എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാലയ ചരിത്രം
1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- ൽ വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപിള്ള സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി. സ്കൂളിന്റെ വിഭജനത്തിനൊപ്പം മാനേജ്മെന്റിന്റെ അമരത്വത്തിലും മാറ്റo വന്നു. വിദ്യാലയ സ്ഥാപകനായ ശ്രീ. വിക്രമൻ പിള്ള അദ്ദേഹം പ്രായാധിക്യത്താൽ വിദ്യാലയ നിയന്ത്രണാധികാരം ജാമാതാവായ ശ്രീ. എൻ. പത്മനാഭ പിള്ളയ്ക്ക് കൈമാറി. ശ്രീ. പത്മനാഭപിള്ളയുടെ നിര്യാണത്തോടെ സഹധർമ്മണി ശ്രീമതി.സരസ്വതി അമ്മയായി മാനേജർ. വസ്തു ഭാഗ നടപടികളുടെ ഭാഗമായി ഗേൾസ് സ്കൂൾ ശ്രീമതി. സരസ്വതി അമ്മ മകൾ ശ്രീമതി. ആനന്ദവല്ലി അമ്മയ്ക്കും ബോയ്സ് സ്കൂൾ മകൻ ശ്രീ. എസ്. പി.ഗോപകുമാറിനുമായി നൽകി. തുടർന്ന് 1986 സെപ്തംബറിൽ ശ്രീമതി. ആനന്ദവല്ലി അമ്മ ഗേൾസ് സ്കൂളിന്റെ മാനേജരായി ചുമതലയേറ്റു. ഭർത്താവുo നാട്ടിലെ പൊതുകാര്യ പ്രസക്‌തനുമായ ശ്രീ. ചന്ദ്രശേഖരപിള്ളയുടെ പിന്തുണ വളരെ സഹായകരമായിരുന്നു. ഈ വിദ്യാലയത്തിന്റെ പിൽക്കാല വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയുo 1988-ൽ ഒരു ഹയർ സെക്കന്ററി സ്കൂളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് ശ്രീ. ചന്ദ്രശേഖര പിള്ള സാറായിരുന്നു. അദ്ദേഹത്തിന്റെ സേവനത്‌ത്‌പരതയേയും സാമൂഹിക പ്രതി ബദ്ധതയേയും ഈ അവസരത്തിൽ ഞങ്ങൾ ആദരപൂർവ്വം സ്മരിക്കുന്നു. ശ്രീ. ചന്ദ്രശേഖര പിള്ള സാറിന്റെയും ശ്രീമതി. ആനന്ദവല്ലി അമ്മയുടെയും നിര്യാണത്തോടെ സ്കൂളിന്റെ സാരഥ്യം ശ്രീമതി. ദീപ്തി ഗിരീഷിന്റെ പക്കലെത്തി. വികസന പാതയിലൂടെ വിദ്യാലയത്തെ നയിക്കുന്നതിന് സഹധർമ്മണിയ്ക്ക് പിന്തുണയും ശക്തിയുമായി നിലകൊള്ളവേ ഭർത്താവ് ശ്രീ. അസ്വക്കേറ്റ് ഗിരീഷ്കുമാർ സാറിനെ ദുർവിധി അകാലത്തിൽ നമ്മിൽ നിന്നും അകറ്റി. ഏറ്റെടുത്തിട്ടുള്ള ചുമതല, ഉത്തരവാദിത്വം എന്നിവയെക്കുറിച്ചെല്ലാം ഉത്തമ ബോധ്യമുള്ള വ്യക്തിത്വമാണ് ശ്രീമതി. ദീപ്തി ഗിരീഷ്. സ്കൂളിന്റെ ഇന്നത്തെ വളർച്ച, വികസന പദ്ധതികളുടെ നടത്തിപ്പ്, എന്നിവയ്ക്കെല്ലാം പിന്നിൽ ശ്രീമതി. ദീപ്തി ഗിരീഷിന്റെ മികച്ച നേതൃത്വമാണ്.