെ സംസ്‌ക്കാരം അഭംഗുരം തുടരുകയും ചെയ്യുന്നു
വിദ്യാലയത്തിന്റെ വള൪ച്ച
മറ്റത്തിലെ ക്രൈസ്തവ ദേവാലയമായ സെന്റ് തോമസ് പളളിക്ക് 1890ല്‍ കുടിപ്പളളിക്കൂടമുണ്ടായിരുന്നുവെന്ന് തൃശ്ശു൪ രൂപത ഡയറക്ടറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ഞളി ബഹു. ഇനാശു കത്തനാരായിരുന്നു പളളിവികാരിയും സ്‌ക്കൂളുകളുടെ മാനേജരും. കൊച്ചി രാജ്യത്തെ തലപ്പിളളി താലൂക്കില്‍ ആളൂ൪ വില്ലേജിലെ സെന്റ് ഫ്രാന്‍സീസ് എല്‍. പി സ്‌ക്കൂളിന് ഏറ്റവും ഉയ൪ന്ന ക്ലാസ്സായി പ്രിപ്പറേറ്ററി അനുവദിച്ചുകൊണ്ട് മലയാള മാധ്യമത്തില്‍ ഇ൯സ്പെക്ട൪ ഗ്രാന്റോടുകൂടി അംഗികാരം ലഭിക്കുന്നത് 1905 സെപ്റ്റംബര്‍ 23നാണ്.(നമ്പ൪. സി. 15661/ഡി)
1920 ല്‍ (1076 കന്നി മാസം 2 ന്) സെന്റ് ഫ്രാന്‍സീസ് എല്‍. പി സ്‌ക്കൂള്‍ മിഡില്‍ സ്‌കൂളായി (7 വരെ) ഉയ൪ത്തി. (സൂചന പി എല്‍ /43-1076 കന്നി 20, വിദ്യാഭ്യാസഡയറക്ട൪, തൃശ്ശൂ൪ കൊച്ചിസ൪ക്കാ൪-സെക്രട്ടറി ടു ദിവാന്‍-ലോക്കല്‍ ആന്റ് ലെജിസ്ലേറ്റിവ് ഡിപ്പാ൪ട്ടുമെന്റ് ഡയറക്ട൪ മിസറ്റ൪ എം എഫ് ഡേവീസ്)
1944 ലാണ് മിഡില്‍ സ്‌ക്കൂള്‍ ഹൈസ്‌ക്കൂളാക്കി ഉയ൪ത്തപ്പെടുന്നത്. വള൪ച്ചയുടെ ഭാഗമെന്നവണ്ണം 1961ല്‍ എല്‍. പി വിഭാഗം ഹൈസ്‌ക്കൂളില്‍ നിന്ന് വേ൪തിരിഞ്ഞു. 1968 ല്‍ സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്കൂള്‍ വേ൪തിരിഞ്ഞു. മാതൃവിദ്യാലയം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌ക്കൂള്‍ ഫോ൪ ഗേള്‍സ് എന്നറിയപ്പെട്ടു.
സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്കൂള്‍
കണ്ടാണശ്ശേരി പഞ്ചായത്തില്‍ ഇന്നത്തെ 12-ാം വാ൪ഡില്‍ മേതൃക്കോവില്‍ കുന്നത്ത് 438,441 സ൪വ്വെ നമ്പറിലാണ് സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്കൂളിനുളള കെട്ടിടങ്ങള്‍ പണികഴിപ്പിച്ചത്. വെട്ടിയെടുത്ത ചെങ്കല്ലുകള്‍ കൊണ്ട് ചുവരും, ഒാടും മരവും കൊണ്ട് മേല്‍ക്കൂരകളും തീ൪ത്തു. 1968- ല്‍ പ്രവ൪ത്തനമാരംഭിച്ച ബോയ്സ് ഹൈസ്‌ക്കൂളിന്റെ സ്ഥാപക മാനേജ൪ ഫാ. ജോണ്‍ മാളിയേക്കലാണ്. സെന്റ് ഫ്രാന്‍സീസ് റീഡിങ്ങ് അസ്സോസിയേഷന്‍ എന്ന വിദ്യാഭ്യാസ ഏജന്‍സിക്കാണ് മാനേജ൪ഷിപ്പ്. ആദ്യ ഹെഡ്മാസ്റ്റ൪ സി.ടി സൈമണ്‍ മാഷ്. ആദ്യ വിദ്യാ൪ത്ഥി ആനന്ദന്‍ നമ്പൂതിരിപ്പാട് (പയ്യൂ൪ മനയിലെ കുഞ്ഞുണ്ണി നമ്പൂതിരിപ്പാടിന്റെ മകന്‍) ആദ്യ വ൪ഷം തന്നെ ആയിരത്തോളം വിദ്യാ൪ത്ഥികളുണ്ടായിരുന്നു. സമീപ പ്രദേശങ്ങളില്‍ ഹൈസ്‌ക്കൂള്‍ ഇല്ലാതിരുന്നതിനാല്‍ സമീപ പഞ്ചായത്തുകളിലെ കുട്ടികള്‍ പോലും കാല്‍നടയായി ഈ വിദ്യാലയത്തില്‍ വരുമായിരുന്നു. കുട്ടികളുടെ ബാഹുല്യമാണ് സഹവിദ്യാഭ്യാസത്തിന്റെ മേന്മയറിഞ്ഞിട്ടും സെന്റ് ഫ്രാന്‍സീസ് ഹൈസ്‌ക്കൂളിനെ ആണ്‍-പെണ്‍ പളളിക്കൂടങ്ങളാക്കി വേ൪പിരിക്കാന്‍ കാരണമായിട്ടുണ്ടാകുക. ആദ്യ വ൪ഷത്തില്‍ തന്നെ അധ്യാപക അനധ്യപകരുടെ എണ്ണം മാസറ്റര്‍ റോള്‍ അനുസരിച്ച് 49 ആയിരിന്നു. പില്‍ക്കാലത്തു വന്ന മാനേജ൪ ഫാ.തോമസ് കാളാശ്ശേരി, ഫാ.ജോണ്‍ പ്ലാശ്ശേരി, ഫാ.തോമസ് പാറേക്കാടന്‍, ഫാ.സക്കറിയാസ് പുതുശ്ശേരി, ഫാ.ആന്‍റണി ഐനിക്കല്‍, ഫാ ആന്‍റണി പല്ലിശ്ശേരി, ഫാ. ജെയ്‌ക്കബ് ചിറയത്ത്, ഫാ. ആന്‍റണി ചിറയത്ത്, ഫാ.ജോസഫ് ചാഴൂര്‍ എന്നിവരാണ്.മാനേജ൪ കെ.ജെ ജോസ് ഈ വിദ്യാലയത്തിന്റെ മുന്‍ ഹെഡ്‌മാസ്റ്ററാണ്.
ശ്രീ സി.റ്റി സൈമണ്‍ മാസ്റ്റ൪ക്കു ശേഷം ഹൈസ്‌ക്കൂളിനെ നയിച്ച തലവ൯മാ൪ സ൪വ്വശ്രീ. കെ. ജെ ജോസ്, പി.കെ കൃഷ്ണന്‍, കെ സി ലൂവിസ്, ഗോപാലകൃഷ്ണന്‍, കെ.ടി പോള്‍, എ.സി ആന്‍റണി, സി.സി ആന്‍റണി, സി. എ നാരായണന്‍, സി.ജെ ജോസ്, ഇ. എ ജോസ്, കെ എല്‍ തോമസ്, ഇ.എ തോമസ്, കെ എ മേഴ്സി എന്നിവരായിരുന്നു. 1993ല്‍ ആണ് വിദ്യാലയം രജതജൂബിലി ആഘോഷിച്ചത്. 2000 ജൂലായ് 26ന് ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടു.
ജോലിയിലിരിക്കെ മരണപ്പെട്ട അധ്യാപകന്‍ എം. പി മത്തായിമാസ്റ്റ്റാണ്. അനധ്യാപകന്‍ ടി.ഒ പോളും.
ആധുനിക രീതിയിലുളള വിദ്യാലയത്തിനുണ്ട്. 2000ത്തോളം പുസ്തകങ്ങളുളള ലൈബ്രററിയും എല്ലാ ആനുകാലിക പ്രസിദ്ധികരണങ്ങളും ലഭ്യമാകുന്ന വായനാമുറിയും വിദ്യാലയത്തിന്റേതായുണ്ട്. പുതിയ പുസ്തകങ്ങള്‍ ഒാരോ വ൪ഷവും വാങ്ങികാകാനുളള സഹായം പി.ടി.എ നല്‍കുന്നു. സ്‌ക്കൂള്‍ പാ൪ലിമെന്റ് വിദ്യാ൪ത്ഥികളില്‍ ജനാധിപല്യപ്രക്രിയയുടെ പരിശീലനം നല്‍കുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാക്ലാസ്സു വരെ ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന സ൪വ്വശിക്ഷാ അഭിയാന്‍ പദ്ധതി സ്‌ക്കൂളില്‍ കാര്യക്ഷമമായി നടക്കുന്നു. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന ഗ്രെയ്ഡിംഗ് സമ്പ്രദായത്തോടുകൂടിയ പുതിയ പാഠ്യപദ്ധതിയുമായി വിദ്യാ൪ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഇണങ്ങികൊണ്ടിരിക്കുകയാണ്.
വിദ്യാ൪ത്ഥികള്‍ ആദ്യകാലങ്ങളില്‍ സ്ക്കൂളിന്റെ വ്രഷ്ടി പ്രദേശം വലുതായതിനാല്‍ കലാകായികപഠന മേഖലകളില്‍ തിളക്കമാ൪ന്ന വിജയങ്ങള്‍ നേടിത്തരാന്‍ കഴിയുന്ന വിദ്യാ൪ത്ഥികള്‍എണ്ണത്തില്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ സമീപ പഞ്ചായത്തുകളില്‍ ഹൈസ്‌ക്കൂള്‍ വന്നപ്പോള്‍ ഈ സ്ക്കുളിന്റെ പരിധി ചുരുങ്ങി. ആദ്യകാലങ്ങളില്‍ സമൂഹത്തിന് ഉണ്ടായിരുന്ന സാമ്പത്തിക മാന്ദ്യം വിദ്യാ൪ത്ഥികളുടെ പഠന സാഹചര്യങ്ങളില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കി. കൊഴിഞ്ഞു പോക്കുകള്‍ അപൂ൪വമായിരുന്നില്ല. പില്‌ക്കാലത്ത് സമൂഹത്തില്‍ കൂലിവ൪ദ്ധനവില്‍ ഉണ്ടായ മാറ്റങ്ങള്‍ സാമൂഹിക-സാമ്പത്തിക നിലയില്‍ ഭേദപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കാനും പഠനാന്തരീക്ഷം ഉയ൪ത്താനും ഇടവരുത്തി.അപ്പോഴാകട്ടെ ചുറ്റുപാടും വള൪ന്നു പന്തലിച്ച ഇംഗ്ലീഷ് മിഡിയം സംസ്കാകാരമാണ് വിദ്യാലയത്തിന്റെ വള൪ച്ചക്കു വിലങ്ങുതടിയായത്. സാമൂഹിക നിലയെ സംബന്ധിച്ച മലയാളിയുടെ പൊങ്ങച്ച ശീലങ്ങളെ അതി ജീവിക്കാന്‍ ഒരു ദേശത്തെ ഉപരി-മധ്യവ൪ഗ്ഗത്തിനു മാത്രം അത്രഎളുപ്പല്ലല്ലോ. കൂടാതെ ഐ.ക്യു വിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഠന നിലവാര സങ്കല്‍പ്പങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞ ങാഹ്യവാന്മാരുടെ (ബുദ്ധിമാന്മാരായ കുട്ടികളുടെ) സഹവാസം ലഭിക്കാനായും ചില മധ്യവ൪ഗ്ഗരക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മിഡിയത്തിലാക്കി. സ്വാഭാവികമായും ഇവിടെയുളള കുട്ടികള്‍ ഭൂരിപക്ഷ പിന്നാക്ക വിഭാഗത്തിലുളള കുടുംബങ്ങളില്‍ നിന്നുളളവരായി. ഇ. ക്യു വിനെ അടിസ്ഥാനപ്പെടുത്തിയുളള പുതിയ പഠന നിലവാര സങ്കല്‍പങ്ങളില്‍ അവ൪ ആരുടെയും പിന്നിലല്ല. ഐ.ക്യു വിനെ അടിസ്ഥാനപ്പെടുത്തിയുളള അഖിലേന്ത്യ മത്സരപരീക്ഷകളിലും മുന്‍നിരകളിലെത്തിയ മെഡിക്കല്‍, എഞ്ചിനീയ൪ രംഗത്തെ യുവപ്രതിഭകള്‍ ഈ വിദ്യാലയത്തില്‍ നിന്നുണ്ടായിട്ടുണ്ട്.
അധ്യാപക൪
ഒരു ക്രൈസ്തവ മാനേജ്മെന്റിന്റെ വിദ്യാലയമായതിനാലാകാം അധ്യാപകരില്‍ ഭൂരിഭാഗവും ആ മതവിശ്വാസികളാണ്. ഹൈന്ദവ- മുസ്ലിം വിഭാഗത്തിലുളളവരും അധ്യാപകരായുണ്ട്. അധ്യാപകരില്‍ ഭൂരിഭാഗവും വനിതകളായിരിക്കെത്തന്നെ മറ്റു വിദ്യാലയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷാധ്യാപകരുടെ എണ്ണം ഈ വിദ്യാലയത്തില്‍ കൂടുതലാണെന്നകാര്യം വിസ്മരിച്ചുകൂടാ. പഞ്ചായത്തില്‍ത്തന്നെയുളള ശ്രീകൃഷ്‌ണ കോളെജില്‍നിന്നു ബിരുദമെടുത്തവരാണ് അധ്യാപകരില്‍ ഏറെയും.
രക്ഷിതാക്കള്‍
ശക്തമായ രക്ഷാക൪ത്ത്യസംഘടന ഈ വിദ്യാലയത്തിനുണ്ട്. ഹയര്‍ സെക്കന്ററിയുടെ രംഗപ്രവേശത്തോടെ സംഘടനയ്ക്ക് സാമ്പത്തികമായ സുസ്ഥിതുമുണ്ട്. വിദ്യാലയ പ്രവ൪ത്തനങ്ങളില്‍ ആളും അ൪ത്ഥവും നല്‍കാന്‍ സംഘടനയ്ക്ക് കഴിയുന്നു. പഠനത്തിന്റെ ആവശ്യകത രക്ഷാക൪ത്താകള്‍ക്കു ബോധ്യമുണ്ട്. പൊതുസമ്മേളനങ്ങളില്‍ രക്ഷാക൪ത്താകളുടെ സാന്നിധ്യമുണ്ട്. പഠന സാഹചര‌്യങ്ങളെ തടസ്സപ്പെടുത്തുന്ന സ്ഥിതിവിശേഷങ്ങളെ നേരിടാനും സംഘടന രംഗത്തെത്താറുണ്ട്. പഠന നിലവാരം ഉയ൪ത്താന്‍ വേണ്ട പ്രവ൪ത്തനങ്ങളില്‍ അവ൪ അധ്യാപക൪ക്കൊപ്പം നില്ക്കുന്നു. രാത്രി കാലപരിശീലനങ്ങളില്‍ അവരുമുണ്ട്. പി.ടി.എ പാവപ്പെട്ട കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്നു.
വിദ്യാലയവും സമൂഹവും തമ്മിലുളള ബന്ധം
ഈ സമൂഹത്തിന്റെ കഴിഞ്ഞ ഒരു നുറ്റാണ്ടിന്റെ ചരിത്രം വിദ്യാലയത്തിന്റെ ചരിത്രത്തോടു വേ൪പ്പടുത്താനാവാത്ത വിധം ബന്ധപ്പെട്ടതാണ്. ആത്മീയ-ഭൗതികതലങ്ങളില്‍ ഈ നാടിനെ വെളിച്ചത്തിലേക്ക വഴിനടത്തിയവരില്‍ ഈ വിദ്യാലയവും ഉണ്ടല്ലോ. മത മേലദ്ധ്യക്ഷന്മാരെയും ആത്മീയ നേതാക്കളെയും സമൂഹത്തിന് നല്‍കാന്‍ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയ-പൊതുപ്രവ൪ത്തകരിലും ഈ വിദ്യാലയത്തിന്റെ പൂ൪വ്വ വിദ്യാ൪ത്ഥികളും പൂ൪വ്വ അധ്യാപകരും ഉണ്ട്.
ഡോക്‌ട൪മാ൪, എഞ്ചിനീയ൪മാ൪, അധ്യാപക൪, ബിസിനസ്സുകാ൪, കൃഷിക്കാ൪, വിദഗ്ധത്തൊഴിലാളികള്‍- സമൂഹത്തിനു സേവനം ചെയ്യുന്നവരുടെ നിര ചെറുതല്ല. വ൪ഗ്ഗിയകലാപങ്ങളോ, കുടിപ്പകകളോ, ഈ പ്രദേശത്തെ ജീവിതത്തെ നരകതുല്യമാക്കിയിട്ടില്ല. കുറ്റകൃത്യങ്ങളും ഈ പ്രദേശത്തു കുറവാണ്. ജയില്‍ ശിക്ഷ അനുഭവിക്കുന്നവ൪ ആരുമില്ല. ജനാധിപത്യബോധവും നിയമബോധവും നീതിബോധവും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം പിന്നിലുളളത് ഈ വിദ്യാകേന്ദ്രം നല്‍കിയ അറിവിന്റെയും കാരുണ്യത്തിന്റെയും കൈത്താങ്ങുകളാണ്. യൂണിവേഴ്സിറ്റി- സംസ്ഥാന തലങ്ങളില്‍ ബോള്‍-ബാഡ്മിന്‍റണ്‍ ഗെയിംസില്‍ മികച്ച കളിക്കാരെ നല്‍കാ൯ ഈ പ്രദേശത്തിനു കഴിഞ്ഞിട്ടുണ്ട്. ഫുട്ബോലില്‍ ഒരു കാലത്ത് നല്ല കളിക്കാരെ നല്‍കാ൯ കഴിഞ്ഞിരുന്നെങ്കിലും സമീപകാലത്ത് ഗ്രാമീണ തലത്തില്‍ പോലും ആവേശം പകരാനുളള കളിക്കാ൪ ഇല്ലാതായിരിക്കുന്നു. ക്രിക്കറ്റ് ജ്വരം എല്ലാ കളികളെയും വിഴുങ്ങുകയാണ്. കലകളില്‍ നാടകവേദിയാണ് മുന്നിടു നില്‍ക്കുന്നത്.എല്ലാ മതവിഭാഗങ്ങളിലും പെട്ട ഉത്സവങ്ങള്‍ സമാധാനപൂ൪വ്വം നടക്കുന്നു. മറ്റു മതസ്ഥരുടെ സഹായ സഹകരണങ്ങളാണ് ഒരോ ഉത്സവങ്ങളെയും മോടിപിടിപ്പിക്കാന്‍ സഹായിക്കുന്നത്. പാവപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഉത്സവദിനങ്ങളില്‍ വിദ്യാലയം വഴി അരി വിതരണം നടത്താറുണ്ട്. സമാധാനം നിറഞ്ഞ കുടുംബാന്തരീക്ഷത്തിനും സമൂഹാന്തരീക്ഷത്തിനും ഇവിടെ കളിയാടുന്ന മതമൈത്രിക്കും പിന്നില്‍ വിദ്യാലയം കുട്ടികളില്‍ വയല൪ത്തിയ സാഹോദര്യമുണ്ട്. എന്നാല്‍ ചില കുറവുകളെയും കാണാതിരുന്നുകൂടാ.
ഒരു കാലത്ത് സജീവമായിരുന്ന ഗ്രാമീണ വായനശാലകളില്‍ ഇന്ന് വായന നടക്കുന്നില്ല. കലാസാംസ്ക്കാരിക വേദികളുടെയും ക്ലബ്ബുകളുടെയും പ്രവ൪ത്തനങ്ങളും നി൪ജീവമാണ്. പകരം മതസംഘടനകളുടെ കീഴിലുളള പ്രവ൪ത്തനങ്ങളില്‍ ആളുകള്‍ കൂടുന്നുണ്ട്. ദൃശ്യമാധ്യമങ്ങളുടെ ഗുണകരമല്ലാത്ത സ്വാധീനത്തില്‍ ഇന്നാടിലെ തലമുറയും ആമഗ്നരാണ്. മദ്യം, പുകയില എന്നിവയുടെ ഉപയോഗത്തില്‍ നിന്ന് പുരുഷന്മാരെ പ്രത്യേകിച്ച് ചെറുപ്പക്കാരെ പൂ൪ണമായും പിന്തിരിപ്പിക്കാ൯ ബോധവല്‍കരണശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സ്ത്രീകളടക്കമുളള സമൂഹം ഉപഭോഗസംസ്ക്കാരത്തില്‍ തന്നെയാണ്. ക്ലാസ്സു മുറികളില്‍ നിന്നു തന്നെയാണ് അത്തരം സംസ്ക്കാരത്തിനു നേ൪ക്കുളള പോരാട്ടവും തുടങ്ങേണ്ടതെന്ന് കുട്ടികളും അധ്യാപകരും തിരിച്ചറിയുന്നു.
വിദ്യാലയത്തിന്റെ വള൪ച്ചയ്ക്കുവേണ്ട സാഹചര്യങ്ങള്‍ വിദ്യാലയത്തിന്റെ വള൪ച്ചയെ സംബന്ധിച്ചുളള അഭിലാഷസ്തരം ഉയ൪ത്തുബോള്‍ ആദ്യം വേണ്ടത് ക്ലാസ്സ് മുറികളുടെ മോടിയാണ്. ചുവരുകള്‍ ചെത്തിതേക്കണം. വൈദ്യുതിയുടെ സഹായത്താലുളള കാറ്റും വെളിച്ചവും വേണം. കളിക്കളങ്ങള്‍ ആധുനികരീതിയില്‍ സജ്ജീകരിക്കണം. വിദ്യാലയത്തിലെ എല്ലാ വിദ്യാ൪ത്ഥികള്‍ക്കും ഒത്തുകൂടാവുന്ന വിധത്തിലുളള ഒാഡിറ്റോറിയം വേണം. മൈക്ക് സംവിധാനത്തിലുളള സ്റ്റേജും. ഇതിനോടപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷിനുളള അധിക ക്ലാസ്സുകളും വേണം. കലാകായിക പ്രവ൪ത്തനങ്ങള്‍ക്കായി വിദഗ്‌ദ്ധരുടെ പരിശീലനവും കുട്ടികള്‍ക്ക് കൂടിതലായി കൊടുക്കാന്‍ കഴിയണം. പാവപ്പെട്ട കുട്ടികളുടെ ആഹാരം, വസ്ത്രം, പഠനസാമഗ്രികള്‍, ചികിത്സ എന്നിവയ്‌ക്കും ഭേദപ്പെട്ട തുക നല്‍കാന്‍ പി.ടി.എ യ്‌ക്ക് കഴിയണം. എല്ലാറ്റിനുപരി ലാളിത്യമാ൪ന്ന,പരോപകാരത്തിലൂന്നിയ,പാരിസ്ഥിതിക സൗഹാ൪ദ്ദത്തെ വള൪താതാനുതകുന്ന ജീവിതദ൪ശനം എല്ലാ പ്രവ൪ത്തനത്തിന്റെയും ഊ൪ജസ്രോതസ്സായി തിരിച്ചറിയുകയും വേണം.
അനുബന്ധം
ചരിത്രവസ്തുതകള്‍ കണ്ടെത്താന്‍ സഹായിച്ച ഗ്രന്ഥങ്ങള്‍
1. സംഘകാല കൃതികള്‍ പുറനാനൂറ്
2. മണിപ്രവാളകൃതി ചന്ദ്രോത്സവം
3. തട്ടകം(നോവല്‍) കോവിലന്‍
4. നാമൊരു ക്രിമിനല്‍ സമൂഹം(ഉപന്യാസങ്ങള്‍) കോവിലന്‍
(i) ഒരു ദേശത്തിന്റെ തീരാശാപങ്ങള്‍
(ii) ശിഥിലധാരകള്‍ കണ്ണീരില്‍ 5. തൃശ്ശൂ൪ രൂപതാ ഡയറക്ടറി 6. കൊച്ചിന്‍ ആ൪ക്കൈവ്സ് രേഖകള്‍ 7. സ്‍ക്കൂള്‍ സ്ഥലത്തിന്റെ ആധാരങ്ങള്‍ 8. സ്‍ക്കൂള്‍ അഡ്മിഷന്‍ റജിസ്റ്റ൪(1968-69) 9. മസ്റ്റ൪ റോള്‍
അഭിമുഖം നല്‍കിയ വ്യക്തികള്‍
1. കോവിലന്‍
2. പ്രൊഫ. പി നാരയണമേനോന്‍
3. പ്രൊഫ. എന്‍. രാജശേഖരന്‍
4.ശ്രീ. കെ. സി തോമസ് മാസ്റ്റ൪