ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/നല്ലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്

ബുക്കാനൻ നല്ലപാഠം

കുട്ടികളിൽ മൂല്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും വളർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്, വൃദ്ധർക്കൊപ്പം ഒരു ദിനം , ഭിന്നശേഷിക്കാരുമായി ഒരു ദിനം, പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങ്ൾ തുടങ്ങി കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന ഏതു പ്രവർത്തനവും ഏറ്റെടുത്തു നടത്തുന്നു. മലയാള മനോരമയുമായുടെ നല്ലപാഠം പദ്ധതിയിൽ അംഗത്വമുണ്ട്.

നല്ലപാഠം യൂണിറ്റ് പ്രവർത്തനങ്ങൾ

2022-23

കരുതലിന്റെ ഓണം

പള്ളം ബി ഐ ജി എച്ച് എസ് സ്കൂളിലെ നല്ല പാഠം പ്രവർത്തകർ സഹപാഠികൾക്കിടയിൽ കരുതലിന്റെ നല്ല പാഠം രചിച്ചുകൊണ്ട് ഈ ഓണക്കാലത്തും . തങ്ങളുടെ കൂട്ടുകാർക്കിടയിൽ വിഷമവും പ്രയാസവും അവശതയും അനുഭവിക്കുന്ന 15 കൂട്ടുകാരെ കണ്ടെത്തി കൈത്താങ്ങാകുന്നു. സ്കൂളിൽ നിന്ന് തന്നെ സ്വരൂപിച്ച തുക ഉപയോഗിച്ച് അനവധി നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി ഏകദേശം ആയിരത്തിൽ പരം രൂപ വിലമതിക്കുന്ന കിറ്റുകളാണ് കുട്ടികൾ സഹപാഠികൾക്ക് വീടുകളിൽ എത്തി വിതരണം ചെയ്തത്. അനുഭവങ്ങളുടെ പുതിയ തലം കുഞ്ഞുങ്ങൾക്ക് ഹൃദയത്തോട് ചേർക്കുന്നതിന് ഈ ഓണക്കാലം സഹായമായി. "എൻറെ ഓണം അപരന് കൈത്താങ്ങാകും "എന്ന പ്രതിജ്ഞയുമായി നല്ല പാഠം ക്ലബ് അംഗങ്ങൾ ഓണാവധിക്ക് പിരിയുമ്പോൾ നല്ല പാഠത്തിന്റെ ഒരു പുതിയ അധ്യായം കുഞ്ഞുമനസ്സുകളിൽ എഴുതിച്ചേർക്കാൻ സഹായകമായി. സ്കൂൾ ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി, സ്കൂളിലെ ഏറ്റവും മുതിർന്ന അധ്യാപിക ജെസിയമ്മ ആൻഡ്രൂസ്, നല്ലപാഠം കോഡിനേറ്റർമാരായ ബ്ലെസി.എം. ബാബു അന്നു മീര സാബു മറ്റ് അധ്യാപകർ പിടിഎ ഭാരവാഹികൾ എന്നിവർ "കരുതലിന്റെ ഓണം " പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിന ആഘോഷം

ബി ഐ ജി എച്ച് എസ് പള്ളം സ്കൂളിലെ നല്ല പാഠം ക്ലബ്‌ പ്രവർത്തകർ വളരെ അർത്ഥവത്തായി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ മാതൃരാജ്യത്തോടുള്ള പ്രതിബദ്ധത വിവിധ പരിപാടികളിലൂടെ രംഗാവിഷ്കാരം നടത്തി.ആനി ബസന്റ് കസ്തൂർബാഗാന്ധി സരോജിനി നായിഡു ഝാൻസി റാണി ഉൾപ്പെടെയുള്ള നിരവധി വനിതകളായ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷത്തിൽ പെൺകുട്ടികൾ അണിനിരന്ന്കഥാപാത്രങ്ങൾക്ക് അനുസൃതമായി വിവരണം നൽകിയത് സദസ്യരെ അത്ഭുതത്തിലാഴ്ത്തി .ഏഴാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച സ്ത്രീപക്ഷ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ അധിഷ്ഠിതമായ നൃത്തശില്പം ഭാരതാംബയുടെ രംഗാവിഷ്കാരത്തോടെഏവരെയും ഹഠാദാകർഷിച്ചു രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരെ സ്മരിക്കുകയുംരാജ്യത്തിൻറെ കാവൽക്കാരായി വിദ്യാർഥിനികൾക്കും ഒട്ടേറെ ചെയ്യുവാനുണ്ട് എന്ന് സന്ദേശം കുഞ്ഞുങ്ങളിൽ എത്തിക്കുവാൻ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് സാധിച്ചു. ദീർഘമായ 20 വർഷങ്ങൾ ഇന്ത്യൻ വായു സേനയിൽ പ്രവർത്തിച്ച ലഫ്. ജോൺ തോമസ് അവർകളെ നല്ല പാഠം പ്രവർത്തകർ പൊന്നാടയണിയിച്ച് ആദരിച്ചു.

ദാരിദ്ര്യ നിർമ്മാർജ്ജനദിനം, ഭക്ഷ്യ ദിനം

പള്ളം, ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിൻ്റെ നല്ല പാഠം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ദാരിദ്യ നിർമ്മാർജ്ജന ദിനം, ഭക്ഷ്യ ദിനം എന്നീ ദിനാചരണങ്ങളുടെ ഭാഗമായി ഒക്ടോബർ 18ന്കോട്ടയം നാഗമ്പടത്ത് വച്ച് സാധുജനങ്ങൾക്കായി ഭക്ഷണപ്പൊതി വിതരണം നടത്തി. നല്ലപാഠം യൂണിറ്റിൻ്റെ യോഗത്തിൽ പദ്ധതി നടപ്പിലാക്കലിനെ കുറിച്ച് സംസാരിച്ചപ്പോൾ കുട്ടികൾ സ്വയം അവർ തന്നെ ഭക്ഷണപ്പൊതി തയ്യാറാക്കി കൊണ്ടു വരാം എന്ന് അറിയിച്ചു. അതിൻ പ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ്സിൻ്റെ നിർദ്ദേശപ്രകാരം പി.ടി.എ.പ്രസിഡൻ്റ് ശ്രീ. സിജുകുമാർ, പി .ടി. എ അംഗം ശ്രീ .രവീന്ദ്രകുമാർ കൺവീനർമാരായ ശ്രീമതി. ബ്ലെസി.എം.ബാബു, ശ്രീമതി. അന്നു മീര സാബു, നല്ലപാഠം അംഗങ്ങളായ വിദ്യാർത്ഥിനികൾ എന്നിവർ നാഗമ്പടത്ത് ഭക്ഷണപ്പൊതി വിതരണം നടത്തി. കുട്ടികൾക്ക് ദാരിദ്ര്യത്തിൻ്റെ നോവുകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുവാനും ഭക്ഷണത്തിൻ്റെ മൂല്യം തിരിച്ചറിയാനും ഈ സന്ദർഭം ഉപകാരപ്പെട്ടു.

ക്രിസ്തുമസ് ആഘോഷം

ഡിസംബർ 9ന് സ്കൂൾതല ക്രിസ്തുമസ് ആഘോഷം നടന്നപ്പോൾ പള്ളം ആശാ കേന്ദ്രത്തിലെ ഭിന്നശേഷി വിഭാഗക്കാർക്കൊപ്പം ആയിരുന്നു നല്ലപാഠം പ്രവർത്തകർ. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് എത്തിയ അവർക്ക് പ്രത്യേക ഉപഹാരങ്ങളും മധുരപലഹാരങ്ങളും നൽകി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 വിദ്യാർത്ഥിനികൾക്ക് ക്രിസ്തുമസ് കിറ്റുകൾ നൽകുകയും ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് കാരുണ്യത്തിന്റെ പാഠങ്ങൾ പറഞ്ഞു കൊടുക്കുവാൻ നല്ല പാഠം യൂണിറ്റിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു 50 കുട്ടികൾ അംഗങ്ങളായുള്ള യൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീമതിമാരായ ബ്ലസി എം ബാബു അന്നു മീര സാബു എന്നിവരാണ്

21-22 റിപ്പോർട്ട്

പെൺകുട്ടികളുടെ ശാക്തീകരണം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രവർത്തിക്കുവാനാണ് ഈ അദ്ധ്യയന വർഷം തീരുമാനമെടുത്തത്.അതിനോട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ചർച്ച ചെയ്തു.കോവിഡ് അടച്ചു പൂട്ടലിന് ശേഷം നവംബറിലാണ് സ്കൂൾ വീണ്ടും തുറന്നു പ്രവർത്തിച്ചത്. പ്രവേശനോത്സ വത്തോടനുബന്ധിച്ച് ക്ലാസ്സ് മുറികൾ വൃത്തിയാക്കുന്നതിനും ചുവരുകൾ ചിത്രം വരച്ചും ക്രാഫ്റ്റ് വർക്കുകൾ ചെയ്തും അലങ്കരിക്കുന്നതിന് മുന്നിട്ട് നിന്നത് നല്ലപാഠം പ്രവർത്തകരായിരുന്നു.. നവംബർ മാസത്തിൽ സ്കൂൾ തുറന്നതിനു ശേഷം നല്ലപാഠം അംഗങ്ങളെ വിളിച്ചുകൂട്ടി അവരുടെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കാൻ സാധിച്ചു .

"സ്നേഹത്തണൽ"

ക്രിസ്തുമസ്സ് സന്തോഷം ,രക്ഷിതാക്കൾ മരണപ്പെട്ടു പോയ നിർധനരായ കുട്ടികളിലേക്ക് എത്തിക്കുവാനായി "സ്നേഹത്തണൽ" എന്ന പദ്ധതി തയ്യാറാക്കി. അതിൻ്റെ ഭാഗമായി ക്രിസ്തുമസ് ഫാദറും കരോൾ സംഘവും നല്ല പാഠം അംഗങ്ങളും ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടിയും അദ്ധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, തെരഞ്ഞെടുത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കരോൾ ഗാനമാലപിച്ചു. അവർക്ക് കേക്ക് ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗപ്പെടുന്ന വസ്തുക്കൾ അടങ്ങിയ കിറ്റ് ക്രിസ്തുമസ്സ് ഉപഹാരമായി നൽകി. എല്ലാവരിലും ക്രിസ്തുമസ് സന്തോഷം പകർന്നു നൽകിയ ഈ യാത്ര നല്ല പാഠം അംഗങ്ങൾക്ക് നവ്യാനുഭവമായിരുന്നു.

"പെണ്മണി "

സൈക്കിൾ സവാരി പരിശീലന പരിപാടി ഉദ്ഘാടനം

പെൺമണി" സൈക്കിൾ സവാരി പരിശീലന പരിപാടി ഉദ്ഘാടനം റവ. വർക്കി തോമസ് (ലോക്കൽ മാനേജർ)നിർവഹിച്ചു. പെൺകുട്ടികൾക്ക് യാത്രാ സ്വയംപര്യാപ്തത, ആത്മവിശ്വാസം, ഒപ്പം ഊർജ്ജസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനായി ക്രമീകരിച്ച പദ്ധതിയാണ് 2022ജനുവരി 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ "പെൺമണി" സൈക്കിൾ സവാരി പരിശീലന പരിപാടി ആരംഭിച്ചു. പെൺകുട്ടികൾക്ക് യാത്രാ സ്വയംപര്യാപ്തത, ആത്മവിശ്വാസം, ഒപ്പം ഊർജ്ജസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനായി ക്രമീകരിച്ച പദ്ധതി ലോക്കൽ മാനേജർ റവ.വർക്കി തോമസ് ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി കുട്ടികൾക്ക് കുറഞ്ഞ വിലയിൽ സൈക്കിളുകൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അധ്യാപികമാരും നല്ലപാഠം അംഗങ്ങളുമാണ് പരിശീലനം നൽകുന്നത്. എന്നും രാവിലെ 9 മണി മുതൽ 10 മണി വരെപെൺകുട്ടികൾ പരിശീലനം നേടുന്നു.

പെണ്ണിടം പൊന്നിടം - പെണ്മണി സ്ത്രീ ശാക്തീകരണപരിപാടി

പള്ളം, ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ നല്ലപാഠം യൂണിറ്റിൻ്റെ സ്ത്രീ ശാക്തീകരണ പദ്ധതി "പെണ്മണി " യുടെ തുടർപ്രവർത്തനമായി സ്ത്രീകൾക്ക് സ്വതന്ത്രമായി പെരുമാറാൻ ഒരു ഇടം എന്ന സങ്കല്പത്തിൻ്റെ സാക്ഷാത്കാരമായ"പെണ്ണിടം പൊന്നിടം" ഫെബ്രുവരി ഇരുപത്തി നാലാം തീയതി ആരംഭിച്ചു. വിശ്രമം,വിനോദം, വിജ്ഞാനം എന്നിവ ഒരുമിച്ച് അമ്മമാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് പഠനം ഓൺലൈൻ വഴിയായിരുന്നതിനാൽ അമ്മമാരുമായി കൂടുതൽ ബന്ധം പുലർത്തുവാൻ അദ്ധ്യാപികമാർക്ക് സാധിച്ചു. അടച്ചു പൂട്ടിയിരുപ്പിൻ്റെ അസ്വാതന്ത്ര്യങ്ങൾ അലട്ടുന്ന സ്ത്രീ മനസ്സുകളെ പരിചയപ്പെടാൻ സാധിച്ചതിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ പദ്ധതിയുടെ ആശയം. സ്വതന്ത്രമായി വന്നിരിക്കുവാനും വിനോദങ്ങളിലേർപ്പെടാനും ഒപ്പം വിജ്ഞാനം നേടാനും പെൺപള്ളിക്കൂടമെന്ന നിലയിൽ ഇടമൊരുക്കുകയായിരുന്നു നല്ല പാഠം യൂണിറ്റിൻ്റെ ലക്ഷ്യം . ഈ സ്കൂളിലെ വിദ്യാർത്ഥിനികളുടെ അമ്മമാർക്കാണ് ഇടം ഒരുക്കി നൽകുന്നത്. സ്കൂൾ ലോക്കൽ മാനേജർ റവ. വർക്കി തോമസ്, അലിവ് പാലിയേറ്റീവ് സെൻ്റർ ഡയറക്ടർ റവ.സബി മാത്യു, ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, പി.ടി.എ പ്രസിഡൻ്റ് സിജുകുമാർ, നല്ലപാഠം കോ ഓർഡിനേറ്റർമാരായ ജെസ്സി ബെന്നി, മാഗി .പി .ജോൺ, അദ്ധ്യാപകർ, നല്ലപാഠം അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ എന്നിവരെല്ലാം ഉദ്ഘാടനത്തിൽ സന്നിഹിതരായിരുന്നു.

" പെൺസുരക്ഷ "

സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി " പെൺസുരക്ഷ " പദ്ധതി നടപ്പിലാക്കുന്നു. അമ്മമാർക്ക് സ്വയം പ്രതിരോധത്തിൻ്റെ ബാലപാഠ പരിശീലനം നല്ലപാഠം അംഗങ്ങൾ കൂടിയായ രാധിക ഗിരീഷ്, ആക്ഷ്മി അന്ന ഏബ്രഹാം, ഷമീന ഷാജി എന്നീ കുങ്ഫു പരിശീലനം നേടിയ കുട്ടികൾ നൽകുന്നു .ഇവർ "പെൻചാക് സിലാത്" https://en.wikipedia.org/wiki/Pencak_silat രാജ്യാന്തര മത്സരങ്ങൾക്കു വേണ്ടി പരിശീലനം നേടിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥിനികളാണ് . ഇവരുടെ കഴിവുകൾ അമ്മമാർക്ക് പ്രതിരോധ പരിശീലനത്തിനായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇന്നത്തെ ലോകത്ത് ഭയം കൂടാതെ സ്വതന്ത്രരായി സഞ്ചരിക്കുവാൻ ഇത്തരം അറിവുകൾ സഹായകരമാണ്.

വെബ് സൈറ്റ് നിർമ്മാണം

ഇതിനൊപ്പം തന്നെ ചെറുകിട സംരംഭകരായ യുവ അമ്മമാർക്ക് അവരുടെ ഉല്പന്നങ്ങൾ വിപുലമായ തോതിൽ വിപണിയിലെത്തിക്കാൻ വെബ് സൈറ്റ് നിർമ്മാണം പരിശീലിപ്പിക്കുവാൻ അടൽ ടിങ്കറിംഗ് ലാബ്, ലിറ്റിൽ കൈറ്റ്സ് എന്നീ യൂണിറ്റുകളോടൊപ്പം നല്ലപാഠം യൂണിറ്റും മുന്നിട്ടിറങ്ങുകയാണ്. സ്ത്രീകൾക്ക് മുന്നിൽ സാങ്കേതിക വിദ്യയുടെ നവ വാതിലുകൾ തുറന്നുകൊടുക്കുന്നതോടെ വിവരാവകാശ പരിശീലനത്തിലും സ്വയംപര്യാപ്തത നേടാൻ സാധിക്കും. ഇത്‌ ഒരു തുടർപ്രവർത്തനമാണ്. സ്കൂളിന്റെ ലാബ്‌ സാധ്യതകൾ മറ്റുള്ളവർക്കായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നല്ല പാഠവുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്ന് ലാബ് ചുമതലക്കാരായ ബിന്ദു പി.ചാക്കോ, റിൻസി എം.പോൾ എന്നിവർ അറിയിച്ചു.

തുടർന്നും സ്ത്രീ ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങൾ നല്ലപാഠം ഏറ്റെടുത്ത് ചെയ്യുന്നതാണ്. കൂടാതെ കുട്ടികളുടെ സഹകരണത്തോടെ ജൈവ പച്ചക്കറികളും സ്വയം പാചകം ചെയ്ത അച്ചാറുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വില്പന ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് തിരുവഞ്ചൂർ ജുവനൈൽ ഹോമിലെ കുട്ടികളെ സഹായിക്കുവാൻ പദ്ധതിയിടുന്നുണ്ട്. ഇവയെല്ലാം കാലാനുസൃതമായി ചെയ്തു തീർക്കാൻ പരിശ്രമിച്ചു വരുന്നു. സ്കൂൾ പ്രവർത്തനക്ഷമമായിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂ എങ്കിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ചെയ്തു തീർക്കാൻ ബുക്കാനൻ നല്ലപാഠം യൂണിറ്റിന് സാധിച്ചതിൽ അഭിമാനമുണ്ട്.

2020-21 റിപ്പോർട്ട്

കോവിഡ് മൂലം അടച്ചുപൂട്ടലിലായിരുന്നു കുറെക്കാലമെങ്കിലും കഴിഞ്ഞ ഒരു വർഷക്കാലം നല്ലപാഠം യൂണിറ്റിന് നന്നായി പ്രവർത്തിക്കാൻ സാധിച്ചു . കൊറോണ മൂലം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചില്ല എങ്കിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ചില പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സാധിച്ചു എന്നത് അഭിമാനകരമായി തോന്നി.

1.കർഷകശ്രീപദ്ധതി

കുട്ടികൾക്ക് കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുവാൻ പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു.അവ നട്ടുവളർത്തുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തി നൽകുവാനും ആവശ്യപ്പെട്ടിരുന്നു .കുട്ടികളുടെ ഈ പ്രവർത്തനങ്ങളെ അധ്യാപകർ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു .മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഈ പ്രവർത്തനത്തിലൂടെ വിവിധ കൃഷിരീതികളെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ സാധിച്ചു. കർഷകർ സമൂഹത്തിൻ്റെ നെടുംതൂണാണെന്ന തിരിച്ചറിവ് വിദ്യാർത്ഥിനികളിൽ കാർഷികവൃത്തിയെ കുറിച്ച് പുതിയ കാഴ്ചപ്പാടുണ്ടാക്കി.

2. രോഗം - മുൻകരുതലും അവബോധവും

കോവിഡ് 19 എന്ന സാംക്രമിക രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാല സുരക്ഷയെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി അവ പ്രയോഗത്തിൽ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു .കുട്ടികൾ സ്വയം തയ്യാറാക്കിയ മാസ്കുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തു. നല്ലപാഠം വോളൻ്റി യേഴ്സ് സാനിട്ടൈസേഷൻ പ്രവർത്തനങ്ങളിൽ അദ്ധ്യാപകർക്കൊപ്പം നിന്നിരുന്നു. അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും മുമ്പന്തിയിലുണ്ടായിരുന്നു. സ്വയം രക്ഷയും അന്യരുടെ രക്ഷയും എങ്ങനെ നടപ്പാക്കണമെന്ന് സ്വയം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.കോവിഡിനൊപ്പവും അതിനു ശേഷവും നമ്മുടെ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു .

3.ദിനാചരണങ്ങൾ

സ്കൂളിൽ എത്തിച്ചേരുവാൻ സാധിക്കാതിരുന്ന അവസരങ്ങളിൽ നല്ല പാഠത്തിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടത്തിയിരുന്നത് . വിവിധ ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട വിഷയങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെടാനും ഓൺലൈനിലൂടെ ക്രമീകരണം ചെയ്തിരുന്നു .വിവിധ ദിനാചരണങ്ങളോട് ബന്ധപ്പെട്ട വീഡിയോകൾ നല്ലപാഠം അംഗങ്ങളായ കുട്ടികളാണ് നിർമ്മിച്ചത്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വീഡിയോ നിർമ്മാണത്തിന് സഹായകമായി. കോവിഡിനു ശേഷം സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചതോടെ എല്ലാ ദിനാചരണങ്ങളിലും നേരിട്ട് പങ്കാളികളാകാൻ സാധിച്ചു. ദിനാചരണത്തോട് ബന്ധപ്പെട്ട പല മത്സരങ്ങളിലും പങ്കെടുത്ത് അംഗങ്ങൾ സമ്മാനങ്ങൾ നേടിയിരുന്നു. സമ്മാനങ്ങൾ നേടിയവരെ അഭിനന്ദിച്ചു

4. നേത്രദാനം

നേത്രദാനത്തെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിനായി ശ്രീമതി .ജെസ്സിയമ്മ ആൻഡ്രൂസിൻ്റെ നേതൃത്വത്തിൽ ശില്പശാല നടത്തി. ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ നേത്രദാന സന്നദ്ധത പ്രകടിപ്പിച്ചു.മുതിരുമ്പോൾ തങ്ങളെ മറ്റൊരാൾക്ക് പ്രയോജനമുള്ളവരാക്കി മാറ്റുമെന്ന് അവർ പ്രതിജ്ഞ ചെയ്തു.

5. ജൈവവൈവിധ്യം

സ്കൂൾ കാമ്പസ് ജൈവ വൈവിധ്യത്താൽ നിറഞ്ഞതാണെന്ന ബോധം കുട്ടികളിൽ വളർത്താനായി സ്കൂളിലെ വൃക്ഷങ്ങളുടെ പേരുകളും വിവരങ്ങളും പട്ടികപ്പെടുത്തി.സ്കൂളിലെ ഇക്കോ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലെല്ലാം സഹകരിക്കാൻ നല്ല പാഠം അംഗങ്ങൾക്ക് സാധിച്ചു.തുളസീവനം പദ്ധതിയിലൂടെ വിവിധ ഇനം തുളസിച്ചെടികളെ കുട്ടികൾ പരിചയപ്പെട്ടു. ശലഭത്താരയ്ക്കായി തയ്യാറാക്കിയ ബട്ടർഫ്ലൈ ഗാർഡനിലും നല്ല പാഠം പ്രവർത്തകർ പങ്കാളിത്തം വഹിച്ചിരുന്നു.

ഗാലറി