എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
സ്കൂൾ പത്രാധിപസമിതി
മുഖ്യ പത്രാധിപർ : ബീന കെ., പ്രധാനാധ്യാപിക
സഹ പത്രാധിപർ : ഡെസ്സി വി. ജെ.
പത്രാധിപസമിതി അംഗങ്ങൾ : അനിത വർഗീസ്

ബിസ്ലാൽ പി ബിജു

സനീജ ഷാനവാസ്

നയനമോൾ ടി എസ്

അർജുൻ അജികുമാർ

എഴുപത്തിമൂന്നാമത് സ്കൂൾ വാർഷികം ആഘോഷിച്ചു

മാർച്ച് 4, 2022 - കുന്നം മാർത്തോമ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എഴുപത്തിമൂന്നാമത്  വാർഷിക ആഘോഷവും രക്ഷാകർത്തൃ സമ്മേളനവും നടത്തപ്പെട്ടു. റാന്നി എം. എൽ. എ.  അഡ്വ. പ്രമോദ് നാരായൺ  തന്റെ മഹനീയ സാന്നിധ്യത്താൽ മനോഹരമാക്കിയ ചടങ്ങിൽ ഈ അധ്യായന വർഷം വിവിധ അക്കാദമിക നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും സജീവ സേവനത്തിൽ നിന്ന് വിരമിക്കുന്ന വത്സമ്മ കെ. കെ. ടീച്ചർക്ക് യാത്രയയപ്പ്  നൽകുകയും ചെയ്തു. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെട്ട  സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ജോൺ കുരുവിള, ഹെഡ്മിസ്ട്രസ്  ബീന കെ., പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് എന്നിവർ സംസാരിച്ചു. സജീവ സേവനത്തിൽ നിന്നും വിരമിക്കുന്ന വത്സമ്മ ടീച്ചർക്ക്  അധ്യാപക, അനധ്യാപക, വിദ്യാർത്ഥി, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.

വിദ്യാവനം പദ്ധതി നാടിനായി സമർപ്പിച്ചു

മാർച്ച് 4, 2022 - കുന്നം മാർത്തോമ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ "വിദ്യാവനം" പദ്ധതി നാടിനായി സമർപ്പിച്ചു. സംസ്ഥാന  വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി അഡ്വ. പ്രമോദ് നാരായൺ ഇന്ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു. ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺ കുരുവിള, ഹെഡ്മിസ്ട്രസ് ബീനാ കെ. പ്രിൻസിപ്പൽ ശ്രീ. റോബിൻ ജി അലക്സ്, പദ്ധതിയുടെ ചുമതല വഹിക്കുന്ന വത്സമ്മ കെ. കെ., സെറീന ഏബ്രഹാം  ആദിയായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ഏകദിനക്യാമ്പ് നടത്തി

ലിറ്റിൽ കൈറ്റ്സ് 2020 – 23 ബാച്ചിന്റെ സ്കൂൾതലക്യാമ്പ് 2022 ജനുവരി മാസം 20 ന് രാവിലെ 10.00 മണിയോടുകൂടി ആരംഭിച്ചു. രാവിലെയുള്ള ജനറൽ സെഷനിൽ കുട്ടികൾ വിവിധ ഗെയിമുകൾ കളിച്ച് പോയിന്റുകൾ നേടി. തുടർന്ന് അനിമേഷൻ ക്ലാസ് ആയിരുന്നു. ഒന്നിലധികം സീനുകൾ കൂട്ടിച്ചേർത്ത് അനിമേഷൻ വീഡിയോകൾ നിർമ്മിക്കാൻ കുട്ടികൾ പ്രാപ്തരായി. ഉച്ചയ്ക്കുശേഷം പ്രോഗ്രാമിങ്ങ് സെഷനായിരുന്നു. സ്ക്രാച്ച് സോഫ്റ്റ്‍വെയറിലൂടെ കുട്ടികൾ റോഡിലൂടെ കാറോടിക്കാനും കാറിനെ നിയന്ത്രിക്കാനും പഠിച്ചു. 3.00-3.30 വരെ മൊബൈൽ ആപ്പ് കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് എം. ടി. ഇന്ററാക്ഷൻ സെഷൻ ആയിരുന്നു. രസകരവും കൗതുകകരവും വിജ്‍‍ഞാനപ്രദവുമായ ക്ലാസായിരുന്നു എന്ന് കുട്ടികൾ അഭിപ്രായം രേഖപ്പെടുത്തി. 19 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് മാരായ അനു വർഗീസ് , ബെറ്റി വർഗീസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി


കോവിഡ് ബാധിതർക്ക് "കരുതൽ സ്പർശം"

ജനുവരി 12, 2022 - കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. ഇന്ന് നടന്ന പൊതുസമ്മേളനത്തിൽ നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്‌ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.

'അതിജീവനം' ക്യാമ്പ്

ജനുവരി 2, 2022 - കോവിഡ് അടച്ചിടൽ അതിജീവിക്കാൻ കുട്ടികളെ സജ്ജരാക്കുന്ന കൗമാര വിദ്യാഭ്യാസ പദ്ധതിയാണ് "അതിജീവനം".

2021 ഡിസംബർ 26 മുതൽ ൨൦൨൨ ജനുവരി 1 വരെ കുന്നം എം.ടി.വി.എച്ച് .എസ്. സ്കൂളിലാണ് അതിജീവനം ക്യാമ്പ് നടന്നത്. വിവിധങ്ങളായ നൈപുണ്യവികസന പരിശീലനം ക്യാമ്പ് അംഗങ്ങൾക്ക് നൽകി. കുട്ടികൾ ഒരു അടുക്കള കലണ്ടർ തയ്യാറാക്കി വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നൽകുകയുണ്ടായി.

ക്രിസ്തുമസ് കരോൾ നടത്തി

ഡിസംബർ 24, 2021 - കുന്നം, മാർത്തോമാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. റവ. ജോൺ കുരുവിള മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും കരോൾ ഗാനങ്ങൾ ആലപിച്ചു.

പ്രവേശനോത്സവം നടത്തപ്പെട്ടു

നവംബർ 1, 2022 - ഈ അധ്യയനവർഷത്തെ നേരിട്ടുള്ള ക്‌ളാസ്സുകളുടെ ആരംഭിച്ചു. കോവിഡ് പ്രതിസന്ധിക്കു ശേഷം വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന അവസരത്തിൽ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വിവിധങ്ങളായ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. ക്ലാസ്സ്മുറികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതോടൊപ്പം സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് അനുയോജ്യ പെരുമാറ്റം ഊട്ടിയുറപ്പിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ ആശയങ്ങൾ സംവേദനം ചെയ്യാനുതകും വിധം പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.

അനുമോദന സമ്മേളനം

ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാനായി 2021 സെപ്റ്റംബർ 15 നു പൊതുയോഗം സംഘടിപ്പിച്ചു. റാന്നി നിയോജകമണ്ഡലം എം. എൽ. എ. അഡ്വ. പ്രമോദ് നാരായൺ മുഖ്യാതിഥി ആയിരുന്നു.

പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു

സെപ്റ്റംബർ 13, 2021 - പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി, 2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രധാനാദ്ധ്യാപിക ബീന കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. പ്രസ്തുത യോഗത്തിൽ ഗൂഗിൾ മീറ്റിൽ 133 പേരും യൂട്യൂബ് ലൈവിൽ 75  പേരും പങ്കെടുത്തു. നൂൺമീൽ സ്കീം സ്കൂൾ കൺവീനർ ജയ ജോർജ്ജിന്റെ കൃതജ്ഞയോടുകൂടി 9:40 നു യോഗം സമംഗളം പര്യവസാനിച്ചു.

"മക്കൾക്കൊപ്പം" സംവാദം സംഘടിപ്പിച്ചു

ഓഗസ്റ്റ് 28, 2021 - കൊറോണ കാലത്ത് കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നതിന് സംബന്ധിച്ച് തുറന്ന സംവാദം കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ഇന്നലെ ഓൺലൈൻ മീറ്റിംഗ് നടത്തി. 5, 6, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ബൈജ വി. ജെ. യും 7, 8, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ജയശ്രീ റ്റി. ജി. ഉം വിഷയാവതരണം നടത്തി.

കർഷക ദിനം ആചരിച്ചു

നല്ല പാഠം, എക്കോ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട റ്റി. കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വൈകല്യങ്ങളോട് പൊരുതി മണ്ണിൽ പൊന്ന് വിളയിക്കുന്ന വെച്ചൂച്ചിറ അരീപറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തുടർന്ന് വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ "നമ്മുടെ നാട് നമ്മുടെ ഭൂമി" എന്ന ആശയ പ്രചരണാർത്ഥം ഫലവൃക്ഷ തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബീന കെ., നല്ലപാഠം കൺവീനർ വത്സമ്മ കെ. കെ, ഇക്കോ ക്ലബ് കൺവീനർ സെറീന എബ്രഹാം, അധ്യാപകർ ആയ മാത്യു പി. വർഗ്ഗീസ്, എമി അലക്സാണ്ടർ, റിനി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു.