ജി.എൽ.പി.എസ് പറമ്പിൽപീടിക/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ഒളകര, പെരുവള്ളൂർ, പുത്തൂർ എന്നീ ദേശങ്ങൾ കൂടിച്ചേരുന്ന കോലാർകുന്നത്ത് 1957 ലാണ് ഒളകര എസ്.ടി. എന്ന പേരിൽ ഒറ്റ ക്ലാസ്സും ഏകാധ്യാപകനുമായി സ്കൂളിന്റെ തുടക്കം. പറമ്പിൽപീടികയിലെ ഓത്തുപള്ളി മദ്രസ്സയിൽ കോഴിത്തൊടി ആലിബാപ്പു മാഷിന്റെ കാർമികത്വത്തിൽ നടന്നു വന്നിരുന്ന ഭൗതിക വിദ്യാഭ്യാസമാണ് കോലാർകുന്നത്തേക്ക് മാറിയത്. പറമ്പിൽ പീടികയിലെ ആദ്യകാല അധ്യാപകനും അദ്ദേഹമായിരുന്നു. അൻപതോളം വിദ്യാർഥികളുമായി ഓലഷെഡ്ഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. മുഹമ്മദ്കുട്ടി മേലേ കൊടശ്ശേരി ആയിരുന്നു ആദ്യ വിദ്യാർഥി. (ചേർത്ത തീയതി 1/7/1957). ഊരകം സ്വദേശിയായ ശ്രീ എം.കെ. പരമേശ്വരൻ നായരായിരുന്നു ആദ്യകാല അധ്യാപകനായി വന്നത്.

പരമേശ്വരൻ നായരും തുടർന്ന് മലപ്പുറം വലിയങ്ങാടിക്കാരൻ പി. അഹമ്മദ് മാസ്റ്ററുമായിരുന്നു ആദ്യകാല ഹെഡ് മാസ്റ്റർമാർ. തുടർന്ന് കേവലം ഒരു കൊല്ലത്തിനുശേഷം അറയ്ക്കൽ അഹമ്മദ് കുട്ടിഹാജി ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലം സ്കൂളിനായി വിട്ടു നൽകിയതോടെയാണ് സ്കൂളിന്റെ മാറ്റത്തിന് തുടക്കം കുറിച്ചത്. സ്കൂൾ നിൽക്കുന്ന സ്ഥലത്ത് മധ്യഭാഗത്തായി ഓടിട്ട ഒരു പ്രീ കെ.ഇ.ആർ കെട്ടിടവും അദ്ദേഹം നിർമിച്ചു നൽകിയിരുന്നു. 1957 നവംബർ ഒന്നിന് സ്കൂൾ ഇവിടെ പ്രവർത്തനം തുടങ്ങി.







