എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
പെരിങ്ങത്തൂർ നാടോടി വിജ്ഞാനകോശം
പേരുവന്ന വഴി

പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം എന്നും പിന്നീട് പെരിങ്ങത്തൂർ എന്നും ആയി മാറിയത്.

പെരിങ്ങത്തൂർ ഭാഷാ നിഘണ്ടു
മോന്തി = രാത്രി
മംഗലം = വിവാഹം
നാസ്ത = പ്രഭാത ഭക്ഷണം
കുയ്യൽ - സ്‌പൂൺ
പുയ്യട്ട്യാർ = മണവാട്ടി
വണ്ണം = നീളം
പാർക്കുക = വൈകുക
നീറാൽ = അടുക്കള
ഒറോട്ടി = പത്തിരി (പത്തൽ)
കലാരൂപങ്ങൾ

ഒരു നാടിന്റെ കഥയും ചരിത്രവും ഐതിഹ്യങ്ങളും വെളിപ്പെടുന്നത് അവിടത്തെ അനുഷ്ഠാന കലാരൂപങ്ങളിലൂടെയാണ്. നാടോടി, ഗോത്ര വർഗ്ഗ സ്വഭാവമുള്ള ജനതയുടെ ആരാധനാ മൂർത്തികളിലും ആരാധന, ആഘോഷ സമ്പ്രദായങ്ങളിലും അതാതു പ്രാദേശിക തനിമകൾ മുന്നിട്ടു നിൽക്കും. വടക്കേ മലബാറിലെ തെയ്യം ആഘോഷങ്ങൾ, കളിയാട്ടം എന്ന് പേരിൽ ഓരോ ഗ്രാമക്ഷേത്രങ്ങളിലും കാവുകളിലും അരങ്ങേറുന്ന വാർഷിക ഉത്സവങ്ങൾ, ആ നാടിന്റെ ചരിത്രവും സംസ്കാരവും ഒരുമയും കരുത്തും വിളിച്ചറിയിക്കുന്നതാണ്. വീരാരാധനയും പൂർവ്വപിതാക്കന്മാരുടെ ആത്മാവുകൾക്ക് ദൈവിക പരിവേഷവും നൽകുന്ന, ഗോത്ര വർഗ്ഗ സ്വഭാവം പ്രദർശിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങൾക്ക് വീര്യവും ഊർജ്ജവും കൂടും.

വീരരസ പ്രധാനങ്ങളായ കഥകൾ, നിറം, ശൈലി എന്നിവയുടെ തീക്ഷ്ണതയുളള ദൈവിക രൂപങ്ങൾ, മുഖത്തെഴുത്തുകളുടെ സൂക്ഷ്മത, കിരീടങ്ങളുടെ വൈചിത്ര്യവും വലിപ്പവും എന്നിങ്ങനെ സവിശേഷങ്ങളായ ആരാധനാ രൂപങ്ങളുടെ നൃത്തത്തിനും വെളിപാടുകൾക്കും അകമ്പടിയേകുന്നത് രൗദ്രരസ പ്രധാനങ്ങളായ ചെണ്ടയും വീക്കനും കുറുംകുഴലും, ഇലത്താളവുമാണ്. രൗദ്ര, രോഷ പ്രകടനങ്ങളോടെ ഭക്തരിൽ ഭീതിയുണർത്തി വണക്കം വാങ്ങി ഉറപ്പിക്കുന്ന താമസ രൂപങ്ങളാണ് മിക്ക തെയ്യക്കോലങ്ങളും. രക്തചാമുണ്ഡി, കരിച്ചാമുണ്ഡി, മുച്ചിലോട്ടു ഭഗവതി, വയനാട്ടു കുലവൻ തുടങ്ങിയവയും ഗുളികൻ, പൊട്ടൻ എന്നിവയുമാണ് പ്രധാനമായി കാണുന്ന തെയ്യക്കോലങ്ങൾ. ഓരോ തെയ്യം കലാകാരനും കളിയാട്ട ദിവസം അത്ഭുത ശക്തിയുള്ള ദൈവിക രൂപങ്ങളായി മാറുകയാണ്. ഒരു മാസം വരെയുള്ള തീവ്ര പരിശീലനം, വ്രതം എന്നിവയ്ക്കു ശേഷമാണ് ഇവർ തെയ്യക്കോലമണിയാൻ എത്തുക. ഭീതിയും അത്ഭുതവും ആദരവും ഉണർത്തുന്ന ഗ്രാമദേവതകളായി ആ ദിവസം അവർ മാറും. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് തെയ്യം ആഘോഷങ്ങൾ. കരിവെള്ളൂർ, കുറുമാത്തൂർ, നീലേശ്വരം, ചെറുകുന്ന്, ഏഴോം, കുന്നത്തൂർപാടി എന്നിവിടങ്ങളിലെ കളിയാട്ടങ്ങൾ ഏറെ പ്രശസ്തമാണ്. ഓരോ വർഷവും ഇവിടത്തെ കളിയാട്ടങ്ങൾ ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. പല വർഷം കൂടുമ്പോൾ ഈ കാവുകളിൽ പെരുംകളിയാട്ടങ്ങളും നടക്കും.