എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/ആത്മശാന്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പല പേരിലറിയുന്ന പെൺകിടാവേ നീ
ജ്യോതിയാണെന്നു ഞാനറിഞ്ഞിടുന്നു
നാടിനും വീടിനുമെന്നെന്നും ജ്യോതിസ്സായി
വാഴാനായ് നൽകിയ നിൻ നാമധേയം
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിച്ചും
കൊച്ചു കുറുമ്പുകളാടിത്തിമർത്തും
നീ വളർന്നീടുന്ന നാളിലോരോന്നിലും
സ്വപ്നങ്ങളെത്രയോ നെയ്‌തെടുത്തുറ്റവർ
വിദ്യതന്നുന്നതശ്രേണിയിലെത്തുവാൻ
നിന്നെ തനിച്ചവർ യാത്രയാക്കീ, നിന്റെ
സദ് വാർത്തയ്ക്കായവർ കാത്തിരുന്നു
ഒടുവിലവർ ഹൃദയം നുറുങ്ങുന്ന
കാപാലികത്വമാം അന്ത്യമല്ലോ
സ്ത്രീയെന്നാൽ ദേവത, അമ്മയുമവൾ തന്നെ
സോദരിയുമവളെന്നുദ്‌ഘോഷിച്ചിടുന്നൊരാ-
ഭാരത പൈതൃകം തൃണവൽക്കരിച്ചുകൊ-
ണ്ടാർത്തു തിമിർത്തവർ കാപാലികർ
കേട്ടവരേവരും ഞെട്ടിത്തരിച്ചുപോ-
മീഗതി നമ്മുടെ സോദരിക്കോ?
എങ്ങനെ നേരും നിനക്കാത്മ ശാന്തി ഞാൻ
എങ്ങനെ നിന്നെ ഞാൻ യാത്രയാക്കും?
പെണ്ണായ് പിറന്നവൾക്കീഗതി തന്നെയോ
മന്നിലിതെന്നുടെ സോദരരേ
മാനിച്ചില്ലെങ്കിലും അപമാനിക്കാതെടോ
ഞങ്ങളുമൊന്നിവിടെ കഴിഞ്ഞിടട്ടെ
നാടിനും വീടിനും ജ്യോതിസ്സായ് വാഴേണ്ട
നിൻഗതിയാർക്കും വരാതിരിക്കാനുള്ള
പ്രാർത്ഥനയിലാവട്ടെ നിന്നാത്മശാന്തി