ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
കാഡറ്റുകളുടെ തെരഞ്ഞെടുപ്പ്

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 2025-26 അധ്യയന വർഷത്തേക്കുള്ള എസ്.പി.സി. കാഡറ്റുകളെ തെരഞ്ഞെടുത്തു. എഴുത്തുപരീക്ഷ, കായികക്ഷമതാ ടെസ്റ്റുകൾ എന്നിവ നടത്തിയാണ് പതിവു പോലെ കാഡറ്റുകളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന് പോലീസ് ഓഫീസർമാർക്ക് പുറമെ സി.പി.ഒ മാരായ മുഹമ്മദ് സാലിം, സ്നേഹലത എന്നിവരും നേതൃത്വം നൽകി. 2025 ജൂൺ 20 ന് എഴുത്തുപരീക്ഷയും ജൂൺ 25 ന് കായികക്ഷമതാപരീക്ഷയും നടത്തി. തെരഞ്ഞെടുക്കപ്പെട്ട 22 ആൺകുട്ടികളുടെയും 22 പെൺകുട്ടികളുടെയും മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. ഈ വർഷത്തെ ക്ലാസുകൾ 02/07/2025 ന് ആരംഭിച്ചു.
പതിനഞ്ചാം വാർഷികം ആഘോഷിച്ചു
2025 ആഗസ്ത് 2 ന് SPC പദ്ധതി രൂപീകരണത്തിന്റെ 15ാം വാർഷികം സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയർത്തൽ, എസ്.പി.സി. ക്വിസ്സ്, ബോധവൽക്കരണക്ലാസ്, കൾച്ചറൽ പ്രോഗ്രാം എന്നിവയാണ് നടന്നത്. വാർഷികത്തോടനുബന്ധിച്ച് സ്ക്കൂൾ അങ്കണത്തിൽ ഹെഡ്മാസ്റ്റർ ആസഫ് അലി SPC പതാക ഉയർത്തി. കുട്ടികൾ പ്രതിജ്ഞ എടുത്തു. ബോധവത്കരണ ക്ലാസും നടന്നു.
ഓണാവധിക്കാല ക്യാമ്പ്
2025 ആഗസ്റ്റ് 27, 28,29 തീയതികളിലായി ത്രിദിന ഓണാഘോഷ ക്യാമ്പ് നടന്നു. സ്കൂളിലെ സീനിയർ, ജൂനിയർ കേഡറ്റുകളുടെ ക്യാമ്പ് 27/08/25 ആരംഭിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി ബി ബഷീർ, എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർ സ്കൂളിലെ അധ്യാപകർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആസിഫ് അലി പതാക ഉയർത്തിയതോടുകൂടിയാണ് ക്യാമ്പിന് തുടക്കമായത്.
തുടർന്ന് നടന്ന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്‍മാസ്റ്ററുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡന്റ് ശ്രീ പി ബി ബഷീർ നിർവഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മുഹമ്മദ് സാലിം സ്വാഗതംപറഞ്ഞ ചടങ്ങിൽ, സ്കൂളിലെ സീനിയർ അധ്യാപകൻ പി ഡി മാത്യു, ഡ്രിൽ ഇൻസ്ട്രക്ടർ ഷബീർ പി എന്നിവർ ആശംസകൾ അർപ്പിച്ചു. അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ ശ്രീമതി സ്നേഹലത മൂന്ന് ദിവസത്തെ ക്യാമ്പ് ഷെഡ്യൂൾ അവതരിപ്പിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മുനീർ എം നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ആദ്യദിവസം ഓണാഘോഷ ചടങ്ങുകളും വിവിധ പ്രോഗ്രാമുകളും കുട്ടികൾ അവതരിപ്പിച്ചു.
28/08/2025 ന് ക്യാമ്പിന്റെ രണ്ടാമത്തെ ദിവസം രാവിലെ 8 മണിക്ക് പി ടി & പരേഡ് എന്നിവ ഡ്രിൽ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. തുടർന്ന് 10:30 ന് നടന്ന ആദ്യ സെഷനിൽ മോട്ടിവേഷൻ ആൻഡ് ഐസ് ബ്രേക്കിംഗ് ബി.ആർ.സി. ട്രെയിനർ അബൂബക്കർ സിദ്ദീഖ് നേതൃത്വം നൽകി.
ഉച്ചയ്ക്കു ശേഷം നടന്ന രണ്ടാം സെഷനിൽ ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഷൈജു ലഹരിയുടെ ഉപയോഗം, അതിന്റെ ദൂഷ്യഫലങ്ങൾ, അത് വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്ന വിധം എന്നിവ കുട്ടികളുടെ മുന്നിൽ വിശദമായി അവതരിപ്പിച്ചു.
വൈകുന്നേരം 3.30ന് കേഡറ്റുകൾ മലപ്പുറം ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസ് സന്ദർശിച്ചു. തീപിടുത്തവും മറ്റുതരത്തിലുള്ള അപകടങ്ങളും ഉണ്ടാകുന്ന വിധം, അതിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രത്യേക മാർഗങ്ങൾ, അപകടത്തിൽ പരിക്ക് പറ്റിയവർക്ക് നൽകുന്ന പ്രഥമ ശുശ്രൂഷകൾ, തീയണക്കാൻ സഹായിക്കുന്ന വിവിധ മാർഗങ്ങൾ, വെള്ളത്തിൽ മുങ്ങിയ ആളെ രക്ഷപ്പെടുത്തുന്ന രീതി എന്നിവയെ കുറിച്ച് ഡെമോ അടക്കം കുട്ടികൾക്ക് പുതിയൊരനുഭവമായി. മലപ്പുറം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനീഷ് ഫയർ ആൻഡ് റെസ്ക്യു ഓഫീസർ മിനി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
29/08/2024 ന് രാവിലെ റോഡ് വാക്ക് & റൺ-ഓടു കൂടിയാണ് മൂന്നാം ദിവസത്തെ ക്യാമ്പ് ആരംഭിച്ചത്. ഡ്രിൽ ഇൻസ്ട്രക്ടർ ഷബീർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ മുഹമ്മദ് സാലിം കെ.പി., സ്നേഹലത എന്നിവർ നേതൃത്വം നൽകി. തുടർന്ന് 9.30 ന് ഒക്കിനാവോ ഗോജ്റിയോ കരാട്ടെ ഇൻസ്ട്രക്ടർ വിനോദ് (IVth dan Black ബെൽറ്റ് ) ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കരാട്ടെ ആയോധന പരിശീലനം നൽകുകയുണ്ടായി.
തുടർന്ന് നടന്ന സെഷനിൽ കുട്ടികളിൽ ഉണ്ടായിരിക്കേണ്ട മൂല്യങ്ങൾ എന്ന വിഷയത്തെ അധികരിച്ച് അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സ്നേഹലത ക്ലാസ് എടുത്തു. ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കുട്ടികളുമായി സംവദിക്കുകയുണ്ടായി.
മൂന്ന് മണിക്ക് സമാപന സെഷൻ ആരംഭിച്ചു. സമാപന സെഷൻ സ്കൂൾ സീനിയർ അധ്യാപകൻ പി ഡി മാത്യുവിന്റെ അധ്യക്ഷതയിൽ. ഹെഡ്‍മാസ്റ്റർ ആസിഫലി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മറ്റ് അധ്യാപകർ സന്നിഹിതരായ സമാപന സെഷനിൽ കുട്ടികൾ അവരുടെ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ചു. തുടർന്ന് കുട്ടികൾ വ്യത്യസ്ത കലാപ്രകടനങ്ങൾ അവതരിപ്പിച്ചു. സ്കൂളിലെ സംഗീത അധ്യാപകൻ അരുൺ അവതരിപ്പിച്ച ഗാനമേളയോടു കൂടി വൈകുന്നരം 5 മണിക്ക് മൂന്ന് ദിവസത്തെ ക്യാമ്പ് അവസാനിച്ചു.
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്


ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സിയുടെ ക്രിസ്മസ് അവധിക്കാല ക്യാമ്പ് 2025 ഡിസംബർ 31, 2026 ജനുവരി 1, 2 തിയ്യതികളിലായി സ്കൂളിൽ വെച്ച് നടന്നു.
ഒന്നാം ദിവസമായ 31 ഡിസംബർ 2025 ന് രാവിലെ 10 മണിക്ക് സ്ക്കൂൾ പിടിഎ പ്രസിഡണ്ട് പി. ബി. ബഷീർ, ഹെഡ്മാസ്റ്റർ ആസിഫ് അലി, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബുഷ്റ സി പതാക ഉയർത്തിയതോടു കൂടിയാണ് ക്യാമ്പിന് തുടക്കമായത്.
തുടർന്നു നടന്ന ഉദ്ഘാടന സെഷൻ സ്കൂൾ പിടിഎ പ്രസിഡണ്ട് പി ബി ബഷീറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ബുഷ്റ സി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് സി കെ മുഖ്യാതിഥിയായിരുന്നു. ശ്രീമതി സ്നേഹലത ACPO ക്യാമ്പ് വിശദീകരിച്ചു.
സ്ക്കൂൾ SMC ചെയർമാൻ മുഹമ്മദ് മുസ്തഫ എം, പി ടി എ വൈസ് പ്രസിഡണ്ട് കെ എം അസ്‌ലം, എം.ടി.എ പ്രസിഡണ്ട് സറീന, D.I. ഷബീർ പി , പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ആസിഫ് അലി സ്വാഗതം പറഞ്ഞു. CPO മുഹമ്മദ് സാലിം നന്ദി അറിയിച്ചു.
തുടർന്നു നടന്ന ക്യാമ്പിന്റെ ഒന്നാമത്തെ സെഷനിൽ ഫാറൂഖ് ട്രൈനിംങ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറും മോട്ടിവേഷണൽ ട്രൈനറുമായ ഡോ. നൗഫൽ സി ക്ലാസെടുത്തു. രണ്ടാമത്തെ സെഷനിൽ പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട ക്ലാസിന് മഞ്ചേരി ട്രോമ കെയർ യൂണിറ്റിലെ അംഗങ്ങളായ ഇർഷാദ്, സലാം എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം പരേഡ് പ്രാക്ടീസോടു കൂടി ഒന്നാം ദിവസത്തെ ക്യാമ്പ് അവസാനിച്ചു.
രണ്ടാം ദിവസം (വ്യാഴാഴ്ച)
PT & Parade പ്രാക്ടീസോടു കൂടി രണ്ടാം ദിവസത്തെ ക്യാമ്പ് ആരംഭിച്ചു. തുടർന്ന് കേരളത്തിലെ പരമ്പരാഗത ആയോധകലയായ കളരിപ്പയറ്റിൽ കേഡറ്റുകൾക്ക് പ്രാഥമിക പരിശീലനം നൽകി. തുടർന്ന് നടന്ന ഇൻഡോർ സെഷൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. 'ലഹരി മുക്ത മലപ്പുറം ജില്ല' പദ്ധതിയുടെ ജില്ലാ കോഡിനേറ്റർ ഹരികുമാർ കാഡറ്റുകൾക്ക് Anti drug awareness ക്ലാസ്സ് നൽകുകയുണ്ടായി.
ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷനിൽ ഉൾച്ചേർന്ന വിദ്യാഭ്യാസത്തെ കുറിച്ച് മുഹമ്മദ് സാലിം ക്ലാസെടുത്തു. വൈകുന്നേരത്തെ പരേഡ് പ്രാക്ടീസോടു കൂടി രണ്ടാം ദിവസത്തെ ക്യാമ്പ് സമാപിച്ചു.
മൂന്നാം ദിവസം (വെള്ളിയാഴ്ച)
മുണ്ടുപറമ്പ് ഹോമിയോ ഹോസ്പിറ്റൽ യോഗാ ട്രൈനർ ജിജിന നടത്തിയ യോഗ ക്ലാസോടുകൂടി ക്യാമ്പ് ആരംഭിച്ചു. തുടർന്ന് ജീവിത ശൈലി രോഗങ്ങളെ കുറിച്ച് മലപ്പുറം ഗവൺമെന്റ് ഹോമിയോ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. ബിജി, ഡോ. ശ്രീചിത്ര എന്നിവർ ക്ലാസ്സെടുക്കുകയുണ്ടായി. തുടർന്നു നടന്ന സെഷനിൽ എഴുത്തുകാരിയും അധ്യാപികയുമായ ഫാത്തിമ്മ സുഹറ ജെന്റർ ഇക്വാലിറ്റി എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.
തുടർന്ന് നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ കുട്ടികൾ വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീസ സൈനുൽ ആബിദീൻ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രസിഡണ്ട് പി.ബി.ബഷീർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആസിഫ് അലി സീനിയർ അധ്യാപകൻ മാത്യു പി.ഡി. മറ്റ് അധ്യാപകർ എന്നിവർ സമാപന സെഷനിൽ സംബന്ധിച്ചു. കുട്ടികളുടെ ഫീഡ്ബാക്ക് അവതരണത്തോടുകൂടി 4.30ന് ക്യാമ്പ് അവസാനിച്ചു.