ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/നല്ലപാഠം
ബുക്കാനൻ നല്ലപാഠം
കുട്ടികളിൽ മൂല്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും വളർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്, വൃദ്ധർക്കൊപ്പം ഒരു ദിനം , ഭിന്നശേഷിക്കാരുമായി ഒരു ദിനം, പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങ്ൾ തുടങ്ങി കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന ഏതു പ്രവർത്തനവും ഏറ്റെടുത്തു നടത്തുന്നു. മലയാള മനോരമയുമായുടെ നല്ലപാഠം പദ്ധതിയിൽ അംഗത്വമുണ്ട്.
നല്ലപാഠം യൂണിറ്റ് പ്രവർത്തനങ്ങൾ
21-22 റിപ്പോർട്ട്
പെൺകുട്ടികളുടെ ശാക്തീകരണം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രവർത്തിക്കുവാനാണ് ഈ അദ്ധ്യയന വർഷം തീരുമാനമെടുത്തത്.അതിനോട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ചർച്ച ചെയ്തു.കോവിഡ് അടച്ചു പൂട്ടലിന് ശേഷം നവംബറിലാണ് സ്കൂൾ വീണ്ടും തുറന്നു പ്രവർത്തിച്ചത്. നവംബർ മാസത്തിൽ സ്കൂൾ തുറന്നതിനു ശേഷം നല്ലപാഠം അംഗങ്ങളെ വിളിച്ചുകൂട്ടി അവരുടെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കാൻ സാധിച്ചു .ഡിസംബർ മാസത്തിൽ ക്രിസ്തുമസ്സ് സന്തോഷം ,രക്ഷിതാക്കൾ മരണപ്പെട്ടു പോയ നിർധനരായ കുട്ടികളിലേക്ക് എത്തിക്കുവാനായി "സ്നേഹത്തണൽ" എന്ന പദ്ധതി തയ്യാറാക്കി. അതിൻ്റെ ഭാഗമായി ക്രിസ്തുമസ് ഫാദറും കരോൾ സംഘവും നല്ല പാഠം അംഗങ്ങളും ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടിയും അദ്ധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, തെരഞ്ഞെടുത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കരോൾ ഗാനമാലപിച്ചു. അവർക്ക് കേക്ക് ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗപ്പെടുന്ന വസ്തുക്കൾ അടങ്ങിയ കിറ്റ് ക്രിസ്തുമസ്സ് ഉപഹാരമായി നൽകി. എല്ലാവരിലും ക്രിസ്തുമസ് സന്തോഷം പകർന്നു നൽകിയ ഈ യാത്ര നല്ല പാഠം അംഗങ്ങൾക്ക് നവ്യാനുഭവമായിരുന്നു. കൂടാതെ പുതുവർഷത്തിൽ യൂണിറ്റ് ഏറ്റെടുക്കുവാൻ പോകുന്ന പുതിയ പ്രോജക്ടിനെക്കുറിച്ച് നല്ലപാഠം കോ-ഓർഡിനേറ്റർമാരായ ജെസ്സി ബെന്നി, മാഗി .പി .ജോൺ എന്നിവർ കുട്ടികളോട് സംസാരിച്ചു. നല്ല പാഠത്തിൻ്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം നൽകുന്നതിനു വേണ്ട ക്രമീകരണങ്ങൾ നടത്തുവാൻ പോകുന്നതായി അറിയിച്ചു .ഈ പദ്ധതിക്ക് "പെണ്മണി "എന്നാണ് പേരിടുന്നത് എന്നും ഊർജ്ജ സംരക്ഷണം, പെൺകുട്ടികളുടെ സ്വാശ്രയ സഞ്ചാരം, ആരോഗ്യ സംരക്ഷണം, കോവിസ് കാല സുരക്ഷിത യാത്ര എന്നിവ ലക്ഷ്യമാക്കി നടത്തുന്ന ഈ പദ്ധതി 2022 ജനുവരിയിൽ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നതായും അറിയിച്ചു. തുടർന്ന് 2022ജനുവരി 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ "പെൺമണി" സൈക്കിൾ സവാരി പരിശീലന പരിപാടി ആരംഭിച്ചു. പെൺകുട്ടികൾക്ക് യാത്രാ സ്വയംപര്യാപ്തത, ആത്മവിശ്വാസം, ഒപ്പം ഊർജ്ജസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനായി ക്രമീകരിച്ച പദ്ധതി ലോക്കൽ മാനേജർ റവ.വർക്കി തോമസ് ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി കുട്ടികൾക്ക് കുറഞ്ഞ വിലയിൽ സൈക്കിളുകൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അധ്യാപികമാരും നല്ലപാഠം അംഗങ്ങളുമാണ് പരിശീലനം നൽകുന്നത്. ഹെഡ്മിസ്ട്രസ്സ് മീനു മറിയം ചാണ്ടി, പി.ടി.എ പ്രസിഡൻ്റ് സിജുകുമാർ, നല്ലപാഠം ചുമതലക്കാരായ ജെസ്സി ബെന്നി, മാഗി .പി .ജോൺ, സ്റ്റാഫംഗങ്ങൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
എന്നും രാവിലെ 9 മണി മുതൽ 10 മണി വരെപെൺകുട്ടികൾ പരിശീലനം നേടുന്നു.തുടർന്നും സ്ത്രീ ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങൾ നല്ലപാഠം ഏറ്റെടുത്ത് ചെയ്യുന്നതാണ്.കൂടാതെ കുട്ടികളുടെ സഹകരണത്തോടെ ജൈവ പച്ചക്കറികളും സ്വയം പാചകം ചെയ്ത അച്ചാറുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വില്പന ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് തിരുവഞ്ചൂർ ജുവനൈൽ ഹോമിലെ കുട്ടികളെ സഹായിക്കുവാൻ പദ്ധതിയിടുന്നുണ്ട്. ഇവയെല്ലാം കാലാനുസൃതമായി ചെയ്തു തീർക്കാൻ പരിശ്രമിച്ചു വരുന്നു.
സ്കൂൾ പ്രവർത്തനക്ഷമമായിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂ എങ്കിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ചെയ്തു തീർക്കാൻ ബുക്കാനൻ നല്ലപാഠം യൂണിറ്റിന് സാധിച്ചതിൽ അഭിമാനമുണ്ട്.
2020-21 റിപ്പോർട്ട്
കോവിഡ് മൂലം അടച്ചുപൂട്ടലിലായിരുന്നു കുറെക്കാലമെങ്കിലും കഴിഞ്ഞ ഒരു വർഷക്കാലം നല്ലപാഠം യൂണിറ്റിന് നന്നായി പ്രവർത്തിക്കാൻ സാധിച്ചു . കൊറോണ മൂലം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചില്ല എങ്കിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ചില പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സാധിച്ചു എന്നത് അഭിമാനകരമായി തോന്നി. കുട്ടികൾക്ക് കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുവാൻ പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്യുകയും അവ നട്ടുവളർത്തുന്ന അതിൻ്റെ ദൃശ്യങ്ങൾ പകർത്തി നൽകുവാനും ആവശ്യപ്പെട്ടിരുന്നു . കുട്ടികളുടെ ഈ പ്രവർത്തനങ്ങളെ അധ്യാപകർ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു . അതുപോലെതന്നെ കോവിഡ് രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാല സുരക്ഷയെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി അവ പ്രയോഗത്തിൽ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു . സ്കൂളിൽ എത്തിച്ചേരുവാൻ സാധിക്കാതിരുന്ന അവസരങ്ങളിൽ നല്ല പാഠത്തിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടത്തിയിരുന്നത് . കുട്ടികളുമൊത്ത് വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ ഏർപ്പെടാനും ഓൺലൈനിലൂടെ ക്രമീകരണം ചെയ്തിരുന്നു . കോവിഡിനൊപ്പവും അതിനു ശേഷവും നമ്മുടെ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു .
ഗാലറി
-
ബുക്കാനൻ നല്ലപാഠം യൂണിറ്റ്
-
വൃക്ഷത്തൈവിതരണം
-
നല്ലപാഠം പത്രവാർത്തകൾ
-
തേൻമാവ് നാടകാവതരണം]
-
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ
-
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ
-
പ്രളയദുരിതാശ്വാസ സഹായവുമായി