പ്രത്യാശ


വന്മതിൽ കാവലാൾ ,കോടികൾ തിന്നുന്ന
രാജ്യത്തിൻ പേരിൽ അതിർത്തി വരക്കുന്നു
മാറുകൾ ചെത്തിയവർ അമ്മിഞ്ഞ തേടുന്നു
ഗർഭത്തിൽനിന്നൂറ്റി കോടികൾ കൊയ്യുന്നു

കൈവിരൽ തുമ്പിൽ ലോകം കറക്കുന്നു
ബോംബുകൾ വർഷിച്ചു ഭീതി വിതക്കുന്നു
യുദ്ധങ്ങൾ സൃഷ്ടിച്ചു ഗർവ്വം നടിക്കുന്നു
ശൂന്യാകാശത്തിലെത്തിയെന്നുങ്ക് കാട്ടിടുന്നു

പട്ടിണി കോലങ്ങൾ കാണാൻ ശ്രമിക്കാതെ
സർവം പിടിയിലൊതുക്കിയെന്നാർക്കുന്നു
ജൈവായുധം കൊണ്ട് സ്വയം ഹത്യ ചെയ്യുന്നു
അന്യ ജീവജാലങ്ങളെ കൊന്നു തിമിർക്കുന്നു

ധനമതിൽ മീതെ അടയിരിക്കുന്നവർ
പൊന്നിന്റെ ശൗചാലയത്തിലിരുന്നവർ
തുളസിയിലയതിൽ വായിൽ തിരുകിയ
ധനവുമായ് ചിതയിൽ എരിഞ്ഞടങ്ങിടുന്നു

മനുഷ്യനുണ്ടാക്കിയ മതമതിൽ കൊമ്പത്
സർവ്വസുഗന്ധിയാം പുഷ്പങ്ങൾ പൊട്ടിച്ചു
ഭീകരവാദങ്ങൾ കെട്ടിഞാത്തുന്നവർ
ഇന്നും ഗതികിട്ടാതലയുന്നു കാട്ടിലും മലയിലും

അതിരുകളില്ലാതെ പേമാരി പെയ്യുന്നു
മഹാമാരി മതിലുകൾ താണ്ടി തിമിർക്കുന്നു
സൂക്ഷ്മാണു അതിരുകൾ മായ്ചുകളയുന്നു
ലോകമൊരു ഗോളമായ് മിന്നിത്തിളങ്ങുന്നു

മണിത്തനതിമോഹത്താൽ പ്രകൃതിയെ കെട്ടി
വരുതിയിലാക്കിയെന്നാർപ്പു മുഴക്കി
പ്രകൃതി കാണാത്ത ചരടിൽ മനുഷ്യനെ കെട്ടി
അദൃശ്യമാം തടവറ തന്നിലുമാക്കി

മലിനീകരണങ്ങൾ കുറയുന്നു നിത്യം
ചിരിതൂകിയുണരുന്ന പ്രകൃതിയെ കാണാം
ബുദ്ധിയും യന്ത്രവും കൂട്ടികിഴിച്ചിട്ടും
അന്തമില്ലാതെ വെന്തുരുകുന്നു മർത്യൻ

കരുത്തുറ്റ അദൃശ്യമാം ചങ്ങലക്കണ്ണികൾ
ഇനിയെന്നു പൊട്ടിച്ചെറിയാൻ കഴിയും
പ്രത്യാശ കൈവിടാതെല്ലാരുമൊന്നായ്
നില്ക്കാൻ ശ്രമിച്ചാൽ ഇതും സാധ്യമല്ലേ ?
 

ആദ്യ മോഹൻ
7എ കിടഞ്ഞി യു പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത