മന്ദങ്കാവ് എ. എൽ. പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 30 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47642 (സംവാദം | സംഭാവനകൾ) (→‎മികവുകൾ)
മന്ദങ്കാവ് എ. എൽ. പി സ്കൂൾ
വിലാസം
മന്ദങ്കാവ്

മന്ദങ്കാവ്
,
673614
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ9496212412
ഇമെയിൽhmmannankavealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47642 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനികുമാരി.ടി.കെ
അവസാനം തിരുത്തിയത്
30-10-201747642


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഇവിടെ പ്രഥമാദ്ധ്യാപകൻ കൂടിയായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും ഉള്ളിയേരി - പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനുമായിരുന്ന ശ്രീ.കേശവൻ കാവുന്തറ ആണ്.

School Blog: mannankavealps.blogpot.com

ദേശചരിത്രം

ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്.

വിദ്യാലയചരിത്രം

മന്ദങ്കാവ് ദേശത്ത് അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് അഭിവൃദ്ധിയുടെ വെട്ടം തെളിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന് വലിയൊരു അനുഗ്രഹമാണ്. 1953 ൽ ഓല മേഞ്ഞുണ്ടാക്കിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തായി അയനിക്കാം മഠത്തിൽ രാമൻ നായർ എന്ന മാന്യവ്യക്തി വിലക്കു നല്കിയതും റോഡ് അരികിലുള്ളതുമായ 16 സെന്റ് സ്ഥലത്താണ് ഈ സരസ്വതീക്ഷേത്ര സ്ഥാനം. 1953ൽ തുടങ്ങിയ ഈ സ്ഥാപനത്തിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും സ്ഥിരമായ അംഗീകാരം ലഭിച്ചത് 1960ൽ മാത്രമാണ്. പ്രാരംഭദശയിൽ ഇവിടെ അഞ്ചാംതരം ഉണ്ടായിരുന്നെങ്കിലും അതിന് താൽക്കാലികമായ അംഗീകാരമേ ഉണ്ടായിരുന്നുള്ളൂ. മൺമറഞ്ഞുപോയ പുതിയോട്ടിൽ അമ്മദ്, കുറ്റ്യാട്ട് കുമാരൻ, മഠത്തിൽ കുഞ്ഞിപ്പക്കി സാഹിബ്, അയനിക്കാം മഠത്തിൽ ഉണ്ണി നായർ, ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നല്കിയ ആദരണീയവ്യക്തിത്വങ്ങളാണ്. കുറഞ്ഞകാലം കൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ സജീവസാന്നിധ്യമായി മാറിയ ഏ.കെ.ദാമോദരൻ നായർ, ടി.കെ.വീരാൻകുട്ടി മാസ്റ്റർ, വി.കേശവൻ നമ്പീശൻ, എൻ.എം.നാരായണൻ നായർ തുടങ്ങിയവർ തുടർന്നുള്ള വർഷങ്ങളിൽ ഇവിടെ അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. അറബിക് പഠനം നടപ്പായതോടെ എ.സി. പൂക്കോയ തങ്ങൾ പ്രസ്തുത തസ്തികയിൽ അദ്ധ്യാപകനിയമനം നേടി.

കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ - സ്ഥാപക മാനേജർ
കേശവൻ.കെ - മാനേജർ

വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികളുടെ നൈസർഗ്ഗികമായ ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കാര്യമായ വേദികളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രസ്തുത അദ്ധ്യാപകരുടെ പ്രവർത്തനം അതീവ കാര്യക്ഷമവും ശ്രദ്ധാർഹവുമായിരുന്നുവെന്നത് അടിവരയിട്ടു പറയേണ്ടതാണ്! സമീപത്തുള്ള പറമ്പിൻകാട് മൈതാനിയിൽ അവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ഇടക്കിടെ സംഘടിപ്പിക്കപ്പെട്ട കലാ-കായിക-പ്രവൃത്തിപരിചയ മത്സരങ്ങളും ആയോധനകലകളുടെ അത്യപൂർവ്വമായ പ്രദർശനങ്ങളും മറ്റും അതിനള്ള ദൃഷ്ടാന്തങ്ങളാണ്.

ശ്രീ. രാഘവൻ കോറോത്ത് ഈ സ്ഥാപനത്തിലെ ആദ്യത്തെ വിദ്യാർത്ഥിയായി സ്കൂൾ റജിസ്റ്ററിൽ സ്ഥാനം നേടി.

മുൻസാരഥികൾ

കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ എന്നിവർക്കുശേഷം കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ് തുടങ്ങിയവ൪ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്.

സർവ്വീസിലിരിക്കേ മരണമടഞ്ഞ കെ.ബീരാൻകുട്ടി മാസ്റ്റർ, സർക്കാർ സർവ്വീസിലേക്ക് സ്ഥലം മാറിപ്പോയ ശ്രീമതി കെ.രമണി എന്നിവർ ഈ സ്ഥാപനത്തിൽ ശ്രദ്ധേയരായിത്തീർന്ന മറ്റുരണ്ട് അദ്ധ്യാപികരാണ്.

ഭൗതികസൗകര്യങ്ങൾ

ആറ് ദശവത്സരങ്ങളിലൂടെ ഈ വിദ്യാലയം കടന്നെത്തുമ്പോൾ അതിന്റെ ഭൗതിക സൗകര്യങ്ങൾ വേണ്ടത്ര മെച്ചപ്പെടുത്തുന്നതിൽ ഈ സ്ഥാപനത്തിന്റെ മാനേജർ കാണിക്കുന്ന അതീവ ശ്രദ്ധയും താല്പര്യവും ശ്ലാഘനീയമാണ്. കെട്ടുറപ്പുള്ളതും സൗകര്യപ്രദവുമായ കെട്ടിടങ്ങൾ പഴയ ഓലമേഞ്ഞുണ്ടാക്കിയ ഷെഡ്ഡുകളെ കേവലം ഓർമ്മകളാക്കിയിരിക്കുന്നു. ശുദ്ധവായു സഞ്ചാരം വേണ്ടുവോളമുള്ള ക്ലാസ് മുറികളും ഓഫീസ്സും ആവശ്യമായ ഫർണീച്ചറുകൾ കൊണ്ട് സജ്ജമാണ്. ക്ലാസ്സുമുറികളിലേതു കൂടാതെ ഓരോ അധ്യാപകനും ഓഫീസിൽ പ്രത്യേകം മേശയും ഇരിപ്പിട സംവിധാനങ്ങളുമുണ്ട്. കെട്ടിടങ്ങൾ വൈദ്യുതീകരിക്കപ്പെട്ടവയും ലൈറ്റ്, ഫാൻ സൗകര്യങ്ങളോടുകൂടിയതും ആണ്. സ്കൂൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സ്വന്തമായ മൈക്ക് സംവിധാനമുണ്ട്. ഓരോ ക്ലാസിലും ലൈബ്രറി സൂക്ഷിക്കാനാവശ്യമായ സ്റ്റീൽ അലമാരകളുണ്ട്. ഓരോ ക്ലാസ് മുറിയിലുമുണ്ട് ക്ലോക്കുകൾ. കുട്ടികൾക്കുള്ള ഭക്ഷണമൊരുക്കുന്നതിന് സ്കൂളിൽ പ്രത്യേകമുറിയുണ്ട്. സ്വന്തമായ കിണറും ജലവിതരണ സംവിധാനങ്ങളുമുണ്ട്. 4 ഫ്ലഷ് ഔട്ട് കക്കൂസുകളും ഫ്ലഷ്ഔട്ട് സംവിധാനത്തോടു കൂടിയ ഒരു കുളിമുറിയും ഈ സ്ഥാപനത്തിലുണ്ട്. സ്കൂളും അതിന്റെ പരിസരവും മതിലുകൾ കെട്ടി സുരക്ഷിതമാണ്.......

അദ്ധ്യാപകർ

കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് മിനികുമാരി.ടി.കെ യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരായി പ്രവർത്തിക്കുന്നു.

അദ്ധ്യാപക-രക്ഷാകർത്തൃസമിതി

സ്കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സഹകരിക്കുകയും അവയെല്ലാം സാർത്ഥകമാക്കുന്നതിന് നിരന്തരം യത്നിക്കുകയും ചെയ്യുന്ന അതിശക്തമായ അദ്ധ്യാപക-രക്ഷാകർത്തൃസമിതി ഇപ്പോൾ ഈ വിദ്യാലയത്തിന്റെ വലിയൊരു മുതൽക്കൂട്ടാണ്. സർവ്വശ്രീ നാരായണൻ.കെ.എം, സുബൈർ, രാജൻ.എ.എസ്, സതീഷ് കുമാർ.കെ.എം. ശ്രീമതിമാർ സുജിത ചാലിൽ, പ്രമീള.കെ.ടി, സബിദ.എം എന്നിവർ ഉൾക്കൊള്ളുന്നതാണ് ഇതിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി. ഇവരിൽ ശ്രീ.കെ.എം.നാരായണൻ 2017-18 അദ്ധ്യയനവർഷത്തിലും പി.ടി.എയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

എം.പി.ടി.എ

സജീവമായി പ്രവർത്തിക്കുന്ന മാതൃ രക്ഷിതിക്കളുടെ സംഘടനയും ഈ വിദ്യാലയ പ്രവർത്തനങ്ങളുടെ ഊർജ്ജമായിട്ടുണ്ട്. ശ്രീമതിമാർ രജില, വത്സല, സജില, റാജിബ, റംല, അസ്മ എന്നിവരുള്ള ഈ സമിതിയുടെ പ്രസിഡണ്ട് ശ്രീമതി.ഇരട്ടൻ വളപ്പിൽ ബിന്ദുവാണ്.

ഉച്ചഭക്ഷണക്കമ്മറ്റി

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി സഹകരിക്കുകയും അതിന്റെ ദൈനന്ദിന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന ഉച്ചഭക്ഷണക്കമ്മറ്റി വാർഡ് മെമ്പർ ശ്രീമതി ഷാഹിന കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീമതിമാർ വത്സല, മഞ്ജുഷ, സജിനി എന്നിവർ ഉൾക്കൊള്ളുന്നതാണ്.

സ്കൂൾ സംരക്ഷണസമിതി

ഇംഗ്ലീഷ് മീഡിയവും അൺ എയ്ഡഡ് വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വലിയൊരു ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതുപോലെയുള്ള പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതിന്റെ നിലനില്പിനെത്തന്നെ അത് സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ നിരവധി പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനം മന്ദങ്കാവിന്റെ മുഖ്യ സാംസ്കാരിക സ്രോതസ്സായി നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ശക്തമായൊരു സംരക്ഷണ സമിതിതന്നെ ഇവിടെ രൂപികരിച്ചിട്ടുണ്ട്. ശ്രീ. എ.എം.ബാലകൃഷ്ണൻ നായർ ഈ സംരക്ഷണസമിതിയുടെ പ്രസിഡണ്ടാണ്.

പ്രവേശനോത്സവം

ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ പ്രവേശനോത്സവം കൊണ്ടാടുന്നത്. കമനീയമായി അലങ്കരിക്കപ്പെട്ട സ്കൂളിലേക്ക് ആ പിഞ്ചോമനകളെ സ്വീകരിക്കുന്നത് ചുണ്ടുകളിൽ മധുരം നല്കിയും കൈകളിൽ കളിപ്പാട്ടങ്ങൾ നല്കിയുമാണ്.

മികവുകൾ

വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ ഒട്ടേറെ വുകൾ കൈവരിക്കാൻ ഇക്കഴിത്ത ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

മലയാളസമിതി

2011-12 ഇവിടെ രൂപീകൃതമായ മലയാളസമതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കലാസാഹിത്യപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പൂത്തുമ്പി, മയിൽപ്പീലി, മണിച്ചെപ്പ് എന്നീ പതിപ്പുകൾ അച്ചടിച്ച് പുറത്തിറക്കാൻ കഴിഞ്ഞത് ഈ കൊച്ചുവിദ്യാലയത്തിന്റെ വലിയൊരു നേട്ടമാണ്.

മലയാളസമിതി പ്രസിദ്ധീകരിച്ച മണിച്ചെപ്പ് എന്ന സ്കൂൾ മാഗസിന്റെ പ്രകാശനം പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓസീസർ ശ്രീ.സുനിൽകുമാർ അരിക്കാംവീട്ടിൽ നിർവ്വഹിക്കുന്നു.

എൽ.എസ്.എസ്

പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.

സ്കൂൾ മുന്നിലുണ്ട്; വാഹനങ്ങൾ വേഗത കുറയ്ക്കുക

റോഡരികിലുള്ള ഈ വിദ്യാലയത്തിന് ഇരുഭാഗത്തു നിന്നും ചീറി വരുന്ന വാഹനങ്ങൾ വലിയ ഭീഷണിയാണ്. സ്കൂൾ പരിസരമാണെന്ന് അറിയിക്കാൻ ഇരു ഭാഗത്തും മുന്നറിയിപ്പ് ഫലകങ്ങൾ ഉണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ 'നിവേദനം തയ്യാറാക്കൽ' എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഈ വിഷയം അടിസ്ഥാനമാക്കി കുട്ടികൾതന്നെ ഒരു നിവേദനം തയ്യാറാക്കി ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. കുട്ടികളടെ ഇത്തരം സാമൂഹികമായ ഇടപെടലുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പഞ്ചായത്ത് ഭരണസമിതി മുന്നറിയിപ്പ് ഫലകങ്ങളുമായി സ്കൂളിൽ എത്തുകയും കുട്ടികളെ അഭിനന്ദിക്കുകയും ആ ഫലകങ്ങൾ റോഡരികിൽ സ്ഥാപിയ്ക്കുകയുമുണ്ടായി.

സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്.

ബാലോത്സവം

മന്ദങ്കാവ് എ.എൽ.പി സ്കൂൾ ബാലകലോൽസവം സൂര്യ ഫെയിം കുമാരി. ജ്യോതിക നമ്പീശൻ ഉദ്ഘാടനം ചെയ്യുന്നു.

സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.

MLPS
MALPS

ദിനാചരണങ്ങൾ

അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം, ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.

എന്റോവ്മെമെന്റുകൾ

ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ നല്കി വരുന്നുണ്ട്.

വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്:

ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശന്റെ പേരിൽ അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ.കെ.കേശവൻ ഏർപ്പെടുത്തിയ 10,000 രൂപയുടെ ഈ എന്റോവ്മെന്റ് എല്ലാ വർഷവും ആഗസ്റ്റ് 14 ന് നല്കി വരുന്നു. ഓരോ ക്ലാസിലും പഠനത്തിൽ കഴിവു തെളിയിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും ഇതിന് അർഹരാണ്.

വി.കേശവൻ നമ്പീശൻ എന്റോവ്മെന്റ്:

ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.

ക്ലബ്ബുകൾ

മലയാളസമിതി

ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് പൊതുവിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നുപോലും അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിനോടുള്ള ആധുനിക മലയാളികളുടെ ഈ ഭ്രമം നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും വലിയൊരു ഭീഷണിയാണ്. മറ്റേതൊരു ഭാഷയും നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനവും അംഗീകാരവും നല്കിക്കൊണ്ടുമാത്രം ആയിരിക്കണം. മാതൃഭാഷയുടെ മാഹാത്മ്യമറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാസ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാരരൂപങ്ങളിലും സർഗ്ഗാത്മകപ്രവർത്തനങ്ങളിലും പ്രാപ്തരാ വാനും നമ്മുടെ കുട്ടികൾക്ക് കഴിയണം. ഈ ലക്ഷ്യത്തോടെ മന്ദങ്കാവ് എ.എൽ.പി.. സ്കൂളിൽ പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് മലയാളസമിതി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മലയാളസമിതി പ്രത്യേകം ഊന്നൽ നൽകാറുണ്ട്. കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകൾ, കേരളപ്പിറവി ദിനാഘോഷം, നാടൻപാട്ട് ശില്പശാല. സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ, ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് ചുമർ പത്രികകളും ചാർട്ടുകളും തയ്യാറാക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും മലയാളസമിതിയുടെ ഉദ്ദേശ്യലക്ഷങ്ങളിൽ പെട്ടവയാണ്. കുട്ടികളുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി ( 2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു. മലയാളസമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനദിനത്തിൽ അദ്ധ്യാപികയും കവയിത്രിയുമായ ശ്രീമതി. മാലതി നമ്പ്യാർ നിർവ്വഹിച്ചു

വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മലയാള സമിതിയുടെ പ്രസിദ്ധീകരണങ്ങൾ

കാർഷിക ക്ളബ്

ഈ വിദ്യാലയത്തിൽ വളരെ സജീവമായിത്തന്നെ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഇത്. കുഞ്ഞു മനസ്സുകളിൽ നമ്മുടെ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കാർഷികരംഗത്തോടും കൃഷിയോടും അവരുടെ താല്പര്യം വളർത്തിയെടുക്കുന്നതിനും ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. നടുവണ്ണൂർ കൃഷി വികസന ഓഫീസറുടെ മാർഗ്ഗനിർദ്ദേശങ്ങളും ക്ലാസ്സുകളും ഞങ്ങൾക്ക് യഥാസമയം ലഭിക്കുന്നുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതോടൊപ്പം കാർഷിക ജോലിയിൽ രക്ഷിതാക്കളുടെ സേവനവും നിരന്തരമായ മേൽനോട്ടവും മറ്റു സഹായ സഹകരണങ്ങളും ഉണ്ടാവുന്നത് സ്കൂളിലെ കാർഷികവ്യത്തിക്ക് വലിയൊരു അനുഗ്രഹമാണ്. ഗ്രോ ബാഗുകളും കൃഷിക്ക് ഉപയോഗിക്കാറുണ്ട്. ജൈവപച്ചക്കറി കൃഷിയാണ് മുഖ്യം. വെണ്ട, കുമ്പളം, ചീര, കാബേജ്, പച്ചമുളക്, പടവലം, വഴുതിന, തക്കാളി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന ഈ പച്ചക്കറികൾ പൂർണ്ണമായും ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനാണ്. കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ചിങ്ങം ഒന്ന് കർഷകദിനമായി ഈ വിദ്യാലയത്തിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് കൃഷിയോടും കൃഷിക്കാരോടും മതിപ്പും ബഹുമാനവും വളർത്തുന്നതിന് അന്ന് പ്രാദേശികകർഷകരെ മാതൃകയായി ആദരിക്കുന്ന പതിവുമുണ്ട്.

സ്കൂളിൽ ഉണ്ടാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ നിർവ്വഹിക്കുന്നു

ഗണിത ക്ളബ്

ഗണിത ശാസ്ത്രവിഷയത്തോട് കുട്ടികൾ പൊതുവേ പ്രകടമാക്കുന്ന അകൽച്ചയൊഴിവാക്കി, ഗണിതത്തിന്റെ മധുരവും മാസ്മരികവുമായ ഒരു ലോകത്തിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ് നടത്തി വരുന്നുണ്ട്. ഗണിതോത്സവം, ഗണിതോപകരണ ശില്പശാല എന്നിവയെല്ലാം അതിന്റെ ഭാഗങ്ങളാണ. രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ ഗണിതോത്സവവും ഗണിതോപകരണശില്പശാലയും നിറവാർന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ മാത്രമല്ല, രക്ഷിതാക്കളിൽ പോലും പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമുള്ള നല്ലൊരു വേദിയായി.

MALPS

ഹെൽത്ത് ക്ളബ്

ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ മറ്റൊന്നാണ് ഹെൽത്ത് ക്ലബ്ബ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വം തുടങ്ങി ആരോഗ്യപരമായ കാര്യങ്ങളെപ്പറ്റി അവർക്ക് ബോധവൽക്കരണം നടത്തുന്നതിലും മറ്റും ഈ ക്ലബ്ബ് ശ്രദ്ധിക്കാറുണ്ട്. കാവുന്തറ പ്രൈമറി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ഇ.വിനോദ് ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഴക്കാലജന്യരോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം ക്ലാസ്സ് എടുക്കുകയുണ്ടായി.

പ്രവൃത്തിപരിചയം

കുട്ടികളെ തൊഴിലിന്റെ മാന്യത പഠിപ്പിക്കുന്നതിനും ഏത് തൊഴിലും മഹത്തരമാണെന്ന ബോധം അവരിൽ വളർത്തുന്നതിനും ഉതകുന്നവിധം അവർക്ക് തൊഴിൽ പരിശീലനം നല്കുന്നതിന് ഈ വിദ്യാലയം ഈ വർഷം പദ്ധതിയാവിഷ്കരിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കുട നിർമ്മാണം, പനയോല കൊണ്ടുള്ള ഉല്പന്നങ്ങൾ ഉണ്ടാക്കൽ എന്നിവയിൽ പി.ടി.എ യുടെ നേതൃത്വത്തിൽ ഇവിടെ ഏകദിന പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രദേശത്തുകാരനായ ശ്രീ.എൽ.ആർ. അശോകന്റെ വൈദഗ്ദ്ധ്യം ഈ കളരിയിൽ വലിയൊരു അനുഗ്രഹമായി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.സി.പി.പ്രദീപൻ ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

പ്രവൃത്തി പരിചയ ശില്പശാലയുടെ ഉദ്ഘാടനവേദിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സി.പി.പ്രദീപൻ.

കലാമേളകളിലെ സാന്നിധ്യം

സ്കൂൾ ഡേ

ഈ വിദ്യാലയത്തിൽ പഠിക്കുന്ന കട്ടികളുടെ കലാപരമായ കഴിവുകൾ വിദ്യാർത്ഥികൾക്ക് മൊത്തമായും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഒന്നിച്ചിരുന്നാസ്വദിക്കുന്നതിന് വേദിയൊരുക്കുന്നതാണ് സ്കൂൾ ഡേ. ഒരോ അദ്ധ്യയനവർഷത്തിന്റെയും അവസാനത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'സ്കൂൾ ഡേ' എന്ന ഈ വിരുന്നൊരുക്കലിന്റെ തുടക്കം 2011-12ൽ ആണ്.

ചിത്രശേഖരം

1992 ൽ ഈ വിദ്യാലയത്തിലുണ്ടായിരുന്ന സ്റ്റാഫും സ്കൂൾ മാനേജരും
കാർഷിക ക്ലബ് - 2016-17
പ്രവേശനോത്സവം-2015-16- ശ്രീ. ഇടുവാട്ട് രാജേഷ് സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ മുഴുവൻ പുസ്തകങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നു.

വഴികാട്ടി

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ നടുവണ്ണർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ .വിദ്യാലയം സ്ഥിതി ചെയ്യുന്നത് മന്ദങ്കാവിൽ പ്രസിദ്ധമായ കേരഫെഡ് നിലകൊള്ളുന്ന പറമ്പിൻകാട് മലയുടെ അടിവാരത്ത് റോഡിന്റെ അടുത്താണ്. നടുവണ്ണൂർ - മുത്താമ്പി റോഡിൽ നടുവണ്ണൂരിൽ നിന്ന് 5 കി.മീറ്ററോ, മുത്താമ്പിയിൽ നിന്ന് 4 കി.മീറ്ററോ സഞ്ചരിച്ചാൽ മന്ദങ്കാവ് എ.എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലത്തിൽ എത്തിച്ചേരാം. ബസ്സുകൾക്ക് പുറമെ, ജീപ്പ് ഓട്ടോറിക്ഷ ടാക്സി സംവിധാനങ്ങളുമുണ്ട്. {{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ&oldid=414713" എന്ന താളിൽനിന്ന് ശേഖരിച്ചത്