സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒളകര, പെരുവള്ളൂർ, പുത്തൂർ എന്നീ ദേശങ്ങൾ കൂടിച്ചേരുന്ന കോലാർകുന്നത്ത് 1957 ലാണ് ഒളകര എസ്.ടി. എന്ന പേരിൽ ഒറ്റ ക്ലാസ്സും ഏകാധ്യാപകനുമായി സ്കൂളിന്റെ തുടക്കം. പറമ്പിൽപീടികയിലെ ഓത്തുപള്ളി മദ്രസ്സയിൽ കോഴിത്തൊടി ആലിബാപ്പു മാഷിന്റെ കാർമികത്വത്തിൽ നടന്നു വന്നിരുന്ന ഭൗതിക വിദ്യാഭ്യാസമാണ് കോലാർകുന്നത്തേക്ക് മാറിയത്. പറമ്പിൽ പീടികയിലെ ആദ്യകാല അധ്യാപകനും അദ്ദേഹമായിരുന്നു. അൻപതോളം വിദ്യാർഥികളുമായി ഓലഷെഡ്ഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. മുഹമ്മദ്കുട്ടി മേലേ കൊടശ്ശേരി ആയിരുന്നു ആദ്യ വിദ്യാർഥി. (ചേർത്ത തീയതി 1/7/1957). ഊരകം സ്വദേശിയായ ശ്രീ എം.കെ. പരമേശ്വരൻ നായരായിരുന്നു ആദ്യകാല അധ്യാപകനായി വന്നത്.

ആദ്യകാല സ്കൂൾ ചിത്രം .
ആദ്യ ഹെഡ് മാസ്റ്റർ

പരമേശ്വരൻ നായരും തുടർന്ന് മലപ്പുറം വലിയങ്ങാടിക്കാരൻ പി. അഹമ്മദ് മാസ്റ്ററുമായിരുന്നു ആദ്യകാല ഹെഡ് മാസ്റ്റർമാർ.

തുടർന്ന് കേവലം ഒരു കൊല്ലത്തിനുശേഷം അറയ്ക്കൽ അഹമ്മദ് കുട്ടിഹാജി ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലം സ്കൂളിനായി വിട്ടു നൽകിയതോടെയാണ് സ്കൂളിന്റെ മാറ്റത്തിന് തുടക്കം കുറിച്ചത്. സ്കൂൾ നിൽക്കുന്ന സ്ഥലത്ത് മധ്യഭാഗത്തായി ഓടിട്ട ഒരു പ്രീ കെ.ഇ.ആർ കെട്ടിടവും അദ്ദേഹം നിർമിച്ചു നൽകിയിരുന്നു. 1957 നവംബർ ഒന്നിന് സ്കൂൾ ഇവിടെ പ്രവർത്തനം തുടങ്ങി. ഏകാധ്യാപക വിദ്യാലയം 1959 ൽ 4 അധ്യാപകരുള്ള വിദ്യാലയമായി മാറി. എങ്കിലും 1987 വരെ സ്കൂളിന്റെ പേര് ഏകാധ്യാപകവിദ്യാലയം ജി.എൽ.പി.സ്കൂൾ ഒളകര എന്നായിരുന്നു. ക്ലാസ് റൂമുകളുടെ കുറവ് നികത്താൻ വീണ്ടും മദ്രസകളെ ആശ്രയിക്കേണ്ടി വന്നു. ആയിടയ്ക്കാണ് (1965 ൽ) വടക്കുഭാഗത്ത് പി.ടി.എ.യുടെ നേതൃത്വത്തിൽ അഞ്ചുമുറിക്കെട്ടിടം നിർമിക്കുന്നത്. ഇതോടെ മദ്രസകളിൽ നിന്നും ക്ലാസ്സുകൾ പിൻവലിക്കാൻ സാധിച്ചു. 2005-2006 വർഷം പുതിയ യുവനിര പി.ടി.എ.യുടെ സാരഥ്യത്തിൽ വരികയും സ്കൂളിന്റെ വികസനത്തിനായി അധ്യാപകരോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. അതിന്റെ ഫലമായി എസ്.എസ്.എ. വക കെട്ടിടം, പഞ്ചായത്ത് വക കെട്ടിടം എന്നിവ നിർമിച്ചു. പി.ടി.എ.യുടെ നിലവിലെ കെട്ടിടം റിപ്പയർ ചെയ്തു. അതോടെ ക്ലാസ് മുറികളുടെ കുറവ് ഏറെക്കുറെ നികത്താൻ സാധിച്ചു. ഇതോടൊപ്പം അന്നത്തെ സർക്കാർ നടപ്പിലാക്കിയ എം.ജി.പി. പദ്ധതി വഴി ചുറ്റുമതിൽ, പാചകപ്പുര ഫർണ്ണിച്ചർ, ടോയലറ്റ്, കുടിവെള്ള പദ്ധതി, വൈദ്യുതീകരണം, കമ്പ്യൂട്ടർ, യൂണിഫോം എന്നിവയും ലഭിച്ചു. അന്ന് സർക്കാർ സ്കൂളുകളിൽ യൂണിഫോം വരുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് എജ്യൂസാറ്റും സ്ഥാപിച്ചു. ഇതോടെ പറമ്പിൽ പീടിക ജി.എൽ.പി.സ്കൂൾ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറി. ഗതകാല ശൈശവത്തിന്റെ മുൾമുനകളിലൂടെ അറുപതിലധികം സംവത്സരങ്ങൾ പിന്നിട്ട് പറമ്പിൽ പീടിക ജി.എൽ.പി.എസ്. പടർന്ന് പന്തലിച്ച് ഒരു വടവൃക്ഷമായി ഇന്നിന്റെ മർമരങ്ങളിലൂടെ പരിലസിക്കുന്നു.

ആദ്യകാല സ്കൂൾ ചിത്രം .
ആദ്യകാല സ്കൂൾ ചിത്രം
ആദ്യകാല അഡ്മിഷൻ രജിസ്റ്ററിന്റെ ആദ്യ പേജ്.
സ്കൂളിലെ ആദ്യ വിദ്യാർത്ഥി.
മുൻ ഹെഡ്മിസ്ട്രസ്
സ്തുത്യർഹമായ സേവനം നടത്തി വിരമിച്ചവർ
എസ്.എസ്.എ കെട്ടിടങ്ങളുടെ ഉദ്ഘാടനം
കെട്ടിട ഉദ്ഘാടനം
കെട്ടിട ഉദ്ഘാടനം
നിലവിലെ സ്കൂൾ കവാടം.
നിലവിലെ സ്കൂൾ ചിത്രം.