ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വത്തിനുള്ള അംഗീകാരം
ശുചിത്വത്തിനുള്ള അംഗീകാരം
മീൻപിടുത്തക്കാരനായ ലിയാങ്ങിന് രണ്ട് പെൺമക്കളായിരുന്നു. എല്ലാ ദിവസവും ലിയാങ്ങ് വലയെറിഞ്ഞ് കിട്ടുന്ന മത്സ്യം തോണിയിൽ അക്കരെകൊണ്ടുപോയി വിൽക്കും. പുഴയോരത്തെ ഒരു കൊച്ചുകുടിലിൽ ആയിരുന്നു അവരുടെ താമസം. ചെറുപ്രായത്തിലേ അമ്മയെ നഷ്ടപ്പെട്ട മക്കളെ ലിയാങ്ങ് തൻറെ അസുഖങ്ങൾക്കിടയിലും പൊന്നുപോലെ നോക്കി. അഛനോടും അനിയത്തിയോടും വളരെയധികം സ്നേഹമായിരുന്നു മൂത്തമകൾ റിൻസിക്ക്. അവൾ തന്നെക്കൊണ്ടാവുംവിധം അഛനെ ജോലിയിൽ സഹായിക്കുമായിരുന്നു. ഒഴിവുസമയങ്ങളിൽ അവൾ വീടിനുചുറ്റും ചെടികൾ വച്ചുപിടിപ്പിക്കും. ആരെയും പുഴയോ പരിസരമോ മലിനമാക്കാൻ അനുവദിച്ചില്ല. മലിനമായിരുന്ന പുഴയോരത്തും അവൾ മനോഹരമായ ചെടികൾ വച്ചുപിടിപ്പിച്ചു. ആരേയും ആകർഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ അവിടെയെങ്ങും. എന്നാൽ ഇളയവൾ നാൻസി അഛനെയോ ചേച്ചിയേയോ സഹായിക്കാനൊന്നും നിൽക്കാറില്ല. ആദ്യമൊക്കെ സഹായത്തിന് വിളിക്കുമെങ്കിലും അവളുടെ മടി കാരണം അഛനും ചേച്ചിയും പിന്നെ അവളെ സഹായത്തിനു വിളിക്കാതായി. അവളാണെങ്കിൽ മുടിയും ചീകി, മുഖവും മിനുക്കി, കാറ്റും കൊണ്ട് പുഴയോരത്ത് ഇരിക്കും. അങ്ങനെയിരിക്കെ ലിയാങ്ങിൻറെ അസുഖം മൂർഛിച്ചു. റിൻസിയുടെ ജോലിഭാരം കൂടി. എല്ലാജോലിയും അവൾ തനിച്ചുവേണം ചെയ്യാൻ. ജോലികഴിഞ്ഞ് വന്ന് അഛനെ ശുശ്രൂഷിക്കുകയും വേണം. എങ്കിലും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് അവൾ സമയം കണ്ടെത്തി. ധാരാളം കിളികളും പൂമ്പാറ്റകളും അവളുടെ പൂന്തോട്ടത്തിൽ എല്ലാദിവസവും എത്തിക്കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ നാട്ടിലെങ്ങും പകർച്ചവ്യാധി പടർന്നുപിടിച്ചു. വൃത്തിയില്ലാത്ത ചുറ്റപാടാണ് അസുഖങ്ങൾക്ക് കാരണമെന്ന് രാജാവിനുമനസ്സിലായി. രാജാവ് നാടുകാണാനിറങ്ങി. എല്ലായിടങ്ങളും മലിനമായികിടക്കുന്നു. എന്നാൽ റിൻസിയുടെ വീടിനടുത്തെത്തിയ രാജാവ് തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് കണ്ടത്. അവിടെയുള്ള പൂക്കളും പൂമ്പാറ്റകളും കിളികളുമെല്ലാം രാജാവിനെ ഏറെ ആകർഷിച്ചു. രാജാവ് റിൻസിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി. മനോഹരമായ ഒരു വീട്പണിത് നൽകുവാൻ ഉത്തരവിട്ടു. എല്ലാവരും റിൻസിയെ മാതൃകയാക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ