സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാന്നാനം ഒറ്റനോട്ടത്തിൽ
കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഒരു പ്രദേശമാണ് 'മാന്നാനം'.(മാന്നാനം)കേരവൃക്ഷങ്ങളും മല നിരകളും, കുന്നുകളും, മരതക കാടുകളും അങ്ങിങ്ങായി വളഞ്ഞു നീണ്ടു കിടക്കുന്ന ചെമ്മൺ പാതകളും ഒരു വശത്ത് ഉയർന്ന് നിൽക്കുമ്പോൾ, മറു വശത്ത് താഴെ പുഞ്ച പാടങ്ങളും, പൂന്തേനരുവികളും, കഥ പറഞ്ഞൊഴുകുന്ന ചെറുപുഴകളും, പാതയോരത്ത് ഇരുവശങ്ങളിലും ഇടതൂർന്ന് നിൽക്കുന്ന റബർമരങ്ങളാലും അനുഗ്രഹീതമായ ആശ്രമ ദേവാലയത്തോട് ചേർന്നുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാലും പ്രകൃതിരമണീയത ചാലിച്ചെടുത്ത മനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് മാന്നാനം. മാന്നാനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങൾ ആണ് കൈപ്പുഴയും, വില്ലൂന്നിയും, ആർപ്പൂക്കരയും, അതിരംമ്പുഴയും. മാന്നാനത്തിന്റെ അതിർത്തി തീർക്കുന്ന വേലംകുളവും മാന്നാനം മറ്റം കവലയും, ചാത്തുണ്ണിപാറയും മാന്നാനം കുട്ടിപ്പടിയും മാന്നാനത്തിന്റെ അതിരുകളാണ്. യാത്രാക്ലേശം കൂടാതെ നാല് ദിക്കിൽ നിന്നും മാന്നാനത്ത് വന്ന് ചേരാം എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. "വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പർശം കൊണ്ട് പവിത്രമായ മാന്നാനം ആഗോളപ്രശസ്തിയാർജ്ജിച്ച തീർത്ഥാടന കേന്ദ്രമാണ്.

നെൽപ്പാടം

ഭൂമി ശാസ്ത്ര പശ്ചാത്തലം
കോട്ടയം ജില്ലയിൽ നിന്നും 12 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുന്നുകളും, തോടുകളും, മലനിരകളാൽ പ്രകൃതിരമണിയമായ പ്രദേശമാണ് മാന്നാനം. ചരിത്രത്തിൽ മാന്നാനം എന്ന പ്രദേശത്തിന് അതീവ പ്രാധാന്യമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 150 അടി ഉയർന്ന് നിൽക്കുന്ന മാന്നാനം കേരളത്തിലെ കർമ്മലമലയെന്നും "ഭാരതത്തിലെ വെനീസ്" എന്നും വിശേഷിപ്പിക്കപ്പെട്ടതാണ്.മാന്നാനം ക‍ുന്നിൽ നിന്നും പടിഞ്ഞാറോട്ട് നോക്കിയാൽ വേമ്പനാട്ട് കായൽ മുതൽ വിസ്തൃതമായ വടക്കൻ കുട്ടനാട് പച്ചപ്പട്ടുപോലെ കാണാൻ കഴിയും. അത് കണ്ടിട്ടാവും വിശുദ്ധ ചാവറ പിതാവ് പാടിയത്."ഇളം കുളിർ പുല്ലുകളാൽ നിറഞ്ഞു നൽപ്പച്ച വില്ലീസ് വിരിച്ച പോലെ" സുര്യാസ്തമ സമയത്ത് ഈ കുന്നിൻ മുകളിൽ നിന്നുള്ള ദൃശ്യ ഭംഗി അവിസ്മരണീയമാണ്.ചരിത്രമുറങ്ങുന്ന മാന്നാനം മണ്ണിന്റെ ഒരു പ്രധാന ആകർഷണമാണ് മാന്നാനം പുഞ്ചപ്പാടം. പച്ചപ്പട്ടു വിരിച്ചതു പോലെ കൈപ്പുഴ-മാന്നാനം റോഡിന്റെ ഇരുവശങ്ങളിലായി പരുന്നു കിടക്കുന്ന ഈ നെൽപ്പാടം വിനോദ സഞ്ചാരികൾക്ക് ഒരാകർഷണം തന്നെയാണ്.മനുഷ്യന്റെ വളർച്ചയുടെ ഓരോ ചുവടിലും പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി ഒരു ജീവിതക്രമം കെട്ടിപ്പടുക്കുകയെന്ന "പരിസ്ഥിതി ഗ്രാമം" എന്ന പദ്ധതിവഴി മാന്നാനത്തിന് അന്തർദേശീയ പ്രശസ്തി കൈവരിക്കുവാൻ കഴിഞ്ഞു.വർഷങ്ങൾക്ക് മുൻപ് മാന്നാനം ആശ്രമ ദേവാലയത്തിൽ ലേക്കുള്ള പാത മാന്നാനം കവലയിൽ നിന്നും ദേവാലയത്തിലേക്ക് ഇപ്പോൾ കപ്പേളയ്ക്കും കവാടത്തിനും ചേർന്ന മുകൾഭാഗം ചെമ്മൺ പാതയായിരുന്നു.താഴെ ടാറിട്ട റോഡ് കൈപ്പുഴക്ക് ഉളളത് ആയിരുന്നു. അന്ന് ചെറിയ വെയ്റ്റിംഗ് ഷെഡും അതിനോടു ചേർന്ന് ഒരു മാടകടയുണ്ടായിരുന്നു കൈപ്പുഴയ്ക്കും പള്ളിയ്ക്കും തിരിയുന്ന ഇന്നത്തെ നിരപ്പായ റോഡിന്റെ വളവിൽ മാന്നാനം ശങ്കു എന്ന വ്യക്തി താമസിച്ചിരുന്നു പിള്ളച്ചേട്ടൻ തുണിക്കട, ബുക്സ്റ്റാൾ, സൂര്യ ജൗളി കട, പഴയ പോസ്റ്റ് ഓഫീസ്, റേഷൻകട, സൂര്യ കവലക്കും മാനത്തിനും ഇടയ്ക്ക് അന്നത്തെപ്പോലെ ഇന്നും പ്രവർത്തിക്കുന്നുണ്ട്

ചാത്തുണ്ണി പാറ
മാന്നാനം കടവ്
മാന്നാനം കടവ്


പേരിന് പിന്നിലെ ഐതിഹ്യങ്ങൾ
മാന്നാനം എന്ന പേരിന്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ്‌ ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് .മന്ന =ചങ്ങാടം, ആനം = ഭൂമി. ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു.

സമീപ പ്രദേശങ്ങൾ
ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴയിലെ സെന്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉൾനാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിന്റെ കൈവഴികളും ഇതിന്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആതുരസേവനരംഗത്തെ മികച്ച ആശുപത്രിയായി പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്ക് പടിഞ്ഞാറായി നാലു കിലോമീറ്റർ അകലെയാണ് കൈപ്പുഴ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുഗ്രാമീണപ്രദേശമാണെങ്കിൽപോലും ആദ്യകാലഘട്ടങ്ങളിൽ ഈ പ്രദേശം വാണിജ്യമേഖലകളിൽ മുന്നിട്ടിരുന്നു. 'കൈപ്പുഴ' എന്ന പേരിൽ നിന്നുതന്നെ ഇവിടെ അനേകം പുഴയുടെ കൈവഴികൾ ഉണ്ട്. കൈപ്പുഴയിലെ കാലിച്ചന്ത ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ്. വില്ലൂന്നി, കുട്ടാമ്പുറം, എന്നീ പ്രദേശങ്ങളും മാന്നാനത്തിനു സമീപമായുണ്ട്.

 

മാന്നാനത്തെ ചരിത്രമാക്കിയവരിൽ പ്രധാനി : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്.
മാന്നാനം എന്ന പ്രദേശം ഒരു ചെറുഗ്രാമമായിരുന്നെക്കിലും, ആ പ്രദേശത്തിന്റെ ഉന്നതിയ്ക്കുവേണ്ടി വിലപ്പെട്ട സംഭാവന നൽകിയവരിൽ അഗ്രഗണ്യൻ ചാവറയച്ചൻ തന്നെ.


(a) പള്ളിയോട് ചേർന്ന് പള്ളിക്കുടം

പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന കാഴ്ചപ്പാട് മാന്നാനത്തിന്റെ മാത്രമല്ല കേരളത്തിന്റെ വിദ്യാഭ്യാസശൈലിയെ തന്നെ മാറ്റിമറിച്ചു. എല്ലാവിധ സാമൂഹ്യ അനാചാരങ്ങളുടെയും, ജാതിവ്യവസ്ഥയുടെയും, വിളനിലമായിരുന്ന സ്വാമി വിവേകാനന്ദന്റെ ഭാഷയിൽ "കേരളം ഒരു ഭ്രാന്താലയമായിരുന്ന"  കാലത്ത് വിദ്യാഭ്യാസത്തിന് നൂതനശൈലി നൽകിയ കർമ്മയോഗിയാണ് സി. എ. ഐ. സഭയുടെ സ്ഥാപക പിതാവായ വിശുദ്ധ: ഏലിയാസ് ചാവറ, 1855 മുതൽ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്ന കാലത്ത് എല്ലാ പള്ളികളോടൊപ്പം പള്ളിക്കുടങ്ങൾ സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം അംശമുടക്ക് കല്പിക്കുമെന്നുള്ള നിർബന്ധ കല്പന പുറപ്പെടുവിക്കുകയുണ്ടായി പള്ളിവികാരിമാർ ഇതിനെ ഗൗരവത്തിലെടുക്കുകയും ഓരോ പള്ളികളോടൊപ്പം സ്ക്കൂളുകൾ ആരംഭിക്കുകയും ചെയ്തു.


(b) പിടിയരി സമ്പ്രദായം

സ്കൂളുകളിൽ വിദ്യയോടൊപ്പം വിശപ്പടക്കാൻ 'ഉച്ചക്കഞ്ഞിയും' നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ച് ആഴ്ചയുടെ അവസാനം അരി ആശ്രമത്തിലെത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്കായി വിതരണം ചെയ്തു.


(c) അച്ചടി വിദ്യ

അച്ചടിയുടെ അനന്ത സാധ്യതകൾക്ക് തുടക്കം കുറിക്കാൻ അന്വേഷണവും, ആത്മാർത്ഥതയും, അദ്ധ്യാനവുമുണ്ടെങ്കിൽ ഏത് രംഗവും വിജയിക്കുമെന്ന് ചാവറയച്ചൻ തെളിയിച്ചു. തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിന്റെ മാതൃക വാഴപ്പിണ്ടിയിലുണ്ടാക്കിയെടുത്ത് അതേ രീതിയിൽ തടികൊണ്ട് നിർമ്മിച്ചതാണ് ചാവറയച്ചന്റെ മരപ്രസ്സ്. മലയാളത്തിൻ്റെ ആദ്യ ദിനപത്രമായ "ദീപിക" അച്ചടിമഷിപ്പുരണ്ട് ജനങ്ങളുടെയിടയിൽ എത്തിച്ചത് ഈ നവോത്ഥാന നായകന്റെ നിരന്തര ശ്രമം കൊണ്ടാണ്. 1877-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. കേരളത്തിന്റെ സാക്ഷരതയുടെ പിതാവായി അറിയപ്പെട്ട വിശുദ്ധ : ചാവറയച്ചന്റെ നിസ്തുല സേവനത്തെ ആദരിച്ചുകൊണ്ട് 1987 ഡിസംബർ 20ന് ഭാരതം തപാൽ പോസ്റ്റ് " ഇറക്കി

(d) സംസ്കൃത സ്കൂൾ

1846-ൽ മാന്നാനത്ത് ഒരു സംസ്കൃത പാഠശാല സ്ഥാപിച്ചാണ് നവോത്ഥാനം സമാരംഭിച്ചത്. ജാതിമത വർഗ്ഗവർണ്ണ ദേദമെന്യേ ഏവരെയും ഒപ്പം പിടിച്ചിരുത്തി സമഭാവനയോടെ കണ്ട് തന്റെ സ്കൂളിലേയ്ക്ക് വിദ്യാഭ്യാസത്തിനായി ക്ഷണിച്ചു. മ്യൂസിയത്തിന് സമീപത്തായി സംസ്കൃത വിദ്യാലയം സ്ഥിതിചെയ്യുന്നു. സംസ്കൃത വിദ്യാലയം പ്രവർത്തനരഹിതമെങ്കിലും ആർട്ട് ഗ്യാലറിയുടെ ഭാഗമായി ഇന്നും നിലകൊള്ളുന്നു.

സംസ്കൃത സ്കൂൾ

  മാന്നാനത്തിന്റെ പെരുമയിലേയ്ക്കൊരു എത്തിനോട്ടം

സമുദ്രനിരപ്പിൽനിന്ന് 150 അടി ഉയരത്തിൽ നിൽക്കുന്ന മാന്നാനം കുന്നിന്റെ മൂർദ്ധാവ് അലങ്കരിക്കുവാൻ ചരിത്ര പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്. ആശ്രമദേവാലയം, വിദ്യാലയങ്ങൾ, കോളേജുകൾ, അച്ചടി ശാലകൾ തുടങ്ങിയവ ഇവിടെയുണ്ട്.

വിനോദ സഞ്ചാര കേന്ദ്രം ‍

(a) മാന്നാനം ആശ്രമ ദേവാലയം

തിരുവഞ്ചൻ എന്ന പുലയനും കഴമ്പുകാട്ടു നായൻമാരും വിട്ടുകൊടുത്ത ഓലം കണ്ണാലമുകൾ എന്ന സ്ഥലത്ത് 1831-ൽ വിശുദ്ധ ഔസേപിതാവിന്റെ നാമത്തിൽ ദേവാലയം പണിതു. ആ സ്ഥലം ഉയർന്ന ഒരു മുട്ടക്കുന്നായിരുന്നു. കപ്പോളയിൽ നിന്നും ദേവാലയത്തിലേയ്ക്കു 210 കൽപ്പടവുകൾ ഉണ്ട്. മാന്നാനം ആശ്രമ ദേവാലയം ഒരു തീർത്ഥാടനകേന്ദ്രമാണ്. 1986 ഫെബ്രുവരി 8 -ാം തിയതി കത്തോലിക്കാ സഭയുടെ പരമ അദ്ധ്യക്ഷനായ പോപ്പ് ജോൺ പോൾ രണ്ടാമൻ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതോടു കൂടി മാന്നാനത്തിന്റെ കീർത്തി ചരിത്രത്തിൽ ഇടംനേടി. 1833-ൽ സെമിനാരി ആരംഭിച്ചു.1943-ൽ പള്ളി പുതുക്കി പണിതു.1885-ൽ സ്കൂളും പണിതു.1881-ൽ ദേവാലയത്തിന്റെ സുവർണ ജൂബിലിയും. 1931-ൽ ശതാബ്തിയും ആഘോഷിച്ചു. വിശുദ്ധ ദേവാലയത്തിന്റെ ചിത്രപണികളും. ഗിൽറ്ററിലും എണ്ണഛായത്തിലും തീർത്ത ചിത്രങ്ങൾ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാന്നാനത്തെ വൈദിക ആശ്രമം വിദ്യാലയങ്ങൾ അച്ചുകൂടം തുടങ്ങിയവ തിരുവതാംകൂറിന്റെ പ്രചാരം നേടിയതാണ്. രോഗപീഡകളിൽ വലഞ്ഞ തനിക്ക് രോഗസൗഖ്യം നൽകാൻവേണ്ടി സ്വപ്നത്തിൽ പ്രത്യക്ഷനായി എന്ന്  വിശുദ്ധ അൽഫോൻസാമ്മ  സാക്ഷ്യപ്പെടുത്തുകയും രോഗശാന്തി ലഭിച്ചതിനു ശേഷം നന്ദിസൂചകമായി വിശുദ്ധ അൽഫോൻസാമ്മ പിതാവിന്റെ കബറിടത്തിലെത്തി എത്തി പ്രാർത്ഥിക്കുകയും ചെയ്യുന്നതിന്റെ ശില്പം ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്നത് ഏവരുടെയും മനം കവരുന്നതാണ്. സ്വർണ്ണവർണ്ണത്തിൽ 14 അടിയോളം ഉയരമുള്ള ഒരു കോൺക്രീറ്റ് ശിൽപമാണ് ഇത്.തൃശ്ശൂർ സ്വദേശി പ്രദീപ് കാക്കാടിന്റെ കലയാണ് ഈ ശിൽപം.

(b) ചാവറയാച്ചന്റെ കബറിടം

ഏലിയാസച്ചന്റെ വിശുദ്ധപദവിയ്ക്ക് ശേഷം ലോകമെമ്പാടും അറിയപ്പെടുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് മാന്നാനം ആശ്രമദേവാലയം. വിശുദ്ധ ചാവറ പിതാവിന്റെ ഭൗതിക ശരീരം ഈ ദേവാലയത്തിനുള്ളിലാണ് സംസ്കരിച്ചിരിക്കുന്നത്. പിതാക്കന്മാരുടേയും വിശുദ്ധന്മാരുടേയും ചിത്രങ്ങൾ ഇന്നും വർണ്ണാഭമായി വിളങ്ങുന്നു. അനുഗ്രഹവർഷങ്ങൾക്കും, രോഗശാന്തിക്കുമായി അനേകായിരം ഭക്തജനങ്ങൾ ദിനംതോറും വന്നു പോകുന്നുണ്ട്. ദേവാലയത്തോട് ചേർന്ന് ഒരു സന്യാസമഠവും പ്രവർത്തിച്ചുപോകുന്നു. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഇവിടെ വന്ന് പ്രാർത്ഥിക്കുകയും ചെയ്ത് പോകുന്നതിന്റെ ഫലമായി മക്കൾ ഉണ്ടായി കഴിഞ്ഞ് കുഞ്ഞുങ്ങളുമായി വന്ന് കുഞ്ഞുങ്ങളെ ഇവിടെ അടിമ (നേർച്ച) വയ്ക്കാറുണ്ട്. ജ്ഞാനത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നതിന് വേണ്ടി വിദ്യാർത്ഥികൾ കടന്നു വരാറുണ്ട്.

ചാവറയാച്ചന്റെ കബറിടം

(c) സെന്റ് ജോസഫ് പ്രസ്സ്

മാന്നാനം കുന്നിന്റെ ആത്മിയ മണ്ണിൽ വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച അച്ചടിശാലയാണ് മാന്നാനം സെന്റ് ജോസഫ്  പ്രസ്സ്. ഈ സ്ഥാപനത്തിൽ ആദ്യമായി അച്ചടിച്ച പ്രമാണരേഖ വിശുദ്ധ ചാവറ പിതാവ് സുഹൃത്തുക്കൾക്കായി അയച്ചുകൊടുത്ത "ആത്മീയ ഉത്ബോധനങ്ങൾ ." 1835-ൽ സെന്റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചു. തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിൽ ചെന്ന്, അവിടെ കണ്ട ഒരു മാതൃക വാഴപിണ്ടി കൊണ്ടുണ്ടാക്കി. ആശാരി നിർമ്മിച്ച  മരപ്രസ്സാണ് മാന്നാനം അച്ചടിശാലയിലെ ആദ്യ ത്തെ പ്രസ്സ്. 1887-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. മാന്നാനം അച്ചടിശാലയിൽ നിന്നും പുസ്തകങ്ങൾ അടിച്ചു വിടുന്നതിന് മുമ്പ് മലയാളത്തിൽ പ്രാർത്ഥന പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. ഈ അച്ചടിശാല തിരുവിതാംകൂറിൽ മൂന്നാമത്തേതും നാട്ടുകാരുടെ ഒന്നാമത്തെയും ആണ്. കുര്യാക്കോസച്ചൻ പണിയിച്ച ആദ്യത്തെ മരപ്രസ്സ് ഇപ്പോൾ ഒരു നിക്ഷേപമെന്നവണ്ണം സൂക്ഷിക്കപ്പെടുവരുന്നു.

സെന്റ് ജോസഫ് പ്രസ്സ്

(d) സെന്റ് ജോസഫ് യു.പി.സ്ക്കൂൾ

കേരളത്തിൽ കത്തോലിക്ക സഭയുടെ ആദ്യത്തെ എൽ.പി സ്കൂളാണ് ആണ് സെന്റ് ജോസഫ് എൽ പി സ്കൂൾ മാന്നാനം പള്ളിയുടെ താഴെ " പാരിഷ് ഹാളിൽ" ആയിരുന്നു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1891-ൽ മാന്നാനത്ത് സ്ഥാപിച്ച സ്കൂൾ അക്ഷര ചരിത്രത്തിന് സാക്ഷ്യം വഹിച്ചു. 1946-ൽ ചാവറയച്ചൻ ആദ്യം സംസ്കൃത സ്കൂളാണ് പണികഴിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്ററും അധ്യാപകനും ശ്രീ ആലുങ്കൽ മത്തായി സാർ ആയിരുന്നു. 1893-ൽ സ്ഥാപിതമായ സ്കൂളിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പ്രധാനമായും ദളിത് വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതായിരുന്നു. പഴയ ചാപ്പൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 1953-ൽ 4 മുറികളോട് കൂടി പുതിയ കെട്ടിടം പണികഴിച്ചു. വിദ്യയുടെ വിളനിലമായിരുന്ന സ്കൂളിന്റെ ശതാബ്ദി 1993-ൽ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ.ബി.രാച്ചയ്യ 1993-ൽ നിർവ്വഹിച്ചു.1998 ജൂൺ 1 മുതൽ സെന്റ് ജോസഫ് എൽ.പി.സ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട് 1 മുതലുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. റവ. ഡോ :ആന്റണി വള്ളത്തറയുടെ പരിശ്രമഫലമായി ബഹുനില കെട്ടിടം 2005-ൽ പണി കഴിപ്പിച്ചത്. തുടർച്ചയായ 8 വർഷങ്ങളിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച എയ്ഡഡ് യു .പി സ്കൂളായി സെന്റ് ജോസഫിനെ തിരഞ്ഞെടുത്തു. 21 അദ്ധ്യാപകരും മറ്റ് അനദ്ധ്യാപകരും ജാതി മതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്തു കൊണ്ട്, അച്ചടക്കവും, വിശാല വീക്ഷണവും, സേവന തൽപ്പരതയും, സർവ്വോപരി ആദർശ ധീരതയും, ദൈവ വിശ്വാസവുമുള്ള നന്മനിറഞ്ഞ തലമുറകളെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധരായി. മാന്നാനം സെന്റ് ജോസഫ് സ്കൂൾ നിലകൊള്ളുന്നു.ശാന്തസുന്ദരമായ അന്തരീക്ഷവും, പൂന്തോട്ടവും, പച്ചക്കറി നോട്ടവും, കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ മൈതാനവും ഉണ്ട്. സ്കൂൾ കെട്ടിടത്തിന് മുകളിൽ അടച്ചുറപ്പുള്ള വിശാലമായ ഓഡിറ്റോറിയവും സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.

സെന്റ് ജോസഫ് യു.പി.സ്ക്കൂൾ

(e) സെന്റ് എഫ്രേംസ് സ്കൂൾ

ചാവറയച്ചൻ്റെ പാദസ്പർശങ്ങളാൽ ധന്യമാക്കപ്പെട്ട മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് എഫ്രേംസ്. 1885-ൽ ഈ വിദ്യാലയം ആരംഭിച്ചത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി ഫാദർ ജെറാർഡ് ടി.ഒ.സി.ഡി എന്ന പുരോഹിതനാണ് സ്കൂൾ ആരംഭിച്ചത്. ആദ്യകാലങ്ങളിൽ സെൻ്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഒരു ഫാം ഹൗസിലെ വരാന്തയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ശ്രീ പി.സി.കുര്യൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീ.കെ.എം കുര്യൻ കൊല്ലംപറമ്പിൽ ആദ്യത്തെ അദ്ധ്യാപകനുമായിരുന്നു.1890 സെപ്റ്റംബർ 13ന്  'മദ്രാസ് സർക്കാർ' ഈ വിദ്യാലയം മാന്നാനം കോൺവെന്റ് മിഡിൽ സ്കൂളായി അംഗീകരിച്ചു. അതിരംമ്പുഴ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ മികച്ച  ഒന്നാണ് സെന്റ് എഫ്രേംസ്. 1986 - ൽ ശതാബ്ദിയും 2010-ൽ 125-ാംമത് ജൂബിലിയും ആഘോഷിച്ചു. താഴ്ന്ന ജാതിയിൽ പെട്ട ആൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിച്ച വിദ്യാലയമാണിത്. 2000 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകിതുടങ്ങി. ഒരു ഹൈസ്കൂളായി  പ്രവർത്തനം ആരംഭിച്ച സെന്റ് എഫ്രേംസ് സ്കൂളിൽ 1998 ൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.. 1881-ൽ മാന്നാനത്ത് സുറിയാനി കത്തോലിക്കരുടെ വകയായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. എഫ്രേം എന്ന സുറിയാനി പദത്തിന് "സൽഫലങ്ങളുടെ ആലയം" എന്ന അർത്ഥ കൽപനയോടെ സെന്റ് എഫ്രേംസ് മിഡിൽ സ്കൂൾ രൂപാന്തരപ്പെട്ടു. 1904- ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു.നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന മാന്നാനം സെന്റ് എഫ്രേംസ് അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. അശ്രമവും സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലെയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവശേഷിയും വിദ്യാലയത്തിനുണ്ട്. 2020 - 2021 വർഷത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ഈ സ്കൂളിന്റെ അമരക്കാരൻ, ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്ക് സ്വന്തമാക്കി. സെന്റ് എഫ്രേംസ് എച്ച്. എസ്. എസ്. സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്ക് ഉള്ള യാത്ര അനസ്യൂതം തുടരുന്നു.

സെന്റ് എഫ്രേംസ് സ്കൂൾ

(f) സെന്റ് അലോഷ്യസ് ബോർഡിംഗ്

1887-ൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള ബാലന്മാരുടെ സമഗ്രവളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് കേരള സുറിയാനി കർമ്മലിത്ത വൈദീകർ മാന്നാനത്തുള്ള അവരുടെ മാതൃഭവനത്തോട് ചേർത്ത് സെന്റ് അലോഷ്യസ് ബോർഡിംഗ് ഹൗസ് സ്ഥാപിച്ചു. കേരളത്തിലെ എല്ലാ ബോർഡിംഗ് ഹൗസുകളിലും വച്ച് ഏറ്റവും പഴക്കമുള്ളതാണ് സെന്റ് അലോഷ്യസ് ബോർഡിംഗ് സ്കൂൾ. വ്യക്തിത്വ വികസനത്തോടൊപ്പം മൂല്യാധിഷ്ഠിതവും, സന്മാർഗ്ഗനിരതവുമായ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുക തന്നെ ഉൽകൃഷ്ട ലക്ഷ്യമാണ് ഇന്നും ഈ ബോർഡിംഗ് നില നിർത്തി പോരുന്നത്.അതോടൊപ്പം കലാകായികരംഗങ്ങളിലും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. 1987-ൽ ബോർഡിംഗിന് ഓഡിറ്റോറിയം നിർമ്മിച്ചു. വൈദീകശ്രേഷ്ഠന്മാർ റെക്ടർന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജഗദൽപൂർ ബിഷപ്പായ "മാർ പൗളിനോസ് ജീരകത്തിൽ" ഇവിടെ താമസിച്ച് പഠിക്കുകയും പിന്നീട് റെക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്തമായ സെന്റ് അലോഷ്യസ് ബോർഡിംഗിന്റെ റെക്ടറായി ഫാദർ സജി പാറക്കടവൻ സേവനമനുഷ്ഠിക്കുന്നു.

(g) മാന്നാനം സെന്റ് ജോസഫ് ട്രെയിനിംങ് കോളേജ്

മാന്നാനം കവലയിൽ നിന്നും പള്ളിയിലേയ്ക്ക് വരുമ്പോൾ ആദ്യം കാണുന്നതാണ് ട്രെയിനിംങ് കോളേജ് നടകയറി ചെല്ലുമ്പോൾ കോളേജിന്റെ വിശാലമായ മുറ്റത്ത് കാറ്റാടി മരങ്ങൾ നിരനിരയായിനിൽക്കുന്നു.ട്രെയിനിംങ് കോളേജിനോടനുബന്ധിച്ച് സെന്റ് ജോസഫ് ബി.എഡ്  കോളേജും, ഹോസ്റ്റലും ഉണ്ട്. കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പൾ ഫാദർ തോമസ് വില്ലുപറമ്പിലും, മാനേജർ ഫാദർ തോമസ് പള്ളിവാതുക്കലും ആയിരുന്നു.എം.ജി സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒരു മികച്ച അദ്ധ്യാപക പരിശീലന കേന്ദ്രമാണ്. 1957-ൽ ഹയർസെക്കൻ്ററി അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ക്രിസ്റ്റ്യൻ മൈനോരറ്ററി ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയിൽ ഈ കോളേജ് പ്രവർത്തനം ആരംഭിച്ചു. പിന്നീട് 1983-ൽ കേരള സർവ്വകലാശാലയോടും പിൽക്കാലത്ത് മഹാത്മാഗാന്ധി സർവ്വകലാശാലയോടും ചേർന്നു.12 ഏക്കറും 57 സെൻ്റ് സ്ഥലവും വിശാലമായി കിടക്കുന്ന കോളേജിൽ വിവിധ വിദ്യാഭ്യാസപരിപാടികൾ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ, വിപുലീകരണസേവനങ്ങൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഉണ്ട്. 2005-ൽ കോളേജ് ബിരുദാനന്തരബിരുത പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.

മാന്നാനം സെന്റ് ജോസഫ് ട്രെയിനിംങ് കോളേജ്

(h) കെ.ഇ.കോളേജ്

1964-ൽ ആണ് കുര്യാക്കോസ് ഏലിയാസ് കോളേജ് സ്ഥാപിതമായത്. കല, വാണിജ്യം, ശാസ്ത്രം എന്നീ മേഖലകളിൽ ബിരുദാനന്തര കോഴ്സുകൾ ലഭ്യമാണ്. എം.ജി.സർവ്വകലാശാലയുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നു. ക്യാമ്പസ് അംഗണത്തിൽ മനോഹരമായ ഒരു പൂന്തോട്ടം പരിപാലിച്ചു പോരുന്നു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം വ്യക്തിപരമായ സാമൂഹിക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനായി മനുഷ്യന്റെ ജ്ഞാന രുപീകരണത്തിന്റെ പ്രധാന ഘടകമാണ് വിദ്യാഭ്യാസം.

കെ.ഇ.കോളേജ്

(i) കെ.ഇ.സ്കൂൾ

കുര്യാക്കോസ് ഏലീയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 1991-ൽ ആണ് സ്ഥാപിതമായത്. 1991 ജൂലൈ 16ന് യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾ ഉള്ള ഒരു അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളായിട്ട് പ്രവർത്തനമാരംഭിച്ചത്. 2000-ൽ ആണ് ഐ.സി.ഐ. സി. സിലബസ് ആരംഭിച്ചത്.. 2002-ൽ കൊമേഴ്സ്, കംമ്പ്യൂട്ടർ സയൻസ്, സയൻസ് എന്നീ അംഗീകൃത സംസ്ഥാന സിലബസ് കോഴ്സുകളോടെ ഹയർസെക്കൻ്ററി സ്കൂളായി ഉയർത്തപ്പെട്ടു. അച്ചടക്കബോധവും, നിയമങ്ങളോടുള്ള ബഹുമാനവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ ഈ വിദ്യാലയം ഒരു പ്രധാന പങ്ക‍ുവഹിക്കുന്നു.

കെ.ഇ.സ്കൂൾ

(j) ശ്രീനാരായണ ഗുരുമന്ദിരം 1924ലും 1927ലും ശ്രീ നാരായണ ഗുരുസ്വാമി മാന്നാനം വേലംകുളത്ത് വന്നിട്ടുണ്. താണജാതിക്കാർക്ക് പ്രാർത്ഥിക്കുവാൻ വേണ്ടി പനയോലകൊണ്ട് ഉണ്ടാക്കിയ ആലയം 'കുര്യാല' എന്ന പേരിൽ അറിയപ്പെട്ടു. വർഷങ്ങൾക്ക് ശേഷം ഒറ്റമുറിയിൽ ചെറിയ ഭജനമഠം കൂടുതൽ സൗകര്യത്തോടെ സ്ഥാപിച്ചുവെങ്കിലും അടുത്ത കാലത്ത് ഭജനമഠം പൊളിച്ചുനീക്കി 'ഗുരുദേവ ക്ഷേത്രം' നിർമ്മിച്ചു. ക്ഷേത്ര സങ്കൽപ്പത്തോടെ നിർമ്മിച്ച ശ്രീ കോവിലിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. (k) ശ്രീനാരായണ സ്കൂൾ

മാന്നാനത്ത് കെണ്ടയിൽ വീട്ടിൽ (കലുങ്കൽ) ഇട്ട്യാതിയാണ് എസ്.എൻ.ഡി.പിയ്ക്ക് 38 സെന്റ് സ്ഥലം ദാനം കൊടുത്തത്. 1918-ലാണ് ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ (കുടിപ്പള്ളിക്കുടം) സ്ഥാപിതമായത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി.എൻ. നാരായണപിള്ളയും പ്രഥമ മാനേജർ N.R. കൃഷ്ണൻ നെടുവേലിയുമാണ്. വർഷങ്ങളേറെ കഴിഞ്ഞപ്പോൾ 3 തവണയായി 3 നിലയുള്ള സ്കൂൾ കെട്ടിടം പണിതു. ഏറ്റവും മുകൾനിലയിൽ വിശാലമായ ഓഡിറ്റോറിയവുമുണ്ട്. സർക്കാർ അനുമതിയുള്ള ഒരു പ്രീ പ്രൈമറി സ്കൂൾ മാന്നാനം വേലംകുളത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമഥേയത്തിൽ, വിദ്യാഭ്യാസത്തിന്റെ പാതയിൽ പുത്തൻ ചുവട് വയ്പ്പുകളോടെ ഇന്നും നിലനിൽക്കുന്നു.

ശ്രീനാരായണ സ്കൂൾ


(l) ആർട്ട് ഗ്യാലറി മ്യൂസിയം മാന്നാനം കുന്നിൻ്റെ മറ്റൊരാകർഷണമാണ് വിശുദ്ധ ദേവാലയത്തോട് ചേർന്നുള്ള മ്യൂസിയം പ്രപഞ്ചസൃഷ്ടി ചാവറയച്ചന്റെ ജീവിതം ക്രിസ്തുവിന്റെ ജീവിതം എന്നീ ആശയങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ചാവറയച്ചൻ ഉപയോഗിച്ചിരുന്ന തോണി (കെട്ടുവള്ളം) കട്ടിൽ, വില്ലുവണ്ടി, പെട്ടി, വിശുദ്ധ വസ്ത്രങ്ങൾ എന്നിവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പിതാവിൻ്റെ അന്ത്യവചനങ്ങൾ 3 വ്യത്യസ്ത ഭാഷകളിലായി ആലേഖനം ചെയ്തിരിക്കുന്നു. വചനങ്ങൾ തീർത്ഥാടകരുടെ മനസിന് പുത്തൻ അനുഭവമേകുന്നു. ആദ്യകാല പരിശ്രമങ്ങളിലൊന്നാണ് സംസ്കൃത വിദ്യാലയം. പ്രവർത്തനരഹിതമാണെങ്കിലും ആർട്ട് ഗ്യാലറിയുടേയും മ്യൂസിയത്തിൻ്റെയും ഭാഗമായി ഇന്നും നിലകൊള്ളുന്നു. അൽഫോൻസാമ്മയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ ശിൽപ്പാവിഷ്ക്കാരം മാന്നാനം ആശ്രമ ദേവാലയത്തിന്റെ ആകർഷണമാണ്.

ആർട്ട് ഗ്യാലറി മ്യൂസിയം

(m) കായികം (ബാസ്കറ്റ് ബോൾ ) ജില്ലാ സ്കൂൾ മീറ്റിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് സെൻ്റ് എംഫ്രേംസ്. 1986-87-ൽ സംസ്ഥാന തലത്തിൽ ബാസ്കറ്റ് ബോളിന് ഒന്നാം സ്ഥാനവും, മികച്ച പ്രകടനത്തിന് കേന്ദ്ര ഗവൺമെൻ്റിൻ്റെ അവാർഡായി 10,000 രൂപ നേടുകയും ചെയ്തു. 2003-ൽ ബാസ്ക്കറ്റ് ബോളിന് ഹോസ്റ്റൽ ആരംഭിച്ചു. 2004 മുതൽ പ്രധാന ടൂർണമെൻ്റുകളിൽ കളിക്കുന്ന ബാസ്കറ്റ് ബോൾ ടീം 2008-09ൽ വിവിധ ടൂർണമെൻ്റുകളിലായി 12 വിജയകിരീടങ്ങളാണ് നേടിയത്. 2009-ൽ ഇന്ത്യൻ യൂത്ത് ടീമിലും, മലേഷ്യയിൽ യൂത്ത് ABC മൽസരത്തിലും സെൻ്റ് എഫ്രേംസിലെ "അഖിൽ മാത്യു സണ്ണി പങ്കെടുത്തു.

ബാസ്കറ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ

(n) ക്രിക്കറ്റ്

2009-ൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് അക്കാദമി സ്ഥാപിച്ചു. കൂടാതെ മൾട്ടി ജിം പ്രവർത്തനം ആരംഭിച്ചു. 1984-ൽ മികച്ച കായിക അദ്ധ്യാപകനുള്ള അവാർഡ് സെൻ്റ് എഫ്രേംസിലെ ശ്രീ ജോർജ് കരീത്തറക്ക് ലഭിച്ചു. ഇപ്പോഴത്തെ കായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് റവ. ഫാദർ: ആന്റണി കാഞ്ഞിരത്തിങ്കൽ ആണ്.

(o) മാന്നാനം 12 ശ്ശീഹന്മാരുടെ പള്ളി

മാന്നാനത്ത് ചങ്ങനാശേരി അതിരൂപതയുടെ 12 ശ്ലീഹന്മാരുടെ നാമഥേയത്തിലുള്ള പള്ളി. അതിരംമ്പുഴ, കുടമാളൂർ എന്നീ ഇടവകക്കാർ ചേർന്നുള്ള പുതിയ ഇടവക. ഇടവകയുടെ ഭാഗമായ സംഘടന പിതൃവേദി, മാതൃവേദി, യുവദീപതി, ചാസ്സ്, മിഷൻ ലീഗ്, ജീവകാരുണ്യ കമ്മിറ്റി എന്നീ സംഘടനയോടൊപ്പം ഇടവകവികാരി അച്ഛനും നിർലോപമായി സഹകരിക്കുന്നു.

(p) സെന്റ് സ്റ്റീഫൻ (മലേൽ പള്ളി)

മാന്നാനത്തിന് കിഴക്ക് കുന്നിൻ മുകളിൽ റബർ തോട്ടങ്ങൾക്ക് നടുവിൽ "വിശുദ്ധ അന്തോനീസ് പുണ്യാളന്റെ നാമഥേയത്തിൽ സെന്റ് സ്റ്റീഫൻ പള്ളി സ്ഥിതി ചെയ്യുന്നു. കൽകുരിശും കഴിഞ്ഞ് മനോഹരശിൽപങ്ങളാൽ, കൊത്തു പണികളാൽ നിർമ്മിച്ച പള്ളിയും, മുഴുവൻ കല്ലറകൾ പണിത് മനോഹരമായ സെമിത്തേരിയും. കൂടാതെ അതി വിശാലമായ ഓഡിറ്റോറിയവും. ജാതിമത ഭേദമില്ലാതെ ഓഡിറ്റോറിയം ആഘോഷ സൽക്കാരങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. പ്രകൃതി ഭംഗി പള്ളിയ്ക്ക് സൗന്ദര്യം കൂട്ടുന്നു. പള്ളി മുറ്റത്ത് നിന്ന് നോക്കിയാൽ മാന്നാനം ആശ്രമ ദേവാലയവും മറ്റ് ഇതരസ്ഥാപനങ്ങളും പടിഞ്ഞാറൻ പ്രദേശങ്ങളും, അതിന്റെ സൗന്ദര്യവും കാണാൻ കഴിയും.

സെന്റ് സ്റ്റീഫൻ (മലേൽ പള്ളി)

(q) മാന്നാനം ടാഗോർ കലാ കേന്ദ്രം

കലകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വാടകകെട്ടിടത്തിൽ 1965- ൽ ടാഗോർ കലാകേന്ദ്രം സ്ഥാപിതമായി. സമുദായ ഭേദമില്ലാതെ  എല്ലാവർക്കും ഒരുമിച്ച് കൂടുവാൻ ഒരു സംഘടന വേണമെന്നത് കൊണ്ട് ശ്രീ. സി. ജെ. ജോസഫ് സാറിൻ്റെ ശ്രമം കൊണ്ടാണ് ഉൽഘാടനം ചെയ്തത്. ശ്രീ ജോസഫ് കണ്ടത്തിപറമ്പിൽ പ്രസിഡന്റ‍ും, ശ്രീ ജോൺ വൈറ്റ് ചൂരക്കുളം സെക്രട്ടറിയുമായി സ്ഥാനമേറ്റു. സംഗീതം, നൃത്തം, കീബോർഡ്, വയലിൻ എന്നി കലകൾക്ക് പരിശീലനം നൽകുന്നു. ടാഗോർ കലാകേന്ദ്രം സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും അവിടെ ഇപ്പോൾ ലൈബ്രറിയും പ്രവർത്തിക്കുന്നു. മാന്നാനം പഴയ പോസ്റ്റ് ഓഫീസിന് താഴെ സ്ഥിതിചെയ്യുന്നു. നിരവധി നേട്ടങ്ങൾ ടാഗോർ കലാകേന്ദ്രം കൈവരിച്ചു.

(r) മാന്നാനം സർവീസ് സഹകരണ ബാങ്ക്

1954- ൽ ആണ് മാന്നാനം സർവീസ് സഹകരണ ബാങ്ക് സ്ഥാപിതമായത്. ആദ്യത്തെ പ്രസിഡന്റ് ശ്രീ ജോർജ് ജോസഫ് പൊടിപാറയും, പ്രഥമ സെക്രട്ടറി കളമ്പുകാടുവീട്ടിൽ ഗോപാലപിള്ള സാർ ആയിരുന്നു. എല്ലാ നിത്യോപയോഗ സാധനങ്ങളും മിതമായ നിരക്കിൽ വിൽക്കുന്ന നീതി - നന്മ സൂപ്പർ മാർക്കറ്റ്, നീതി മെഡിക്കൽ സ്റ്റോർ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്നു. മിതമായ നിരക്കിൽ ബാങ്ക് ഓഡിറ്റോറിയം വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്നു. വിവിധ തരം കാർഷിക വായ്പകൾ, ലോക്കർ സൗകര്യം, യൂണിയൻ മണി ട്രാൻസ്ഫർ എന്നീ സേവനങ്ങൾ ഉൾപ്പെടുന്നു. അമ്മൻചേരിയിൽ ബാങ്കിന്റെ ശാഖ പ്രവർത്തിച്ചു വരുന്നു.

സർവീസ് സഹകരണ ബാങ്ക്

(s) മാന്നാനം കൊട്ടാരം ദേവീക്ഷേത്രം

700 വർഷം പഴക്കമുള്ള ക്ഷേത്രമാണ് മാന്നാനം കൊട്ടാരം ദേവീക്ഷേത്രം. പണ്ട് രാജഭരണത്തിൻ കീഴിൽ കൊട്ടാരം പണികഴിപ്പിച്ചത് 2 നിലയുള്ള ആലമായിട്ടാണ്. താഴെയും മുകളിലുമായി ഭദ്രകാളിയെ പ്രതിഷ്ഠിച്ചതായി അഷ്ഠ മംഗല ദേവപ്രശ്നത്തിൽ കാണുന്നു. പിൽക്കാലത്ത് കൊട്ടാരം മാറ്റി ശ്രീകോവിൽ നിർമ്മിച്ച് യക്ഷിയെയും ഭദ്രകാളിയെയും പ്രതിഷ്ഠിച്ചു. 2005-ാം ആണ്ടോട്ടക്കുടി ക്ഷേത്രം ദേവപ്രശ്നം നടത്തി അതോടെ ബാലഭദ്രയ്ക്കും, യക്ഷിയ്ക്കും തുല്യ പ്രാധാന്യമുള്ള രണ്ട് ശ്രീ കോവിലുകൾ നിർമ്മിച്ചു ക്ഷേത്രത്തിന് വടക്ക് വശത്ത് പണ്ടേയുണ്ടായിരുന്ന ക്ഷേത്ര കുളം ഉണ്ട്. ക്ഷേത്രത്തിൻ്റെ ഹൃദയഭാഗത്ത് ഇരുവശത്തുമായി 2 ആൽമരങ്ങൾ ഉണ്ട്. കുംഭകുടം മഹോൽസവം കുംഭമാസത്തിലെ "പൂരം" നക്ഷത്രത്തിൽ ആഘോഷിക്കുന്നു. പണ്ട് അമ്പലത്തിന് മുൻവശം നെൽ പാടങ്ങളും, തോടുകളും ആയി ശാന്ത സുന്ദരമായ അന്തരീക്ഷം നിലനിന്നിരുന്നു.

(t) ശ്രീ ബാലസുബ്രമണ്യ ക്ഷേത്രം

മാന്നാനം മഠത്തിപ്പറമ്പിൽ കുമാരശാന്തിവകയായിരുന്നു അമ്പലം. പൂജാകർമ്മങ്ങൾ അദ്ദേഹം ചെയ്ത് പോന്നിരുന്നു. അദ്ദേഹത്തിൻ്റെ കാലശേഷം കുടുംബക്കാർ മാന്നാനം SNDP ശാഖയ്ക്ക് എഴുതികൊടുത്തു. "തൈപൂയ" മഹോൽസവം ഉൽസവത്തിൻ്റെ പ്രത്യേക ആഘോഷമായി ആചരിച്ചു വരുന്നു.

ശ്രീ ബാലസുബ്രമണ്യ ക്ഷേത്രം

u) പതിക്കല്ലും ആചാരവും

മാന്നാനം കൊട്ടാരം ദേവീ ക്ഷേത്രത്തിന് അടുത്തുള്ള സ്ഥലമാണ് "കളമ്പു കാട്ടു മല" പണ്ട് കാലങ്ങളിൽ അധികം ആൾ പാർപ്പും, സഞ്ചാരവും ഇല്ലാതെ കിടന്ന, "കളബു കാട്ട്" നായന്മാരുടെ സ്ഥലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ് പതിക്കല്ലും പാറകൂട്ടവും 2 സ്ഥലങ്ങളിലായി പല ആകൃതിയിലുള്ള പാറക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. കാലങ്ങളോളം "പുലയരും പറയരും" തങ്ങളുടെ ആരാധനാ മൂർത്തികൾക്ക് വെച്ച് സേവ ചെയ്ത് പോന്നിരുന്നു. ആണ്ടിലൊരിക്കൽ പിതാക്കന്മാർക്ക് പൂജയും വഴിപാടുമായി മൂർത്തി സേവ ചെയ്ത് പോന്നിരുന്നുവെന്നും, അടുത്തകാലം വരെ പിൻതലമുറക്കാർ സേവ ആചരിച്ചു പോന്നിരുന്നുവെന്നും പഴമക്കാർ പറയുന്നുണ്ട്. ആ സ്ഥലത്ത് ഇന്നും പാറക്കൂട്ടങ്ങൾ അവശേഷിക്കുന്നുണ്ട്.

(v) സെന്റ് ജോസഫ് ആശുപത്രി (പെരുമാലി)

മാന്നാനം പള്ളി നടയുടെ താഴെ, പെരുമാലി കുടുംബവകയായി 1952- ൽ സെന്റ് ജോസഫ് മിഷൻ ആശുപത്രി സ്ഥാപിതമായി. പെരുമാലി കോരച്ചനായിരുന്നു. സ്വന്തം ഭൂമിയിൽ ആശുപത്രി പണിത് നടത്തിയിരുന്നത്. ചുരുക്കം ചില ഡോക്ടറും, നഴ്സും, അറ്റൻഡറുമായി രോഗികളെ കിടത്തി ചികിത്സയും ഉണ്ടായിരുന്നു. മാന്നാനംകാർക്ക് ഒരാശ്വാസമായിരുന്ന പെരുമാലി ആശുപത്രി കോരച്ചന്റെ കാലശേഷം അധിക കാലം ആശുപത്രിയുടെ പ്രവർത്തനം നിലനിന്നില്ല.

(w) മാന്നാനം പോസ്റ്റ് ആഫീസ്

മാന്നാനം കവലക്കും മാന്നാനം ഷാപ്പം പടിക്കുമിടയിൽ മാളിയേക്കൽ ബിൽ‍ഡിംങ്ങിന്റെ രണ്ടാം നിലയിലാണ് മാന്നാനം തപാൽ ആഫീസ് പ്രവർത്തിക്കുന്നത്.ജനോപകാരപ്രദമായ ഒട്ടനവധി സേവനങ്ങൾ ചെയ്തുവരുന്നു.ആർ ഡി അക്കൗണ്ട്,പോസ്റ്റൽ സേവിംഗ്സ് തുടങ്ങിയ നിക്ഷേപ സ്കീമുകളും ഉണ്ട്.കൊറിയർ സർവ്വീസുകളും നടത്തി വരുന്നു.

മാന്നാനം പോസ്റ്റ് ആഫീസ്

(x) ഹോമിയോ ആശുപത്രി

ഫാദർ  ജേക്കബ്ബ് മെമ്മോറിയൽ വക അതിരംമ്പുഴ പഞ്ചായത്ത് മാന്നാനം കുട്ടിപ്പടിയിൽ ഹോമിയോ ആശുപത്രി ആരംഭിച്ചു. മാതൃക ഗവൺമെൻ്റ് ഹോമിയോ  ആശുപത്രിയുടെ പ്രവർത്തനം രാവിലെ 9 മുതൽ 2 മണി വരെയാണ്. പ്രഗൽഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. അതിരംമ്പുഴ പഞ്ചായത്തിൻ്റെ ഭാഗമായ "ഹെൽത്ത് സെൻ്റർ" മാന്നാത്ത് പ്രവർത്തിക്കുന്നു.

(y) ചാത്തുണ്ണി പാറ

പ്രാചീന കാലത്തിന്റെ ശേഷിപാണ് ചാത്തു ചാത്തുണ്ണി പാറ. വലിയ കല്ലുകൾ കൊണ്ട് കൊത്തു പണികൾ തീർത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് ഈ ഗുഹയ്ക്കുള്ളിൽ പാർത്തിരുന്നുവെന്നാണ് ഐതിഹ്യം. പഴമക്കാരുടെ ഓർമ്മയിൽ വലിയ കരിങ്കൽ പറകൾ നിറഞ്ഞ വളരെ ഉയരം കൂടിയ പ്രദേശമായിരുന്നു ഇവിടം. ഇടയ്ക്കിടയ്ക്ക് കുറച്ച് ഗുഹകളും ഉണ്ടായിരുന്നു. പാണ്ഡവർ ഇവിടെ താമസിച്ചിരുന്ന കാലത്ത് ഒരു രാക്ഷസൻ ഏറെ ദൂരത്തല്ലാത്ത ഒരു കരയിൽ ജനങ്ങൾക്ക് ഉപദ്രവം ഉണ്ടാകിയെന്നും, സഹികെട്ട ജനങ്ങൾ അർജ്ജുനനെ കണ്ട് തങ്ങളെ രക്ഷിക്കണമെന്നും അപേക്ഷിച്ചു. അർജ്ജുനൻ രാക്ഷസനെ നേരിടാൻ ഇറങ്ങി തിരിച്ചു. അങ്ങനെ അർജ്ജുനൻ വിലൂന്നിയ സ്ഥലമാണ് പിന്നീട് "വില്ലൂന്നി" എന്ന് അറിയപ്പെട്ടിരുന്നതെന്നും ഐതിഹ്യമുണ്ട്. രാക്ഷസനെ വധിച്ച അർജ്ജുനനെ ജനങ്ങൾ ആർപ്പുവിളിയോടെ എതിരേറ്റു. അങ്ങനെ ആർപ്പു വിളിച്ച കരയാണ് പിന്നീട് "ആർപ്പൂക്കര"യായി മാറിയതെന്നും ഒരു കഥ നിലനിൽക്കുന്നുണ്ട്. മാന്നാനത്തിന്റെ തൊട്ടടുത്തുള്ള കരകളാണ് 'വിലൂന്നി'യും 'ആർപ്പൂക്കര'യും.

(z) എം ജി യൂണിവേഴ്സിറ്റി

മാന്നാനത്തിന് സമീപത്തായി എം ജി യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നു.

എം ജി യൂണിവേഴ്സിറ്റി

മാന്നാനത്തിന്റെ പ്രമുഖർ

മാന്നാനം എന്ന പ്രദേശം ഒരു ചെറിയ ഗ്രാമമാണെങ്കിലും മാന്നാനത്തിനു വേണ്ടി വിലപ്പെട്ട സംഭാവനകൾ നൽകിയവർ നിരവധിയാണ്. മാന്നാനത്തിന്റെ ചരിത്രത്തിൽ അവർക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട് മാന്നാനത്തെപ്പറ്റി പറയുമ്പോൾ ഈ വ്യക്തികളെ വിസ്മരിക്കുന്നത് ഉചിതമല്ലല്ലോ.

(a) ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ്

സെൻ്റ് എഫ്രേംസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയായ ഡോ.സി.വി.ആനന്ദബോസ് കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. ഇന്ത്യൻ നാളികേര വികസന ബോർഡ് ചെയർമാൻ, നാഫെഡ് ചെയർമാൻ എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. കേരളാ കേഡറിൽ ഇന്ത്യാ ഗവൺമെൻ്റ് സെക്രട്ടറി പദവിയുള്ള ഐ.എ.എസ് ഓഫീസറായ ആനന്ദബോസ് ജവഹർലാൽ നെഹ്റു ഫെല്ലോഷിപ്പ്, യു.എൻ. ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് അവാർഡ്, നാഷണൽ ഹാബിറ്റാറ്റ് അവാർഡ് തുങ്ങിയവയുൾപ്പടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പിലാനി ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 12  ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ കളക്ടർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, അറ്റോമിക് എനർജി എഡ്യൂഷൻ സൊസൈറ്റി ചെയർമാൻ, കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി തുടങ്ങിയ വിവിധ പദവികൾ അലങ്കരിച്ചു. അദ്ദേഹത്തിൻ്റെ അതിസമർത്ഥമായ സാരഥ്യത്തിൽ പരിസ്ഥിതിക്കനുയോജ്യമായ ചെലവു കുറഞ്ഞ അതിമനോഹരമായ കെട്ടിടങ്ങൾ നിർമിച്ച് നിർമിതി കേന്ദ്രം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. സ്വദേശമായ മാന്നാനം കേരളത്തിലെ പ്രഥമ പരിസ്ഥിതി ഗ്രാമമാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം ശ്രീ .പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ കണക്കെടുപ്പിനും മൂല്യനിർണയത്തിനുമായി സി.വി ആനന്ദബോസ് അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധസമിതിയെ സുപ്രീം കോടതി നിയമിച്ചു.

(b) ഷെവലിയർ വി.സി ജോർജ്

സെന്റ് എഫ്രേംസിലെ പൂർവ്വവിദ്യാർത്ഥിയായ ഷെവലിയർ വി.സി ജോർജ് വിദ്യാഭാസ പ്രവർത്തകനും ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു. 'നിധീരിക്കൽ മാണിക്കത്തനാർ' എന്ന ജീവചരിത്രകൃതി ശ്രദ്ധേയമാണ്. ലത്തീൻ, ഫ്രഞ്ച്, പോർട്ടുഗൽ, സംസ്കൃതം എന്നീ ഭാഷകളിൽ നല്ല പാണ്ഡിത്യം നേടിയിരുന്നു. ദീർഘകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ പതിനാലോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഷെവലിയർ (1971) സ്ഥാനം നൽകി മാർപാപ്പ അദ്ദേഹത്തെ ആദരിച്ചു.

(c) ഡോ. പി.ജെ. തോമസ്

അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച യശഃശരീരനായ ഡോ പി. ജെ. തോമസ് സെൻ്റ് എഫ്രേംസിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു.1911-ലാണ് അദ്ദേഹം സെൻറ് എഫ്രേംസിൽ നിന്ന് ഇ.എസ്.എസ്.എൽ. സി പരീക്ഷ പാസ്സായത്. മദ്രാസ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ അദ്ദേഹം ഇന്ത്യ ഗവൺമെൻ്റിൻ്റെ   സാമ്പത്തികോപദേഷ്ടാവായിരുന്നു. ഐക്യരാഷ്ട്ര സഭയിൽ  ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിച്ചു.

(d) ക.നി.മൂസ. മാണിക്കത്തനാർ

സെൻ്റ് എഫ്രേംസിലെ പൂർവ്വവിദ്യാർത്ഥിയായ ആണ്ടുമാലിയിൽ ബഹു: എമ്മാനുവേലച്ചൻ (ക.നി.മൂസ. മാണിക്കത്തനാർ) കേരള കത്തോലിക്കാ സഭയിലെ പ്രമുഖാംഗം, ആദരണീയനായ  സാഹിത്യകാരൻ, കവി, ബഹുഭാഷാപണ്ഡിതൻ എന്നീനിലകളിൽ  പ്രശസ്തനായിരുന്നു. ബൈബിൾ പരിഭാഷകനെന്ന നിലയിൽ ഖ്യാതി നേടി. എ.ഡി. നാലാം നൂറ്റാണ്ടിന് മുമ്പ് പൂർത്തിയായ സുറിയാനി തർജ്ജമയായ 'പ്ശീത്താ'യിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭാഷ. സോളമന്റെ സുഭാഷിതങ്ങൾ, പ്രാസംഗികന്റെ പീഡാനുഭവപ്പാത എന്നീ ഖണ്ഡകൃതികളും രചിച്ചിട്ടുണ്ട്. മാണിക്കത്തനാരുടെ പാണ്ഡിത്യവും, ഭാഷാശുദ്ധിയും, പ്രതിഭാവിലാസവും ഉള്ളൂർ, വള്ളത്തോൾ മുതലായവർ മുക്തകണ്ഠം പ്രശംസിച്ചിരുന്നു.

(e) ഫാദർ : ആബേൽ സി. എം. ഐ

സെന്റ് എഫ്രേംസിലെ അനുഗ്രഹീതനായ പൂർവ്വ വിദ്യാർത്ഥിയായിരുന്നു ഫാദർ: ആബേൽ പെരിയപ്പുറം. പതിറ്റാണ്ടുകളുടെ കലാ പരിശീലനത്തിലൂടെആബേലച്ചൻ സ്ഥാപിച്ച കൊച്ചിയിലെ 'കലാഭവൻ ' ലോകത്തിന് സമ്മാനിച്ചത് ഒരു ലക്ഷത്തോളം കലാപ്രതിഭകളെയാണ്.  ദീപിക ബാലസംഖ്യത്തിന്റെ സംഘാടകനും ആദ്യത്തെ 'കൊച്ചേട്ട'നുമായിരുന്ന ആബേലച്ചൻ 1957- ൽ  മലയാളഭാഷയിൽ ആദ്യമായി കുട്ടികൾക്ക് വേണ്ടി 'കുട്ടികളുടെ ദീപിക' എന്ന മാസിക ആരംഭിച്ചു.കേരളത്തിലെ  ക്രൈസ്തവ ഭക്തിഗാന ശാഖയ്ക്കും, സീറോ മലബാർ സഭയുടെ ആരാധന ക്രമസംഗീതത്തിനും നൽകിയ സംഭാവനകൾ നിസ്തുലമാണ്. കനോന നമസ്കാര ഗീതങ്ങൾ, ആരാധനാ ഗീതങ്ങൾ, കൂദാശ ഗീതങ്ങൾ, വിശുദ്ധവാരം, കുരിശിന്റെ വഴി, മൃതസംസ്കാര കർമ്മം തുടങ്ങിയ വിവിധ അത്മീയാചാരണ വേളകളിലെ ഗാനങ്ങളും അനശ്വരമാണ്. 1986-ൽ അഖില കേരളം കത്തോലിക്ക കോൺഗ്രസ്, 1992-ൽ കേരളസഭാതാരം, 1999-ൽ മാധ്യമ  അവാർഡ് തുടങ്ങി നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ഈശ്വരനെത്തേടി ഞാനലഞ്ഞു..... തുടങ്ങിയ ഹൃദയസ്പർശിയായ ക്രിസ്തീയഭക്തി ഗാനങ്ങൾ അദ്ദേഹത്തിന്റെതാണ്.

(f) ബി. വെല്ലിംഗ്ടൺ

പ്രഗല്ഭനായ ഭരണാധികാരി, സാമൂഹ്യ പ്രവർത്തകൻ, വാഗ്മി എന്നീ നിലകളിലറിയപ്പെട്ട ബി. വെല്ലിംഗ്ടൺ സെൻ്റ് എഫ്രേംസിലേ പൂർവ്വവിദ്യാർത്ഥിയും ബോർഡിംഗിലെ അന്തേവാസിയുമായിരന്നു. തൊഴിലാളി പ്രവർത്തകനായിട്ടാണ് അദ്ദേഹം പൊതുരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലനാടു കർഷകയൂണിയൻ സ്ഥാപിച്ചു. തുടർന്ന് കർഷകത്തൊഴിലാളി പാർട്ടിക്ക് നേതൃത്വം കൊടുത്തു. 1967-ൽ ഇ. എം.ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ മന്ത്രി സഭയിൽ കേരളത്തിൽ കരുത്തുറ്റ ഭരണം കാഴ്ചവയ്ക്കുവൻ അദ്ദേഹത്തിന് സാധിച്ചു.

(g) ജോർജ് ജോസഫ് പൊടിപാറ

സെന്റ് എഫ്രേംസിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു ജോർജ് ജോസഫ് പൊടിപാറ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും, സർ. സി. പി ക്കെതിരെയുള്ള തിരുവിതാംകൂറിലെ ഉത്തരവാദിത്വ ഭരണപ്രക്ഷോഭണങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച ജോർജ് ജോസഫ് പൊടിപാറ 1957-ൽ ആദ്യകേരള നിയമസഭയിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻ്റെ  എം.എൽ.എയായിരുന്നു. ഗവ.ചീഫ് വിപ്പുമായി പ്രവർത്തിച്ചിട്ടുണ്ട്. 1960ലും 1987ലും ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻ്റെ സമഗ്രമായ വികസനത്തിന് നിരവധി സംഭാവനകൾ നൽകി. അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ് ആർപ്പൂക്കരയിൽ മെഡിക്കൽ കോളേജ് സ്ഥാപിതമായത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും പ്രമുഖ പങ്കുണ്ടായിരുന്നു.

ഗതാഗതം

പ്രതിദിനം നടന്നു വന്നു പഠിച്ചു കൊണ്ടിരിക്കുന്ന ഇവിടത്തെ കുട്ടികൾക്കായ് ചില റോഡുകൾ, പാലങ്ങൾ, കടത്തുവള്ളങ്ങൾ മുതലായവ കിട്ടണമെന്നുള്ളതായിരുന്നു നിവേദനം. മാനേജർ തൽക്ഷണം അതിലേക്കുള്ള ശ്രമങ്ങൾ തുടങ്ങുകയായി. മി. കെ. പി ശങ്കരമേനോൻ അവർകളായിരുന്നു അന്നു കോട്ടയം പേഷ്കാർ. പേഷ്കാരവർകളെ മാനേജർ ചെന്നു കാണുന്നു. സ്കൂളിലേയ്ക്കു ക്ഷണിച്ചു വരുത്തുന്നു. കുട്ടികളുടെ വിഷമതകൾ അദ്ദേഹത്തെ മനസ്സിലാക്കുന്നു. 'നാളെ രാവിലെ റോഡിനായി ചീളെന്നുത്തരവിട്ടിടാം താളമല്ലിതിചൊന്നിട്ടാണാളു പോയതു മേനവൻ' .ഇങ്ങനെ ലഭിച്ചതാണ് ഇപ്പോൾ കാണുന്ന മാന്നാനം അതിരംമ്പുഴ റോഡ്.

(a) ബോട്ട് ജെട്ടി

മാന്നാനത്തിന് പടിഞ്ഞാറ് വശത്തുകൂടി പെണ്ണാർ തോട് മാന്നാനം കരയെ കൈപ്പുഴ കരയുമായി ബന്ധിപ്പിച്ച് മാന്നാനം പാലം പണിതു. 30 വർഷം മുമ്പ് ഈ തോട്ടിൽ കൂടി അതിരംമ്പുഴയ്ക്ക് ബോട്ട് സർവ്വീസ് ഉണ്ടായിരുന്നു. കുമരകത്ത് നിന്നും അതിരംമ്പുഴ ചന്തയ്ക്ക് മലഞ്ചരക്കുകൾ വ്യാപാര വ്യവസായം നടത്തിയിരുന്നത് പെണ്ണാർ തോട് വഴിയായിരുന്നു. കോട്ടയത്തെ "ജില്ലാ ടൂറിസം" പ്രമോഷൻ കൗൺസിൽ പെണ്ണാർ കനാലിലൂടെ മനോഹരമായ പ്രദേശങ്ങളിലേയ്ക്ക് ബോട്ട് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നു. മാന്നാനത്തെയും കൈനകരിയെയും ബന്ധിപ്പിക്കുന്നു പെണ്ണാർ തോട്.

(1)മാന്നാനം   -  കൈപ്പുഴ റോഡ്

(2)വേലംകുളം- ലിസ്യു റോഡ്

10 വർഷങ്ങൾക്ക് മുമ്പ് ചീപ്പുങ്കൽ -മാന്നാനം റൂട്ടിൽ ബോട്ട് സർവ്വീസുകൾ പ്രവർത്തിച്ചിരുന്നു. മാന്നാനവും അതിരംമ്പുഴയുമാണ് പ്രധാന ബോട്ട് ജെട്ടികൾ രണ്ടിടത്തും ഈ കനാലിലൂടെ പാലവുമുണ്ട്. കോട്ടയം ജില്ലയിലെ ചരിത്ര പ്രധാനമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മാന്നാനം "കൂയിസ്" ടൂറിസ്റ്റ്കൾക്ക് ഈ സ്ഥലം പ്രിയങ്കരമാണ്.

(b) മാന്നാനം പള്ളിത്താഴെ തോടും, ചന്തയും

വർഷങ്ങൾക്ക് മുമ്പ് ഇവിടം നാട്ടുകാർ "പള്ളിത്താഴെ ചന്ത" എന്ന് വിശേഷിപ്പിച്ചിരുന്നു. സൂര്യകവലയ്‌ക്കും പള്ളി നടയ്ക്കും ഇടയിൽ റോഡിന്റെ ഇരുവശങ്ങളിലുമായി ആളുകൾ ചെറിയ ചെറിയ കച്ചവടങ്ങൾ നടത്തിയിരുന്നു. പച്ചക്കറി, മൺകലം, ചിരട്ടത്തവി, ചൂൽ, കുടംപുളി, കത്തി, കപ്പ, പച്ചമീൻ, ഉണക്കമീൻ, എന്നിവ സ്ത്രീകളും, പുരുഷന്മാരും വിൽപന ചെയ്തിരുന്നു. ഈ തോട്ടിൽ കൂടി വള്ളങ്ങളും കെട്ടു വള്ളങ്ങളും, ബോട്ടുകളും വന്നു പോയിരുന്നു. 30 വർഷത്തിന് മുമ്പ് മാന്നാനം പ്രദേശവാസികളുടെ നിത്യോപയോഗ സാധനങ്ങൾ ഇതിനടുത്തുള്ള റേഷൻ കടയിൽ നിന്നും വാങ്ങി കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ എതിർ വശത്ത് ഒരു തടിമില്ല് ഉണ്ട്. ഒരു സാധാരണക്കാരൻ മീനും, പലചരക്ക് സാധനങ്ങളും, വിറകും വാങ്ങി പാടവരമ്പത്തു കുടെ നടന്നു പോയിരുന്നു. "കളമ്പുകാട്ടുമല" എന്ന കുന്നും പുറത്ത് ആ പ്രദേശവാസികൾ പണ്ട് കാലങ്ങളിൽ താമസിച്ചിരുന്നു. പെണ്ണാർ തോടിന്റെ കൈവരിയിലുള്ളതാണ് മാന്നാനം പള്ളിത്താഴെയുള്ള ഈ തോട്.

ഉപസംഹാരം

പ്രകൃതിരമണീയവും ഹരിതഭംഗിയാൽ സമ്പന്നവും, പുണ്യാത്മാവിന്റെ പാദസ്പർശനങ്ങളാൽ അനുഗ്രഹീതവുമായ "എന്റെ മാന്നാനത്തെ " പറ്റി എത്ര വർണ്ണിച്ചാലും അതികമാവില്ല. വിദ്യാഭ്യാസ സമ്പന്നതയും, സംസ്കാരവും, ആത്മീയതയും പകർന്നു നൽകി, പുതുതലമുറയെ വാർത്തെടുക്കുന്നതിന് പര്യാപ്തമായ ചുറ്റുപാടുകളാൽ സമ്പന്നമാണീപ്രദേശം. സാക്ഷര കേരളത്തിന് ഈ കൊച്ചുഗ്രാമം നൽകിയ സംഭാവന നിസ്തുലമാണ്. 1846-ൽ ഒറ്റൊരു അധ്യാപകനോടൊപ്പം തുടങ്ങിയ 'സംസ്കൃത സ്കൂൾ' വികസിച്ചിന്ന് ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമായിമാറി. പ്രഗത്ഭരായ നിരവധി മഹാരഥന്മാരെ അന്നത്തെതുപോലെ ഇന്നും വളർത്തി വലുതാക്കുന്നു. മനുഷ്യന്റെ സമഗ്രവികസനം ലക്ഷ്യമിട്ട വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ജീവിത ദർശനങ്ങളും, കൃതികളും, കൈയ്യെഴുത്തു പ്രതികളും നാനാ തലമുറയിലുള്ളവർക്ക് എക്കാലവും മാർഗ്ഗദീപമാണ്. വിദ്യാഭ്യാസ സംസ്കാരിക സമ്പന്നതയാൽ അനുഗ്രഹീതമാണ് എന്റെ മാന്നാനം