ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെങ്ങാനൂർ

ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനു‍‍ഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യൻകാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂർ‍ രാജാവായിരുന്ന മാർത്താണ്ഡവർമ്മ ബ്രിട്ടിഷുകാരിൽ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാർത്താണ്ഡൻ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകർഷണിയതയാണ്

പ്രാദേശിക ചരിത്രം

പ്രാദേശിക ചരിത്ര രചന ബൃഹത് ചരിത്രങ്ങളിലെ ഇടനാഴികളിലേക്ക് വെളിച്ചം പകരുന്ന പ്രക്രിയയാണ്.ഒരു പ്രദേശത്തെ ജനജീവിതത്തിന്റെ വികാസ പരിണാമങ്ങൾ മാത്രമല്ല ചരിത്രതാളുകളിൽ ഇടം പിടിക്കാതെ കടന്നുപോയ മനുഷ്യരുടെ പ്രയത്നങ്ങളും ജീവത്യാഗവുമൊക്കെ ഇതിലൂടെ രേഖപ്പെടുത്തുന്നു.മഹാത്മജിയുടെ പാദസ്പർശം കൊണ്ടും അയ്യങ്കാളിയുടെ ധീരമായ പോരാട്ടങ്ങൾ കൊണ്ടും ശ്രദ്ധേയമായ പ്രദേശമാണ് 'വെങ്ങാനൂർ'.ഗവ.മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ,വെങ്ങാനൂരിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ ചരിത്രാന്വേഷണം പൂർണ്ണമല്ല എങ്കിലും ലഭ്യമായ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്വന്തം നാടിന്റെ ചരിത്രം അറിയുകയും അഭിമാനിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രായഭേദമന്യേ എല്ലാ നാട്ടുകാരുടേയും ഉത്തരവാദിത്വമാണ്.അതിന് ഈ 'ശ്രമം' ഉപകരിക്കട്ടെ.


ചരിത്രാന്വേഷകർ


1. അലീന ബ്രൈറ്റ് - 7 A
2. ആഷ്‌ലിൻ ബി ജേക്കബ് - 7 A
3. പാർവതി - 7 B
4. ശ്രേഷ്ഠ - 7 B
5. പ്രിയാലാൽ - 7 B
6. രാജലക്ഷ്മി - 7 B
7. ആർദ്ര - 7 C
8. ഭാഗ്യശ്രീ - 7 C
9. ആര്യ - 7 C

വഴികാട്ടിയവർ

1. ശ്രീ സദാനന്ദൻ - പ്രമുഖ ഗാന്ധിയൻ
2. ശ്രീ വിനോദ് വി എസ് - അധ്യാപകൻ
3. ശ്രീ വിഷ്ണുലാൽ - അധ്യാപകൻ
4. ശ്രീ ഗ്ലെൻ പ്രകാശ് - അധ്യാപകൻ
5. ശ്രീമതി ഷെറീന - അധ്യാപിക

നന്ദിപൂർവ്വം സ്മരിക്കേണ്ടവർ

1 ശ്രീമതി ബി കെ കല – ബഹു.ഹെ‍ഡ്മിസ്ട്രസ്
2 ശ്രീ സുനിൽകുമാർ - ഹൈസ്കൂൾ അദ്ധ്യാപകൻ
3 ശ്രീമതി കവിതാജോൺ - ഹൈസ്കൂൾ അദ്ധ്യാപിക

വെങ്ങാനൂർ ചരിത്രത്തിലേയ്ക്ക്

                        ഒരു മഹത്തായ  ചരിത്ര പശ്ചാത്തലം വെങ്ങാനൂരിനുണ്ട്. വേണാടിന്റെ ചരിത്രത്തിൽ വെങ്ങാനൂരിന് സ്തുത്യർഹമായ സ്ഥാനമാണുള്ളത്. എ ഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ ദക്ഷിണ കേരളത്തിൽ ഭരണം നടത്തിയിരുന്ന 'ആയ് ' രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രം വിഴിഞ്ഞം ആയിരുന്നു എന്ന് ചരിത്രം പറയുന്നു. കുതിരാലയങ്ങളും വെടിക്കോപ്പുനിർമ്മാണശാലയും ആയ് രാജാക്കന്മാരുടെ ഭരണകാലത്ത് വെങ്ങാനൂർ പ്രദേശത്താണ് നിലനിന്നിരുന്നതെന്ന് അനുമാനിക്കുന്നു. ഫ്യൂഡൽ വാഴ്ച്ചയ്ക്കും രാജഭരണത്തിനും എതിരെ സംഘടിത പോരാട്ടങ്ങൾ നടത്തിയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായ വെങ്ങാനൂർ പിള്ളയുടെയും വേണാടിന്റെ ചരിത്രത്തിൽ മിന്നിത്തിളങ്ങിയ ചെമ്പകരാമൻ പിള്ളയുടെയും നാട് വെങ്ങാനൂരാണ്. ഹാസ്യ സാമ്രാട്ടായ സി. വി. രാമൻപിള്ളയുടെ പരദേവതാക്ഷേത്രം സ്ഥിതിചെയ്യുന്നതിവിടെയാണ്. അദ്ദേഹത്തിന്റെ പ്രിയപുത്രൻ കലാരംഗത്ത് പ്രസിദ്ധനായ 'അടൂർഭാസി' വെങ്ങാനൂരിലെ സി. വി. കുടുംബത്തിന്റെ പരദേവതാക്ഷേത്രത്തിൽ നിത്യസന്ദർശകനായിരുന്നു.
                   കേരളത്തിൽ മണ്ണിൽ പണിയെടുക്കുന്ന അധഃ സ്ഥിതിവർഗ്ഗത്തെയും കർഷകത്തൊഴിലാളികളേയും ആദ്യമായി സംഘടിപ്പിച്ച സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടെന്ന നിലയിൽ വെങ്ങാനൂരിന് ഇന്ത്യാ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണുള്ളത്. മഹാനായ അയ്യങ്കാളിയുടെ ധീരോദാത്തമായ പ്രവർത്തനങ്ങൾ നേരിൽ കാണാൻ രാഷ്ട്രപിതാവ് ' മഹാത്മാഗാന്ധി' വെങ്ങാനൂരിൽ സന്ദർശനം നടത്തിയതും ചരിത്രത്തിന്റെ ഏടുകളിൽ തിളക്കമാർന്ന അദ്ധ്യായമാണ്. മഹാനായ അയ്യങ്കാളിയുടെ നേതൃത്ത്വത്തിൽ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ 'വില്ലുവണ്ടി സമരം' വിപ്ലവകരമായ അദ്ധ്യായമാണ്. 1893 – ൽ വെങ്ങാനൂരിലെ പൊതുവഴിയിലൂടെ ഒരു വില്ലുവണ്ടിയിൽ യാത്ര ചെയ്ത് ശ്രീ. അയ്യങ്കാളി സാമൂഹ്യവിലക്കുകളെ ലംഘിച്ചു. അധഃസ്ഥിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തുടക്കംകുറിച്ച അയ്യങ്കാളി തിരുവിതാംകൂറിലെ മുഖ്യനിരത്തുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു. 1907- ൽ അദ്ദേഹം നയിച്ച 'ആദ്യത്തെ കർഷകസമരം' കാർഷിക പരിഷ്കരണത്തിനുവേണ്ടി മാത്രമായിരുന്നില്ല. അധഃസ്ഥിതജനതയുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ളതും കൂടിയായിരുന്നു. 				
                     
                    അവർണ്ണ ജാതിക്കാർക്ക് പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം, അധഃസ്ഥിതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം, തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധനവ് എന്നിവയ്ക്കുവേണ്ടി ശബ്ദമുയർത്തിയ ശ്രീ. അയ്യങ്കാളി 'ശ്രീമൂലം പ്രജാസഭയിൽ', അംഗമായിരുന്നു. അധഃസ്ഥിതർക്കായി അയ്യങ്കാളി ആദ്യമായി ഒരു വിദ്യാഭ്യാസ സഥാപനം പടത്തുയർത്തിയതും വെങ്ങാനൂരിലാണ്. അയ്യങ്കാളി സ്മാരകത്തോടനുബന്ധിച്ച്  സ്ഥിതി ചെയ്യുന്ന  ഈ സ്കൂൾ ഇന്ന് ശ്രീ അയ്യങ്കാളി സ്മാരക യു. പി. എസ് എന്ന പേരിൽ അറിയപ്പെടുന്നു. 1934 – ൽ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തുകയും അയ്യങ്കാളിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയതു. 'പത്ത് ബി എ  – ക്കാരെങ്കിലും തന്റെ സമുദായത്തിൽ നിന്നും ഉണ്ടാകണമെന്ന' ആഗ്രഹം ആ വേളയിൽ അദ്ദേഹം ഗാന്ധിജിയെ അറിയിക്കുകയുണ്ടായി. ഗാന്ധിജിയുടെ വെങ്ങാനൂർ സന്ദർശനത്തോടെയാണ് ഹരിജനപ്രശ്നങ്ങൾക്ക് അഖിലേന്ത്യ ശ്രദ്ധ ലഭിച്ചത്. അവശജനോദ്ധാരണം ലക്ഷ്യമാക്കി മഹാനായ അയ്യങ്കാളി കേരളത്തിൽ ആദ്യമായി സ്ഥാപിച്ച ഹരിജൻ കോളനി വെങ്ങാനൂർ പഞ്ചായത്തിലെ 'പുത്തൻകാനം' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.   

സ്ഥലനാമ ചരിത്രം

  • മാർത്താണ്ഡവർമ്മയുടെ 'കണ്ടെഴുത്തുപിള്ളമാരാണ്'(വില്ലേജ് ഓഫീസർ) അക്കാലത്ത് സ്ഥലങ്ങൾക്ക് പേര് നല്കിയിരുന്നത് എന്നു പറയപ്പെടുന്നു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടാണ് പേരുകൾ നൽകിയിരുന്നത്.ആയ് രാജാക്കന്മാർ ഭരണസൗകര്യത്തിനായി രാജ്യത്തെ 'ഊരുകളും' 'കോടുകളും' 'പുരങ്ങളും' ആയി വിഭജിച്ചിരുന്നു എന്നും ഊരിന് 'ഊർന്നുകിടക്കുന്നിടം' അല്ലെങ്കിൽ 'ദേശം' എന്ന അർത്ഥം നൽകിയിരുന്നതായി ചരിത്രം പറയുന്നു.
  • വെൺ- കാവ്-ഊര്-വെങ്ങാനൂർ ആയി എന്നും 'വേങ്ങ ഉള്ള ഊര്' വെങ്ങാനൂർ ആയി എന്നും കണക്കാക്കപ്പെടുന്നു.
  • വില്ലേജ് ഓഫീസുകൾ അക്കാലത്ത് ചാവടി എന്ന പേരിൽ അറിയപ്പെട്ടിരുന്നു.അങ്ങനെ ചാവടി ഉണ്ടായിരുന്ന പ്രദേശം ചാവടിനട ആയി.'
  • വെൺ-നീർ-ഊര് '--- വെണ്ണിയൂർ -വെള്ളായണിക്കായലിലെ വെള്ളത്തിന്റെ പ്രത്യേകത ഇവിടെ സൂചിപ്പിക്കപ്പെടുന്നു.
  • 'കട്ട-ചാൽ-കുഴി'--- കട്ടച്ചൽക്കുഴി-വെള്ളം ചാലുകീറി ഒഴുകിയിരുന്ന സ്ഥലം
  • 'വെള്ളാർ'---സമുദ്രത്തിലേയ്ക്ക് ഒരു ചെറിയ ആറ് ആ ഭാഗത്തുക്കൂടി കടന്നു പോകുന്നുണ്ട്.
  • 'മുട്ടൻ കാടുള്ള പ്രദേശം'--- മുട്ടയ്ക്കാട് ആയി
  • 'സിസിലിപുരം' എന്ന സ്ഥലം പണ്ട് 'തെമ്മാടി മുക്ക് ' എന്നാണ് അറിയപ്പെട്ടിരുന്നത്.

ജനജീവിതം

'കൃഷി' പ്രധാന ഉപജീവന മാർഗമാക്കിയിരുന്ന ജനതയാണ് വെങ്ങാനൂരിൽ ഉണ്ടായിരുന്നത്.പ്രധാനകൃഷികൾ ഇവയാണ്.

1.നെൽകൃഷി

പണ്ട് നെൽകൃഷി മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു സീസണിലായി കൃഷി നടത്തിയിരുന്നു.'ഇരുപ്പൂകൃഷി' എന്നാണിതിനു പേര്. കന്നിപ്പൂ, കുംഭപ്പൂ എന്നിവയാണ് ഇരുപ്പൂകൃഷിയിലുള്ളത്. കൃഷിക്കാർക്ക് കൂലി നെല്ലായി നൽകിയിരുന്നു. കൊയ്ത്തു കഴിഞ്ഞുള്ള ഇടവേളകളിൽ പയർ, ഉഴുന്ന്, എള്ള് എന്നിവ കൃഷി ചെയ്തിരുന്നു. ഉഴവുമാടുകളെ ഉപയോഗിച്ചാണ് (കലപ്പ) നിലമുഴുതിരുന്നത്. വരമ്പൊരുക്കലും മരമടിയും ഉഴവുമൊക്കെ പണിക്കാരായ പുരുഷന്മാരാണ് ചെയ്തിരുന്നത്. ഞാറ് പറിക്കലും നടീലും കളപറിക്കലും കൊയ്ത്തുമൊക്കെ സ്ത്രീകൾ ചെയ്തിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ നെൽകൃഷിയുണ്ടായിരുന്ന ഏലാപ്രദേശങ്ങൾക്ക് വളരെ പ്രധാന്യമുണ്ട്. നെൽകൃഷി ഉണ്ടായിരുന്നപ്പോൾ ധാരാളമായി കണ്ടിരുന്ന ചില ജീവികളാണ് കുറുക്കൻ, തത്ത, പ്രാവ്, തൂക്കണാം കുരുവി, മിന്നാമിനുങ്ങ്, മാനത്തുകണ്ണി, നത്ത മുതലായവ.

2.മരച്ചീനി

വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ബ്രസീലിൽ നിന്ന് തിരുവിതാംകൂറിലെത്തിച്ച ഭക്ഷ്യവസ്തുവാണ് മരച്ചീനി. സാധാരണക്കാരുടെ മുഖ്യ ആഹാരം മരച്ചീനി ആയിരുന്നു.വയലുകളിൽ ഇടവിളയായും മരിച്ചീനി കൃഷി ചെയ്തിരുന്നു.കാസറവളയൻ,കലിയൻ,വെള്ളപ്പിരിയൻ എന്നിവയാണ് ആദ്യകാലത്തെ മരിച്ചീനിയിനങ്ങൾ

3.തെങ്ങ്

തെങ്ങുകൾ ധാരാളമുളള പ്രദേശമാണ് വെങ്ങാനൂർ. ചെന്തെങ്ങ്,ഗൗരീഗാത്രം,കോമാടൻ,ജാപ്പണൻ എന്നിവയാണ് പ്രധാന ഇനങ്ങളായി കൃഷി ചെയ്തിരുന്നത് .ഓലമെടയൽ, ചൂലുനിർമ്മാണം, എണ്ണയാട്ട്,ചകിരി വ്യവസായം എന്നിവ ഇതിന്റെ ഭാഗമായി നടന്നിരുന്നു.

തൊഴിലുകൾ

1.നെയ്ത്ത്

പ്രധാനമായും ഈഴവർ,നാടാർ എന്നീ സമുദായക്കാരാണ് നെയ്ത്ത് ചെയ്തിരുന്നത്.വീടിനോടനുബന്ധിച്ച് തന്നെ ഇവർ നെയ്ത്തുപുരകൾ സ്ഥാപിച്ചിരുന്നു.കുഴിത്തറി നെയ്ത്ത്,മേൽത്തറി നെയ്ത്ത് എന്നിങ്ങനെ രണ്ടുതരം നെയ്ത്തുകളുണ്ടായിരുന്നു.

2.മറ്റു തൊഴിലുകൾ
കൊപ്രവ്യവസായം,ഓലമെടച്ചിൽ,പായനെയ്ത്ത്,പാറപ്പൊട്ടിക്കൽ-കല്ലടിക്കൽ,പനയോല ഉല്പന്ന നിർമ്മാണം എന്നിവ സാധാരണക്കാരുടെ ഉപജീവനമാർഗങ്ങളായിരുന്നു


ജീവിതശൈലീ

ഭക്ഷണ രീതിയും ഭക്ഷ്യ വസ്തുക്കളും
ഒാരോ കുടുംബത്തിലേയും അംഗങ്ങള‌ുടെ എണ്ണം താരതമ്യന ക‌ൂടുതലായതിനാൽ ആഹാരത്തിന‌ു ആളുകൾ നന്നേ ബുദ്ധിമുട്ടിയിരുന്നു. പുരുഷന്മാ൪ക്കും കുട്ടികൾക്കും കൊടുത്തു കഴി‍‍ഞ്ഞാൽ പിന്നെ ബാക്കിയുള്ള എന്തെങ്കിലുമൊക്കെ കഴിച്ചും വെള്ളം കുടിച്ചുമൊക്കെയായിരുന്നു സ്ത്രീകൾ കഴിഞ്ഞു കൂടിയിരുന്നത്. പ്രാതലിന് പലഹാരം ഉണ്ടാക്കുന്ന രീതി മുമ്പ് ഉണ്ടായിരുന്നില്ല. സാധാരണക്കാരുടെ വീടുകളിൽ പഴങ്കഞ്ഞി ആയ‌ിരുന്നു പതിവ്. ഉച്ച ഭക്ഷണത്തിനു കഞ്ഞിയും പയ൪, ഇലക്കറികൾ എന്നിവയുടെ കൂട്ടാനുമൊക്കെ ഉണ്ടാകും. ചക്കയും മാ‍ങ്ങയുമൊക്കെ വിശപ്പടക്കാ൯ പഴയ തലമു‍‌‍റയെ സഹായിച്ച‌ിരുന്നു. ഇടത്തരക്കാരന്റെ പ്രധാന ആഹാരമായിരുന്നു മരച്ചീനി. ചക്കയുടെ പുറം മുള്ളു ചെത്തിക്കളഞ്ഞ ശ‌േഷം ബാക്കി മുഴുവ൯ ഭാഗ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ങ്ങളും വിശപ്പടക്കാനായി ഉപയോഗിച്ചിരുന്നു. ഒാണത്തിനാണ് സാ‍ധാരണക്കാരുടെ വീടുകളിൽ എല്ലാ വിഭവങ്ങളും വച്ച് ഭക്ഷണമൊരുക്കിയിരുന്നത്. വയണയിലയിൽ ഉണ്ടാക്കിയിരുന്ന കോട്ടപ്പം,തെരളി, വത്സ൯ എന്നിവ വിശേഷപ്പെട്ട പലഹാരങ്ങളായിരുന്നു. ദീപാവലി, കാ൪ത്തിക തുടങ്ങിയ ആഘോഷാവസര‌ങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ എന്നിവ വേകിച്ചു ക‌ഴിക്കുന്ന പതിവും ഉ‌ണ്ടായിരുന്നു.

വസ്ത്ര‍‍ധാരണം
ഒന്നര നൂററാണ്ടി‌നു മുമ്പാണ് മാറു മറയ്ക്കൽ സമരം നടന്നത്. അക്കാലത്ത് അധഃസ്ഥിതരായ സ്ത്രീ പുരുഷന്മാ൪ മുട്ടിനു കീഴ്പോട്ടും അരയ്ക്കു മുകളിലേക്കും വസ്ത്രം ധരിച്ചിരുന്നില്ല. നാണം മറയ്ക്കാൻ മാത്രമായിരുന്നു അവരു‌ടെ വസ്ത്രധാരണം. കൊച്ചുകുട്ടികൾ ആറോ ഏഴോ വയസ്സു വരെ കോണകം മാത്രമാണ് ധരിച്ചിരുന്നത്. അല്പം മുതി൪ന്നാൽ പിന്നെ ഒറ്റത്തോ൪ത്താണ് ഉടുക്കുക.
പാർപ്പിടം
അധഃസ്ഥിതജനതയുടെ വാസസ്ഥാനത്തിന് കുടി, പുര, മാടം എന്നിങ്ങനെയായിരുന്നു പേര്. ഒാല കുത്തിച്ചാരി കെട്ടിയുണ്ടാക്കുന്നവയായിരുന്നു ഇത്തരം വാസസ്ഥലങ്ങൾ.ഇത്തരക്കാരുടെ വാസസ്ഥലങ്ങൾക്ക് 'വീട്' എന്നു പറഞ്ഞിരുന്നു.ആറുകാൽപ്പുര ,വെട്ടിക്കെട്ടുപ്പുര എന്നീ പേരികളിലും അ‌റിയപ്പെട്ടിരുന്നു. ഉയ൪ന്ന സാമ്പത്തിക ശേഷിയും സവ൪ണ്ണ൪ എന്നു വിശേഷിപ്പിച്ചിരിന്നവരും' നാലു കെട്ടുകൾ' നി൪മ്മിച്ചിരുന്നു. മുറ്റത്തു കിഴക്കേ അതി൪ത്തിയിൽ തൊഴുത്തുണ്ടായിരുന്നു. പശുവിനെ കണി കണ്ടുണരുന്നത് നല്ലതാണെന്നായിരുന്നു വിശ്വാസം.


ജലസ്രോതസ്സുകൾ

1. കിണറുകൾ

നാട്ടി൯പുറങ്ങളിൽ എല്ലാ വീടുകളിലും കിണ൪ ഉണ്ടായിരുന്നില്ല. കിണറ്റിൽ നിന്നും വെള്ളം കോരാനായി ആദ്യ കാലത്ത് പാളയും കയറും ഉപയോഗിച്ചിരുന്നു. മൺകുടങ്ങളിലായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. കാ൪ഷികാവശ്യങ്ങൾക്കായി കുളങ്ങളിൽ നിന്നോ ഊറ്റു കുഴികളിൽ നിന്നോ വെള്ളം കോരാനായി കമുകി൯ പാളകൾ കൂട്ടിയോജിപ്പിച്ച് നി൪മ്മിക്കുന്ന കാക്കോട്ടകൾ ഉപയോഗിച്ചിരുന്നു.

2.വെള്ളായണിക്കായൽ

കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് പ്രകൃതി രമണീയമായ വെള്ളായണിക്കായൽ. കല്ലിയൂ൪, വെങ്ങാനൂ൪ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം പണ്ട് 1800 ഏക്കറോളം ഉണ്ടായിരുന്നു. ഇന്ന് 458 ഏക്കറിനു താഴെ മാത്രമേ വിസതൃതിയുള്ളൂ.
എെതീഹ്യം

വെള്ളായണിക്കായലിന്റെ ഉത്ഭവത്തിനു പിന്നിൽ ചില എെതീഹ്യങ്ങളുണ്ട്. ചിങ്ങ൯ കുന്നിനു താഴെയുള്ള ഏലായിൽ നിലമുഴുതു കൊണ്ടിരുന്ന ഒരു ക൪ഷക൯ വെയിലേറ്റു ദാഹിച്ചു വലഞ്ഞ് നില‌്ക്കുകയായിരുന്നു. ഉച്ചയാകുമ്പോൾ‌ പഴങ്കഞ്ഞിയും കാന്താരി മുളകും കൊണ്ടു വരാറുള്ള ഭാര്യയെ അന്നു കാണുന്നില്ല. അപ്പോഴതു വഴി ജടാധാരിയായ ഒരു സ്വാമി നടന്നുവരികയായിരുന്നു. ഉത്കണ്ഠ നിറഞ്ഞ സ്വരത്തിൽ ക൪ഷക൯ ആ സ്വാമിയോട് ചോദിച്ചു "സ്വാമി എന്റെ ഗംഗയെ കണ്ടോ?” “ഗംഗ ഇപ്പോൾ വരും” എന്ന് സ്വാമി ഉത്തരം നൽകി. തുട൪ന്ന് ക൪ഷക൯ ഉഴവു ചാലിൽ കുത്തിയിരുന്ന ഉരുക്കളെയടിക്കാനുള്ള കമ്പ് വലിച്ചൂരി. മണ്ണിൽ നിന്നും മുകളിലേയ്ക്ക് ഒരു ജലധാരയുണ്ടായി. കുന്നുകൾക്കിടയിൽ വെള്ളം നിറഞ്ഞ് തടാകമായി. അതാണത്രേ വെള്ളായണിക്കായൽ. ആ സ്വാമി അശ്വത്ഥാമാവായിരുന്നു എന്നാണ് വിശ്വാസം. രാജ ഭരണകാലത്തു ഈ കായൽ വിനോദ സഞ്ചാര കേന്ദ്രമായിരുന്നു.

3.മാ൪ത്താണ്ഡ൯ കുളം

ചരിത്രം

മാ൪ത്താണ്ഡ വ൪മ്മയ്ക്കെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തിനെതിരെ പ്രവ൪ത്തിക്കുകയും ചെയ്ത എട്ടു വീട്ടിൽ പിള്ളമാ്രെ മാ൪ത്താണ്ഡവ൪മ്മ തൂക്കിലേറ്റുകയും പിളളമാരുടെ വസ്തുവകകൾ സ൪ക്കാ൪ കണ്ടു കെട്ടുകയും ചെയ്തു. തുട൪ന്ന് പിളളമാരുടെ വീടുകളെല്ലാം വീടുകളെല്ലാം കുളം തോണ്ടി. എട്ടു വീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂ൪ പിളളയുടെ വീടാണ് കുളമായി മാറിയതെന്ന് ചരിത്രം പറയുന്നു. ഇതല്ല മാ൪ത്താണ്ഡ വ൪മ്മ കുളത്തിന്റെ സമീപത്തു കൂടി സഞ്ചരിക്കുകയും കുളത്തിനരികിൽ വിശ്രമിക്കുകയും ചെയ്തു എന്നും ഒരു വാദമുണ്ട്.

പ്രസിദ്ധമായ ആരാധനാലയങ്ങൾ

ക്ഷേത്രങ്ങൾ


1.വെങ്ങാനൂ൪ നീലകേശി മുടിപ്പുര

നൂറ്റാണ്ടുകൾ പഴക്കമുളളതാണ് ശ്രീ നീലകേശി മുടിപ്പുര. കന്യാകുമാരി ജില്ലയിലെ ഇട്ടകവേലി എന്ന സ്ഥലത്താണ് നീലകേശി മുടിപ്പുരയുടെ മൂല സ്ഥാനം. ഇട്ടകവേലിയിലെ ഒരു നായ൪ തറവാട്ടിലെ പെൺകുട്ടി സമീപ പ്രദേശത്തുളള പറയ സമുദായക്കാരിലൊരാളുടെ വീട്ടിൽ തീ വാങ്ങാ൯ പോയി എന്നും കൊണ്ടു വരുന്നതിനിടയിൽ അവൾക്ക് പൊളളലേറ്റതു കൊണ്ട് ആ വീട്ടിലെ പെൺകുട്ടി ഓടി വന്ന് പൊളളിയ കൈ തന്റെ വായോട് ചേ൪ത്തു വച്ച് ആശ്വസിപ്പിച്ചു. ഭക്ഷണം നൽകിയ ശേഷമാണ് ആ വീട്ടുകാ൪ കുട്ടിയെ യാത്രയാക്കിയത്. തീയുമായി തിരിച്ചെത്തിയ കുട്ടിയെ വീട്ടുകാ൪ ശകാരിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ക്രൂരമായി മ൪ദ്ദിക്കുകയും ചെയ്തു. ഇതിൽ മനം നൊന്ത് കുട്ടി കുളത്തിൽ ചാടി. കണ്ടു നിന്ന ചേച്ചിയും തുട൪ന്ന് ഈ സംഭവമറിഞ്ഞ പറയ സമുദായത്തിൽ പെട്ട പെൺകുട്ടിയും കുളത്തിൽ ചാടി. മൂവരും അപ്രത്യക്ഷമാവുകയും മൂന്നു മുടി മാത്രം കിട്ടുകയും ചെയ്തു. തുട൪ന്ന് പ്രശ്ന വിധി പ്രകാരം ക്ഷേത്രം നി൪മ്മിക്കപ്പെട്ടു.


2. വെങ്ങാനൂ൪ പുരവി ക്ഷേത്രം

എട്ടുവീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂ൪ പിളളയുടെ സ്മരണ നിലനി൪ത്തുന്ന ദേവീക്ഷേത്രം. നാഗാരധനയ്ക്ക് ഇവിടെ പ്രാമുഖ്യം നൽകി വരുന്നു. ആയുധാഭ്യാസിയും സാഹസികനുമായിരുന്ന വെങ്ങാനൂ൪ പിളള ആദ്യ കാലത്ത് മഹാരാജാവിന്റെ വിശ്വസ്തനായും പിന്നീട് ശക്തനായ പ്രതിയോഗിയായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.


3.മംഗലത്തുകോണം കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം

ആയിരം വ൪ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണ് കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം.ഇവിടം പണ്ട് നിബിഡ വനമായിരുന്നു. വനത്തിൽ തപസ്സു ചെയ്തിരുന്ന യോഗീശ്വരനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ചേ൪ന്ന് ഇഷ്ട ദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. കാഞ്ഞാവ് എന്ന വൃക്ഷം ധാരാളമായി ഉണ്ടാകാറുളള ഇവിടം വെട്ടിത്തെളിച്ച അവസരത്തിൽ സ്ഥലത്തിന് കാട്ടുനട എന്നു പേര് നല്കിയിരിക്കാമെന്ന് ഊഹിക്കുന്നു.


4. വെങ്ങാനൂ൪ ഭഗവതി ക്ഷേത്രം

മാ൪ത്താണ്ഡ വ൪മ്മ മഹാരാജാവിനെ ബന്ധപ്പെടുത്തുന്ന ചില പഴങ്കഥകൾ ഈ ക്ഷേത്രത്തിനുണ്ട്. ഒരിക്കൽ പ്രാണരക്ഷാ൪ത്ഥം ഓടിയെത്തിയ അദ്ദേഹം ശത്രുക്കൾ പി൯തുടരുന്നതായി കണ്ട് ക്ഷേത്രത്തിൽ ഓടിക്കയറി വിവരം ശാന്തിക്കാരനോട് പറഞ്ഞു. ഉടനെ ശാന്തിക്കാര൯ സ്വന്തം വേഷം മാറി മഹാരാജാവിനെ ധരിപ്പിക്കുകയും വെങ്കലപാത്രം കമഴ്ത്തിക്കൊണ്ട് രക്ഷപ്പെടാ൯ അപേക്ഷിക്കുകയും രാജാവ് അപ്രകാരം രക്ഷപ്പെടുകയും ചെയ്തുവത്രെ.

പളളികൾ

1.സി എസ് ഐ പള്ളി-പെരിങ്ങമ്മല 1875-ൽ സ്ഥാപിതമായി. പെരിങ്ങമ്മലയിൽ നിന്നും രണ്ടു കിലോമീറ്റ൪ തെക്ക് മുള്ളുകാട് എന്ന സ്ഥലത്തുണ്ടായിരുന്ന ആരാധനാ മന്ദിരവും ഒരു കിലോ മീറ്റ൪ വടക്ക് മലവിള എന്ന സ്ഥലത്തുണ്ടായിരുന്ന L M Sച൪ച്ചും ചേ൪ന്ന് രൂപീകൃതമായി.


2.സി എസ് ഐ പള്ളി-മുട്ടയ്കാട് 127വ൪ഷം പഴക്കമുളള ദേവാലയം.

3.സി എസ് ഐ പള്ളി-വെങ്ങാനൂ൪ 167വ൪ഷം പഴക്കമുളള ദേവാലയം.

മുസ്ലീം പളളികൾ

മുസ്ലീം സമുദായക്കാരായ ആളുകൾ തീരെ കുറവായതിനാൽ ഈ പ്രദേശത്ത് മുസ്ലീം പളളികൾ സ്ഥാപിക്കപ്പെട്ടിട്ടില്ല.


ആചാരങ്ങൾ അനുഷ്ഠാനങ്ങൾ അന്ധവിശ്വസങ്ങൾ

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാനമായും വെങ്ങാനൂ൪ പ്രദേശത്തുണ്ടായിരുന്നത്. ജാതീയമായ ഉച്ചനീചത്വങ്ങളുടെ ഭാഗമായുളള ആചാരങ്ങളും അന്ധ വിശ്വാസങ്ങളും നിലവിലുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാ൪ എന്നു കണക്കാക്കപ്പെട്ടിരുന്നവർക്ക് ആഹാരം കൊടുക്കുന്നത് കുഴി കുഴിച്ച് അതിൽ ഇലവെച്ച് ക‍ഞ്ഞി കൊടുക്കുന്ന രീതിയിലായിരുന്നു. പ്ലാവില ഉപയോഗിച്ച് ക‍‍ഞ്ഞി കോരി കുടിക്കണമായിരുന്നു. ഭൂവുടമയും കർഷകനും തമ്മിലുള്ള അന്തരം വലരെ വലുതായിരുന്നു. അക്കാലത്ത് വെങ്ങാനൂർ ഭാഗത്ത് ഉണ്ടായിരുന്ന 'സുകുമാരൻ നായരുടെ ചായക്കട' യിൽ താഴ്ന്ന ജാതിക്കാർക്ക് വെള്ളം നൽകുന്നതിനായി പ്രത്യേകം ഗ്ലാസും ചിരട്ടയും സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കുകയും ചായക്കട പൂട്ടുകയും ചെയ‍തുവത്രേ.

ഗതാഗത സംവിധാനങ്ങൾ

                                   'ഇടവഴികളാണ് 'പ്രധാനമായും നാട്ടിലുടനീളം ഉണ്ടായിരുന്നത്. ഒരാളിനു കഷ്ടിച്ചു മാത്രം നടക്കാവുന്നവ ആയിരുന്നു ഇവ. വൻ മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലൂടെയുള്ള യാത്ര ദുഷ്‍കരമായിരുന്നു. ഇരുട്ടുന്നതിനു മുമ്പ് ആളുകൾ സ‍ഞ്ചാരം നിറുത്തുമായിരുന്നു. 
                                മെറ്റൽ റോഡുകളിലൂടെ അപൂർവ്വം ചില സമയങ്ങളിൽ മാത്രം പഴയകാലത്തുള്ള ബസ് ഓടുമായിരുന്നു. സമൂഹത്തിലെ ഉന്നതസ്ഥിതിയുള്ളവർ യാത്രയ്‍ക്കായി ഉപയോഗിച്ചിരുന്ന മേൽമൂടിയും അലങ്കാരപ്പണികളുമുള്ള കാളവണ്ടികൾക്ക് 'വില്ലുവണ്ടി' എന്നായിരുന്നു പേര്.


പ്രധാന ചരിത്ര സ്മാരകങ്ങൾ

1.ശ്രീ.അയ്യങ്കാളി സ്മാരകം

ശ്രീ.അയ്യങ്കാളിയുടെ സ്മരണ നിലനിർത്തുന്നതിനും മഹാത്മാഗാന്ധിയുടെ വെങ്ങാനൂർ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായും സ്ഥാപിക്കപ്പെട്ട സ്മാരകം.

2.ശ്രീ.ജെറിപ്രേംരാജ് സ്‍മൃതിമണ്ഡപം

1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം.

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് 1.1.1962-ൽ തിരുവല്ലം പഞ്ചായത്തിൽ നിന്നും വെങ്ങാനൂർ പ്രദേശം ഉൾപ്പെട്ട 5 വാർഡും ചേർത്ത് രൂപീകൃതമായ വെങ്ങാനൂർ പഞ്ചായത്തിൽ‌ ഇന്ന് 20 വാർഡുകൾ നിലവിലുണ്ട്. 2011-ലെ സെൻസസ് പ്രകാരം 13.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും ആകെ ജനസംഖ്യ 35,963-ഉം ആണ്.സാക്ഷരതയിൽ പുരുഷന്മാർ 93%-ഉം  36.8%-ഉം എത്തിനിൽക്കുന്നു.

തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ ഉൾപ്പെട്ട വെങ്ങാനൂർ പഞ്ചായത്ത് അന്താരാഷ്‍ട്ര പ്രശസതി ആർജ്ജിച്ച വിനോദസഞ്ചാരികളുടെ പറുദീസയായി മാറിയ കോവളത്തിനും നിർദ്ദിഷ്ട അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തിനും സമീപമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ വെള്ളായണി കാർഷിക കോളേജ്, കട്ടച്ചൽ കുഴി നാളികേര ഗവേഷണകേന്ദ്രം, ബാലരാമപുരം കൈത്തറി നെയ്‍ത്തുകേന്ദ്രം, ശുദ്ധജലതടാകമായ വെള്ളായണിക്കായൽ എന്നിവയാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ പ്രദേശമാണ് വെങ്ങാനൂർ. വെള്ളം വറ്റാത്ത നീരുറവകളും കുളങ്ങളും തോടുകളും നെയ്യാർ ജലസേചന പദ്ധതിയുടെ ചാനലുകളും പഞ്ചായത്തിനെ ഫലഭൂയിഷ്ഠമാക്കുന്നു.

മുട്ടയ്ക്കാട്, കടവിൻമൂല, കോവളം, തൊഴിച്ചൽ എന്നീ വാർഡുകളിൽ ഉയർന്ന പാറകെട്ടുകൾ ഉണ്ട്. ആകെ ഭൂവിസ്തൃതിയുടെ 30% ഏലാ പ്രദേശമാണ്. വെങ്ങാനൂർ,വവ്വാമൂല, വെണ്ണിയൂർ, നെടിഞ്ഞൽ, മുട്ടയ്ക്കാട്, പനങ്ങോട്, ഇടുവ, ആത്മബോധിനി തുടങ്ങിയവയാണ് പ്രധാന ഏലാ പ്രദേശങ്ങൾ. വാഴ, മരച്ചീനി, പച്ചക്കറികൾ, തെങ്ങ് ഇവയാണ് പ്രധാന കൃഷികൾ. അപൂർവ്വം ചില സ്ഥലങ്ങളിൽ മാത്രമേ നെൽകൃഷിയുള്ളൂ.


ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ (ചാവടിനട)‌

  പ്രദേശത്തെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ


അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ, തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മ അയ്യങ്കാളിയുടെ ജനനം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ, 1885-ൽ വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്. നിലത്തെഴുത്താണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത് തറയിലിരുന്നായിരുന്നു പഠനം.ഫസ്റ്റ് ഫോറം,സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ. ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു. അഞ്ചു വയസ്സു പൂ൪ത്തിയായതിനു ശേഷം മാത്രമേ സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുള്ളൂ. വള്ളി നിക്കറും ഉടുപ്പും, പാവാടയും ബ്ലൗസ്സും ഒക്കെയായിരുന്നു കുട്ടികളുടെ വേഷം

1920-ൽ 'ശിപായി പിള്ള' എന്ന പേരിൽ നാട്ടിലറിയപ്പെട്ടിരുന്ന ശ്രീ. ഗോവിന്ദപിള്ള ഈ കുടിപള്ളിക്കൂടം സ൪ക്കാരിനു കൈമാറി. വില്ലേജ് ഒാഫീസ് (ചാവടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു. സ൪ക്കാരിന് കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്. അധ്യാപകരായിരുന്നു (പുരുഷന്മാ൪)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്. ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമു‍ദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല. തുട൪ന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ പ്രവേശനത്തിന് എത്തുകയുണ്ടായി. ഇ എം ചന്ദ്രശേഖര പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഇതിനെ തടയാനെത്തി. തുട൪ന്ന് സംഘ൪ഷമുണ്ടാകുകയും സ൪ക്കാ൪ ഇടപെട്ട് എല്ലാ വിഭാഗം കുട്ടികൾക്കും സ്ക്കൂളിൽ പ്രവേശനം നൽകാ൯ ഉത്തരവിടുകയും ചെയ്തു. ഓല ഷെ‍‍‍‍ഡുകളിലാണ് അക്കാലത്ത് ക്ലാസ്സുകൾ നടന്നിരുന്നത്. ഒരിക്കൽ കെട്ടിടത്തിന് തീ പിടിച്ച് നശിക്കുകയുണ്ടായി. അക്കാലത്ത് സ്ക്കൂൾ കുറച്ചു കാലം ഇപ്പോൾ വില്ലേജ് ഓഫീസ് നിലനിൽക്കുന്നിടത്തേക്ക് മാറ്റുകയുണ്ടായി. വീണ്ടും ഷെ‍‍ഡുകൾ പണിതതിനു ശേഷം പഴയ സ്ഥലത്തു തന്നെ പ്രവ൪ത്തനം തുട൪ന്നു.

1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. ശ്രീ വി. ആ൪. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റ൪. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാ൪ത്ഥി. സ്ലേറ്റും പെ൯സിലും മൂരയും (കടൽ പെ൯സിൽ) ആണ് കുട്ടികൾ എഴുതാനായി ഉപയോഗിച്ചിരുന്നത്. നവരയില , വാഴപ്പച്ചില, മഷിത്തണ്ടു ചെടി എന്നിവ സ്ലേറ്റു മായ്ക്കുന്നതിന് ഉപയോഗിച്ചിരുന്നു. പ്രശസ്തനായ ജസ്റ്റിസ് ശ്രീ ഹരിഹര൯ ഈ സ്ക്കൂളിലെ വിദ്യാ൪ത്ഥിയായിരുന്നു. മു൯ ഹെ‍‍ഡ്മാസ്റ്ററായ ശ്രീ അംബികാദാസ൯ നാടാ൪, സീനിയ൪ അസിസ്റ്റന്റായ ശ്രീ മുല്ലൂ൪ സുരേന്ദ്ര൯ എന്നവ൪ക്ക് മികച്ച അധ്യാപക൪ക്കുള്ള ദേശീയ അവാ൪ഡ് ലഭിച്ചിട്ടുണ്ട്.

ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ വാ൪ത്തെടുത്തു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം 1981-ൽ ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു. 1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു.2004-ഹയ൪സെക്കന്ററി വിഭാഗം സ്ഥാപിതമായി. 1998-ലും 2003-ല‌ും ഏറ്റവും കൂടുതൽ എസ് സി വിഭാഗം കുട്ടികളെ വിജയിപ്പിച്ചതിനുള്ള അവാ൪ഡ് നേടുകയുണ്ടായി. എസ് ആർ രാജീവ് എന്ന പൂ൪വ്വ വിദ്യാ൪ത്ഥിക്ക് 'സ്റ്റാർ ഓഫ് ഇൻഡ്യ'അവാ൪ഡ് ലഭിച്ചിട്ടുണ്ട്. 2006-2007അധ്യയന വ൪ഷം മികച്ച വോളീബോൾ ടീമിനുള്ള കേന്ദ്ര ഗവൺമെന്റ്അവാ൪ഡും ലഭിച്ചിട്ടുണ്ട്.പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങളിൽ മികവും കുട്ടിയുടെ സ൪വ്വതോന്മുഖമായ വികാസത്തിൽ ശ്രദ്ധയും പതിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1528വിദ്യാ൪ത്ഥികളും അമ്പതിലധികം അധ്യാപകരും ക൪മ്മ നിരതരായി നിലകൊള്ളുന്നു.


വിവരങ്ങൾക്ക് അവലംബം

                      ശ്രീ.സദാനന്ദൻ- പ്രമുഖ ഗാന്ധിയൻ  (12.7.2018-ൽ വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം)
                      നെയ്യാറ്റിൻകരയുടെ സാംസ്കാരിക ചരിത്രം-ചരിത്രപുസ്തകം
                     കേരളചരിത്രം-ചരിത്രപുസ്തകം
                     'ഏടുകൾ'- ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം 
                     വികസന പദ്ധതി രേഖ- വെങ്ങാനൂർ പഞ്ചായത്ത് 
                    സുവനീർ 2006- ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ.