കൈറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
01:17, 21 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshrkollam (സംവാദം | സംഭാവനകൾ)
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ
ചുരുക്കപ്പേര്കൈറ്റ്
രൂപീകരണം2001
തരംസർക്കാർ കമ്പനി
Legal statusസജീവം
ആസ്ഥാനംതിരുവനന്തപുരം, കേരളം, ഇന്ത്യ
എക്സിക്യൂട്ടീവ് ഡയറക്ടർ
കെ. അൻവർ സാദത്ത്[1]
മാതൃസംഘടനപൊതുവിദ്യാഭ്യാസവകുപ്പ്, കേരളം
Affiliationsവിക്ടേഴ്സ്
വെബ്സൈറ്റ്kite.kerala.gov.in

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഐസിടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് ഊർജം പകരുന്നതിനായി 2001-02ൽ രൂപവത്കരിച്ച ഐടി@സ്‌കൂൾ പദ്ധതി, 2017 ഓഗസ്റ്റിൽ കൈറ്റ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കമ്പനിയാണ് കൈറ്റ്. നവകേരള മിഷൻ തുടങ്ങിയശേഷം രൂപീകൃതമാകുന്ന ആദ്യത്തെ പ്രത്യേക ഉദ്ദേശ്യ കമ്പനിയും 'കൈറ്റ്' ആണ്. ഒരു സെക്ഷൻ 8 കമ്പനിയായാണ് കൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2001ലാണ് ഐടി@സ്‌കൂൾ പ്രോജക്ട് രൂപീകരിച്ചത്. 2005ൽ പത്താംക്ളാസിൽ ഐടി പാഠ്യവിഷയമായതും എഡ്യൂസാറ്റ് സംവിധാനവും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നടപ്പാക്കിയതും ഐടി@സ്‌കൂളിനെ ശ്രദ്ധേയമാക്കി. 2008 എസ്എസ്എൽസി പരീക്ഷ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കുമാറി.

ഗവൺമെന്റ് വിഭാവനം ചെയ്യുന്ന എല്ലാ പദ്ധതികളും നിരീക്ഷിക്കുന്നതിനുള്ള പരമോന്നത സംവിധാനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ധനസഹായം നൽകുന്ന ആദ്യത്തെ എസ്.പി.വി കൂടിയാണിത്.[2] ആർട്‌സ് & സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക് വിവര വിനിമയ സാങ്കേതിക വിദ്യാപിന്തുണ നൽകുന്നതിനായി കൈറ്റിന്റെ വ്യാപ്തി ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.

പ്രവർത്തന ലക്ഷ്യങ്ങൾ

1. പഠനം, ഉപഗ്രഹാധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണയും പരിപാലന സംവിധാനവും, ഇ-ഗവേണൻസ്, ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ- ലേണിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതോ സർക്കാരിന്റെ സഹായത്തോടെ നടത്തുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുക.

2. അടിസ്ഥാന സൗകര്യങ്ങൾ, വിഭവങ്ങൾ, പാഠ്യപദ്ധതി, ബോധനശാസ്ത്രം തുടങ്ങിയവയുടെ കാര്യത്തിൽ സർക്കാർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തർദേശീയ നിലവാരത്തിന് തുല്യമായ നവീകരണം നടപ്പിലാക്കുക.

3. കേരള സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

4. വിവര വിനിമയ സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ, സ്വകാര്യ മേഖലയുടെ ഉപദേശകനോ കൺസൾട്ടന്റോ ആയി പ്രവർത്തിക്കുക.

നേട്ടങ്ങൾ

സംസ്ഥാനത്തെ 16000-ലധികം സ്‌കൂളുകളിൽ ഐസിടി പ്രാപ്‌തമാക്കുന്ന പ്രവർത്തനങ്ങൾ വളർത്തിയെടുക്കുക എന്നതായിരുന്നു കൈറ്റിന്റെ പ്രധാന ലക്ഷ്യം. 2005-ൽ 10-ാം ക്ലാസിൽ ഇൻഫർമേഷൻ ടെക്നോളജി നിർബന്ധിത വിഷയമാക്കിയതോടെ ഈ സംരംഭത്തിന് ആദ്യ വഴിത്തിരിവ് ഉണ്ടായി . എഡ്യൂസാറ്റ് ( EDUSAT) പ്രവർത്തനങ്ങളും സ്കൂളുകളിലേക്കുള്ള ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും ആരംഭിച്ചു. അതിനുശേഷം 2005-ൽ കൈറ്റിനു കീഴിൽ വിക്ടേഴ്സ് ചാനൽ സജ്ജീകരിച്ചു. രാജ്യത്തെ ആദ്യസമ്പൂർണ്ണ വിദ്യാഭ്യാസ ചാനലാണിത്. 2007- 2012 കാലയളവിൽ 4071 സ്‌കൂളുകൾക്ക് ഐ.സി.ടി അടിസ്ഥാന സൗകര്യങ്ങൾ നൽകി. കളിപ്പെട്ടി (ഒന്ന് മുതൽ നാല് വരെ), ഇ@വിദ്യ (അഞ്ച് മുതൽ ഏഴ് വരെ). ഓരോ വർഷവും 1.50 ലക്ഷം അധ്യാപകരും 50 ലക്ഷത്തിലധികം വിദ്യാർത്ഥികളും കൈറ്റിന്റെ ഐ.സി.ടി സംരംഭങ്ങളിലൂടെ പ്രയോജനം നേടുന്നു. ഐ.സി.ടി ടൂളുകൾ ഉപയോഗിച്ച് കൂടുതൽ ഫലപ്രദമായി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കിവരുന്നു.

സംസ്ഥാന ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് (പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം) ഉള്ളടക്ക പോർട്ടൽ ആയ സമഗ്ര, സമ്പൂർണ എന്ന സ്കൂൾ മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയർ, 15,000 സ്‌കൂളുകളെ ബന്ധിപ്പിക്കുന്ന സ്‌കൂൾവിക്കി തുടങ്ങിയ സംരംഭങ്ങൾ അനുബന്ധമായി പ്രവർത്തിക്കുന്നു. ആനിമേഷൻ, സൈബർ സുരക്ഷ, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങി 5 വ്യത്യസ്ത മേഖലകളിൽ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' എന്ന പരിപാടി ഒരു പ്രധാന പ്രവർത്തനമേഖയലാണ്. സമീപ വർഷങ്ങളിൽ, കൈറ്റ് 4752 സെക്കൻഡറി സ്കൂളുകളിൽ 493 കോടി രൂപയുടെ ഹൈടെക് സ്കൂൾ പദ്ധതിയും 9941 പ്രൈമറി സ്കൂളുകളിൽ 292 കോടി രൂപയുടെ ഹൈടെക് ലാബ് പദ്ധതിയും വിജയകരമായി നടപ്പാക്കി. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 4752 സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 8 മുതൽ 12 വരെയുള്ള 45000 ക്ലാസ് മുറികൾ ഹൈടെക് ആക്കി.

ഹൈടെക് സ്കൂൾ

നവകേരള മിഷനു കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്യും. പ്രവർത്തനങ്ങളുടെ നിർവഹണങ്ങളുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബർ മുതൽ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോർത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിൽ നടത്തുകയുണ്ടായി. ഡിജിറ്റൽ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പാഠ്യപഠനത്തിനു സഹയാകമാകുന്ന ഡിജിറ്റൽ ഉള്ളടക്ക ശേഖരം, എല്ലാവർക്കും മുഴുവൻ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോർട്ടൽ, ഇ ലേണിങ്/എം ലേണിങ്/ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിർണയ സംവിധാനങ്ങൾ തുടങ്ങിയവയും ഹൈടെക് സ്കൂളിന്റെ ഭാഗമായി നടപ്പിലാക്കുന്നവയാണ്.

സമഗ്ര ഇ പോർട്ടൽ

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ക്ലാസ്‌മുറികളിൽ 1 മുതൽ 12 വരെ ക്ലാസുകളിലെ പഠനത്തിനാവശ്യമായ റിസോഴ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ്, സമഗ്ര എന്ന പേരിൽ ഒരു ഇ - പോർട്ടൽ വികസിപ്പിക്കുകയുണ്ടായി. ഈ പോർട്ടലിൽ‌ ഇ - റിസോഴ്സസുകളും പാഠപുസ്തകങ്ങളും ചോദ്യ ശേഖരങ്ങളും ‌ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഈ വിഭവങ്ങൾ ലഭ്യമാണ്.

ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

അവലംബം

"https://schoolwiki.in/index.php?title=കൈറ്റ്&oldid=1823528" എന്ന താളിൽനിന്ന് ശേഖരിച്ചത്