എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/ലിറ്റിൽകൈറ്റ്സ്/2024-27

2024-2027 ബാച്ച് സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിൻ്റെ ഈ വർഷത്തെ സ്കൂൾ ക്യാമ്പ് (ഒന്നാം ഘട്ടം ) 2025 മെയ് 21 ബുധനാഴ്ച രാവിലെ 9.30 മുതൽ നടന്നു. ഈ ക്യാമ്പിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സജീവമായി പങ്കെടുത്തു. എക്സ്റ്റേണൽ റിസോഴ്സ് പേഴ്സണായി ശ്രീ. റജിൻ ജേക്കബ് മാമൻ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോസഫ് വി. തോമസ് ഈ ക്യാമ്പിന് വേണ്ട സഹായം നൽകി. റീൽസ് നിർമിക്കൽ, പ്രമോ വീഡിയോ തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി കുട്ടികൾ പൂർത്തിയാക്കി. 3.30 ഓടുകൂടി ക്യാമ്പ് അവസാനിച്ചു
2024-27 ബാച്ച് സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം

ആങ്ങമൂഴി എസ്. എ.വി ഹൈസ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 24-ന് സ്കൂളിൽ വച്ച് നടന്നു. ഹൈസ്കൂൾ മണിയാറിലെ കൈറ്റ് മെൻ്ററായ ശ്രീമതി വിജയലക്ഷ്മി. ജി ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് എച്ച്.എം. ആയ രാജേഷ് യോഹന്നാൻ ആണ്. കൈറ്റ് മെന്റേഴ്സായ ജോസഫ് വി. തോമസ്, മെറിൻ വർഗ്ഗീസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സംഘപഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും മികച്ച അനുഭവമാണ് ഇത്തരം ക്യാമ്പുകൾ ഓരോ വിദ്യാർത്ഥിക്കും നൽകുന്നത്. അതോടൊപ്പം, സ്കൂൾതല പരിശീലനത്തിലൂടെയും പ്രകടനത്തിലൂടെയും കുട്ടികൾ ആർജിച്ചെടുത്ത നൈപുണികൾ പ്രകടിപ്പിക്കുവാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.
ഇതിനായി മൂന്ന് സെഷനുകളാണ് ഈ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പഠനാന്തരീക്ഷത്തിലേക്ക് നയിക്കുന്ന മഞ്ഞുരുക്കൽ സെഷന് ശേഷം, ബ്ലോക്ക് പ്രോഗ്രാമിങ് ഉപയോഗിച്ച് ഒരു ബാസ്കറ്റ്ബോൾ ഗെയിം തയ്യാറാക്കൽ, കലോത്സവത്തിന്റെ പ്രചാരണത്തിനായി ഒരു റീൽസ് തയ്യാറാക്കൽ എന്നിവയായിരുന്നു ആ മൂന്ന് സെഷനുകൾ.റെഗുലർ ക്ലാസുകളിൽ വിദ്യാർത്ഥികൾ പരിചയിച്ച ഐ.ടി. സങ്കേതങ്ങളും നേടിയ ശേഷികളും പ്രയോഗത്തിൽ വരുത്തുവാൻ അവസരം ഒരുക്കിക്കൊണ്ടാണ് ക്യാമ്പ് നടത്തിയത്. ബ്ലോക്ക് പ്രോഗ്രാമിംഗ്,പഠനത്തിലൂടെ വിദ്യാർത്ഥിയുടെ കാര്യകാരണ ചിന്ത, വിശകലന ശേഷി, പ്രശ്നനിർദ്ധാരണ ശേഷി എന്നിവ വികസിപ്പിക്കാൻ സാധിക്കുന്നു.
ഈ സെഷൻ, അംഗങ്ങൾക്ക് റെഗുലർ ക്ലാസുകളിൽ പഠിച്ചതിനേക്കാൾ കൂടുതൽ പ്രോഗ്രാമിങ് സങ്കേതങ്ങൾ പരിചയപ്പെടുത്താനും അതുവഴി പ്രോഗ്രാമിങ് പ്രവർത്തനങ്ങളിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു.
ഗെയിം സെഷൻ
ക്യാമ്പിന്റെ മഞ്ഞുരുക്കൽ പ്രവർത്തനമായിരുന്നു ഈ സെഷൻ. ക്യാമ്പ് രസകരമാക്കാൻ കുട്ടികളെ ഒരു ഗെയിം അന്തരീക്ഷത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അതിനായി രണ്ട് ഗെയിമുകളാണ് അവതരിപ്പിച്ചത്. ആധുനിക ഗെയിം ഡെവലപ്‌മെന്റിൽ ഉപയോഗിക്കുന്ന ഫിസിക്സ് എൻജിൻ പോലുള്ള ചില സങ്കേതങ്ങൾ ഉൾക്കൊള്ളുന്ന ഗെയിമുകൾ കളിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി.ഇതിലൂടെ പരിചയപ്പെട്ട ഗെയിമിൻ്റെ സവിശേഷതകൾ ചർച്ച ചെയ്യുന്നതിലൂടെ, പ്രോഗ്രാമിങ്ങിലെ ഉയർന്ന സങ്കേതങ്ങൾ പരിചയപ്പെടാൻ വിദ്യാർത്ഥിക്ക് അവസരം ലഭിച്ചു.
ബാസ്കറ്റ്ബോൾ ഗെയിം തയ്യാറാക്കൽ
ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിചയപ്പെട്ട സങ്കേതങ്ങളും നേടിയ ശേഷികളും പ്രയോഗിക്കാനും, പുതിയ സന്ദർഭങ്ങളിൽ അവ ഉപയോഗിക്കാനുമുള്ള അവസരം ഒരുക്കുന്ന തരത്തിലാണ് ഈ പ്രവർത്തനം ആസൂത്രണം ചെയ്തത്.സ്ക്രാച്ച് 3-യിലെ ബോക്സ് 2D ഫിസിക്സ് എക്സ്റ്റൻഷൻ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾ ഗെയിം തയ്യാറാക്കി. ഈ ഗെയിം നിർമ്മിക്കാൻ പഠിച്ചതിലൂടെ വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിങ് പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം ജനിപ്പിക്കാൻ സാധിച്ചു.
അനിമേഷൻ സെഷൻ
വിദ്യാർത്ഥികളിൽ അനിമേഷനോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും കൂടുതൽ അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെടുത്തി ഈ മേഖലയിലെ വിവിധ സാധ്യതകൾ മനസ്സിലാക്കാനും സഹായിക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഒരു പ്രമോ വീഡിയോ തയ്യാറാക്കുന്ന പ്രവർത്തനമാണ് ഇവിടെ വിദ്യാർത്ഥികൾ നടത്തിയത്. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയത്.രണ്ടാമത്തെ പ്രവർത്തനത്തിൽ, കേഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത പശ്ചാത്തല സംഗീതം ഉൾപ്പെടുത്തി വീഡിയോ പൂർത്തിയാക്കി. ഓപ്പൺ ടൂൺസിൽ സ്കെയിൽ, റൊട്ടേഷൻ, പൊസിഷൻ തുടങ്ങിയവ ഉപയോഗിച്ചുള്ള അനിമേഷനുകൾ തയ്യാറാക്കാൻ വിദ്യാർത്ഥികൾ മനസ്സിലാക്കി.
തയ്യാറാക്കിയ അനിമേഷൻ വീഡിയോ റെൻഡർ ചെയ്ത് വിദ്യാർത്ഥികൾ പെൻഡ്രൈവിൽ സൂക്ഷിച്ചു. ഉപജില്ല തലത്തിലുള്ള സെലക്ഷനുവേണ്ടി ഈ വീഡിയോയുടെ നിലവാരം അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഒമ്പതരയ്ക്ക് തുടങ്ങിയ ക്യാമ്പ് കൃത്യം നാലരയ്ക്ക് അവസാനിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഫീഡ്ബാക്കും രേഖപ്പെടുത്തി.
| Home | 2023 - 26 | 2024 - 27 | 2025 - 28 |