കൈറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ
ചുരുക്കപ്പേര്കൈറ്റ്
രൂപീകരണം2001
തരംസർക്കാർ കമ്പനി
Legal statusസജീവം
ആസ്ഥാനംതിരുവനന്തപുരം, കേരളം, ഇന്ത്യ
എക്സിക്യൂട്ടീവ് ഡയറക്ടർ
കെ. അൻവർ സാദത്ത്[1]
മാതൃസംഘടനപൊതുവിദ്യാഭ്യാസവകുപ്പ്, കേരളം
Affiliationsവിക്ടേഴ്സ്
വെബ്സൈറ്റ്kite.kerala.gov.in

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഐസിടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് ഊർജം പകരുന്നതിനായി 2001-02ൽ രൂപവത്കരിച്ച ഐടി@സ്‌കൂൾ പദ്ധതി, 2017 ഓഗസ്റ്റിൽ കൈറ്റ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കമ്പനിയാണ് കൈറ്റ്. നവകേരള മിഷൻ തുടങ്ങിയശേഷം രൂപീകൃതമാകുന്ന ആദ്യത്തെ പ്രത്യേക ഉദ്ദേശ്യ കമ്പനിയും 'കൈറ്റ്' ആണ്. ഒരു സെക്ഷൻ 8 കമ്പനിയായാണ് കൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2001ലാണ് ഐടി@സ്‌കൂൾ പ്രോജക്ട് രൂപീകരിച്ചത്. 2005ൽ പത്താംക്ളാസിൽ ഐടി പാഠ്യവിഷയമായതും എഡ്യൂസാറ്റ് സംവിധാനവും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നടപ്പാക്കിയതും ഐടി@സ്‌കൂളിനെ ശ്രദ്ധേയമാക്കി. 2008 എസ്എസ്എൽസി പരീക്ഷ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കുമാറി.

ഗവൺമെന്റ് വിഭാവനം ചെയ്യുന്ന എല്ലാ പദ്ധതികളും നിരീക്ഷിക്കുന്നതിനുള്ള പരമോന്നത സംവിധാനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ധനസഹായം നൽകുന്ന ആദ്യത്തെ എസ്.പി.വി കൂടിയാണിത്.[2] ആർട്‌സ് & സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക് വിവര വിനിമയ സാങ്കേതിക വിദ്യാപിന്തുണ നൽകുന്നതിനായി കൈറ്റിന്റെ വ്യാപ്തി ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.

ചരിത്രം

പ്രമാണം:Regional Resource Centre IT@School Edapally Kerala.jpg
ഇടപ്പള്ളി റീജിയണൽ സെന്റർ

വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. യു.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം തയ്യാറാക്കിയ ഐ.റ്റി ഇൻ എജുക്കേഷൻ - വിഷൻ 2010 (IT in Education -vision 2010) എന്ന മാർഗ്ഗരേഖ 2000 നവംബർ 22 ന് കേരളസർക്കാരിന് സമർപ്പിച്ചു. 2001 സെപ്റ്റംബറിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഐ.ടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. അദ്ധ്യാപകരെതന്നെ മാസ്റ്റർ ട്രെയിനർമാരായി പരിശീലിപ്പിച്ച് അവരുടെ സേവനം പ്രയോജനപ്പെടുത്തി എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകർക്ക് പരിശീലനം കൊടുക്കുകയായിരുന്നു ലക്ഷ്യം. 2001 ൽതന്നെ 108 അദ്ധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി പരിശീലനം നൽകി ഐ.ടി @ സ്കൂൾ പ്രോജക്ട് നിലവിൽ വന്നു.

ഒന്നാം ഘട്ടം (2002-2005)

ഈ പദ്ധതിയുടെ ഒന്നാം ഘട്ടം 2002 മുതൽ തുടങ്ങി 2005 ൽ അവസാനിച്ചു. ഒന്നാം ഘട്ടത്തിൽ 15 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തിനുള്ള അവസരം നൽകി. കൂടാതെ 2699 ലധികം സ്കൂളുകളിൽ 25540 കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തി. [3]വിദ്യാഭ്യാസ മേഖലയിൽ ധാരാളം ഗുണകരമായ മാറ്റങ്ങൾ വരുത്താൻ ഐടി@സ്കൂൾ പ്രോജക്ടിന്റെ നേതൃത്ത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളുകളിൽ ഐ.സി.റ്റി അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുന്നതും പ്രധാന ലക്ഷ്യമാണ്. ആവശ്യകതയനുസരിച്ച് വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ അനുബന്ധഉപകരണങ്ങൾ ലഭ്യമാക്കുന്നതിന്റെ പരമമായലക്ഷ്യം പഠനബോധന പ്രക്രീയ ലളിതവും രസകരവും കൂടുതലൽ ഫലപ്രദവുമാക്കുക എന്നതാണ്.ക്ലാസ്സ് മുറികളിൽ വിവിധവിഷയങ്ങളുടെ വിനിമയം ഐ.ടി അധിഷ്ടിതമാക്കുന്നതിനും വിദ്യാലയപ്രവർത്തനങ്ങൾ ഐ.സിറ്റി അധിഷ്ടിതമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഐടി@സ്കൂൾ പ്രോജക്ട് നടത്തുന്നുണ്ട്.

രണ്ടാം ഘട്ടം (2005 - 2008)

സാറ്റലൈറ്റ് സൗകര്യം ഉപയോഗിച്ച് സ്കൂളുകളിൽ വെർച്വൽ ക്ലാസ് റൂമുകൾ നടപ്പാക്കി. കൂടുതൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളുകളിൽ ലഭ്യമാക്കി. [4]2005 ഫെബ്രുവരിയിൽ എസ്സ് എസ്സ് എൽ സി യുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ നടത്തിയതും പ്രത്യേകം തയ്യാറാക്കിയ പരീക്ഷാ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്. കേരള ഐ.റ്റി മിഷൻ ,ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ സ്വന്തമായി ഗ്നു ലിനക്സ് വെർഷൻ തയ്യാറാക്കാൻ ഐ.ടി @ സ്കൂൾ പ്രോജക്ടിന് കഴിഞ്ഞു. 2008 മാർച്ചിലെ എസ്സ്.എസ്സ്.എൽ.സി യുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ് വെയർ ഉപയോഗിച്ച് വിജയകരമായി നടത്താൻ കഴിഞ്ഞു.

സംസ്ഥാനത്തെ എല്ലാ സർക്കാർ എയ്ഡഡ് ഹൈസ്കൂളുകൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകൾക്കും ഐ.ടി സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം 1 ലക്ഷം രൂപാ വിലമതിക്കുന്ന കമ്പ്യൂട്ടറുകളും അനുബന്ധഉപകരണങ്ങളും അഞ്ചു വർഷം നൽകി. എല്ലാ സ്ഖൂളുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലാപ്ടോപ്പുകളും എൽ.സി.ഡി പ്രൊജക്റ്ററുകളും നൽകിയിട്ടുണ്ട്.[5]

ഉച്ചഭക്ഷണപരിപാടി, അദ്ധ്യാപകരുടേയും പ്രഥമാദ്ധ്യാപകരുടെയും സ്ഥലംമാറ്റം, സമ്പൂർണ്ണകായികക്ഷമതാ പദ്ധതി, പാഠപുസ്തക വിതരണം, ന്യൂനപക്ഷസ്കോളർഷിപ്പിന്ന അർഹമായവരെ തെരഞ്ഞെടുക്കൽ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലാക്കി. ഹയർസെക്കന്ററി പ്രവേശനം സുതാര്യവും കാര്യക്ഷമവുമാക്കാൻ ഏകജാലക സംവിധാനം നടപ്പാക്കി.


സംസ്ഥാനസർക്കാരിനു കീഴിലുള്ള എല്ലാവകുപ്പുകളിലേയ്ക്കും ഇ-ഗവേർണൻസിന്റെ സൗകര്യമൊരുക്കുവാൻ ഐ.ടി @ സ്കൂൾ പ്രോജക്ടിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവകുപ്പുകളിലേയും എല്ലാ ജീവനക്കാരുടേയും ശമ്പളബില്ലുകൾ കമ്പ്യൂട്ടറിൽ തയ്യാറാക്കുന്നതിനായി ശമ്പളബില്ലുകൾ തയ്യാറാക്കുന്ന ക്ലാർക്കുമാർ ഡ്രായിങ് ആന്റ് ഡിസ്ബേർസിങ്ങ് ഓഫീസർമാർ എന്നിവർക്ക് പരിശീലനം നൽകി.

പ്രവർത്തന ലക്ഷ്യങ്ങൾ

1. പഠനം, ഉപഗ്രഹാധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണയും പരിപാലന സംവിധാനവും, ഇ-ഗവേണൻസ്, ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ- ലേണിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതോ സർക്കാരിന്റെ സഹായത്തോടെ നടത്തുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുക.

2. അടിസ്ഥാന സൗകര്യങ്ങൾ, വിഭവങ്ങൾ, പാഠ്യപദ്ധതി, ബോധനശാസ്ത്രം തുടങ്ങിയവയുടെ കാര്യത്തിൽ സർക്കാർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തർദേശീയ നിലവാരത്തിന് തുല്യമായ നവീകരണം നടപ്പിലാക്കുക.

3. കേരള സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

4. വിവര വിനിമയ സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ, സ്വകാര്യ മേഖലയുടെ ഉപദേശകനോ കൺസൾട്ടന്റോ ആയി പ്രവർത്തിക്കുക.

നേട്ടങ്ങൾ

സംസ്ഥാനത്തെ 16000-ലധികം സ്‌കൂളുകളിൽ ഐസിടി പ്രാപ്‌തമാക്കുന്ന പ്രവർത്തനങ്ങൾ വളർത്തിയെടുക്കുക എന്നതായിരുന്നു കൈറ്റിന്റെ പ്രധാന ലക്ഷ്യം. 2005-ൽ 10-ാം ക്ലാസിൽ ഇൻഫർമേഷൻ ടെക്നോളജി നിർബന്ധിത വിഷയമാക്കിയതോടെ ഈ സംരംഭത്തിന് ആദ്യ വഴിത്തിരിവ് ഉണ്ടായി . എഡ്യൂസാറ്റ് ( EDUSAT) പ്രവർത്തനങ്ങളും സ്കൂളുകളിലേക്കുള്ള ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും ആരംഭിച്ചു. അതിനുശേഷം 2005-ൽ കൈറ്റിനു കീഴിൽ വിക്ടേഴ്സ് ചാനൽ സജ്ജീകരിച്ചു. രാജ്യത്തെ ആദ്യസമ്പൂർണ്ണ വിദ്യാഭ്യാസ ചാനലാണിത്. 2007- 2012 കാലയളവിൽ 4071 സ്‌കൂളുകൾക്ക് ഐ.സി.ടി അടിസ്ഥാന സൗകര്യങ്ങൾ നൽകി. കളിപ്പെട്ടി (ഒന്ന് മുതൽ നാല് വരെ), ഇ@വിദ്യ (അഞ്ച് മുതൽ ഏഴ് വരെ). ഓരോ വർഷവും 1.50 ലക്ഷം അധ്യാപകരും 50 ലക്ഷത്തിലധികം വിദ്യാർത്ഥികളും കൈറ്റിന്റെ ഐ.സി.ടി സംരംഭങ്ങളിലൂടെ പ്രയോജനം നേടുന്നു. ഐ.സി.ടി ടൂളുകൾ ഉപയോഗിച്ച് കൂടുതൽ ഫലപ്രദമായി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കിവരുന്നു.

സംസ്ഥാന ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് (പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം) ഉള്ളടക്ക പോർട്ടൽ ആയ സമഗ്ര, സമ്പൂർണ എന്ന സ്കൂൾ മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയർ, 15,000 സ്‌കൂളുകളെ ബന്ധിപ്പിക്കുന്ന സ്‌കൂൾവിക്കി തുടങ്ങിയ സംരംഭങ്ങൾ അനുബന്ധമായി പ്രവർത്തിക്കുന്നു. ആനിമേഷൻ, സൈബർ സുരക്ഷ, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങി 5 വ്യത്യസ്ത മേഖലകളിൽ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' എന്ന പരിപാടി ഒരു പ്രധാന പ്രവർത്തനമേഖയലാണ്. സമീപ വർഷങ്ങളിൽ, കൈറ്റ് 4752 സെക്കൻഡറി സ്കൂളുകളിൽ 493 കോടി രൂപയുടെ ഹൈടെക് സ്കൂൾ പദ്ധതിയും 9941 പ്രൈമറി സ്കൂളുകളിൽ 292 കോടി രൂപയുടെ ഹൈടെക് ലാബ് പദ്ധതിയും വിജയകരമായി നടപ്പാക്കി. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 4752 സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 8 മുതൽ 12 വരെയുള്ള 45000 ക്ലാസ് മുറികൾ ഹൈടെക് ആക്കി.

ഹൈടെക് സ്കൂൾ

നവകേരള മിഷനു കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്യും. പ്രവർത്തനങ്ങളുടെ നിർവഹണങ്ങളുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബർ മുതൽ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോർത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിൽ നടത്തുകയുണ്ടായി. ഡിജിറ്റൽ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പാഠ്യപഠനത്തിനു സഹയാകമാകുന്ന ഡിജിറ്റൽ ഉള്ളടക്ക ശേഖരം, എല്ലാവർക്കും മുഴുവൻ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോർട്ടൽ, ഇ ലേണിങ്/എം ലേണിങ്/ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിർണയ സംവിധാനങ്ങൾ തുടങ്ങിയവയും ഹൈടെക് സ്കൂളിന്റെ ഭാഗമായി നടപ്പിലാക്കുന്നവയാണ്.

സമഗ്ര ഇ പോർട്ടൽ

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ക്ലാസ്‌മുറികളിൽ 1 മുതൽ 12 വരെ ക്ലാസുകളിലെ പഠനത്തിനാവശ്യമായ റിസോഴ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ്, സമഗ്ര എന്ന പേരിൽ ഒരു ഇ - പോർട്ടൽ വികസിപ്പിക്കുകയുണ്ടായി. ഈ പോർട്ടലിൽ‌ ഇ - റിസോഴ്സസുകളും പാഠപുസ്തകങ്ങളും ചോദ്യ ശേഖരങ്ങളും ‌ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഈ വിഭവങ്ങൾ ലഭ്യമാണ്.

ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

സ്കൂൾവിക്കി

പ്രധാന ലേഖനം: സ്കൂൾവിക്കി കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി കൈറ്റ് തയ്യാറാക്കുന്ന സംരംഭമാണ് സ്കൂൾവിക്കി. വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും അദ്ധ്യാപകർ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനുമായാണ് ഈ വെബ്‍സൈറ്റ് പ്രസിദ്ധീകരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾ വിക്കി തയ്യാറാക്കിയിരിക്കുന്നത്.

പ്രോജക്റ്റ് നടപ്പാക്കുന്ന വിവിധ പരിശീലനങ്ങൾ

പ്രമാണം:ICT training for blind teachers.jpg
കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ഐ.സി.ടി പരിശീലനം

പദ്ധതിയുടെ നാൾവഴി[6]

കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസത്തിലെ നാഴികക്കല്ലുകൾ
വർഷം പരിപാടി മറ്റ് വിവരങ്ങൾ
1980 CLASS പദ്ധതി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കി
1996 അധ്യാപകർക്ക് കമ്പ്യൂട്ടർ പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി
1998 ഐടി വിദ്യാഭ്യാസത്തിന് നയ രൂപീകരണം സംസ്ഥാനതലം
2000 വിഷൻ 2010 ഐടി ആസ്പദമാക്കി വിദ്യാഭ്യാസ പരിപാടി വിഭാവനം ചെയ്തു
2001 ഐടി നയരേഖ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രചരിപ്പിക്കുക എന്ന ആശയം
2000 - 2002 SCERT യും SIET യും പരിശീലനം ഇന്റലിന്റെ സഹായത്തോടെ
2002 ഐടി സ്കൂൾ പദ്ധതിയുടെ ഭാഗമായി മൈക്രോസോഫ്റ്റിനെ അടിസ്ഥാനമാക്കി സ്കൂളുകളിൽ ഐടി ഒരു വിഷയമായി അവതരിപ്പിച്ചു. Intel teach to future Programme
2002 - 2003 സ്വതന്ത്ര സോഫ്റ്റ് വെയറും ലൈസൻസ് ആവശ്യമുള്ള സോഫ്റ്റ് വെയറും ഉപയോഗിക്കുന്നതിലുള്ള പ്രശ്നങ്ങൾ ചർച്ചയായി
2003 സ്വതന്ത്ര സോഫ്റ്റ് വെയർ ലിനക്സ് ഒരു ഐച്ഛിക വിഷയമായി ഐടി@സ്കൂൾ പാഠ്യ പദ്ധതിയിൽ ചേർത്തു
2005 - 2006 സ്വതന്ത്ര സോഫ്റ്റ് വെയറിൽ അധ്യാപക പരിശീലനം, എട്ടാം ക്ലാസിൽ സ്വതന്ത്ര സോഫ്റ്റ് വെയർ പാഠ്യ പദ്ധതിയുടെ ഭാഗമായി
2005 വിക്ടേഴ്സ് ടെലിവിഷൻ ആരംഭിക്കുന്നു
2008 എസ്എസ്എൽസി പരീക്ഷ പൂർണമായും സ്വതന്ത്രസോഫ്റ്റ്വെയറിലേക്കുമാറി.

അവലംബം

  1. ഫലകം:Cite web
  2. https://kite.kerala.gov.in/KITE/index.php/welcome/about_us
  3. ഫലകം:Cite web
  4. ഫലകം:Cite web
  5. https://www.itschool.gov.in/evidhya.htm
  6. ആന്റണി പാലയ്ക്കൽ, വെസ്ലി ഷ്രം (2007). വിവര സമൂഹവും വികസനവും, കേരളത്തിന്റെ അനുഭവ പാഠങ്ങൾ. കോഴിക്കോട്: ഒലിവ്. pp. 117. ISBN 8188779482. 
"https://schoolwiki.in/index.php?title=കൈറ്റ്&oldid=1874284" എന്ന താളിൽനിന്ന് ശേഖരിച്ചത്