എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം
ഒരു അവധിക്കാലത്തിന് ശേഷം അറിവിന്റെ ലോകത്തിലേക്ക് കുതിക്കുന്ന വിദ്യാർത്ഥികളുടെ പുതിയ ഒരു അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജൂൺ 2നു പ്രവേശനോത്സവം പ്രാർത്ഥനയോടു കൂടി ആരംഭിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് എ കെ ഗീതയുടെ സ്വാഗത പ്രസംഗം പരിപാടിക്ക് മോടി കൂട്ടി. പി ടി എ പ്രസിഡന്റ് സുധീർ കെ എസ് അധ്യക്ഷനായി.ശാരദമഠം പ്രസിഡൻറ് പൂജനീയ പ്രവ്രാജിക വിമല പ്രാണാ മാതാജി ദീപ ജ്വലനം നടത്തി പ്രവേശനോത്സവം അനുഗ്രഹീതമാക്കി.അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദ പ്രാണാമാതാജി അനുഗ്രഹപ്രഭാഷണത്താൽ കുട്ടികളിൽ അനുസരണ, അച്ചടക്കം, നല്ല ശീലങ്ങൾ തുടങ്ങിയവയുടെ പ്രാധാന്യം എന്താണെന്നും നല്ല സംസ്കാരം വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും വ്യക്തമാക്കി.ശേഷം ശബ്ദ മാധുര്യത്താൽ ചടങ്ങിനെ സുന്ദരമാക്കി വിദ്യാർത്ഥികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ അജിത കൃഷ്ണൻ,വാർഡ് മെമ്പർ കണ്ണൻ പി എസ്, എം പി ടി എ പ്രസിഡൻറ് സപ്ന, തുടങ്ങിയവർ ആശംസകളർപ്പിച്ചു. ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കി സുധീർ പി കെ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എച്ച് സി അടാട്ട്) ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. നാടൻ കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഫോൿലോർ അക്കാദമി അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനുമായ പ്രമോദ് തുടിത്താളം നാടൻപാട്ട് അവതരണത്തിലൂടെ സദസ്സിനെ സംഗീതസാന്ദ്രമാക്കി. പ്രധാനാധ്യപിക സിന്ധു എസ്. നന്ദി പ്രകാശരപ്പിച്ചു. ലഹരിക്കെതിരെ പോരാടേണ്ടതിന്റെയും സമൂഹത്തിൽ നല്ല വ്യക്തിത്വത്തിന് ഉടമകളായി ജീവിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തും മനോഹരമായ ഒരു അധ്യയന വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവേശനോത്സവം സമാപിച്ചു. പുതിയ കൂട്ടുകാരെ പരിചയപ്പെടുന്നതിനും അധ്യാപകരെ കാണുന്നതിനുമായി കുട്ടികൾ ക്ലാസ്സുകളിലേക്ക് തിരിച്ചു.
ട്രാഫിക് നിയമങ്ങൾ - അവബോധം
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2025 ജൂൺ 4 ന് ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെക്കുറിച്ച് അവബോധം ഉണർത്തുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ ജെആർസി യൂണിറ്റിലെ വിദ്യാർത്ഥിനികൾ പ്രദർശനം സംഘടിപ്പിച്ചു. ബേസിക് ലെവൽ കാഡറ്റ് ആയ മഹാലക്ഷ്മി എ , സി ലെവൽ ആയ കാഡറ്റ് ലക്ഷ്മി കെ ബി എന്നിവർ പ്രസ്തുത വിഷയത്തെക്കുറിച്ച് കൂട്ടുകാരുമായി അറിവുകൾ പങ്കുവച്ചു. തുടർന്ന് ജെആർസി വിദ്യാർത്ഥിനികൾ ട്രാഫിക് നിയമങ്ങളെക്കുറിച്ചും ട്രാഫിക് ചിഹ്നങ്ങളെക്കുറിച്ചും തയ്യാറാക്കിയ പോസ്റ്ററുകൾ, ചാർട്ടുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടുന്ന പദ്ധതികളുടെ ഭാഗമായി 4-06-2025 ഉച്ചയ്ക്ക് 2:15ന് എക്സൈസ് ഓഫീസർ രാജേഷ് സാർ നാരാ.ണൻ എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. കഞ്ചാവും മദ്യവും മയക്കുമരുന്നും അല്ലാത്ത ലഹരികൾ ഉണ്ടെന്നും അത് മൊബൈൽ ഫോൺ പോലെയുള്ള ലഹരികൾ ആണെന്നും അതിനെ മറികടക്കാനും അതിൽ വീഴാതിരിക്കാനും ഇനി എങ്ങനെയെങ്കിലും അകപ്പെട്ടാൽ അതിൽ നിന്ന് രക്ഷപ്പെടാനും ഉള്ള വഴികൾ രാജേഷ് സാർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ജീവിതത്തിൽ ഇത് അല്ലാത്ത നല്ല തരത്തിലുള്ള ലഹരികൾ ഉണ്ടെന്നും അത് ആവണം നമ്മുടെ ജീവിതം എന്നും, ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി എന്നും സാർ നമ്മളെ ബോധവാന്മാരാക്കി. 3:30യോട് കൂടി സാർ ലഹരിക്കെതിരെയുള്ള കാര്യങ്ങൾ പറഞ്ഞു നിർത്തി എന്നിട്ട് ദേശീയഗാനത്തോടുകൂടി ക്ലാസ് അവസാനിച്ചു.
പരിസ്ഥിതി ദിനാചരണം
നാം ജീവിക്കുന്ന ചുറ്റുപാടിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് 5-6-2025 ന് പരിസ്ഥിതി ദിനാചരണം നടന്നു. പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ലക്ഷ്യം.
പ്രധാനാധ്യാപിക സിന്ധു എസ് സ്വാഗതമാശംസിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം അടാട്ട് ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റ് പോൾസൺ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അറിവുകൾ കുട്ടികളിലേക്ക് പകർന്നു. നാം ചെയ്യുന്ന തെറ്റായ പ്രവൃത്തികൾ നമ്മുടെ ചുറ്റുപാടിനെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രകൃതി സംരക്ഷണത്തിന്റെ പ്രസക്തി എന്താണെന്നും അത് നമ്മെയും മറ്റു ജീവജാലങ്ങളെയും എങ്ങനെയെല്ലാം സംരക്ഷിക്കുന്നുമാവെന്നും ഇതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. കൂടാതെ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളായ ലഹരിയുടെ വിപത്തും പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ മഹത്വവും ഓർമിപ്പിച്ചുകൊണ്ട് പ്രതിജ്ഞകൾ കുട്ടികൾ ഏറ്റുചൊല്ലി.
സയൻസ് അധ്യാപിക ബബിത ആർ വൃക്ഷത്തൈകൾ നടുന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും കുട്ടികളിലേക്ക് എത്തിച്ചു. ഇതിലൂടെ ഒരു തൈ നടുമ്പോൾ നാളെക്കായി ഒരു തണലാണ് നാം ഒരുക്കുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ഗാനാലാപനം നടന്നു. കൂടാതെ പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾ മനസ്സിലാക്കി.
ശേഷം അധ്യാപിക സി എസ് ജ്യോതിലക്ഷ്മി നന്ദി പ്രകാശനം നടത്തി. പ്ലാസ്റ്റിക് മലിനീകരണം, പരിസ്ഥിതി നശീകരണം, ലഹരി തുടങ്ങിയവയ്ക്കെതിരെ പോരാടാനും , പ്രകൃതി സംരക്ഷണത്തിലൂടെ നല്ലൊരു ഭാവി സൃഷ്ടിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ ശ്രമിച്ചുകൊണ്ട് പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികൾ സമാപിച്ചു.