നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽകൈറ്റ് ഐ.ടി ക്ലബ്ബിൻറെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾ ജൂൺമാസം 23 നടന്ന പ്രിലിമിനറി ക്ലാസോടെ ആരംഭിച്ചു.2018 ജനുവരി മാസം നടന്ന ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പരീക്ഷയിലൂടെ 24 വിദ്യാർത്ഥികൾ യോഗ്യത നേടി. ഐടി വിദ്യാഭ്യാസരംഗത്ത് വളരെ താല്പര്യമുള്ള 24 അംഗങ്ങളെയാണ് ഈ പരീക്ഷയിലൂടെ തെരഞ്ഞെടുത്തത്. 2അംഗങ്ങൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോയതിനാൽ ജൂൺമാസം പുതുതായി രണ്ട് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി 24 അംഗങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. കൈറ്റ് മാസ്റ്ററായി സാമൂഹ്യ ശാസ്ത്ര അധ്യാപകനായ ഷിനു. വി. രാജ്, കൈറ്റ് മിസ്ട്രസ് ഫിസിക്കൽ സയൻസ് അധ്യാപികയായ ബിജി.കെ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനങ്ങൾ നടത്തപ്പെടുന്നത്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ പരിശീലനത്തിനായി മാറ്റിവച്ചിരിക്കുന്നു.
4.8.2018 ൽ ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു .എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. പുത്തൂർ ഗവൺമെൻറ് ഹൈസ്കൂളിലെ പ്രതാപൻ സർ ക്ലാസിന് നേതൃത്വം നൽകി . അനിമേഷൻ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. ആഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ ഉണ്ടായ പ്രളയം പരിശീലന പരിപാടികൾ മുടക്കം വരുത്തിയെങ്കിലും പകരം ക്ലാസ്സുകൾ സംഘടിപ്പിച്ച പരിശീലനം മുന്നോട്ടുകൊണ്ടുപോയി.
30.9.2018 ൽ ലിറ്റിൽ കൈറ്റ് സബ് ജില്ലാ ക്യാമ്പ് സ്കൂളിൽ വച്ചാണ് സംഘടിപ്പിച്ചത്. കൊട്ടാരക്കര സബ് ജില്ലയിലെ മുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ കോർഡിനേറ്റർ ഉല്ലാസ് സർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർമാരായി ശ്രീനിവാസൻ സർ, മനോജ് ഷിനു. വി. രാജ്, എന്നിവരുടെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ മികവാർന്ന രീതിയിൽ നടന്നു.
ഒക്ടോബർ 2 ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. ഡിസംബർ 20ന് സൈബർക്രൈം യുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് സബ് ഇൻസ്പെക്ടർ K.സുധീഷ് കുമാർ നയിച്ചു.
ഡിസംബർ വെക്കേഷന് നടന്ന സബ്ജില്ലാതല ഡിജിറ്റൽ ക്യാമറയുമായി ബന്ധപ്പെട്ട പരിശീലനത്തിൽ 2 ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. ഡിജിറ്റൽ മാഗസിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ ആരംഭിക്കുകയുംമെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി
മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ സംഘടിപ്പിച്ചു. ജനുവരി 21ന് മാഗസിൻ പ്രകാശനകർമ്മം നിർവഹിക്കാൻ തീരുമാനിച്ചു.