ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/പ്രകൃതിയിലെ നീലക്കടൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലെ നീലക്കടൽ

സ്ട്രോബിലാന്തസ് കുന്തിയാന എന്നതാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം. (സ്ട്രോബിലാന്തസ് നീലഗിരിയാൻസിസ്, ഫ്ലവോഫിലം കുന്തിയാന എന്നീ ശാസ്ത്രീയ നാമങ്ങളിലും അറിയപ്പെടുന്നു.) തെക്കൻ ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളിലെ ഷോലവനങ്ങളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പുഷ്പ്പിക്കുന്ന ഇവയുടെ പൂവിന് പർപ്പിൾ നിറമാണ്. നാച്ച്വറൽ ബ്യൂട്ടി ഒന്നുമല്ലങ്കിലും മൂന്നാറിലെ മലനിരകളെ കീഴടക്കി നീലക്കടലാക്കും കുറിഞ്ഞി. നീല നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതിനാലാണ് ഈ ചെടിക്ക് നീലക്കറിഞ്ഞി എന്ന് പേരു ലഭിച്ചത്. 'കുറിഞ്ഞി'എന്നാൽ പൂവ് എന്നാണ് അർത്ഥം. പശ്ചിമഘട്ടമലനിരകളെ നീല വസന്തത്തിന്റെ സൗന്ദര്യക്കാഴ്ച്ചകളിലേയ്ക്ക് എത്തിക്കുന്ന 'കുറിഞ്ഞി' പൂവിടുമ്പോൾ തെക്കേ ഇന്ത്യയുടെ കാശ്മീരായ മൂന്നാറിനെ കാത്തിരിക്കുന്നത് സഞ്ചാരികളുടെ പ്രളയമാണ്. കണ്ണാടിച്ചില്ലുപോലെ ഇടുക്കി ജലാശയം,അതിൽ മുഖം നോക്കാനെത്തുന്ന മേഘശഖനങ്ങൾ, ഇരുവർക്കുമിടയിൽ വരമ്പ് തീർത്ത് ഹരിതവനങ്ങൾ. മൂന്നാറിന്റെ സ്വകാര്യ അഹങ്കാരമായിയാണ് നീലക്കുറിഞ്ഞിയെ കണക്കാക്കുന്നത്. നീല മേഘങ്ങളെ വെല്ലുവിളിച്ച് കുന്നിൻ ചെരുവുകളെല്ലാം കുറിഞ്ഞികൾ നീല വിരിച്ചു നിൽക്കുന്നു. അതാണ് " ഭൂമിയിലെ സ്വർഗ്ഗം“. ഉദയാസ്തമന സൂര്യന്റെ പൊൻകിരണങ്ങളുടെ കൈ പിടിച്ചാണ് സ്വർഗ്ഗ കവാടം താണ്ടുന്നത്. ഒരിക്കൽ മാത്രം പുഷ്പിക്കുകയും വിത്തുൽപ്പാദനം പൂർത്തിയാക്കി സ്വയം നാശത്തിലേയ്ക്ക് വഴുതി വീഴുകയും ചെയ്യുന്നതാണ് കുറിഞ്ഞിയുടെ ജീവിതഘട്ടം. ഒറ്റയ്ക്ക് കണ്ടാൽ വലിയ പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും കൂട്ടമായി പൂത്തു നിൽക്കുന്ന ആ അവസ്ഥ വർണ്ണനകൾക്കും അധീതമാണ്. നീലഗിരി മലനിരകൾക്ക് ഈ പേരുതന്നെ ലഭിച്ചതുപോലും പ്രകൃതിയുടെ ഈ വിസ്മയം കൊണ്ടു മാത്രമാണ്. നീലക്കറിഞ്ഞിപ്പൂക്കൾക്കിടയിൽ അപൂർവ്വമായി വെള്ളക്കുറിഞ്ഞിപ്പൂക്കളേയും കണ്ടു വരുന്നുണ്ട്.

1838 ലാണ് നീലക്കുറിഞ്ഞി പൂക്കുന്നത് 12വർഷത്തിലൊരിക്കലാണെന്ന് ആദ്യമായി കണ്ടെത്തിയത്. കുറി‍ഞ്ഞി പൂത്ത് 10 മാസം ആകുമ്പോഴാണ് അവയുടെ വിത്ത് പാകമാകുന്നത്. കുറിഞ്ഞിമലകളിൽ നിന്നും പന്ത്രണ്ട് വർഷത്തിലൊരിക്കൽ ലഭിക്കുന്ന അമൂല്യ വസ്തുവാണ് കുറിഞ്ഞിത്തേൻ, ചെറുതേനിനേക്കാൾ തീഷ്ണഗന്ധമുള്ളതും സ്വാദിഷ്ഠവുമ‍ാണ്. കുറിഞ്ഞിപ്പൂക്കുമ്പോൾ ആദിവാസി വിഭാഗങ്ങൾക്ക് വസന്ത കാലമാണ്, കാരണം സമൃദ്ധിയുടേയും എെശ്വര്യത്തിന്റേയും കാലമായിയാണ് അവർ കണക്കാക്കുന്നത്. "ആദിവാസി ഗോത്രമായ മുതുവാൻമാർ" ഇവയുടെ തേൻ ശേഖരിക്കാറുണ്ട്. പൂക്കാലം കഴിഞ്ഞ ശേഷമാണ് തേൻ ശേഖരിക്കുവാൻ ഇവർ എത്താറുള്ളത്. കുറിഞ്ഞിക്കാട് സംരക്ഷിക്കപ്പെട്ടാൽ മാത്രമേ ആദിവാസികൾക്ക് ജീവിതമാർഗ്ഗമുള്ളൂ. മറ്റൊരു ആദിവാസി വിഭാഗമായ തോടർ പ്രായം കണക്കാക്കുന്നത് നീല കുറിഞ്ഞി പൂക്കുന്നതിന്റെ അടിസ്ഥാനത്തിലാണെന്നു പറയപ്പെടുന്നു. ചില ഗോത്രങ്ങൾ കുറിഞ്ഞിപ്പൂക്കുന്നത് മുരുകന്റെ അനുഗ്രഹമായി കണക്കാക്കുകയും സ്വാമിക്ക് സമർപ്പിക്കുകയും ചെയ്യുന്നു, എന്നാൽ മറ്റു ചില ഗോത്രങ്ങൾ ഇത് അശുഭകരമായി കണക്കാക്കുന്നു. നീലഗിരി മലയിലെ തോടരും, പഴനിത്തേവരുടെ മക്കളായ മുതുവാൻമാരും കുറിഞ്ഞി രാഗം മൂളി കുറിഞ്ഞി താളംകൊട്ടിപ്പാടി ഈ പൂക്കാലത്തെ വരവേറ്റപ്പോൾ അവരോടൊത്തു ചേരാനും അത്യപൂർവ്വവും അതിമനോഹരവുമായ കാഴ്ച്ച കാണാനും ധാരാളം സഞ്ചാരികളും ഒത്തുച്ചേർന്നു. പശ്ചിമഘട്ടത്തിൽ നീലഗിരി മലകളിലും, ആനമലയിലും, പഴനി മലകളിലും, ബ്രഹ്മഗിരി മലയിലുമാണ് കുറിഞ്ഞി സമൃദ്ധമായി കണ്ടു വരുന്നത്. മലയാളികളുടേയും തമിഴരുടേയും സ്വന്തമായ കുറിഞ്ഞിക്ക് ദ്രാവിഡ സംസ്കാരത്തിന്റെ നറുമണമാണുള്ളത്. കുറിഞ്ഞി കവിതകൾ കൊണ്ട് പ്രാചീന തമിഴ് സാഹിത്യം സമ്പന്നമായിരുന്നു.അകനാനൂറ്,പുറംന്നാനൂറ്,നറ്റമണി,മധുരൈകാഞ്ചി,പരിപാടൽ പത്തുപാട്ട് എന്നീ സംഘകൃതികളിൽ കുറിഞ്ഞി അധികമായി പരാമർശിച്ചിട്ടുണ്ട്.

ഇരവികുളംനാഷണൽ പാർക്കിനെ ലോകപ്രസിദ്ധമാക്കിയത് നീല ക്കുറിഞ്ഞികളും വരയാടുകളുമാണ്. കുറ്റിച്ചെടികളായി കണ്ടുവരുന്ന ഇവ   അവസാനമായി പുഷ്പിച്ചത്  ജൂലൈ  2018 നാണ്. ജൈവ വൈവിധ്യം കൊണ്ടും, വിനോദ സഞ്ചാര മേഖലയിലും ഇന്ന് മൂന്നാർ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നു. ഇരവികുളം നാഷണൽ പാർക്കിലാണ് കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത്. നീലക്കുറിഞ്ഞി  ഏറ്റവും കൂടുതൽ പൂക്കുന്നത് രാജമലയിലാണ്. കേരളാ വനം വന്യജീവി വകുപ്പ് (Kerala Forest &Wild Department) തിരുവനന്തപുരത്തെ "സേവ് കുറിഞ്ഞി ക്യാമ്പയിൻ കൗൺസിലുമാണ് ‍" ഇവയുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചു വരുന്നന സംഘടന. 12വർഷത്തിലൊരിക്കൽ മാത്രം പുഷ്പിച്ച് മൂന്നു മാസം വരം നിലനിന്ന്  മൂന്നാറിനെ നീലപ്പറുദീസയാക്കിമാറ്റുന്ന നീലക്കുറിഞ്ഞിയെ  സംരക്ഷിക്കേണ്ടത്  നമ്മുടെ കടമയാണ്. പ്രകൃതിയെ സംരക്ഷിക്കുക, അവ പരിപാലിക്കുക.
സനിക ഷോണി
9 ജി വി രാജ സ്പോർട്ട് സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം