സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ/അക്ഷരവൃക്ഷം/പടിയിറങ്ങുമ്പോൾ
പടിയിറങ്ങുമ്പോൾ
മാർച്ച് 17 എന്ന ഒരു ദിനം എന്റെ വിദ്യാലയത്തിൽ നിന്നും ഞാൻ പടിയിറങ്ങുമ്പോൾ നമ്മൾക്കിടയിൽ ഇത്രയും അകലം ഉണ്ടാക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഏതൊരു ദിവസത്തെപ്പോലെയും അധ്യാപകർ പാഠഭാഗങ്ങൾ എത്രയും വേഗം തീർത്ത് പരീക്ഷയ്ക്ക് ഒരുക്കുന്ന തിരക്കിലായിരുന്നു അന്നും. 3.55ന് ക്ലാസ്സ് വിടുന്നതിനു തൊട്ടുമുൻപ് ഹെഡ്മിസ്ട്രസ്സ് മാർച്ച് 31വരെ നിങ്ങൾക്ക് ക്ലാസ്സ് ഉണ്ടായിരിക്കുകയില്ല,എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന അനൗണൻസ്മെന്റ് നടത്തിയതു കേട്ടപ്പോൾ ആദ്യം ഞങ്ങൾ വളരെയയേറെ സന്തോഷിച്ചു, കാരണം പരീക്ഷ ഇല്ലല്ലോ, നേരത്തെ കളിതുടങ്ങാം. അവസാന പിരീഡ് ക്ലാസിലുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ് ടീച്ചറുടെ കണ്ണുകൾ ആ സമയത്ത് നിറയുന്നത് എന്റെ ശ്രദ്ധയിൽ പ്പെട്ടു. ടീച്ചർ ഞങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളൊക്കെ തന്ന് ഞങ്ങളെ പറഞ്ഞയച്ചു. പിന്നീടാണു ഞങ്ങളറിഞ്ഞത് , ഏഴു വർഷം ഒരുമിച്ച് പഠിച്ചും, കളിച്ചും, തല്ലുകൂടിയും നടന്ന ഞങ്ങളുടെ ഈ സ്കൂളിലെ അവസാന ക്ലാസ്സായിരുന്നു ഒപ്പം 36 വർഷത്തോളം അധ്യാപികയായിരുന്ന ഞങ്ങളുടെ ടീച്ചറിന്റെയും. കോവിഡെ നീ ഞങ്ങളുടെ ക്ലാസ്സ് മുറികളിലെ പഠനശബ്ദങ്ങളും, അധ്യാപകരും ഞങ്ങളും തമ്മിലുള്ള ചർച്ചകളും, സ്കൂൾ മുറ്റത്തുള്ള ഞങ്ങളുടെ കളിസ്ഥലവും എല്ലാം ഇന്നു നീ വിജനമാക്കി തീർത്തിരിക്കുന്നു. ഉച്ചയ്ക്കു ഞങ്ങളുടെ ബീനചേച്ചി ഒരുക്കിയ കറികളൊക്കെ കൂട്ടി ഞങ്ങളുടെ ടീച്ചറും ഞങ്ങളും ഒരുമിച്ചുള്ള ഉച്ചയൂണും ഞങ്ങൾക്ക് നഷ്ടമായി. എല്ലാ വർഷവും ഏഴാം ക്ലാസ്സുകാർക്ക് - തങ്ങളുടെ സ്കൂളിലെ അനുഭവങ്ങളും അഭിപ്രായങ്ങളും, കൊച്ചു കൊച്ചു പിണക്കങ്ങളും ആഗ്രഹങ്ങളുമൊക്കെ പറഞ്ഞറിയിക്കുവാനും ഞങ്ങൾക്കു മാത്രമായി ഞങ്ങളുടെ സന്തോഷത്തിന്റെ ഒരു ദിനം ഹെഡ്മിസ്ട്രസ്സും ടീച്ചേഴ്സുമൊക്കെ ഞങ്ങൾക്ക് ഒരുക്കുമായിരുന്നു. ഒരു "ഫെയർവെൽ ഡേ" അതും ഞങ്ങൾക്ക് നീ നഷ്ടമാക്കി. അതുപോലെ ഞങ്ങളുടെ ടീച്ചറിനും . ഇനിയും ഞങ്ങളെല്ലാവർക്കും ഒത്തുകൂടി ഒരു പ്രവർത്തിദിനം കൂടി ഞങ്ങളുടെ സ്കൂളിലെ ആ ക്ലാസ്സ് മുറിയിലിരുന്ന് ഞങ്ങളുടെ അധ്യാപകരോടൊപ്പം ഓരോ വിഷയങ്ങളും പഠിക്കുവാൻ ഞങ്ങൾക്ക് സാധിച്ചിരുന്നുവെങ്കിൽ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |