ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രാമഞ്ചായത്ത് പ്രസിഡൻറ് പി. ഫക്കീർഖാൻ നേതൃത്തത്തിൽ നാലുദിവസം നടന്ന നിരാഹാരസമരം ഉ ൾ പ്പടെയുള്ള പ്രക്ഷോഭത്തി ൽ അവസാനം ചർച്ച നടന്നുവെങ്കിലും സ്ഥലമില്ല എന്ന നയം പറഞ്ഞ് അധിക്രതർ കൈവിട്ടു. കമ്യൂണിസ്ററ് നേതാവായിരുന്ന ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002 ജൂ​​ൺ മാസത്തിൽ ഇവിടെ പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു. ആധുനികമോഡലിൽ ചെയ്തിരിക്കുന്ന ഈ സ്കുളിന് 3.5 ഏക്കർ സ്ഥലം സ്വന്തമായുണ്ട്.

സ്ഥലനാമ ചരിത്രം

ബാലരാമപുരം

ഈ ഗ്രാമത്തിലെ ഓരോ സ്ഥലത്തിന്റെയും ആധുനിക നാമങ്ങൾക്ക് ചരിത്രവസ്തുതകളുമായി ബന്ധമുണ്ടെന്ന് പഠനങ്ങളിൻ നിന്നും വെളിവായിട്ടുളളതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയും ഈ നാടിന്റെ പേര് അന്തിയൂർക്കാട് എന്നായിരുന്നു. അന്നത്തെ നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരത്തേക്കുളള പാതയിലെ പ്രധാന ഇടത്താവളമായിരുന്നു അന്തിയൂർക്കാട്. ആൾപാർപ്പില്ലാതെ കാടുപിടിച്ചു കിടന്ന ഈ പ്രദേശത്ത് മോഷ്ടാക്കൾ സ്വൈര്യവിഹാരം നടത്തിയിരുന്നു. വഴിയാത്രക്കാരുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ അവിട്ടം തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് (സി ഇ 1798 - 1810) തന്റെ ദളവയായ ഉമ്മിണിതമ്പിയെ (സി ഇ 1809- 1812) തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരക്കും ഇടക്കുളള കാട് വെട്ടിത്തെളിക്കുവാൻ ചുമതലപ്പെടുത്തുകയും ഉമ്മിണിതമ്പിയുടെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ച് നെയ്ത്തുകാരെയും മറ്റ് കൈത്തൊഴിൽ വിദഗ്ദരെയുെം ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കുകയും ചെയ്തു. ‍ നാടുവാണിരുന്ന രാജാവിന്റെ ബഹുമാനാർത്ഥം ഈ പ്രദേശത്തെ ബാലരാമപുരം എന്ന് നാമകരണം ചെയ്തു.

അഞ്ചുവന്നതെരുവ്

വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ കൂടിച്ചേരൽ ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ശാലിയാർ‍, വണിഗർ, വെള്ളാളർ, മുസ്ലീങ്ങൾ, മുക്കുവർ എന്നീ അഞ്ചു സമുദായങ്ങളെ ബാലരാമവർമ്മ മഹാരാജാവ് 1809 ൽ ഇവിടെ കൊണ്ടുവന്ന് താമസി‍പ്പിക്കുകയും ഈ സമുദായത്തിൽ‍പ്പെട്ടവർക്ക് പാർക്കുവാൻ പ്രത്യേകം സ്ഥലങ്ങൾ അനുവദിക്കുകയും ചെയ്തു. അഞ്ച് സമുദായത്തിൽപ്പെട്ടവർ ഒന്നിച്ച് താമസിച്ചിരുന്നതിനാൽ ഈ സ്ഥലത്തിന് അഞ്ചുവർണ്ണ തെരുവ് എന്ന പേര് ലഭിച്ചുവെന്നും എന്നാൽ തഞ്ചാവൂരിൽ വേരുകളുളള അഞ്ചുവൻവിഭാഗത്തിൽപ്പെട്ട മുസ്ലീങ്ങളെ പ്രത്യേകസ്ഥലത്ത് പാർപ്പിച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ അഞ്ചുവർണ്ണതെരുവ് എന്ന സ്ഥലപ്പേ‍ര് തെറ്റാണെന്നും അഞ്ചുവന്ന തെരുവാണ് ശരിയായ സ്ഥലനാമമെന്നും ശക്തമായ അഭിപ്രായമുണ്ട്. കുളച്ചൽ, കന്യാകുമാരി, തിരുനെൽവേലി എന്നീ പ്രദേശങ്ങളിൽ അഞ്ചുവന്ന തെരുവുകൾ ഉള്ളത് ഈ അഭിപ്രായത്തിന് പിൻബലം നൽകുന്നു. ഇന്ന് ഈ പ്രദേശം അഞ്ചുവന്ന തെരുവെന്ന് അറിയപ്പെടുന്നു

തേമ്പാമുട്ടം

പണ്ടുകാലത്ത് സാധന സാമഗ്രികൾ തലച്ചുമടായാണ് കൊണ്ട് പോയിരുന്നത്. യാത്രികർക്ക് ക്ഷീണം തോന്നുമ്പോൾ ഭാരമിറക്കി വയ്കുന്നതിനായി ചുമട് താങ്ങിയും വഴിയമ്പലങ്ങളും സ്ഥാപിച്ചത് തിരുവിതാംകൂർ രാജാക്കൻമാരായിരുന്നു. അമ്പലം എന്ന സ്ഥലത്ത് പിന്നീട് തേമ്പാവ് കിളിർത്തതിനാൽ ഇവിടം തേമ്പാമുട്ടമായി മാറി. ആൽ നിന്ന സ്ഥലം ആലുവിളയും താന്നി നിന്ന സ്ഥലം താന്നിമൂടും ആയി. പാറക്കെട്ടുകളും താഴ്ന്ന വിതാനങ്ങളും ചേർന്ന സ്ഥലം പാറക്കുഴിയെന്നും പുന്നകളുടെ കാട് പുന്നയ്ക്കാട് ആയതായും കരുതുന്നു

ആനച്ചാൽ

പണ്ട് കാലത്ത് ആനയിറങ്ങി കാർഷികവിളകൾ നശിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് ആനയിറങ്ങാതിരിക്കാനായി കർഷകർ വലിയ ചാലുകൾ നിർ‍മ്മിച്ചിരുന്നു. ഇത്തരം വലിയ ചാലുകൾ കാണപ്പെട്ടിരുന്ന സ്ഥലം കാലാന്തരത്തിൽ ആനച്ചാൽ എന്നറിയപ്പെട്ടു.

നന്നൻകുഴി

ചെയ്തുന്ന മന്നൻ (രാജാവ്) എന്ന രാജാവ് ഒളിച്ചിരുന്ന സ്ഥലം ആദ്യകാലങ്ങളിൽ മന്നൻകുഴിയെന്നും കാലാന്തരത്തിൽ ആ സ്ഥലപ്പേര് നന്നൻകഴിയായെന്നും പറയപ്പെടുന്നു

സാമ്പത്തിക ചരിത്രം

കേരളത്തിന്റെ നെയ്ത്തുപട്ടണമായാണ് ബാലരാമപുരം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന പങ്കും നെയ്ത്തിനെ ആശ്രയിച്ചാണ് നടക്കുന്നത്. സാമുദായിക വ്യത്യാസമില്ലാതെ നിരവധി ആളുകൾ കൈത്തറി നെയ്ത്ത് കൈത്തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് എല്ലാ സമുദായത്തിൽപ്പെട്ട ജനങ്ങളും കുലത്തൊഴിൽ നിന്നും മാറി വ്യത്യസ്തമായ തൊഴിലുകളിലുകളിലേക്ക് പോവുകയാണ്. കൂടുതൽ പേരും കൈത്തറി മേഖലയിലാണ് പുതിയ തൊഴിൽ നേടുന്നതും സംരംഭങ്ങൾ ആരംഭിക്കുന്നതും. ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾക്ക് ലഭിച്ച പേരും പെരുമയുമാണ് ഇതിനു കാരണം. ഭൂമിശാസ്ത്ര ലക്ഷണ പ്രകാരം (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ)‍ ബൗദ്ധിക സ്വത്തവകാശം ലഭിച്ച കേരളത്തിലെ ആദ്യത്തെ കൈത്തറി ഉത്പന്നമാണ് ബാലരാമപുരം കൈത്തറി. വിവിധ സമുദായങ്ങളിൽപ്പെട്ട നിരവധി ആളുകൾ സർക്കാർ ജോലികളിൽ പ്രവേശിക്കുന്നുണ്ട്. ഏകദേശം അഞ്ച് വർഷം മുൻപ് ബാലരാമപുരത്തെ പൈതൃക ഗ്രാമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുളള നടപടികൾ കേരള ബജറ്റിൽ സ്വീകരിച്ചിട്ടുണ്ട്. കർഷകരും കർഷക തൊഴിലാളികളുമാണ് ഈ പ്രദേശതത്ത് കൂടുതലായി കണപ്പെടുന്ന മറ്റൊരു വിഭാഗം‍. കാർഷിക മേഖല ലാഭകരമല്ലാത്തതിനാൽ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണ്. ഒരു കാലത്ത് വ്യാപകമായിരുന്ന നെൽകൃഷി ഇന്ന് നാമമാത്രമാണ്. മറ്റ് കാർഷിക വിളകളിലാണ് കൂടുതൽപേരും ആശ്രയിക്കുന്നത്. ധാരാളം പേർ നിർമ്മാണമഖലകളിൽ ജോലിചെയ്യുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം എല്ലാ തൊഴിൽ മേഖലയിലും വർദ്ധിച്ചുവരുന്നു. ബാലരാമപുരം പട്ടണം കേന്ദ്രീകരിച്ച് ചെറുകിടകച്ചവടക്കാരും വ്യാപാരികളും തൊഴിലെടുക്കുന്നു. ഇവിടെ ദിവസക്കൂലിക്കാരാണ് ഏറ്റവും കൂടുതൽ. മത്സ്യബന്ധനത്തിലും അനുബന്ധതൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്ന അഞ്ഞൂറിലധികം ജനങ്ങൾ ഇവിടെയുണ്ട്. പ്രധാന വരുമാന മാർഗമായി വ്യാപാര മേഖല മാറുന്നുണ്ട്. ഈപ്രദേശം സാമ്പത്തിക അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന അവസരത്തിലാണ് കോവിഡ് മഹാമാരിയെതുടർന്നുളള ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും നിലവിൽ വരുന്നത്. കോവിഡ് പ്രതിസന്ധി ഈ മേഖലയുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുളളവരാണ്. ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും തിരക്കുളള ഒരു കമ്പോളമാണ് ബാലരാമപുരം. ഭക്ഷണ സാധനങ്ങൾ, ഗ‍ൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, നിർമ്മാണ മേഖലക്കാവശ്യമായ സാധനങ്ങൾ തുടങ്ങിയവയുടെ വമ്പിച്ച വിൽപനയാണ് ഈ പ്രദേശത്ത് നടക്കുന്നത്. പഞ്ചായത്തിന്റെ നികുതി വരുമാനത്തിലെ വലിയ പങ്കും ലഭിക്കുന്നത് വ്യാപാര മേഖലയിൽ നിന്നുമാണ്. ഇവിടത്തെ ജനങ്ങളുടെ സ്ഥിരോത്സാഹവും അധ്വാനിക്കാനുളള മനസ്സും ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധികളെ തരണം ചെയ്യാൻ പര്യാപ്തമാണ്.