ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണകാലത്തെ തിരിച്ചറിവുകൾ
കൊറോണക്കാലത്തെ തിരിച്ചറിവുകൾ
ലോകത്തെ ആകെ നിശ്ചലമാക്കിക്കൊണ്ട് ഒരു മഹാമാരി അരങ്ങു വാഴുകയാണ്. സ്വഭവനങ്ങളിൽ തളച്ചിടപ്പെട്ട നമ്മൾ ഒരു പാട് തിരിച്ചറിവുകൾ നേടുന്നു എന്നത് ഇതിന്റെ മറ്റൊരു വശവും . പ്രപഞ്ച സ്രഷ്ടാവായ സർവ്വ ശക്തൻ ഈ ഭൂമിയിലെ ഭൂവിഭാഗങ്ങൾ ചെറുതും വലുതുമായ നിരവധി ജലാശയങ്ങളും വിശാലമായ സമുദ്രങ്ങളും കൊണ്ട് വേർതിരിച്ചു നിർത്തി. മനുഷ്യർ അതാത് ഇടങ്ങളിൽ ഒതുങ്ങിക്കഴിയും എന്നായിരിക്കും ദൈവം കണക്കുകൂട്ടിയിട്ടുണ്ടാവുക. എന്നാൽ സർവ്വതും തകിടം മറിച്ച് കൊണ്ട് നമ്മൾ മനുഷ്യർ ജലാശയങ്ങളിലൂടെയുള്ള യാത്ര പോരാതെ വന്നപ്പോൾ പാലങ്ങളും തീവണ്ടിപ്പാതകളും പണിത് മിടുക്ക് കാട്ടി. കടലിനും മീതേ പറക്കാൻ മാർഗം കണ്ടെത്തി. ഇപ്പോഴിതാ ആ വഴിക്ക് തന്നെ നമ്മുടെ വിനാശത്തിന്റെ വഴിയും . ആറു മാസം മുമ്പ് ചൈനയിൽ ഒരജ്ഞാതരോഗം പൊട്ടിപ്പുറപ്പെട്ടുവെന്ന വാർത്ത പത്രങ്ങളുടെ ഉൾ പ്പേജുകളിൽ വന്നപ്പോൾ നമ്മൾ അതത്ര കാര്യമാക്കിയില്ല. അതു ചൈനയിലല്ലേ .... നമുക്കെന്ത്.... എന്ന് ചിന്തിച്ച നാം ഇന്ന് എത്തി നിൽക്കുന്നതോ ? ഓട്ടപ്പാച്ചിലുകൾ എല്ലാം നിർത്തി പ്രാർഥനകൾ പോലും ഭവനങ്ങളുടെ ഉള്ളിലാക്കി നാം നമ്മെത്തന്നെ തിരുത്തി ഈ മഹാമാരിയെ മറികടക്കാനുള്ള തീവ്ര യത്‌നത്തിലാണ്. പക്ഷേ ഈ വഴിത്തിരിവിൽ നാം നേടിയ പല നല്ല പാഠങ്ങളും ഉണ്ട് . വിവാഹങ്ങളുടെയും മരണാനന്തര ചടങ്ങുകളുടെയും പേരിൽ നാം നടത്തിക്കൂട്ടിയിരുന്ന കോലാഹലങ്ങൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് . തൊട്ടതിനും പിടിച്ചതിനുമൊക്കെ ആശുപത്രി സന്ദർശനം നടത്തിയിരുന്നത് വെറുതേ ആയിരുന്നുവെന്ന് . ശബ്ദ കോലാഹലങ്ങൾ സൃഷ്ടിച്ചു കൊണ്ട് അന്തരീക്ഷത്തെ ആകെ ദുഷിപ്പിച്ചു കൊണ്ട് നാം ഓടിച്ചിരുന്ന വാഹനങ്ങൾ ഈ ഭൂമിയെ ചില്ലറയല്ല വേദനിപ്പിച്ചതെന്ന് . അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഈ തിരിച്ചറിവുകളുടെ കാലത്തും സംശയങ്ങൾ ബാക്കിയാണ് . ലോകത്തെ ഒന്നാം കിട രാഷ്ട്രങ്ങൾ പോലും പകച്ചു നിന്നു പോകുന്ന സന്ദർഭത്തിൽ വളരെ മുൻ കരുതലോടെയാണ് നമ്മുടെ രാജ്യം ഈ പ്രതിസന്ധിയെ നേരിടാൻ ശ്രമിക്കുന്നത്. സമ്പദ്ഘടനയുടെയും വ്യവസായ മേഖലയുടെയും അപചയത്തെക്കാൾ ഉപരിയായി സ്വന്തം ജനതയുടെ ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പുലർത്തുന്ന മഹാശക്‌തിയായി ഇന്ത്യ ലോകത്തിന്റെ തന്നെ ശ്രദ്ധ. നേടിക്കഴിഞ്ഞു. അന്യ ജീവനുതകി സ്വജീവിതം തന്നെ ധന്യമാക്കുന്ന ലക്ഷക്കണക്കിന് സേവകരുടെ നിസ്വാർഥ സേവനം കൊണ്ടാണ് നമുക്കിത് സാധ്യമായത്. അവരിൽ പോലീസുകാരും ആരോഗ്യ മേഖലയിലെ സകല ജീവനക്കാരും എന്തിന് കമ്മ്യൂണിറ്റി കിച്ചനിലെ പാചകക്കാർ പോലും ഉൾപ്പെടുന്നു. നാം ഒത്തൊരുമിച്ച് ഈ പ്രതിസന്ധിയെ പൂർണമായും മറികടക്കുന്ന ഒരു കാലം ഏവരും സ്വപ്നം കാണുകയാണ്. അങ്ങനെ ഒരു കാലം നമുക്കുണ്ടായാൽ ഈ തിരിച്ചറിവിൽ നിന്ന് നാം നേരിയ പാഠങ്ങൾ പിന്നീട് പ്രാവർത്തികമാക്കപ്പെടുമോ? ജാതിയുടെയോ മതത്തിന്റെ യോ അതിർവരമ്പുകളില്ലാതെ ഇപ്പോൾ പുലർത്തുന്ന സഹിഷ്ണുത എന്നേക്കും നിലനിർത്താൻ നമുക്കാവില്ലേ .... പണത്തിനു പിന്നാലെ മാത്രം പായാതെ മനുഷ്യത്വം എന്ന വികാരം ഉൾക്കൊണ്ട് സമാധാനപരമായ സഹവർത്തിത്വം പാലിക്കാൻ നമുക്കാവുമോ? ഒരു പക്ഷേ ഒരു പുനർവിചിന്തനത്തിനു ള്ള അവസരം ഒരുക്കാൻ ദൈവം തന്നെ സൃഷ്ടിച്ചതാവും ഈ സൂക്ഷ്മാണുവിനെ . മനുഷ്യരാശി സർവതും മറന്ന് അഹങ്കരിക്കുന്നതിന് തടയിയാൻ . ഭൂമി മനുഷ്യർക്ക് വേണ്ടി മാത്രം ഉള്ളതല്ലെന്നും സകല ജീവജാലങ്ങൾക്കും ഇവിടെ സ്വൈരമായി താമസിക്കാൻ അവസരം നൽകണമെന്നും നാം തുടർന്നും ഓർക്കുമോ ആവോ .... ഈ പരീക്ഷണങ്ങൾക്കൊടുവിൽ അവശേഷിക്കുന്ന മനുഷ്യരെങ്കിലും നന്മയുടെ കാവൽമാലാഖമാരായിത്തീരട്ടെ എന്ന് പ്രത്യാശിക്കുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം