ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരു വട്ടം കൂടി
വ്യഥ നഗരമധ്യത്തിൽ തലയുയർത്തിനിൽക്കുന്ന നവാഗതനായ ഫ്ലാറ്റിലെ നൂറ്റിനാല്പ്പത്തഞ്ചാം നമ്പർ മുറി.
വേനലിൻറെ തളർച്ച മുഖത്തുനിന്നും മായ്ക്കാനായി, അവൾ ടാപ്പ് തുറന്നു. സൂര്യനുമായുള്ള ഘോരയുദ്ധത്തിനു ശേഷം വിജയം കെെവരിച്ച കുറച്ചുമാത്രം ജലകണികകൾ, അവളുടെ കെെകളിലേക്കൊഴുകി.പുറത്തെ കത്തുന്ന ചൂടിൽ നിന്ന് തെല്ലൊരാശ്വാസം നൽകാൻ അവയ്ക്കു കഴിഞ്ഞു. മേശയിൽ വിശ്രമിക്കുന്ന മാസികയെടുത്ത് അവൾ കാറ്റിനായി കേണു. മരം മുറിക്കാനെത്തിയവരിൽ നിന്ന് രക്ഷപ്പെട്ട ഒരു മരം ദൂരെ നിന്ന് അവളെ കളിയാക്കി. "നിങ്ങൾ തന്നെയല്ലേ ഞങ്ങളെ കൊന്നത്….. ഇപ്പോൾ നിങ്ങൾ ഞങ്ങളെ ആഗ്രഹിക്കുന്നു…… അനുഭവിക്കേണ്ടത് നിങ്ങൾ തന്നെയാണ്…..” ബാക്കിയുണ്ടായിരുന്ന കുറച്ചു പുഷ്പങ്ങളിലൊന്നു പൊഴിച്ചുകൊണ്ട് ആ മരം സുഗന്ധം പരത്തി. എന്നാൽ ആ വലിയ നഗരത്തെ സുഗന്ധപൂരിതമാക്കാൻ ആ ഒരു പുഷ്പത്തിന് കഴിഞ്ഞില്ല. ട്ണിങ്…...ട്ണിങ്………' കോളിങ്ബെൽ ശബ്ദിച്ചു. അവൾ എഴുന്നേറ്റ് വാതിലിനെ തടങ്കലിൽ നിന്നും മോചിപ്പിച്ചു. പുറത്ത് നഗരത്തിലെ പ്രമുഖ വാട്ടർ സപ്ലെെ കമ്പനിയിലെ സേൽസ് മാൻ. "രമ്യ മാഡം? മൂന്ന് ബോട്ടിൽ വെള്ളം ഒാർഡർ ചെയ്തിരുന്നു. ഇതാ...” സേൽസ്‍മാൻ സ്ഥിരം പല്ലവി ആവർത്തിച്ചു. തണുപ്പിച്ച ആ മൂന്നു ബോട്ടിലുകൾ വാങ്ങി രമ്യ വില നൽകി. കുപ്പിക്കു പുറത്തെ തണുപ്പ് അവളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു. വരണ്ട തൊണ്ട നനയ്ക്കാനെന്നോണം അവൾ കുപ്പിയെ ചുണ്ടോടടുപ്പിച്ചു. കുടിനീരിനായി കാത്തുമുഷിഞ്ഞ തൊണ്ടയ്ക്ക് സന്തോഷം പകർന്നു കൊണ്ട് വെള്ളം കടന്നുപോയി. വെള്ളത്തിന്റെ തണുപ്പ് നിലനിർത്താൻ കുപ്പികളെ ഫ്രിഡ്ജിനുള്ളി- ലാക്കുമ്പോഴാണ് അവൾ അതു കണ്ടത്. തുറന്നുവച്ചിരിക്കുന്ന ലാപ്‍ടോപ്പിലൂടെ പാഞ്ഞുപോകുന്ന തലക്കെട്ട്. 'മനങ്ങാട്ടെ ഗ്രാമം പുത്തനുണർവ്വിലേക്ക്...’ പിറന്നുവീണ നാടുമായുള്ള ഇനിയും പൊട്ടാത്ത ബന്ധമായിരിക്കാം അവളെ അതു കാണിച്ചത്. "വികസനത്തിന്റെയും പുരോഗമനത്തിന്റെയും പാതയിൽ മനങ്ങാട്ടെ ഗ്രാമം. സഞ്ചാരികളുടെ കുത്തൊഴുക്കാണ് ഇപ്പോൾ അവിടെ അനുഭവപ്പെടുന്നത്…..” യഥാർഥ മുഖത്തെ മേക്കപ്പിനു പിന്നിലൊളിപ്പിച്ച അവതാരിക നിലവിളിച്ചു. കഴിഞ്ഞ ദിവസം തന്റെ ഗ്രാമത്തെ പറ്റി സുഹൃത്ത് ഇതേ കാര്യം പറഞ്ഞത് അവൾ ഓർത്തു. പിറ്റേ ദിവസം. സൂര്യൻ നഗരത്തിനു മുകളിൽ കത്തിയെരിഞ്ഞു. രമ്യ ഫ്ലാറ്റിനുള്ളിലെ അന്ധകാരജീവിതത്തിൽ നിന്ന് പുറത്തേക്കു നടന്നു. നഗരം പ്രകാശഭരിതമായിരുന്നു. പ്രഭാതത്തിൽതന്നെ റോഡിൽ മുളച്ചുപൊന്തിയ വാഹനങ്ങളുടെ തിക്കും തിരക്കും. തന്റെ ഗ്രാമം പൂർണമായും സഞ്ചാരികൾ കീഴടക്കുന്നതിനു മുമ്പ് അവിടേക്കൊന്നു പോയി വരാൻ തീരുമാനിച്ചതാണ് രമ്യ. മെട്രോ സ്റ്റേഷനിലേക്കും അവിടെ നിന്ന് നാട്ടിലേക്കും രണ്ടു മണിക്കൂർ നേരത്തെ യാത്ര. വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലേക്കു കാലെടുത്തുവച്ച രമ്യയുടെ മനസ്സിലേക്ക് ഒരുതരം ആഹ്ലാദം ഇരമ്പിയെത്തി. എന്നാൽ,തിരമാല പോലെ അതിവേഗം ലയിച്ചില്ലാതായി. അവൾ ചെന്നിറങ്ങിയത് ഗ്രാമത്തിന്റെ കുളിർമയിലേക്കും പച്ചപ്പിലേക്കും ആയിരുന്നില്ല ; നഗരത്തിന്റെ മോഡിയിലേക്കും ആഡംബരത്തിലേക്കുമായിരുന്നു. ഒരുനാൾ ഗാന്ധിയെ വാഴ്ത്തിപ്പാടിയവർ ഇന്നിതാ ആഡംബരത്തിലേക്ക് കുടിയേറിയിരിക്കുന്നു. വമ്പൻ കെട്ടിടങ്ങളുടെ അംബരചുംബികളായ മരങ്ങളായാണ് രമ്യക്കു തോന്നിയത്. അതെ……….പണ്ട് അവിടമെല്ലാം മരങ്ങളാൽ സമൃദ്ധമായിരുന്നു. സ്നേഹവും വിശ്വാസവും എെക്യവും തുളുമ്പുന്ന ഒരു ഗ്രാമമായിരുന്നു. ആകാശവിസ്മൃതിയിലൂടെ സ്വാത- ന്ത്ര്യം അനുഭവിക്കുന്ന പക്ഷികളും നാടിന്റെ എെശ്വര്യം ഒട്ടും ചോർന്നുപോകാതെ സൂക്ഷിക്കുന്ന ജനങ്ങളുമെല്ലാം ഒരു നിമിഷം രമ്യയുടെ മനസ്സിലേക്കോടിയെത്തി. ഗ്രാമത്തിന്റെ ബാക്കിയായ സ്മരണപോലെ അവിടെ നിന്നിരുന്ന ഒരു പുൽനാമ്പ് അവളെ മാടിവിളിക്കുന്നതായി അവൾക്കു തോന്നി. ദാഹിക്കുന്നവന് വെള്ളം കിട്ടിയ ആഹ്ലാദത്തോടെ അവൾ അതിനടുത്തേക്കു പോയി. അപ്പോഴേക്കും അതിലെ കടന്നുപോയ ഒരു ജോടി പാദങ്ങൾ ആ നിരപരാധിയെ നിഷ്കരുണം വധിച്ചിരുന്നു. അങ്ങനെ, ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവനും പ്രതിഫലി- പ്പിച്ചിരുന്ന ആ അവസാന പുൽനാമ്പും നഗരത്തിന്റെ വികസനത്തിനു കീഴടങ്ങി. വാർത്തകൾ ചൂടോടെ ചാനലുകളെ അറിയിക്കാനെത്തിയ ഒരു മാധ്യമപ്രതിന്ധി രമ്യക്കടുത്തേക്കു വന്നു. “അതിവേഗം വർണാഭമായി മാറിയ ഈ പ്രദേശത്തെപ്പറ്റി താങ്കൾ എന്തു പറയുന്നു? ഭാവിയിൽ നമുക്ക് അഭിമാനമായി ഈ നഗരം മാറുമോ?” അയാൾ ചോദിച്ചു. അതിവേഗം ഹരിതാഭ നഷ്ടപ്പെട്ട ആ ഗ്രാമത്തിന്റെ ക്ഷീണിതമായ പുഞ്ചിരി ചോദ്യം കേട്ട അവൾക്കുള്ളിൽ അഭിമാനക്ഷതം സൃഷ്ടിച്ചു. ഗ്രാമത്തിന്റെ ഹരിതസ്മൃതികൾ വാക്കുകളിലേക്ക് ആവാഹിക്കാൻ കഴിയാതെ അവൾ തരിച്ചുനിന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ