എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാലയ ചരിത്രം
വെങ്ങാനൂർ - തിരുവിതാംകൂറിൻ്റെ പുരാവൃത്തങ്ങളിലും, നവോത്ഥാന, സ്വാതന്ത്ര്യ സമര ചരിത്രരേഖകളിലും ഇടം നേടിയ ഗ്രാമം. ഗാന്ധിജിയുടെ സന്ദർശന സൗഭാഗ്യം ലഭിച്ച അപൂർവ്വ ദേശം. തിരുവനന്തപുരം ജില്ലയിൽ, നെയ്യാറ്റിൻകര താലൂക്കിൽ, പ്രസിദ്ധമായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും, പ്രഖ്യാപിത വിഴിഞ്ഞം തുറമുഖത്തിനും അകലെയല്ലാത്ത പ്രശാന്ത സുന്ദരമായ ഗ്രാമം. ഇവിടെയാണ്, ഒരു നൂറ്റാണ്ടിനു മുൻപ് നാട്ടിലെ അജ്ഞാനതമസ്സകറ്റുവാൻ കർമ്മോൽസുകനും ക്രാന്തദർശിയുമായ എൻ.വിക്രമൻ പിള്ള എന്ന മഹദ്‍വ്യക്തി, ഗ്രാമാധിദേവതയായ നീലകേശി അമ്മയുടെ ക്ഷേത്ര പരിസരത്ത് ഒരു ചെറു വിദ്യാലയം ആരംഭിച്ചത്. പിൽക്കാലത്ത് വിജ്ഞാനത്തിൻ്റെ പ്രചുര പ്രകാശം നിതരാം ചൊരിഞ്ഞ ഒരു മഹാ വിദ്യാലയത്തിൻ്റെ നാന്ദി കുറിക്കലായിരുന്നു അത്. കാലത്തിന്റെ പ്രയാണത്തിനൊത്ത് ക്രമാനുഗതമായ വികാസ പരിണാമങ്ങൾക്കു വിധേയമായി, ഈ വിജ്ഞാന സ്രോതസ്സ് ആയിരക്കണക്കിന് വിദ്യാർത്ഥീ വിദ്യാർത്ഥിനികളുടെയും, ബഹുശതം അധ്യാപകരുടെയും, ഗ്രാമവാസികളുടെയും ഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയ വിദ്യാകേന്ദ്രമായി ഭവിച്ചു. വാർഷികാഘോഷ വേളകളിൽ ഭരണ, സാഹിത്യ, കലാരംഗങ്ങളിൽ പ്രശസ്തരും പ്രഗൽഭരുമായ മഹാ വ്യക്തിത്വങ്ങൾക്ക് ആതിഥ്യമരുളാനും, അവരുടെ സ്നേഹാശംസകൾക്ക് പാത്രമാവാനും കഴിഞ്ഞത് ഈ വിദ്യാലയത്തിൻ്റെ സുകൃതം.
1920ൽ തുടങ്ങി 1961 ൽ എത്തിയപ്പോൾ അയ്യായിരത്തിലധികം വിദ്യാർത്ഥീ വിദ്യാർത്ഥിനികളെക്കൊണ്ട് വിദ്യാലയത്തിൻ്റെ ശ്രേയസ്കരമായ വളർച്ചയിൽ ഒരു സുപ്രധാന പരിവർത്തനമുണ്ടായി. 1961 ൽ അതിവിശിഷ്ടാതിഥിയായി വിദ്യാലയം സന്ദർശിച്ച അന്നത്തെ ബഹു: കേരള മുഖ്യമന്ത്രി ശ്രീ പട്ടം താണുപിള്ളയുടെ നിർദ്ദേശമാണ് ബോയ്സ്, ഗേൾസ് എന്നിങ്ങനെ വിദ്യാലയം വിഭജിക്കപ്പെടാൻ നിമിത്തമായത്. സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളിൽ ആദ്യമായി ഇങ്ങനെ വിഭജിക്കപ്പെട്ടതും ഈ സ്ഥാപനം തന്നെ. അപ്രകാരം, 1961 ജൂലൈ മാസം വെങ്ങാനൂർ ഗേൾസ് ഹൈസ്കൂൾ നിലവിൽ വന്നു.
സ്കൂൾ സ്ഥാപകനും, മാനേജരുമായിരുന്ന അഭിവന്ദ്യ ശ്രീ.വിക്രമൻ പിള്ള പ്രായാധിക്യാവശതകളെത്തുടർന്ന് ഭരണസാരഥ്യം തന്റെ ജാമാതാവായ ശ്രീ.എൻ.പത്മനാഭപിള്ളയ്ക്ക് കൈമാറി. ഇരുവിദ്യാലയങ്ങളും നല്ല രീതിയിൽ പ്രവർത്തിച്ചു വരവേ, ശ്രീ.പത്മനാഭപിള്ള അന്തരിച്ചു.ഇതേ തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. സരസ്വതിയമ്മ വിദ്യാലയങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. എല്ലാപേരുടേയും മാതൃ തുല്യമായ സ്നേഹാദരങ്ങൾക്കർഹയായ ആ മഹതിയുടെ കാലത്തും ഇരു വിദ്യാലയങ്ങളിലേയും അധ്യാപകർക്ക് ട്രാൻസ്ഫർ മുഖേന രണ്ടിടത്തും സേവനമനുഷ്ഠിക്കുവാനുള്ള അവസരം ഉണ്ടായിരുന്നു. ശ്രീമതി സരസ്വതി അമ്മയുടെ ദേഹവിയോഗം, വിദ്യാലയത്തിൻ്റെ ഭരണ രംഗത്ത് ചില മാറ്റങ്ങൾക്ക് കാരണമായി. ബോയ്സ്, ഗേൾസ് ഹൈസ്കൂളുകളുടെ ഭാഗധേയം ശ്രീമതി സരസ്വതി അമ്മയുടെ സന്താനങ്ങളായ ശ്രീ. എസ്. പി. ഗോപകുമാറിൻ്റെയും ശ്രീമതി. എസ്. ആനന്ദവല്ലി അമ്മയുടെയും കൈകളിൽ യഥാക്രമം വന്നെത്തി. ഇരു വിദ്യാലയങ്ങളും വ്യത്യസ്ത മാനേജ്‍മെന്റിന്റെ നിയന്ത്രണത്തിലായി, ഒപ്പം സ്വതന്ത്ര സ്ഥാപനങ്ങളുമായി.
ഗേൾസ് ഹൈസ്കൂളിന്റെ ഉടമസ്ഥാവകാശമേറ്റെടുത്ത ശ്രീമതി ആനന്ദവല്ലി അമ്മയുടെ കാലത്ത്, ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനങ്ങൾക്കും കടപ്പെട്ടിരിക്കുന്നതും, സ്വഭർത്താവും, പൂർവ്വാധ്യാപകനും സമാദരണീയനായ പൊതു കാര്യപ്രസക്തനും, സർവ്വ ജനസമ്മതനുമായ ശ്രീ. പി. ചന്ദ്രശേഖരപിള്ളയോടാണ്. ഇക്കാലത്താണ് പ്രസ്തുത സ്കൂൾ ഹയർ സെക്കൻ്ററി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്കൂൾ മന്ദിരത്തിൽ ഒരു പ്രത്യേക ബ്ലോക്കുമുണ്ട്. ശ്രീമതി ആനന്ദവല്ലി അമ്മയുടെ നിര്യാണത്തോടെ ഗേൾസ് ഹൈസ്കൂൾ മാനേജരായി ഏകപുത്രിയായ ശ്രീമതി. ദീപ്തി ഗിരീഷ് അവരോധിക്കപ്പെട്ടു.ശ്രീമതിക്ക് തന്റെ ചുമതലകൾ വിജയകരമായി നിർവ്വഹിക്കുവാൻ താങ്ങും തണലുമായി ഒപ്പം നിന്നത് ജീവിത പങ്കാളിയായിരുന്ന അഡ്വ. ഗിരീഷ് കുമാറായിരുന്നു. എന്നാൽ അകാലത്തിൽ സംഭവിച്ച ശ്രീ. ഗിരീഷിന്റെ ജീവിതാന്ത്യം ഒരാഘാതമായിരുന്നെങ്കിലും, ഒട്ടും പതറാതെ, ആത്മധൈര്യത്തോടെ, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ തന്നിൽ നിക്ഷിപ്തമായ കടമകൾ നിർവഹിക്കാൻ ശ്രീമതി. ദീപ്തി സന്നദ്ധയായി എന്നത് കാലം വിദ്യാലയത്തിന് കരുതിവച്ച കരുതൽ . സ്കൂൾ കാമ്പസിൽ നിർമ്മിച്ച ആഡിറ്റോറിയം ശ്രീ. ഗിരീഷ് കുമാറിന്റെ സേവനങ്ങൾക്കുള്ള കൃതജ്ഞതയുടെ പ്രതീകമാണ്.
പഠനത്തിലും , പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണിത് എന്നത് വസ്തുതയാണ്. ഈ ഖ്യാതിക്ക് തരിമ്പും മങ്ങലേല്‌പിക്കാതെ നിലനിർത്തുവാൻ സ്കൂളധികൃതരും , വിദ്യാർത്ഥിനികളും പ്രതിജ്ഞാബദ്ധരാണ്. അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും രക്ഷകർത്താക്കളുടെയും നിർലോപമായ സഹായ സഹകരണങ്ങളാണ് തനിക്ക് ധൈര്യവും ആത്മവിശ്വാസവ്യം, പ്രചോദനവും നൽകുന്നതെന്ന് ശ്രീമതി. ദീപ്തി ഗിരീഷ് സാക്ഷ്യപ്പെടുത്തുന്നു. ഈ കൂട്ടായ്മയോടൊപ്പം, പൂർവ്വാദ്ധ്യാപകരും , പൂർവ്വ വിദ്യാർത്ഥികളും ഉദാരമതികളായ നാട്ടുകാരും ചേർന്നപ്പോൾ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങൾ അവിസ്മരണീയമായി ഭവിച്ചു; ഒപ്പം വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ രജത രേഖയായും. നൂറ്റിരണ്ടാം വർഷം പിന്നിടുന്ന പ്രിയപ്പെട്ട വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിന് ആത്മ പ്രണാമം.
മുൻ മാനേജർമാർ
-
സ്ഥാപക മാനേജർ - ശ്രീ.എൻ.വിക്രമൻപിള്ള
-
മാനേജർ ശ്രീ എൻ. പത്മനാഭപിള്ള
-
മാനേജർ ശ്രീമതി എ. സരസ്വതി അമ്മ
-
മാനേജർ - ശ്രീ പി ചന്ദ്രദേശഖരപിള്ള
-
മാനേജർ - ശ്രീമതി ആനന്ദവല്ലി അമ്മ
-
മാനേജർ - അഡ്വ. ഗിരീഷ് കുമാർ
.