സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128 വിദ്യാർത്ഥിനികളുമായി സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്,1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യയനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനെട്ട് ഡിവിഷനുകളിലായി 1163 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 492 കുട്ടികളും അധ്യയനം നടത്തിവരുന്നു. ഹയർസെക്കൻഡറി ലീഡർ അമിയ എൽസ ബിജു, ഹെെസ്ക്കൂൾ ലീ‍ഡർ കുമാരി അനഘ എസ് എന്നിവർ തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു. അറിവിന്റെ പ്രകാശം പരത്തുന്ന, ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും,സാധനയും,സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് അമ്പത്തിരണ്ട് പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക-അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.1964 വടക്കഞ്ചേരിയുടെ ചരിത്രത്തിൽ സുപ്രധാന വർഷമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിൽ വിശേഷിച്ചും ചെറുപുഷ്പം ജന്മം കൊണ്ട വർഷം! വടക്കഞ്ചേരിക്കൊരു പെൺപള്ളിക്കുടം സ്ഥാപിതമായ വർഷം. കുടുംബങ്ങളുടെ കൂട്ടായ്മ സാധിച്ചുകൊണ്ട് ഹോളി ഫാമിലി കോൺഗ്രിഗേ‍ഷന്റെ സ്ഥാപക മദർ മറിയം ത്രേസ്യായേ പിൻചെല്ലുന്നതിനുള്ള പരേതയായ മദർ ഇസബെല്ലിന്റെ നിസ്തുല പരിശ്രമം ഫലമണിയുന്നതിനുള്ള മാധ്യമം വെളിച്ചം കണ്ട വർഷം‍! അ‍‍‍‍‍‍‍‍ഞ്ചരപതിറ്റാണ്ടുകൾക്കുമുമ്പ് ഇന്നത്തേതുപോലുള്ള ഒരു ജീവിത സൗകര്യം ഇല്ലാതിരുന്ന കാലത്ത് കുതിരാനപ്പുറം ആദ്യമായി ഉയർന്നു വന്ന ഈ പെൺപള്ളിക്കൂടത്തിന് ബാല്യദശകം കഴിച്ചു കൂട്ടുവാൻ, വളർച്ചയുടെ ഘട്ടങ്ങളിലേക്ക് നടന്നടുക്കുവാൻ വളരെയേറെ ക്ലേശങ്ങൾ തരണം ചെയ്യേണ്ടിവന്നു. എന്നാൽ ചെറുപുഷ്പം വളർച്ചയുടെ പടവുകളിലൂടെ ഉന്നതമായ ലക്ഷ്യത്തോടെ, തളരാത്ത കാൽവയ്പ്പ്പോടെ, പരിശ്രമത്തിന്റെ വെന്നികൊടിയുമായി ഇന്നും മുന്നേറിക്കൊണ്ടിരിക്കുന്നു.

വടക്കഞ്ചേരിയുടെ ചരിത്രം


പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറേ അറ്റത്ത് സ്ഥിതിചെയ്യുന്നൊരു പട്ടണമാണ് വടക്കഞ്ചേരി. തൃശ്ശൂർ-പാലക്കാട് റൂട്ടിൽ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തായാണ് (33 കിലോമീറ്റർ) ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണു വടക്കഞ്ചേരി. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയുമായി പേരിനു സാമ്യമുള്ളതിനാൽ വടക്കുംചേരി എന്ന് തെറ്റായും അറിയപ്പെടാറുണ്ട്. ഭാരതപ്പുഴയുടെ പോഷകനദിയായ മംഗലം പുഴ വടക്കഞ്ചേരി വഴി കടന്നുപോകുന്നു. പുഴയ്ക്ക് കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്ന് അറിയപ്പെടുന്നു. ശബരിമല തീർത്ഥാടനകാലത്ത് തമിഴ്നാട്ടിൽ നിന്ന് വരുന്ന ഭക്തർ ഇവിടെ തമ്പടിയ്ക്കാറുള്ളതിനാൽ സ്ഥലത്തിന് 'മിനി പമ്പ' എന്നും പേരുണ്ട്. ചിപ്സ് വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും.

2011-ലെ സെൻസസ് അനുസരിച്ച് 35, 891 ആണ് വടക്കഞ്ചേരിയിലെ ജനസംഖ്യ. സാക്ഷരത ഏതാണ്ട് 95 ശതമാനമുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. മുസ്ലീം, ക്രിസ്ത്യൻ മതവിശ്വാസികളും ധാരാളമുണ്ട്. കോട്ടയം ഭാഗത്തുനിന്ന് കുടിയേറിയവരാണ് ഇവിടത്തെ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും. റബ്ബറാണ് ഇവരുടെ പ്രധാന കൃഷി. ധാരാളം റബ്ബർ തോട്ടങ്ങൾ വടക്കഞ്ചേരിയിലുണ്ട്. കൂടാതെ തെങ്ങ്, നെല്ല്, കുരുമുളക് തുടങ്ങിയവയും ധാരാളമായി കൃഷി ചെയ്തുവരുന്നു.