ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/ഇനിയും പഠിക്കാതെ നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:55, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനിയും പഠിക്കാതെ നമ്മൾ


സ്കൂളിൽനിന്ന് വരികയായിരുന്നു അനുമോൾ. അവൾ ഒരു രണ്ടാം ക്ലാസുകാരിയാണ്. തന്റെ പാവക്കുട്ടി യുടെ കൂടെ കളിക്കുവാൻ ആയി തിടുക്കത്തിൽ സ്കൂൾ ബസ് ഇറങ്ങി അവൾ വീട്ടിലേക്ക് ഓടിക്കയറി. അനുമോൾ ഒറ്റമോൾ ആയതിനാൽ കൂടെ കളിക്കാൻ പാവക്കുട്ടി ആയിരുന്നു അവളുടെ ഏക ആശ്രയം. കേറി വന്നയുടനെ അവൾ അമ്മയോട് അച്ഛനെ അന്വേഷിച്ചു. " അപ്പുറത്തെ തൊടിയിലോ മറ്റോ കാണും"- അമ്മയുടെ മറുപടി അനുമോൾ തന്റെ പാവക്കുട്ടിയെ എടുത്ത് ഒക്കത്ത് വെച്ച് പറമ്പിലേക്ക് ഓടി. വീടിനു പുറകിൽ ഒരു മതിൽ ഉണ്ട്. ആ മതിലിനും അപ്പുറമാണ് പറമ്പ്. സ്ഥലം കണ്ടാൽ അയൽവാസിയുടെ ആണെന്നെ തോന്നു. അങ്ങനെയാണ് സ്ഥലത്തിന്റെ കിടപ്പ്. അനുമോൾ തന്റെ അച്ഛന്റെ അടുത്തെത്തി സ്കൂളിലെ അന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു. ഇന്ന് സ്കൂളിൽ രണ്ട് പുതിയ ടീച്ചർമാർ വന്നതും, അവർ പരിസര ശുചിത്വത്തെ പറ്റി ക്ലാസ് എടുത്തതും ഒക്കെ അവൾ അച്ഛനോട് പറഞ്ഞു. അച്ഛൻ അതെല്ലാം മൂളി കേൾക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് രണ്ടുദിവസം മുമ്പ് അമ്മ പറഞ്ഞു തന്ന ഒരു കഥ അനുമോൾ ഓർത്തത്. ആ കഥയിൽ കാക്കപ്പൊന്ന് എന്നൊന്നിനെപ്പറ്റി പറഞ്ഞിരുന്നല്ലോ? അത് പറമ്പിലോ മറ്റോ കാണാൻ സാധിക്കും എന്ന് അമ്മ പറഞ്ഞിരുന്നു. അത് അവളിൽ വല്ലാതെ കൗതുകമുണർത്തി. അവൾ കാക്കപ്പൊന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പറമ്പിലെങ്ങും അവൾ തേടിക്കൊണ്ടേയിരുന്നു. കാക്കപ്പൊന്നിനായി പരതി കൊണ്ടിരുന്ന അവളുടെ കണ്ണിൽ മറ്റെന്തോ ശ്രദ്ധയിൽപ്പെട്ടു- ഒരു ചിരട്ടയിൽ വെള്ളം തങ്ങിനിൽക്കുന്നു. അതുപോലെതന്നെ മറ്റു രണ്ടു മൂന്നു ചിരട്ടകളിൽ കൂടി വെള്ളം തങ്ങി കിടപ്പുണ്ടായിരുന്നു. ഇന്ന് സ്കൂളിലുണ്ടായിരുന്ന ക്ലാസ്സിൽ ടീച്ചർമാർ പറഞ്ഞത് അവൾ ഓർത്തു. അവളത് കമഴ്ത്തി കളയാൻ ഒരുങ്ങിയപ്പോൾ അവളുടെ അച്ഛൻ വിലക്കി. " അനുമോളെ വേണ്ട. അഴുക്കില്ലം തൊടേണ്ട, കൈ ആകെ ചീത്തയാകും". വല്ലപ്പോഴും മാത്രം പറമ്പിൽ വീഴുന്ന തേങ്ങ പെറുക്കാൻ പറമ്പിൽ വരുന്ന അച്ഛൻ ഇതൊന്നും ശ്രദ്ധിക്കാറില്ല. അനുമോൾ അച്ഛനോട് ടീച്ചർമാർ പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു. പറമ്പിലോ വീട്ടുമുറ്റത്തോ വെള്ളം കെട്ടികിടന്നാൽ അത് കമഴ്ത്തി കളയണം. അല്ലെങ്കിൽ അവിടെ കൊതുക് പെറ്റുപെരുകി മാരകമായ രോഗങ്ങൾ ഉണ്ടാകും. " പക്ഷെ മോളെ, നമ്മൾ അതൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. വാ പോകാം". അനുമോൾ ആലോചിച്ചു-' രോഗം വല്ലതും ഉണ്ടായാൽ അത് ആദ്യം ഞങ്ങളുടെ അയൽവാസികളെ ബാധിക്കില്ലേ? ' അച്ഛനെ തന്റെ അയൽവാസികളെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും വലിയ വേവലാതി ഒന്നുമില്ല. താൻ, തന്റെ കുടുംബം എന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ് അയാളുടെ ചിന്തകൾ. പക്ഷേ ലോകം മുഴുവൻ വിസ്താരമുള്ള അനുമോളുടെ ആ കുഞ്ഞു മനസ്സിൽ അയൽവാസികളെ പറ്റി ചിന്തിച്ചു കൊണ്ടേയിരുന്നു. ' അവരും നമ്മളെപ്പോലെ മനുഷ്യരല്ലേ? അവർക്കും രോഗം വരാൻ സാധ്യതയില്ലേ? ' അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. അനുമോൾക്ക് രണ്ടുമൂന്നു ദിവസമായി ചർദ്ദിയും, വിറയലും, ചൂടും, ഒക്കെയുണ്ട്. രണ്ടുദിവസമായി അവൾ സ്കൂളിൽ പോയിട്ട്. അച്ഛനും അമ്മയും അവളെ ആശുപത്രിയിൽ കൊണ്ടുപോയി. തന്റെ മകൾക്ക് എന്തുപറ്റി എന്നറിയാതെ ആശുപത്രി വരാന്തയിൽ അവളുടെ അച്ഛനും അമ്മയും പേടിച്ചിരുന്നു. അല്പസമയത്തിനു ശേഷം ഡോക്ടർ അവരെ വിളിച്ചു, അനുമോൾക്ക് ഡെങ്കിപ്പനി ആണെന്നും, അതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുകയാണെന്നും ഡോക്ടർ പറഞ്ഞു. അത് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പേടിക്കേണ്ടത് ഇല്ലെന്നും ഡോക്ടറിനെ കൊണ്ട് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി താൻ ചെയ്യാമെന്നും ഡോക്ടർ അവർക്ക് വാക്ക് കൊടുത്തു. പരിസരം ശുചി അല്ലാത്തതിനാൽ ആണ് അനുമോൾക്ക് രോഗം ഉണ്ടായതെന്നും ഇനി പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ഡോക്ടർ അവരോട് പറഞ്ഞു. അങ്ങനെ അനുമോൾ പയ്യെപ്പയ്യെ ഡെങ്കിപ്പനിയിൽ നിന്നും മോചിതയായി. അവൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വന്ന ആദ്യദിവസം തന്നെ അവളുടെ അച്ഛൻ പറമ്പ് എല്ലാം വൃത്തിയാക്കി. ഇങ്ങനെയാണ് പലരും. അനുഭവത്തിലൂടെ മാത്രമേ പഠിക്കൂ. തങ്ങൾ ആരും അന്ന് ശ്രദ്ധിക്കാതിരുന്ന ചിരട്ടയിൽ കെട്ടിക്കിടന്ന വെള്ളത്തിൽ നിന്ന് പെറ്റുപെരുകിയ കൊതുകുകളിൽ നിന്നാണ് തന്റെ മകൾക്ക് ഡെങ്കിപ്പനി വന്നതെന്ന് അച്ഛന് മനസ്സിലായി. പക്ഷേ, അന്നേ തന്നെ അനുമോൾ തന്നോട് പറഞ്ഞതായിരുന്നു കെട്ടിക്കിടക്കുന്ന വെള്ളം കമഴ്ത്തി കളയണമെന്ന്. അന്ന് അത് നിസ്സാരമായി തള്ളിക്കളഞ്ഞതിന്റെ ഫലമായി നഷ്ടപ്പെടേണ്ടി യിരുന്നത് ആ കുഞ്ഞു ജീവനാണ്. ശുചിത്വത്തിനന്റെ മഹത്വം മനസ്സിലാക്കാതെ സ്വന്തം ജീവൻതന്നെ ബലി കൊടുക്കരുത്. ഇന്ന് ലോകം നേരിടുന്ന വൻ വിപത്താണ് കൊറോണ വൈറസ്. ഈ കൊറോണ കാലത്ത് അധികൃതർ പറയുന്നത് അനുസരിക്കാത്ത ഒരു സമൂഹത്തെ നമുക്ക് കാണാം. അധികൃതർ നൽകുന്ന നിർദ്ദേശം വളരെ നിസ്സാരമായി കണ്ട്, അവസാനം അനുഭവത്തിലൂടെ മാത്രമേ പഠിക്കൂ എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ സമൂഹം. നല്ലൊരു നാളേക്കായി പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കേണ്ടത് അനിവാര്യമാണ്. 😊

Amritha R
9 D ബി. ബി. എച്ച്. എസ് നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ