വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുത്തൻവേലിക്കര ചരിത്രം.

 പ്രാചീന മനുഷ്യവാസത്തിൻറെ തെളിവുകളായ  നന്നങ്ങാടികൾ  നിറയെ കാണപ്പെടുന്ന ഇളന്തിക്കര, കൊടികുത്തു കുന്ന് , മാളവന, വട്ടേക്കാട്ട് കുന്ന് , മാനാഞ്ചേരിക്കുന്ന്,പനച്ചക്കുന്ന്. കപ്പേളക്കുന്ന് , പഞ്ഞിപ്പള്ള ,തുരുത്തൂർ ,കല്ലേപ്പറമ്പ്,മുതുപറമ്പ്, ഇഞ്ചാരക്കുന്ന്,പരമനാശാരികുന്ന് തുടങ്ങിയ ഉയർന്ന ഭൂ വിഭാഗങ്ങളും തേലത്തുരുത്ത് ചെറുകിടപ്പുറം,കണക്കൻ കടവ്‌,ചൗക്കക്കടവ്,തോണ്ടൽ,സ്റ്റേഷൻകടവ്,ബസാർ ,പുലിയം തുരുത്ത്,തുരുത്തിപ്പുറം,വെള്ളോട്ടുപുറം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളും അടങ്ങുന്നതാണ് പുത്തൻവേലിക്കര. നന്നങ്ങാടികൾ ഉപയോഗിച്ചിരുന്ന ജനതയുടെ കാലം  രണ്ടായിരത്തിനും അയ്യായിരത്തിനും ഇടയിലാകുമെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതിൽ നിന്നും പുത്തൻവേലിക്കരയുടെ ചരിത്രം അതി പ്രാചീനമാണെന്ന് മനസ്സിലാക്കാം.പുത്തൻവേലിക്കരയെന്ന സ്ഥലനാമത്തിന്റെ ഉൽഭവം ബുദ്ധരിൽ നിന്നുമാണെന്ന് അനുമാനിക്കുവാൻ ധാരാളം വസ്തുതകളുണ്ട്.
 ബുദ്ധരെ പുത്തൻ പുത്താരച്ചൻ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നു. വേലി എന്നതിന് പാലിയിൽ മൈതാനമെന്നാണ് അർത്ഥം. പുത്തൻമാർ(ബുദ്ധന്മാർ) സംഘമായി വസിച്ചിരുന്ന സ്ഥലമാണ് പുത്തൻവേലിക്കരയായത്.ബുദ്ധ ആരാധനാ കേന്ദ്രമായിരുന്ന ചൈത്യ പള്ളി നിലനിന്നിരുന്ന ചിത്തനാപ്പിള്ളിയും മാളവത്തിൽ നിന്ന് വന്ന ബുദ്ധർ താമസിച്ചിരുന്ന മാളവനായും ശാസ്താവിന്റെ (ബുദ്ധന്റെ തറ അഥവാ ബോധിത്തറ)തറ ഉണ്ടായിരുന്ന ചാത്തനാട്ട് തറയും, ബുദ്ധകാലത്തെ ആശുപത്രിയും വിദ്യാലയവും ഉണ്ടായിരുന്ന (വട്ടവും കൂട്ടവും) വട്ടേക്കാട്ട് കുന്നും,ചാത്തൻറെ ശാസ്താവിന്റെ ബുദ്ധൻറെ  സ്ഥലമായിരുന്നു ചാത്തേടവും എല്ലാം ഈ ഭൂവിഭാഗത്തിലെ ബുദ്ധ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതാണ്.ചേര തലസ്ഥാനമായിരുന്ന  വഞ്ചി മഹാനഗരത്തിൻറെ ഭാഗമായിരുന്നു പുത്തൻവേലിക്കര.ചേര രാജ്യത്തിന്റെ തകർച്ചക്ക് ശേഷം ആലങ്ങാട്  രാജ്യത്തിന്റെ ഭാഗമായ പുത്തൻവേലിക്കര പിന്നീട് കൊച്ചി രാജ്യത്തിന്റെയും തിരുവിതാംകൂർ രാജ്യത്തിന്റെയും ഭാഗമായിരുന്നു.കോട്ടയം ജില്ലയിൽ ആലങ്ങാട് ഫർക്കയിൽ പുത്തൻവേലിക്കര പ്രവർത്തിയിൽ എന്നും പുത്തൻവേലിക്കര മണ്ഡപത്തും വാതുക്കലെന്നും രാജ ശാസനങ്ങളിൽ കാണുന്നു. 

താഴഞ്ചിറപ്പാടം

   ചാലക്കുടിയാർ പെരിയാർ കനോലി കനാൽ എന്നീ ജലസ്രോതസ്സുകളാൽ ചുറ്റപ്പെട്ട പുത്തൻവേലിക്കര പഞ്ചായത്ത് താഴംഞ്ചിറ പാടം, തടം താന്നിക്കപ്പാടം, കണത്താട്ട് പാടം, പൂവൻപാടം, പാണ്ടിപ്പാടം തുടങ്ങിയ പാടശേഖങ്ങളാൽ സമ്പന്നമാണ്.കൃഷി ,മൽസ്യബന്ധനം, കയർപിരി, ചെത്ത്, കെട്ടിട നിർമ്മാണം തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരായിരുന്നു ഇവിടത്തെ ഭൂരിഭാഗം  ജനങ്ങളും.ആദിചേര രാജവംശത്തിന്റെ ഇളയതാവഴിയുടെ ആസ്ഥാനമായിരുന്നു പുത്തൻവേലിക്കരയിലെ ഇളന്തിക്കരയെന്ന്  കേസരി രേഖപ്പെടുത്തിയതിൽ നിന്നും ഈ ഭൂവിഭാഗത്തിന്റെ പാചീനത വായിച്ചറിയാം.മുപ്പത് വർഷങ്ങൾക്കപ്പുറം തൃശൂർ ജില്ലയുമായി മാത്രം കര ബന്ധമുണ്ടായിരുന്ന പുത്തൻവേലിക്കര എറണാകുളം ജില്ലയിൽ നിന്നും തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.ഇപ്പോൾ മാഞ്ഞാലി കണക്കൻ കടവ് പുത്തൻവേലിക്കര തുരുത്തിപ്പുറം എന്നിവിടങ്ങളിൽ നിർമ്മിക്കപ്പെട്ട പാലങ്ങൾ വഴി മാതൃ ജില്ലയുമായും കൊടുങ്ങല്ലൂരുമായും കരബന്ധം സ്ഥാപിക്കപ്പെട്ടു.
  1918 ൽ സ്ഥാപിതമായ പുത്തൻവേലിക്കര പി എസ് എം എൽ പി സ്‌കൂളും 1947 ൽ സ്ഥാപിതമായ ഇളന്തിക്കര ഹൈസ്‌കൂളുമാണ് ഇവിടത്തെ ആദ്യ വിദ്യാലയങ്ങൾ.എന്നാൽ ഇതിനൊക്കെ മുൻപേ ഡോക്ടർ പി ആർ ശാസ്ത്രി ഇവിടെയൊരു സംസ്കൃത സ്‌കൂൾ തുടങ്ങിയെങ്കിലും പിന്നീടത് പറവൂർ നന്ത്യാട്ട് കുന്നത്തേക്കു മാറ്റുകയും ഇപ്പോഴത് എസ എൻ ഡി പി പറവൂർ യൂണിയന്റെ കീഴിലാകുകയും ചെയ്തു.അഴീക്കോട് നിന്നും പുത്തൻവേലിക്കരയിൽ വന്ന് താമസമാക്കിയ പി ആർ ശാസ്ത്രിയുടെ പിതാവ് രാമൻ വൈദ്യർ വെൺമനശ്ശേരി രാമു വൈദ്യരുടെ മകളെ വിവാഹം കഴിക്കുകയായിരുന്നു.ശാസ്ത്രിയുടെ കുടുംബം പുത്തൻവേലിക്കരയിലെ മാളവനയിൽ താമസിക്കുമ്പോൾ ഇളന്തിക്കരയിൽ ശ്രീനാരായണ ഗുരു വരുകയും ഗുരുവിനെച്ചെന്നു കണ്ട ശാസ്ത്രിയോട് സംസ്കൃതവും വൈദ്യവും പഠിക്കുവാൻ ഗുരു ഉപദേശിക്കുകയും ചെയ്തു.ശാസ്ത്രിയുടെ പിതൃ സഹോദരൻ ശങ്കരൻ പരദേശി ഗുരുവിന്റെ ശിഷ്യരിൽ ഒരാൾ ആയിരുന്നു.ശ്രീനാരായണ ഗുരുവിന്റെ നവോഥാന പ്രവർത്തനങ്ങളുടെ ഭാഗമായി ഇളന്തിക്കരയിലും മറ്റുമുണ്ടായിരുന്ന ചില ദുരാചാര പ്രതിഷ്ടകളെ ശിവലിംഗ സ്വാമികളുടെ സഹായത്തോടെ ഗുരു പിഴുതു മാറ്റിയത് ഇക്കാലത്താണ്.
  പുത്തൻവേലിക്കരയിലെ കുറ്റികാട്ട്  മഠത്തിൽ വെച്ചാണ് ദിവാൻ പേഷ്ക്കാർ ശങ്കുണ്ണി മേനോനും അദ്ദേഹത്തിന്റെ മകൻ കെപി പദ്മനാഭ മേനോനും തിരുവിതാംകൂർ ചരിത്രവും കേരള ചരിത്രവും എഴുതിയത്.കൊല്ല വർഷം 969 ഓട് കൂടിയാണ് കുറ്റികാട്ട്  വീട്ടുകാർ പുത്തൻവേലിക്കരയിൽ എത്തിയതെന്ന് ദിവാൻ മാധവരായർ എഴുതിയ കത്തുകളിൽ കാണുന്നു.ശങ്കുണ്ണി മേനോൻ കുടുംബത്തിന് തിരുമുഖത്ത് സ്ഥാനവും വീടുപണിക്ക് 70 കുറ്റി തേക്കും 30 കുറ്റി പ്ലാവും 1500 പണവും രാജാവ്  അനുവദിച്ചിരുന്നു.അതിമനോഹരമായ ഈ കൊട്ടാരം പിന്നീട് ചരിത്രബോധമില്ലാത്ത ചിലർ പൊളിച്ചു കളയുകയും ചെയ്തു,എം എൽ സി ആയിരുന്ന എ ജി മേനോൻ ഈ കുടുംബക്കാരനും പുത്തൻവേലിക്കരയിൽ താമസക്കാരനും ആയിരുന്നു.

കൊച്ചിയുടെയും തിരിവിതാംകൂറിന്റെയും അതൃത്തിയായ ഇളന്തിക്കരയിൽ ചുങ്കം പിരിവിനായി സ്ഥാപിക്കപ്പെട്ട ചൗക്ക ഉണ്ടായിരുന്നു. ഇതിനാലാണ് ഇവിടം ചൗക്കക്കടവ് എന്ന് അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്തു ഒരു ഫോറസ്ററ് തടി ഡിപ്പോയും ഉണ്ടായിരുന്നു.

തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചൗക്കകടവ്(നികുതി പിരിവ് കേന്ദ്രം)

 ടിപ്പുവിന്റെ ആക്രമണകാലത്തു ടിപ്പു തന്റെ അധികാര അടയാളമായി കൊടി നാട്ടിയ സ്ഥലം കൊടികുത്തിയ കുന്നായി അറിയപ്പെടുന്നു. ടിപ്പുവിന്റെ പട ക്യാമ്പ് ചെയ്ത സ്ഥലം പടയാമ്പ് എന്നും ടിപ്പുവിന്റ സൈന്ന്യം നെടുങ്കോട്ട തകർക്കാൻ പീരങ്കികൾ ഉപയോഗിച്ച് വെടിയുതിർത്ത സ്ഥലം തുരുത്തിപ്പുറം എന്നും അറിയപ്പെടുന്നു. ബുദ്ധരെ തുരത്തിയ സ്ഥലമെന്ന നിലയിലാണ് തുരുത്തിപ്പുറം രൂപം കൊണ്ടതെന്നും അനുമാനിക്കാം. കേരളത്തിൽ കണ്ടുകിട്ടിയ ബുദ്ധ പ്രതിമകളിൽ പ്രമുഖമായ ഒന്ന് പുത്തൻവേലിക്കര സർവ്വേയിൽപെട്ട തുരുത്തിപ്പുറം കോട്ട കടവിൽ നിന്നുമാണ്. തുരുത്തിപ്പുറത്തെ ചങ്ങാടവും വള്ളങ്ങളും ഒക്കെ കെട്ടാനുപയോഗിച്ചിരുന്ന തലയില്ലാത്ത ഈ പ്രതിമ മുസരീസ് ഗവേഷകർ കണ്ടെടുക്കുകയും തിരുവനന്തപുരത്തു സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. പുലയരാജാവിനാൽ നയിക്കപ്പെടുകയും പാലിയത്തച്ചൻ ചതിയിൽ കൊലപ്പെടുത്തുകയും ചെയ്ത പുലയരാജാവിന്റെ ഭൂമിക പുലയം തുരുത് അഥവാ പുലിയൻ തുരുത് എന്നും അറിയപ്പെടുന്നു.

ടിപ്പു സുൽത്താൻ കൊടി നാട്ടിയ സ്ഥലമായ കൊടികുത്തിയ കുന്ന്

   യഹൂദരുടെ അധിവാസകേന്ദ്രമായിരുന്നു പാടശ്ശേരികുന്ന് എന്നറിയപ്പെട്ടിരുന്ന തുരുത്തൂർ. ഇവിടെ യഹൂദരുടെ ആരാധനാ കേന്ദ്രവും ശ്മശാനവും ഉണ്ടായിരുന്നു. ഇവിടെ ഒരു പുരാതന മൺകോട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജി രേഖകളുണ്ട്.ഈ പ്രദേശത്തു പീഠങ്ങളോട് കൂടിയ ഗുഹാ സമാനമായ ചില ഇടങ്ങൾ ഉണ്ടായിരുന്നു.ബുദ്ധ ജൈന യോഗിയുടെ ആവാസ കേന്ദ്രങ്ങളാകാം ഇവയെന്ന് അനുമാനിക്കാവുന്നതാണ്.രാജ സൈന്ന്യം പിടികൂടുന്ന കുറ്റവാളികളെ തുരുത്തൂരിൽ കൊണ്ട് വന്നു കഴുവേറ്റയിരുന്നതായി പറയപ്പെടുന്നു. കഴുവന്തറ കഴുവൻപറമ്പ് എന്നൊക്കെ അറിയപ്പെടുന്ന സ്ഥലങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഇവിടത്തെ പ്രമുഖമായ പൂവൻപാടത്തെയാണോ ഉദ്ദണ്ഡ ശാസ്ത്രികൾ പൂവൻചേർന്ന മംഗലം എന്ന ചേന്ദമംഗലം വിശേഷണത്തിൽ പറയുന്നതെന്ന് അനുമാനിക്കുന്നവരും ഉണ്ട്.വില്ലാർവട്ടം രാജാവ് അട്ടിപ്പേറായി പാലിയത്തച്ചന്മാർക്ക് എഴുതി നൽകിയ സ്ഥലങ്ങളിൽ ചാത്തേടവും പരാമർശിക്കപ്പെടുന്ന എന്നതും ഐരാണിക്കുളം താളിയോലയിൽ കണ്ടെത്തിയ പേരുകളിൽ മാനാഞ്ചേരിക്കുന്നു ,ഇടയാറ്റ് കാവ്, കാവലംകുഴിച്ചിറ എന്നൊക്കെ പരാമർശിക്കുന്നുവെന്നത് ഈ പ്രദേശങ്ങളുടെ പൗരാണികതക്ക് തെളിവാണ്.അറുന്നൂറ് വർഷങ്ങൾക്കധികം പഴക്കമുണ്ട് മേൽ രേഖകൾക്കെന്ന് ചരിത്രകാരന്മാർ പറയുന്നു.

മോറത്തോട്

 മാനാഞ്ചേരിക്കുന്നു എന്നത് കേവലം മാനം ചേർന്ന കുന്നല്ലെന്നും മാന വിക്രമ സാമൂതിരി യുദ്ധം ചെയ്തു എത്തിയ സ്ഥലമാണെന്നും എത്ര പേർക്കറിയാം എന്നറിയില്ല. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനം ഇക്കാര്യത്തിൽ നമുക്ക് വഴികാട്ടിയാണ്. മാനാഞ്ചേരിക്കുന്നിന് താഴെയുള്ള കപ്പക്കുളം എന്ന പേര് പണ്ട് കപ്പലടുത്തിരുന്ന ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നുണ്ട്. കണക്കൻ കടവിനടുത്തുള്ള  ചെറുകടപ്പുറത്ത് കുഴികളെടുത്തപ്പോൾ പായ്കപ്പലിന്റെ ഭാഗങ്ങൾ കിട്ടിയതായി 1942 ൽ ടി പി സുധാകരൻ എന്നൊരാൾ മംഗളോദയത്തിൽ എഴുതിയ ലേഖനത്തിൽ കാണാം. ഇതൊക്കെ സൂചിപ്പിക്കുന്നത് പുത്തൻവേലിക്കരയ്ക്ക് സമീപത്തുകൂടെ പായ്കപ്പലുകൾ കടന്നു പോയിട്ടുണ്ടെന്നാണ്. കേസരി ബാലകൃഷ്ണപിള്ള എഴുതിയത് പ്രകാരം വഞ്ചി മഹാ നഗരത്തിന്റെ ദ്വാരപാലകരിൽ ഒരാൾ ചെറുകടപ്പുറത്ത് ചാത്തൻ കുമാരനാണെന്നാണ്. കേസരിയുടെ എഴുത്തുകൾ പ്രകാരം ചേര രാജാവിന്റെ പൊതുമരാമത്തു മന്ത്രിയായിരുന്ന തോമസ് കാനായാണ് പിന്നീട് പെരുന്തച്ചനെന്ന് അറിയപ്പെട്ടതെന്നും ഇദ്ദേഹം ഇളന്തിക്കരയിൽ ഒരു ക്ഷേത്രവും ഏതാനും കിണറുകളും ചാലക്കുടിപ്പുഴക്ക് കുറുകെ ഇളന്തിക്കര ഭാഗത്തു ഒരു പാലവും നിർമ്മിച്ചിട്ടുണ്ടെന്നുമാണ്.ഇതൊക്കെ സൂചിപ്പിക്കുന്നത് ചേര കാലത്തു പുത്തൻവേലിക്കര അതി പ്രധാനമായ ഒരു സ്ഥലമായിരുന്നു എന്നാണ്.
   മുസരീസ് തുറമുഖം കടൽ വായിൽ നിന്നും നാല് കിലോ മീറ്റർ ഉള്ളിലേക്ക് മാറി പെരിയാർ തീരത്തായിരുന്നുവെന്നു വിദേശ സഞ്ചാര കുറിപ്പുകളിൽ കാണാം. പെരിയാറിന്റെ ഇടുങ്ങിയ നദീമുഖത്തായിരുന്നു മുസരീസ് എന്ന് സംഘ കൃതികളിലും കാണുന്നു. ഇപ്പോൾ കടൽവാത്തരുതെന്നു പേരുള്ള ഗോതുരുത്തിലെ സ്ഥലത്തു നിന്നും നാലഞ്ചു കിലോമീറ്റർ ഉള്ളിലേക്ക് മാറിയാൽ പെരിയാറിലെ വീതികുറഞ്ഞ സ്ഥലം പുത്തൻവേലിക്കരയാകും. ഈ നിലക്ക് പരിശോധിച്ചാൽ പുത്തൻവേലിക്കയു‌ം  മുസിരിസിന്റെ ഭാഗമാണെന്ന് നിരീക്ഷിക്കുവാനാകും.പുത്തൻവേലിക്കരയിലെ പലയിടത്തു നിന്നും പഴയ കച്ചവടത്തിന്റെ സൂചന നൽകുന്ന സ്വർണ്ണ കട്ടികൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കീഴൂപ്പാടത്തു നിന്നും സ്വർണ്ണ നാണയങ്ങൾ ലഭിച്ചതായും പറയപ്പെടുന്നുണ്ട്. ഇവിടെ നിന്നും മണിക്കിണർ കണ്ടെത്തിയതായും പഴമക്കാർ പറയുന്നു. ഇളന്തിക്കര കൊടികുത്തു കുന്നു എന്നിവിടങ്ങളിലൊക്കെ ചില ഗുഹാ മുഖങ്ങളും മാളവന വട്ടേക്കാട്ട് കുന്നു തോപ്പ് പരാമനാശാരി കുന്ന് ഇളന്തിക്കര കീഴൂപ്പാടം മേഖലയിൽ പലയിടത്തായും പൗരാണിക സമൂഹം കുളിക്കാനും ജലസേചനത്തിനും ഉപയോഗിച്ചിരുന്ന വിസ്താരമുള്ള കല്പടവുകളോട് കുളങ്ങളും പ്രത്യേകതയുള്ള കിണറുകളും പൗരാണിക നിർമ്മിതിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
  ഇളന്തിക്കര തേക്കിൻകാട് ക്ഷേത്രത്തിലെ പഴയ കരിങ്കൽ കെട്ടുകളിൽ ആനയുടെ ചിത്രം കൊത്തിവെച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.ഇതൊക്കെ പുനരുദ്ധാരണത്തിന്റെ പേരിൽ നശിപ്പിച്ചു കളഞ്ഞതിനാൽ ചരിത്ര പഠിതാക്കൾക്ക് സത്യം കണ്ടെത്താൻ കഴിയാതെപോയി. ആന ആയ് രാജവംശത്തിന്റെ ചിഹ്നമായിരുന്നു. ആയ്  രാജവംശത്തിലെ രാജാവായിരുന്ന വിക്രമാദിത്യ വരഗുണൻ തിരുമൂലപാദത്ത് ഭട്ടാരകർക്കു സ്വത്തു വകകൾ ദാനം ചെയ്തതായുള്ള ശാസനം പാലിയത്ത് നിന്നുമാണ് കണ്ടു കിട്ടിയത്. പ്രമുഖമായ ബുദ്ധ വിഹാരത്തിനു വേണ്ടിയാണ് വിക്രമാദിത്യ വരഗുണൻ സ്വത്തു ദാനം നടത്തിയത്. അത് പാലിയത്ത് എങ്ങനെ വന്നുവെന്നു ചരിത്രകാരന്മാർക്കു ഇനിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.എന്നാൽ വിക്രമാദിത്യ വരഗുണന്റെയും ബുദ്ധ വംശജരുടെയും പ്രിയപ്പെട്ട  ഒന്നാണ് ആന. ഈ ആന ചിഹ്നം തേക്കിൻകാട് ക്ഷേത്രത്തിലും ഉണ്ടായിരുന്നു. പാലിയം കൊട്ടാരത്തിൽ ഇപ്പോഴും ഉണ്ട്.പാലിയം എന്ന പേരുതന്നെ പാലിയിൽ നിന്നും ഉത്ഭവിച്ചതാണ്.മാത്രമല്ല അച്ഛൻ അപ്പൻ എന്നതൊക്കെ ബുദ്ധരുടെ സംസ്കൃതിയുടെ ഭാഗവും ആയിരുന്നു.അപ്പോൾ വിക്രമാദിത്യ വരഗുണനും ആനയും അച്ചനും പാലിയും പാലിയവും ഒക്കെ ചില സൂചനകളാണ്.ഇതിഹാസമായ ബുദ്ധ വംശാവലിയിലേക്കുള്ള സൂചന.
    പുത്തൻവേലിക്കരയിലെ താഴംഞ്ചിറ ഇടയറ്റ് കാവ് തൊട്ടടുത്തുള്ള ആലമിറ്റം മഠത്തിക്കാവ് ഒക്കെയും ദ്രാവിഡമായ ചില ആചാര അനുഷ്ട്ടാനങ്ങളുടെ ഇടങ്ങളാണ്. അയിരൂർ ചെങ്ങമനാട് എന്നിവിടങ്ങളും കൊടുങ്ങല്ലൂരും ബുദ്ധജൈന ആവാസ കേന്ദ്രങ്ങളായിരുന്നുവെന്നു ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.ആടുവാശ്ശേരി കപ്രശ്ശേരി കുന്നിശ്ശേരി കുറുമശ്ശേരി തുരുത്തിശ്ശേരി നെടുമ്പാശ്ശേരി പടപ്പുശ്ശേരി പറമ്പുശ്ശേരി പാലപ്പുറംശ്ശേരി പുതുവാശേരി പൊയ്ക്കാട്ട്ശ്ശേരി വാപ്പാലശ്ശേരി ഈ സ്ഥലങ്ങളൊക്കെ ബൗദ്ധ വിഹാരങ്ങൾക്കു ദാനം കിട്ടുന്ന വസ്തുക്കളാൽ അറിയപ്പെടുന്ന സ്ഥലങ്ങളായിരുന്നു. ഇവയെ പള്ളിച്ചന്തങ്ങൾ അഥവാ ചമണച്ചന്തങ്ങൾ എന്ന് വിളിക്കപ്പെട്ടിരുന്നു എന്ന് സ്ഥലനാമ ചരിത്രകാരനായ വിവികെ വാലത്തു എഴുതിയിരിക്കുന്നു. ഇളന്തിക്കര ചേര തലസ്ഥാനമായിരുന്നു എന്ന് കേസരിയും എഴുതിയിരിക്കുന്നു.

നന്നങ്ങാടികൾ സുലഭമായുള്ള ഇളന്തിക്കര ഹൈസ്കൂൾ മൈതാനം

  ഇവക്കെല്ലാം തമ്മിലും ലഭ്യമായ വിവരങ്ങൾ തമ്മിലും കൂട്ടി വായിക്കുമ്പോൾ ബൗദ്ധ ജൈന കേന്ദ്രമായിരുന്നു പുത്തൻവേലിക്കര എന്ന് അമുമാനിക്കാം. ഇളന്തിക്കര ഹൈസ്‌കൂൾ മൈതാനത്തു നിന്നും ആയിരക്കണക്കിന് നന്നങ്ങാടികൾ കണ്ടുകിട്ടിയതു ഇവിടെ നില നിന്നിരുന്ന ആദിമ ജനവാസത്തിന്റെ സൂചനയാണ്.ആയിരക്കണക്കിന് നന്നങ്ങാടികൾ ഒരുമിച്ചു കാണുന്നത് നിബിഡമായ ഒരു ജനപഥത്തിന്റെ തെളിവാണ്.ഇളന്തിക്കര സ്‌കൂൾ മൈതാനത്തു നിന്ന് ലഭിച്ച കല്ലറയോട് സാമ്മ്യമുള്ള പേടകത്തിൽ വാളിനോടും കിരീടത്തോടും സാദൃശ്യമുള്ള ചില സാമഗ്രികൾ ഉണ്ടായിരുന്നുവെന്നും പഴമക്കാർ ഓർക്കുന്നു.ഇളന്തിക്കര ജംഗ്‌ഷന്‌ സമീപത്തുള്ള ഇപ്പോഴത്തെ ഐ എച് ആർ ഡി കോളേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് പുറകു വശത്തു ഒരു ഗുഹാമുഖവും കുളവും ഉണ്ടായിരുന്നു. ഇവിടെ മുകൾ ഭാഗത്തായി ഒരു ചതുരൻ കിണറും ഉണ്ടായിരുന്നു. ഇവിടെ നിന്ന് കിട്ടിയ ചില കല്ലുകളിൽ താമര ഇതളുകൾ കൊത്തിയിരുന്നു. കീഴൂപ്പാടത്തും ഇതേതരം കല്ലുകൾ കണ്ടെത്തിയിരുന്നു. താമര ബുദ്ധരുടെ പ്രിയപ്പെട്ട പുഷ്പ്പമായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ചരിത്രത്തിന്റെ തറവാടായിരുന്നു ഈ ഭൂമികയെന്നു നിസംശയം പറയാൻ കഴിയുന്നത്